KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ അമ്മത്തൊട്ടില്‍
അമ്മത്തൊട്ടില്‍


katha
വലിയമ്മ ഈര്‍ഷ്യത്തോടെ പറഞ്ഞു, “ഈ അസത്തിനെക്കൊണ്ട് തോറ്റു!”
അടുക്കളയിലെന്തോ തട്ടിമറിഞ്ഞുടഞ്ഞ ഒച്ച കേട്ട് ചെന്നതായിരുന്നു അമ്മ. രണ്ടു കൈയും തലയില്‍ വെച്ച് വിവശയായാണ് വലിയമ്മ നിന്നത്.
സുന്ദരിപ്പൂച്ചammaയെക്കുറിച്ചായിരുന്നു പരാതി. കാച്ചി ആറാന്‍ വെച്ച പാല്‍ പൂച്ച തട്ടി മറിച്ചു. ഉറ ഒഴിക്കാന്‍ ഒട്ടും കിട്ടിയില്ല. ഏറെ പണിപ്പെട്ട് മയിക്കിയെടുത്ത പാല്‍ക്കലം ഉടഞ്ഞുംപോയി.
കരച്ചിലിന്റെ വക്കിലെത്തിയാണ് വലിയമ്മ ആവലാതി പറഞ്ഞത്. അമ്മ ഒന്നും മിണ്ടിയില്ല. ഏറെയായി വലിയമ്മ പറയുന്നു, പൂച്ചയെ നാടു കടത്താന്‍. മുത്തശ്ശിയും അമ്മയും ഞാനുമാണ് പൂച്ചയുടെ സംരക്ഷകര്‍.
വലിയമ്മയ്ക്ക് കുട്ടികളില്ല, കല്യാണം കഴിച്ചിട്ടുമില്ല. ആരെയും ഇഷ്ടമല്ലെന്നേ കണ്ടാല്‍ തോന്നൂ. പരുപരുത്തതാണ് പുറമേക്കുള്ള പ്രകൃതം. വലിയമ്മയ്ക്ക് പൂച്ചയെ കണ്ടുകൂടാ. അടുക്കളയില്‍ ശല്യമുണ്ടാക്കുന്നതുകൊണ്ടു മാത്രമല്ല, അല്ലെങ്കിലേ ദേഷ്യമാണ്. അതിന്റെ മൂക്കില്‍നിന്ന് ഒലിക്കുന്ന നീര് വിഷമാണ്, അതിന്റെ രോമം എല്ലാ ദിക്കിലും കൊഴിയും, അരിയിലും നെല്ലിലും ഒക്കെ ‘ആ കടകെട്ട ജന്തു’ മൂത്രമൊഴിക്കും എന്നൊക്കെ സ്ഥിര മായി പരാതി പറയും. അത് ദേഹത്ത് മുട്ടിയുരുമ്മിയാല്‍ ചൂളി അകലും.
എട്ടു വയസ്സായ എന്നെ ‘എട്ടിലെ പൊട്ടന്‍’ എന്നാണ് വലിയമ്മ വിളിക്കുക.amma1 പൂച്ച എന്റെ ചങ്ങാതിയാണ്. വീട്ടില്‍ എന്നോടാണ് അതിന് ഏറ്റവും കൂറ്. ഞാന്‍ സ്കൂ ളില്‍നിന്ന് വരുമ്പോള്‍,
ഉച്ചയ്ക്കായാലും വൈകുന്നേരമായാലും, പടിക്കല്‍ കാവലുണ്ടാവും. വീട്ടിലേക്ക് അകമ്പടി വരും. കഴിക്കുന്നതിന്റെ പങ്കു കിട്ടണം. കൊടുക്കാന്‍ വൈകിയാല്‍ നീട്ടിക്കരയും. അതുകൊണ്ടും ഫലമില്ലെന്നു കണ്ടാല്‍ നനുക്കെ തോണ്ടും. എന്റെ കാലില്‍ മുട്ടിയുരുമ്മിയാണ് ഏതു നേരവും. രാത്രി കിടപ്പ് എന്റെ കൂടെയാണ്. ആട്ടിയകറ്റാന്‍ അമ്മ ശ്രമിക്കും. പോവില്ല. പുറത്താക്കി വാതിലടച്ചാല്‍ വാതില്‍ക്കല്‍ ഇരുന്ന് ഉറക്കെ കരയും. അകത്ത് ഞാനും കരയും. മറ്റുള്ളവര്‍ ഉണര്‍ന്ന് എഴുന്നേറ്റു വരുമ്മുമ്പ് അമ്മ വാതില്‍ തുറന്നു കൊടുത്ത് ശല്യം തീര്‍ക്കും.
അതിന്റെ അമ്മ കൊണ്ടുവന്നു തന്നതാണ് എനിക്കതിനെ. ഒരു ദിവസം പൂച്ച ഒരു കുഞ്ഞിനെ കടിച്ചു തൂക്കി അകായില്‍ വന്നു. ഞാന്‍ കരുതിയത് അതിനെ കൊന്നു തൂക്കിപ്പിടിച്ച് തിന്നാന്‍ തക്കം നോക്കുകയാണ് എന്നാണ്. അല്ല എന്നും, അമ്മ കുട്ടിയെ ഏഴില്ലം കടത്തിക്കൊണ്ടുവന്നിരിക്കയാണ് എന്നും പറഞ്ഞുതന്നത് മുത്തശ്ശിയാണ്. പ്രസവിച്ച് പത്തു ദിവസം കഴിഞ്ഞാല്‍ പൂച്ചകള്‍ ഓരോ കുഞ്ഞിനെയും ഓരോ വീട്ടില്‍ കൊണ്ടുപോയി ആക്കും. കുഞ്ഞിനെ കുടിയേറ്റുന്ന ഓരോ വീടും നല്ലപോലെ വിലയിരുത്തിയാണ് ഈ നടതള്ളല്‍. നടതള്ളിയ ഏതെങ്കിലും വീട്ടില്‍ സ്വീകരണം ശരിയല്ലെന്നു കണ്ടാല്‍ അവിടന്നു മാറ്റി വേറൊരിടത്ത് കൊണ്ടുപോകും. ഇങ്ങനെ ഏഴു amma2വീടുകളില്‍ കൊണ്ടുനടക്കുമെന്നാണ് ഏഴില്ലം കടത്തല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടനാഴിയുടെ മുക്കില്‍ മടക്കിയിട്ടിരുന്ന ചാക്കില്‍ കുട്ടിയെ വെച്ച് തള്ളപ്പൂച്ച പോയി. ഒരു നിധി കിട്ടിയപോലെയായീ, എനിക്ക്. മുത്തശ്ശിയുടെ മുഖം വിടര്‍ന്നു. അമ്മയും അനിഷ്ടമൊന്നും കാണിച്ചില്ല. വിവരമറിഞ്ഞ് അടുക്കളയില്‍നിന്ന് കയറി വന്ന വലിയമ്മ പക്ഷേ അന്നേ പറഞ്ഞു, “അശ്രീകരം!”
അപ്പോഴേക്ക് ഞാനതിനെ കൈയിലെടുത്തിരുന്നു. വലിയമ്മ എന്റെ അരികിലേക്കു വന്നു. “ഇങ്ങു താ, ഞാന്‍ കൊണ്ടുപോയി കളയാം.”
മുത്തശ്ശി വലിയമ്മയെ തിരുത്തി, “അങ്ങനെ പറയല്ലെ കുട്ട്യെ! പൂച്ച കുടിയേറണത് നല്ലതാണ്. അന്നത്തിന് മുട്ടു വരില്ല എന്നു നിശ്ചയം ഉള്ളേടത്തേക്കേ പൂച്ച കുട്ടിയെ കടത്തൂ!”
വലിയമ്മ അതിനോട് യോജിച്ചില്ല, “ഇനിയിപ്പൊ ഇതുംകൂടിയേ വേണ്ടൂ, ഇവിടെ ശ്രീത്വം തികയാന്‍!” വീട് ഭരിക്കുന്നതും അടുക്കളയിലെ സ്ഥിരക്കാരിയും വലിയമ്മയാണ്. ഒരു പരാതിയും കൂടാതെ ഏവര്‍ക്കും വെച്ചുവിളമ്പുന്നു. വല്ലപ്പോഴുമൊരു ചെറിയ സഹായത്തിനേ അമ്മ ചെല്ലാറുള്ളൂ. എത്രയായാലും വൃത്തി പോരാ എന്ന പക്ഷക്കാരിയാണ് വലിയമ്മ. ഉണ്ണുമ്പോള്‍ വറ്റു താഴെ പോയാലോ, കാല്‍ കഴുകാതെ തൊടിയില്‍നിന്നഅകായില്‍ കടന്നാലോ മുട്ടന്‍ വഴക്കു പറയും. ഞങ്ങളെയൊക്കെ ഇഷ്ടമാണ്. പക്ഷേ അതു വേറെ, ഇതു വേറെ.
“തിന്നാന്‍ കൊടുക്കാതി രുന്നാല്‍ മതി,” വലിയമ്മ വിധിച്ചു. “അതിനെ അതിന്റെ തള്ള തിരികെ കൊണ്ടുപൊക്കോളും. ഇവിടെ വേണ്ട ഈ സൊല്ല.”
കടുംപിടുത്തക്കാരിയായ വലിയമ്മയോട് വീട്ടിലാരും എതിരു പറയാറില്ല. അമ്മയും മുത്തശ്ശിയും മറുത്തൊന്നും പറഞ്ഞില്ല. ഏതായാലും, തൊടിക്കു പുറത്ത് കൊണ്ടുപോയി കളയാന്‍ കല്പിച്ചില്ലല്ലോ. എനിക്ക് അത്രയും ആശ്വാസമായി.amma3
വെള്ളയില്‍ മഞ്ഞ നിറത്തില്‍ വട്ടപ്പുള്ളികളുള്ള പൂച്ചക്കുട്ടിയെ കണ്ടപ്പോഴേ എനിക്ക് നന്നെ ഇഷ്ടമായിരുന്നു. “ആളൊരു സുന്ദരിയാണല്ലോ!” എന്നു പറഞ്ഞ മുത്തശ്ശിക്കും ഇഷ്ടമായെന്ന് മനസ്സിലായി. പൂച്ചക്കുട്ടിക്ക് ‘സുന്ദരി’ എന്ന പേരു വീണത് അങ്ങനെയാണ്.
തള്ള പോയപ്പോള്‍ സുന്ദരി കരയാന്‍ തുടങ്ങി. “വിശന്നിട്ടാണ്, പാവം” എന്ന് മുത്തശ്ശിയുടെ വിശദീകരണവും വന്നു. അടുക്കളയില്‍ പോയി വലിയമ്മയോട് വല്ലതും ചോദിച്ചു വാങ്ങാന്‍ പറ്റില്ല. കിട്ടില്ലെന്നറിയാം. പട്ടിണിക്കിടാനാണല്ലോ വലിയമ്മയുടെ തീരുമാനം. അത് മതിയാവും എന്ന് വലിയമ്മയ്ക്കറിയാം. കാരണം, അടുക്കളയില്‍നിന്നു കിട്ടിയിട്ടു വേണ്ടേ തിന്നാന്‍ വല്ലതും കൊടുക്കാന്‍? വലിയമ്മ അറിയാതെ അടുക്കളയില്‍നിന്ന് എന്തു കിട്ടാന്‍?
ഞാനൊരു സൂത്രം കണ്ടു. വടക്കുമ്പുറത്തെ പ്ളാവിന്‍ചുവട്ടില്‍നിന്ന് ഒരു പഴുക്കപ്ളാവില പെറുക്കി. അത് കോട്ടി ഈര്‍ക്കില്‍ത്തുണ്ടു കുത്തി കുമ്പിളാക്കി. അതിലേക്ക്, തൊടിയില്‍ കെട്ടിയ ആടിന്റെ അകിടില്‍നിന്ന്, വലിയമ്മ കാണാതെ, ഒരു ചൊട്ട് പാല്‍ കറന്നെടുത്തു.
പാല്‍ അരികിലേക്കു കൊണ്ടുചെന്നിട്ടും പക്ഷേ സുന്ദരി കുടിച്ചില്ല. മുത്തശ്ശിയാണ് പറഞ്ഞത്, തല പതുക്കെ പിടിച്ച് ചുണ്ട് പാലില്‍ മുട്ടിക്കാന്‍. പൂച്ചക്കുട്ടിയെ എടുക്കുമ്പോള്‍ amma4കഴുത്തിന് മുകളിലെ തൊലി കൂട്ടിപ്പിടിച്ചു തൂക്കി മാത്രമേ
എടുക്കാവൂ എന്നു പഠിപ്പിച്ചതും മുത്തശ്ശിതന്നെ. പല്ലാഴാതെ അങ്ങനെ കടിച്ചു തൂക്കിയാണ് തള്ളപ്പൂച്ച ഏഴില്ലം കടത്തുന്നത്.
ചുണ്ട് പാലില്‍ മുട്ടിച്ചപ്പോള്‍ സുന്ദരി പാല് നുണഞ്ഞു കുടിച്ചു. കുഞ്ഞി
വയര്‍ നിറഞ്ഞപ്പോള്‍ അവളുടെ കരച്ചിലടങ്ങി. പിന്നെ സുഖമായി ഉറങ്ങി.
ആട്ടിന്‍പാല്‍ കറന്നു കൊടുക്കുന്ന പതിവ് വലിയമ്മ കണ്ടുപിടിക്കാതിരുന്നില്ല. എന്റെ താഴെയുള്ളവള്‍ക്ക് ഗ്രഹണി എന്ന അസുഖമാണ്. വയറുന്തി നെഞ്ചു കുരച്ച് ക്ഷീണിച്ചിട്ടാണ് അവള്‍. അവള്‍ക്ക് മുത്തങ്ങപ്പൊടി ആട്ടിന്‍പാലില്‍ കൊടുക്കണം. അതിനാണ് ആടിനെ വളര്‍ ത്തുന്നത്. വലിയമ്മ പുകഞ്ഞു, ‘അതും ഒരു പെണ്‍
കുട്ടി തന്നെ അല്ലേ? ഇതു നല്ല പുതുമ!’
ആടിനെ പോറ്റുന്നതും പാല്‍ കറന്ന് അനിയത്തിയെ രാവിലെ വെറും വയറ്റില്‍ കുടിപ്പിക്കുന്നതും വലിയമ്മതന്നെയാണ്. ഒരു നുള്ള് മുത്തങ്ങപ്പൊടി ഇട്ട ഓട്ടുപാത്രം, പുഴുങ്ങി അലക്കിയ തുണികൊണ്ട് വായ് മൂടിക്കെട്ടി അതിലേക്ക് പാല്‍ കറക്കും. പാലിന്റെ ചൂടാറുംമുമ്പ് അകത്തായിക്കിട്ടണം. ചൂരലെടുത്താണ് അനിയത്തിയെ അത് കുടിപ്പിക്കുക. ഒരു കൈയില്‍ പാല്‍പ്പാത്രം. മറ്റേതില്‍ ചൂരലും. അപൂര്‍വമായിamma5 ഒരിക്കല്‍ പഴനിയില്‍ പോയപ്പോള്‍ വലിയമ്മ വാങ്ങിയ ഒരേ ഒരു സാധനം ഈ ചൂരലായിരുന്നു. ഞങ്ങള്‍ ഉള്‍പ്പെടെ, പാറ്റ മുതല്‍ പല്ലിവരെ എന്തിനെയും നേരിടുന്നത് ആ ആയുധംകൊണ്ടാണ്.
സുന്ദരിക്ക് വലിയമ്മയുടെ ചൂരല്‍ക്കഷായം അധികം കിട്ടാതെ കഴിച്ചുകൂട്ടാന്‍ മുത്തശ്ശിയുടെ രഹസ്യമായ പിന്തുണ ഏറെ സഹായിച്ചു. വലിയമ്മയുടെ അനിഷ്ടം പുറമേ അംഗീകരിക്കുമ്പോഴും അമ്മ മൌനമായി തുണച്ചു.
ആട്ടിന്‍കുട്ടികളുടെ കൂടെ കളിച്ചാണ് സുന്ദരി വളര്‍ന്നത്. തനിക്ക് മൂന്നാമതൊരു കുട്ടി ഉണ്ടായിക്കിട്ടിയപോലെയാണ് ആടും പെരുമാറിയത്. വലിയമ്മ സുന്ദരിയെ ആട്ടിയകറ്റുന്നതും കാലുകൊണ്ട് നിരക്കി നീക്കുന്നതും കണ്ട് ഒരു ദിവസം മുത്തശ്ശി ചോദിച്ചു. “നെണക്ക് ആ ആടിനോളംപോലും ദയയില്ല്യെ, അമ്മുക്കുട്ട്യേ?”
അമ്മാമന്‍ ഇടപെട്ടു. ‘വല്ലാതെ ദയയില്ലാണ്ട് ഒരാളെങ്കിലും ഉള്ളതോണ്ടല്ലെ ഈ വീട് കഴിഞ്ഞുപോണത്, അമ്മേ?’
എലിയെ പിടിക്കാന്‍ തുടങ്ങിയപ്പോള്‍ വലിയമ്മയ്ക്കുപോലും സുന്ദരിയോട് തെല്ലൊരു സൌമനസ്യം വന്നു. അടുക്കളമുറ്റത്തുനിന്ന് അഞ്ചാംപുരയിലേക്കഇഴഞ്ഞു കയറാന്‍ വന്ന പാമ്പിനെ തടഞ്ഞു വെച്ച് ബഹളംകൂട്ടി സുന്ദരി എല്ലാരെയും അത്യാപത്തില്‍നിന്ന് രക്ഷിച്ച ദിവസം ആ സൌമനസ്യം ആദരവായി വളരുകപോലും ഉണ്ടായി. അന്നാദ്യമായി വലിയമ്മ സുന്ദരിക്ക് ഒരു ഉരുള ചോറ് സ്വന്തം പാത്രത്തില്‍നിന്ന് ഉരുട്ടി നീട്ടി.
എന്നാലോ, വലിയമ്മയുടെ എല്ലാ അനുഭാവവും പൊടുന്നനെ മായാന്‍ ഏറെ താമസിച്ചില്ല. സുന്ദരി അമ്മയാകാന്‍ പോ കുന്നു എന്ന് മുത്തശ്ശി സന്തോഷത്തോ ടെ പറഞ്ഞ നി മിഷം ആ മാറ്റം സംഭവിച്ചു. വയറിന്റെ വലിപ്പം കണ്ട് മുത്തശ്ശി, ‘കുട്ടികള്‍ അഞ്ചാറെങ്കിലും കാണും’, എന്നുകൂടി നിരൂപിച്ചപ്പോള്‍ വലിയമ്മ കടുംപിടുത്തമായി. “ഇനി ഒരു നിമിഷം ആ അസത്ത് ഇവിടെ വേണ്ട!”
മുത്തശ്ശി അപേക്ഷിച്ചു,” പെറ്റ് വയറൊഴിഞ്ഞിട്ട് എവിടെയെങ്കിലും കൊണ്ടുപോയി ആക്കാം.”
“പാവല്ലെ, ഏട്ത്ത്യേ?” എന്ന് അമ്മയും കെഞ്ചി.
“അല്ലെങ്കിലും ഞാന്‍ പറയുന്നതിന് ഈ വീട്ടില്‍ ഒരു വിലയും ഇല്ലല്ലോ!” എന്ന് വലിയമ്മ മൂക്കു വലിച്ചു നടക്കെയാണ് സുന്ദരി പാല്‍ക്കലം തട്ടിയുടച്ചത്. വലിയമ്മ പൊട്ടിത്amma6തെറിച്ചു. “കളയില്ല അതിനെ എങ്കില്‍ ഇനി ഇവിടെ ഞാന്‍ ഒരു നിമിഷം നില്‍ക്കാന്‍ ഭാവിച്ചിട്ടില്ല്യ!”
കരച്ചില്‍ കേട്ട് അമ്മാമന്‍ അകത്തു വന്നു. വലിയമ്മയോടുള്ളതു കഴിഞ്ഞേ ഉള്ളൂ, വീട്ടില്‍ ആരോടും അമ്മാമന് പ്രിയം. വലിയമ്മയുടെ കൈ പിടിച്ച്  അടുക്കളയിലേക്കു കൊണ്ടുപോയി ആശ്വസിപ്പിച്ചു. അവര്‍ തമ്മില്‍ എന്താണ് പറഞ്ഞതെന്ന് മനസ്സിലാ
യില്ല. “തല്‍ക്കാലം ആരും അറിയണ്ട” എന്ന് അമ്മാമന്‍ അവസാനമായി വാതില്‍ക്കല്‍ വെച്ച് അടക്കം പറയുന്നതു മാത്രം കേട്ടു. വലിയമ്മയുടെ കരച്ചില്‍ അടങ്ങി. അമ്മയുടെയും മുത്തശ്ശിയുടെയും മുഖം മങ്ങിയും കണ്ടു. ഒട്ടും താമസിയാതെ സുന്ദരിക്ക് അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.
അന്നു രാത്രിയും സുന്ദരി എന്റെ അരികിലാണ് ചുരുണ്ടു കിടന്നത്. രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ അരികില്‍ ഇല്ല. അല്ലെങ്കിലും ഞാന്‍ ഉണരുമ്പോള്‍ അരികില്‍ ഉണ്ടാകാറില്ല. നേരത്തെ പുറത്തു പോവും. പക്ഷേ, ഞാന്‍ മുറിയില്‍നിന്നിറങ്ങുമ്പോഴേക്ക് ഓടിയെത്തും.
കുറെ കഴിഞ്ഞും കാണാഞ്ഞപ്പോള്‍ എനിക്കു സങ്കടമായി. അകത്തെ മുറികളിലും തൊടിയിലുമൊക്കെ തെരഞ്ഞു നോക്കി. എങ്ങുമില്ല. വിളിച്ചു നോക്കി. മറുപടി ഇല്ല. വിങ്ങിപ്പൊട്ടിയപ്പോള്‍ അമ്മ അരികിലെത്തി ശിരസ്സ് തടവി, ‘പ്രസവിക്കാന്‍ പോയി എന്നു തോന്ന്ണു. വരും.”
അമ്മയുടെ കണ്ണുകളും നിറഞ്ഞാണിരുന്നത്. എന്നെ പതിവിലേറെ അണച്ചു പിടിക്കുകയും ചെയ്തു. കാര്യം പന്തിയല്ലെന്നു തോന്നിയപ്പോള്‍ ഞാന്‍ കുതറി മാറി മുത്തശ്ശിയുടെ അരികിലേക്ക് ഓടി. മച്ചിലിരുന്ന് നാമം ജപിക്കുന്ന മുത്തശ്ശി എന്നെ മടിയില്‍ പിടിച്ചിരുത്തി. “കരയേണ്ട. ആര്‍ക്കും വേണ്ടാത്തോരടെ അവസ്ഥ അതിനും വന്നു, അത്രന്നെ!”
“നാമം ജപിക്കണോരെ ശല്യപ്പെടുത്താതെ ഇങ്ങു വാ!” എന്ന ശാസനയുമായി എത്തിയ അമ്മയുടെ സങ്കടം ഉരുള്‍പൊട്ടി. “അതിനെ നാടു കടത്തി. പോരെ? അത്രയല്ലേ അറിയേണ്ടൂ?”
“പറ്റില്ല!” എന്ന് ഞാന്‍ അലമുറയിടാന്‍ തുടങ്ങി. ആശ്വസിപ്പിക്കാന്‍ അമ്മ ആവത് ശ്രമിച്ചു. അത്രത്തോളം എന്റെ കരച്ചിലിന് ആക്കം കൂടി. അമ്മ ഭീഷണിയിലേക്ക് സ്വരം മാറ്റി, കൈയോങ്ങി. അപ്പോള്‍ എന്റെ സങ്കടം ദേഷ്യമായി. ഞാന്‍ അമ്മയുടെ കൈവണ്ണയില്‍ കടിച്ചു.കുതറി മാറി അമ്മ എന്നെamma7 തള്ളിയകറ്റി. നേരെ പോയി അതിരില്‍നിന്ന് വിരല്‍വണ്ണ മുള്ള ആടലോടകക്കമ്പൊടിച്ചു. അതിന്റെ ഇല ഊരി എന്നെ കടന്നു പിടിച്ച് തലങ്ങും വിലങ്ങും അടിച്ചു, “വല്ലാതെ കൊഞ്ചണ്ട! ഏറെ സ്വൈരക്കേടായാല്‍ നിന്നേം നാടു കടത്തും!”
അടുപ്പൂതി ചാരം പാറിവീണ മുടിയുമായി വലിയമ്മ അടുക്കളയില്‍നിന്നു വന്ന് അമ്മയുടെ കൈ പിടിച്ചു. “അവനെ എന്തിന് തല്ല്ണു! എന്നോടല്ലേ ദേഷ്യം? എന്നെ തല്ല്.”
അവസാനം,, എല്ലാരും ഒരുമിച്ച് കരയാന്‍ തുടങ്ങി.
വീട്ടിലെ സന്തോഷം അപ്പാടെ അസ്തമിച്ചു. ആരും ഉറക്കെ സംസാരിക്കാതായി. ചിരിക്കാതെയും ആയി. ഏതാനും ദിവസങ്ങള്‍ വേണ്ടിവന്നു, ആ മ്ളാനത മെല്ലെ മാറാന്‍. ബാക്കിയെല്ലാരും പഴയപടി ആയിട്ടും എന്റെ സങ്കടം അടങ്ങിയില്ല.
സുന്ദരിയെ എവിടെ കൊണ്ടുപോയി കളഞ്ഞു എന്ന് അമ്മാമനോട് ചോദിക്കാന്‍ ധൈര്യമില്ല. കൊന്നിരിക്കാന്‍ ഇടയില്ല. വല്ല കീറച്ചാക്കിലും കെട്ടി ദൂരെ എങ്ങാണ്ട് കൊണ്ടുപോയി തുറന്നു വിട്ടിരിക്കും.
എവിടെയാണെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയും ഫലിച്ചില്ല. പുഴ കടത്തി മറുകരയില്‍ എത്തിച്ചിരിക്കാമെന്ന് സ്കൂളിലെ കൂട്ടുകാരന്‍ പറഞ്ഞു. അവന്റെ വീട്ടില്‍ വന്നു പ്രസവിച്ച പട്ടിയെയും കുട്ടികളെയും അതാണ് ചെയ്തത്. തോണി കയറാതെ വരാന്‍ പറ്റില്ലല്ലോ.
ആ കൂട്ടുകാരന്റെ കൂടെ പുഴയോരത്തും കുന്നിന്‍പുറത്തും കുറെ നടന്നു. കണ്ടില്ല. അങ്ങാടിയിലെ മല്‍സ്യമാര്‍ക്കറ്റിലും നോക്കി. അവിടെ അഞ്ചാറ് കാടന്‍പൂച്ചകളുടെ വാഴ്ചയാണ്. എല്ലാം ഭീകരന്‍മാര്‍. ആ കൂട്ടത്തിലും ഇല്ല.
‘എന്നെങ്കിലും വരാതിരിക്കില്ല’ എന്ന ഉറപ്പ് ഒരാള്‍ക്കേ ഉണ്ടായുള്ളൂ മുത്തശ്ശിക്കു മാത്രം.
ഒരു സന്ധ്യയ്ക്ക് മുത്തശ്ശി എന്റെ അറിവിലേക്കായി അല്പം ഉറക്കെ ആലോചിച്ചു, “കൊണ്ടുപോയത് പണിക്കാരില്‍ ആരെങ്കിലുമാവും. ഏറെ ദൂരം ഒന്നും അവര്‍ കൊണ്ടുപോവില്ല. ഒക്കെ മടിയന്‍മാരായത് നല്ല കാലം! ഇനി, ചാക്കില്‍ കെട്ടിയ പടി പുഴയിലോ മറ്റൊ ഇട്ടോ, ആവോ! അതുണ്ടാവില്ല. മനുഷ്യജന്മം കിട്ടിയോരാരും അത്ര ദുഷ്ടരാവില്ല! ഏതായാലും ജീവനോടെ ഉണ്ടെങ്കില്‍ വരാതിരിക്കില്ല.”
അന്ന് മുത്തശ്ശിയുടെ പതിവു പ്രാര്‍ത്ഥന ഉള്‍ക്കിടിലത്തോടെ ആയി. ‘ഈശ്വരാ, ഇന്റെ കുട്ട്യോളെ കാത്തോളണേ!‘ എന്നാണ് പതിവായുള്ള അപേക്ഷ. അതിന്റെ തുടര്‍ച്ചയായി അന്ന് കുറച്ചുകൂടി ഉണ്ടായി. “അറിവില്ലായ്മകൊണ്ട് അവര്‍ ചെയ്യുന്ന എല്ലാതും പൊറുക്കണേ!” പിന്നെ തന്നോടുതന്നെയായി ഇത്രയും, “ഒരു നിരപരാധിയെ നിറവയറോടെ കാട്ടില്‍ കളയുന്നത് ആരുതന്നെ ആയാലും...” അതിന്റെ ബാക്കി വളരെ നീണ്ട ഒരു നെടുവീര്‍പ്പില്‍ ഒതുങ്ങിamma8.
ദിവസങ്ങള്‍ പത്തുപതിനഞ്ചു കഴിഞ്ഞു. സുന്ദരിയുടെ ചിത്രവും ശബ്ദവും മുട്ടിയുരുമ്മലും ഏറെക്കുറെ മറന്നുതുടങ്ങി. ഒരിക്കല്‍ വലിയമ്മപോലും ആരോടെന്നില്ലാതെ പറഞ്ഞു, “വേണ്ടായിരുന്നു. പാവായി.” അങ്ങനെയിരിക്കെയാണ് ആ അത്ഭുതം ഉണ്ടായത്.
ഒരു രാവിലെ ഞാന്‍ ഉണര്‍ന്നത് ഒരു പൂച്ചക്കുട്ടിയുടെ കരച്ചില്‍ കേട്ടുകൊണ്ടാണ്. നോക്കുമ്പോള്‍, പണ്ട് കുട്ടിയായ സുന്ദരിയെ കണ്ടുകിട്ടിയ അതേ മൂലയില്‍ അതേപോലെ ഒരു സുന്ദരി പ്രാഞ്ചി നടക്കുന്നു, അതേപോലെ കരയുന്നു! അതേ വെള്ളനിറത്തില്‍ അതേ മഞ്ഞ!
വലിയമ്മയും വന്ന് ആ അത്ഭുതം കണ്ട് വാ പൊളിച്ചു നില്‍ക്കുന്നു.
“അവള്‍ കൊണ്ടോന്നു തന്നതാ!” മുത്തശ്ശി കുട്ടിസ്സുന്ദരിയെ എടുത്ത് പരിശോധിച്ചു. “സുന്ദര്യല്ല, സുന്ദരനാണ്. പെറ്റു പെരുകും എന്ന പേടി വേണ്ട!”
“മിണ്ടാപ്രാണ്യാച്ചാലും അതിന്റെ ഒരു ബുദ്ധി കണ്ട്വോ! പെണ്ണാണെങ്കിലല്ലേ ഇവിടന്ന് പ്രസവിക്കാറായാല്‍ പടിയെറക്കി വിടൂ!” അമ്മ അത്ഭുതം കൂറി.
സുന്ദരി മരിച്ചുപോയില്ലെന്ന് തീര്‍ച്ചയായി. വഴിയറിയാഞ്ഞല്ല തിരികെ വരാതിരുന്നത്. ഈ വീട്ടില്‍ പ്രസവിക്കുന്നത് തന്റെയും കുട്ടികളുടെയും ആരോഗ്യത്തിനും ആയുസ്സിനും ഗുണമാവില്ല എന്ന് മനസ്സിലാക്കിയതിനാല്‍ മറ്റെങ്ങൊ കുടിയേറി പ്രസവിച്ചു. തന്റെ കടം വീട്ടാന്‍ ഒരു കുട്ടിയെ ഇവിടെ കൊണ്ടുവന്ന് വെയ്ക്കുകയും ചെയ്തു! ഒരാള്‍ക്കിവിടെ സ്ഥലമുണ്ട്, ഒരാള്‍ക്കേ ഉള്ളൂ എന്ന് കൃത്യമായി കണ്ടെത്തി!
ഞാന്‍ വീണ്ടും പ്ളാവിലക്കുമ്പിള്‍ കുത്തി ആട്ടിന്‍പാല്‍ കറന്നെടുക്കാന്‍ ഓടുമ്പോള്‍ ചുറ്റുപാടും നോക്കി. ഇല്ല, സുന്ദരി അവിടെയെങ്ങും ഇല്ലായിരുന്നു. പക്ഷേ, പ്ളാവിലക്കുമ്പിളിലെ പാല്‍ കുടിച്ച് കുട്ടിസ്സുന്ദരന്‍ ഉറങ്ങുമ്പോള്‍ ചാരുപടിയുടെ അഴികള്‍ക്കിടയിലെ amma9പാതിയിരുട്ടില്‍ രണ്ട് കണ്ണുകള്‍ തെളിഞ്ഞു. രണ്ടാമതൊന്നു നോക്കിയപ്പോള്‍ കണ്ടുമില്ല.
പിന്നെ കുട്ടിസ്സുന്ദരനെ വളര്‍ത്തിയത് വലിയമ്മയാണ്. അവനും ഞങ്ങളോടുള്ളതിലേറെ ഇഷ്ടം വലിയമ്മയോടായിരുന്നു. എന്നിട്ടോ, അവന്‍ വളര്‍ന്നപ്പോള്‍ വീട് കാടന്‍പൂച്ചകളുടെ മഹായുദ്ധങ്ങള്‍ക്കുള്ള വേദിയായി. ഇടനാഴിയിലും തട്ടിന്‍പുറത്തും ഉഗ്രന്‍ പോരാട്ടങ്ങള്‍ നടന്നു. കുട്ടിസ്സുന്ദരന്‍ ജയിച്ച കുറെ അങ്കങ്ങള്‍ക്കു ശേഷം ഒരു രാത്രിയില്‍ അവന്‍ അവനേക്കാള്‍ കരുത്തരായവരാല്‍ കൊല്ലപ്പെട്ടു. ഒരിക്കലും കരയാത്ത വലിയമ്മ അന്ന് ഏങ്ങിക്കരഞ്ഞു.
സങ്കടകരമായ ആ വിയോഗം കഴിഞ്ഞ് ഒരാണ്ട് തികയുംമുമ്പ് ഇന്നിതാ സുന്ദരി മറ്റൊരു കുഞ്ഞിനെ ഈ അമ്മത്തൊട്ടിലില്‍ വെച്ചു പോയിരിക്കുന്നു! ആണോ പെണ്ണോ എന്നൊന്നും നോക്കാതെ അതിനെ എടുത്ത് മാറോടണച്ച് വലിയമ്മ കണ്ണു നിറയെ ചിരിച്ചു, “എത്ര വേണ്ടാന്ന് വെച്ചാലും ദൈവം ഓരോന്നിനെ കൊണ്ടത്തര്ണു!”

സി രാധാകൃഷ്ണന്‍