KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മടക്കയാത്ര
diago
അവര്‍ കടല്‍ത്തീരത്തുനിന്നു മാറിത്താമസിക്കുന്ന ഗ്രാമീണരുടെ ഇടയിലെത്തി. അവിടെ കാറ്റ് വീശുന്നുണ്ട്. നല്ല കുളുര്‍മ. പൂഴിപ്പരപ്പിന് മാര്‍ദവമുണ്ട്. പച്ചത്തഴപ്പിന്റെ മണമുണ്ട്. കടലോരത്തെ വൃക്ഷങ്ങളിലിരുന്നു പലതരം കിളികള്‍ കലമ്പുന്നുണ്ട്. ദൂരെ കുട്ടികള്‍ കൂകിയാര്‍ക്കുന്നു. ദിയാഗൊ കോളണ്‍ ദീര്‍ഘമായി ശ്വസിച്ചു. ഓര്‍മകള്‍ മറിഞ്ഞു മറിഞ്ഞു പോകുന്നു. ഒരു വേട്ടമൃഗത്തെക്കിട്ടിയ ആര്‍പ്പാണ് കേള്‍ക്കുന്നത്. മുതലയാവില്ല. ഇതു മുതലവേട്ടയ്ക്കു പറ്റിയ കാലമല്ല. കടല്‍ജലത്തിനു ചൂടു പിടിക്കുമ്പോഴാണ് മുതലകള്‍ ഉള്‍ഭാഗത്തെ നദികളിലേക്കു നീന്തി ചെല്ലുന്നത്. ആദ്യം അവ നീര്‍നായ്ക്കളെ വേട്ടയാടി വിഴുങ്ങും. വൈകുന്നേരത്തെ കരക്കാറ്റിന്റെ കുളിര്‍മയും തണലുമുള്ള തോടുകളില്‍ അവ താവളമടിക്കും. അങ്ങനെയാണ് ദിയാഗൊ കൂട്ടുകാരൊപ്പം മുതലവേട്ട പരിശീലിച്ചത്. ഇപ്പോള്‍ കഷ്ടം തോന്നുന്നു. ജീവികളെ ആവശ്യത്തിനു മാത്രമേ വേട്ടയാടാവൂ എന്ന് അമ്മാവന്മാര്‍ പറഞ്ഞതോര്‍ക്കുന്നു. മുത്തച്ഛന്‍ ദ്വീപില്‍ ചോളക്കൃഷി തുടങ്ങി. ജന്തുക്കളുടെ ജീവനപഹരിക്കുന്നതിലുള്ള പാപത്തെപ്പറ്റി ആലോചിക്കാന്‍ തുടങ്ങി.novel1
അമ്മാവന്റെ മകനും കൂട്ടുകാരനുമായ ചാക്കോവിനെ കാണാനുള്ള ആഗ്രഹം ദിയാഗൊവിനെ പിടികൂടി.
കൂടാരം കെട്ടി കപ്പിത്താന്‍ വിശ്രമിച്ചു. ദിയാഗൊ ഉപദേശിയായതിനാല്‍ ഗ്രാമീണരുടെ കൂടെ താമസിച്ചു പോകരുതെന്ന് പ്രത്യേക കല്പനയുണ്ടായി. ഈ ദ്വീപ് തന്റെ ഉള്ളം കയ്യാണ്. കൈരേഖകളില്‍ ഓരോ ഇടവും തെളിഞ്ഞു കാണാം. മഴക്കാലമല്ല; മഞ്ഞുകാലവുമല്ല. മേലെയൊരു കൂര ഉണ്ടായിരിക്കണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. പാറമടകളുണ്ട്; കൂറ്റന്‍ മരങ്ങള്‍ തരുന്ന പൊത്തുകളുണ്ട്. കൂര കെട്ടിയ പനകളുണ്ട്; വന്‍ വൃക്ഷങ്ങള്‍ വേറെയുമുണ്ട്.
ദിയാഗൊ തന്റെ മാറാപ്പ് ചുമന്നു നടക്കാന്‍ തുടങ്ങി. അപ്പോള്‍ യജമാനന്‍ പറഞ്ഞു.
“നില്ക്കൂ.”
അവന്‍ തിരിച്ചു നടന്നു.
ഒരു പൊതിക്കെട്ട് നീട്ടി കപ്പിത്താന്‍ പറഞ്ഞു, ഇത് ഉണക്കിയ പഴങ്ങളാണ്. ഇറച്ചിയുമുണ്ട്. യജമാനന്റെ സമ്മാനം നിഷേധിക്കരുത്.” ദിയാഗൊ കൈനീട്ടി മേടിച്ചു. വണക്കത്തോടെ നടത്തം തുടര്‍ന്നു. നാളെ പുലരുമ്പോള്‍ അദ്ദേഹം ഗ്രാമത്തിലെത്തും. അവരുടെ കപ്പലിലെ തീറ്റ സാധനങ്ങള്‍ ഏതാണ്ടൊഴിഞ്ഞിരിക്കുന്നു. ഇത്രയും ബാക്കി വന്നത് പലര്‍ക്കും കടല്‍ച്ചൊരുക്കും രോഗവും ബാധിച്ചതിനാലാണ്. മദ്യം കുടിച്ചാണ് അവര്‍ രോഗശാന്തി തേടിയത്. കുടിവെള്ളവും തീര്‍ന്നിരുന്നു.
കപ്പല്‍ക്കാരെത്തുമ്പോള്‍ താവളമടിക്കുന്ന നീരരുവിയുടെ അഴിമുഖത്ത്, ഒരു കൂട്ടം മരങ്ങളുടെ ഇടയില്‍ ഒരു വെളിമ്പറമ്പുണ്ട്. വേനലില്‍ വാടി നില്‍ക്കുന്ന ഒരു മൈതാനം. അവരുടെ കൂടാരംപണി തീര്‍ന്നു. ദിയാഗൊ അകലെ മലഞ്ചെരിവില്‍ നിന്നു തിരിഞ്ഞു നോക്കി. മഞ്ഞക്കൂടാരങ്ങള്‍ പലതുണ്ട്. നടുവില്‍ കപ്പിത്താന്റെ കൂടാരം ഉയര്‍ന്നു നില്‍ക്കുന്നു. ശിഖരത്തില്‍ മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന കൊടിയും. ഗ്രാമീണര്‍ക്കു മലമുകളില്‍ നിന്ന് തിരിച്ചറിയാം, പടിഞ്ഞാറു നിന്ന് കപ്പലെത്തിയിരിക്കുന്നു. കച്ചവടക്കപ്പല്‍. ഗ്രാമീണര്‍ തീമല തുപ്പിയ രത്നങ്ങളും സ്വര്‍ണ്ണക്കട്ടികളും വെള്ളിക്കട്ടികളും മണ്ണില്‍ കുഴിച്ചിടും. അല്പം ചിലത് മാറ്റി വയ്ക്കും. കപ്പിത്താന് സമ്മാനിക്കാന്‍. പകരം അവര്‍ പ്രതീക്ഷിക്കുന്നത് മധുര വീഞ്ഞും പുകയിലയുമാണ്. ഓരോ ചീള് വര്‍ണത്തുണിയും. പണ്ട് സാധനക്കൈമാറ്റം ഉണ്ടായിരുന്നില്ല. കപ്പിത്താനേയും പരിവാരങ്ങളേയും അമ്പെയ്ത് ഓടിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍...
ദിയാഗൊവിന് സങ്കടം വന്നു. കപ്പലിന്റെ അറകളില്‍ തോക്കും തിരയും നിറച്ചിരിക്കുന്നു. അത് മനുഷ്യരുടേയും മൃഗങ്ങളുടേയും മേല്‍ വര്‍ഷിക്കാനുള്ള ഏര്‍പ്പാടാണ്. ദിയാഗൊ, തന്റെ മനസ്സിലുണരുന്ന വേദന അറിഞ്ഞു. ചത്തൊടുങ്ങാന്‍ വിധിക്കപ്പെട്ട തന്റെ novel2ആള്‍ക്കാരെയോര്‍ത്ത് നടന്നു. എത്ര ദൂരം ചെന്നെത്തി എന്നറിയില്ല. മലഞ്ചെരിവിലെ കൃഷിഭൂമികള്‍ കണ്ടു. ആനന്ദത്തോടെ ചിന്തിച്ചു, നാട്ടുകാര്‍ കൃഷി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കാടിന്റെ ഓരത്തെ പൊന്തയും മുള്ളും കടപുഴക്കി കത്തിച്ചു നിലം നിരത്തി വെടിപ്പാക്കി. ഒരു സ്വര്‍ണ്ണക്കടല്‍പോലെ, വിളഞ്ഞ ചോളം! ദിയാഗൊ തന്റെ പൂര്‍വികരെ ഓര്‍ത്തു. അവര്‍ നല്ലപോലെ അദ്ധ്വാനിച്ചാണ് ഇവിടെ കൃഷി തുടങ്ങിയിരുന്നത്. കാട്ടുമൃഗങ്ങളെ അവര്‍ ആട്ടിയോടിച്ചു. പയര്‍ വിത്തുകള്‍ വിതച്ചു വിളഞ്ഞാല്‍ ചോളം വിതയ്ക്കും.
ഒരു പുതിയ ആനന്ദം അവിടെ തിരയടിക്കുന്നു. മനസ്സില്‍ പാല്‍ പതഞ്ഞു തൂവുമ്പോലെ തോന്നുന്നു. പക്ഷേ, ഒറ്റ മനുഷ്യനെ കാണുന്നില്ലല്ലോ! കപ്പല്‍ക്കാരെ കാത്തു നില്‍ക്കുന്നവര്‍പോലുമില്ല. അന്തിവെളിച്ചം കേറി വരുന്നു. ദൂരെ വരമ്പത്ത് ഒരു പെണ്ണും കുഞ്ഞും പതുക്കെ നടക്കുന്നു. കുട്ടി മുന്നില്‍. അമ്മ ചുറ്റും കണ്ണോടിച്ചു പുറകില്‍. തൊട്ടു തൊട്ട് അവരുടെ നീണ്ട നിഴല്‍ പാടത്തേക്ക് ചെരിഞ്ഞു പോകുന്നു. ദിയാഗൊ അവര്‍ക്കെതിരെ നടന്നു. ഇരുകൂട്ടരും വയല്‍ വരമ്പില്‍ മുഖാമുഖം നോക്കി.
“ആരാ?”സ്ത്രീ ചോദിക്കുന്നു.
നാട്ടുഭാഷ കേട്ട് ദിയാഗൊ കോരിത്തരിച്ചു. രാത്രി ഉറക്കം വരാതെ സ്പെയിനില്‍ തന്റെ കൂടാരത്തില്‍ കിടക്കുമ്പോള്‍ ദിയാഗൊ തന്നോടുതന്നെ സ്വന്തം ഭാഷയില്‍ സംസാരിക്കും. ഉത്തരം നല്കാനാരും ഇല്ല. മറുപടിയും അവന്‍ തന്നെ പറയും. മുലപ്പാലിന്റെ മണമറിയാതെ വളര്‍ന്ന ദിയാഗൊ അപ്പോള്‍ ചെറുപ്പത്തില്‍ മരിച്ചുപോയ അമ്മയെ ഓര്‍ക്കും.
പെണ്ണും കുട്ടിയും പെട്ടെന്നു നടന്നു മറയാതിരിക്കാനായി ദിയാഗൊ അവരെ നോക്കി തൊട്ടു മുമ്പില്‍ നിലയുറപ്പിച്ചു.
“നിങ്ങളാരാ?” ഇപ്പോള്‍ തന്റെ നാട്ടുമൊഴിക്ക് ഫലമുണ്ടാവും.
“ഞാനോ, കാത്തി! ഇതെന്റെ മകന്‍. ഈ വയലില് പകല്‍ക്കാവല്‍ കഴിഞ്ഞു കുടിയിലേക്കു പോകുന്നു.”
“അല്‍ക്കാഫ്!” അവള്‍ കുറച്ചുറക്കെ വിളിച്ചു. ദിയാഗൊ അത്ഭുതത്താല്‍ വിടര്‍ന്നു. ജീവിതം സഫലമായി. ഈയൊരു വിളി വീണ്ടും കേള്‍ക്കുമെന്ന് നിനച്ചതല്ല. കാnovel3ത്തിയുടെ അമ്മ നൂറ്റ് നെയ്തെടുത്ത യൂക്ക തുണിയുടെ മിനുപ്പും പ്രകാശവും ഇപ്പോഴും കണ്ണില്‍ ഉദിച്ചു നില്ക്കുന്നു. കാത്തിയാണ് ദിയാഗൊവിന് പടിഞ്ഞാറന്‍ നാട്ടിലേക്കുള്ള യാത്രാവേളയില്‍ ഉടുപ്പ് സമ്മാനിച്ചത്. വലിയ മുളങ്കുറ്റിയില്‍ തെരച്ചി വച്ചു രണ്ടറ്റവും പൊതിഞ്ഞു കെട്ടിയ സമ്മാനം. മുളങ്കുറ്റിയുടെ പച്ച മണം മാറിയിരുന്നില്ല. ആ മുളങ്കുറ്റി ദിയാഗൊ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഈ മാറാപ്പില്‍ അതുണ്ടെന്ന് പറയാന്‍ ദിയാഗൊ വെമ്പി. പറയാനുള്ള വാക്ക് തൊണ്ടയില്‍ തടഞ്ഞു നില്ക്കുന്നു. അതിന്നിടയ്ക്ക് കുഞ്ഞ് കൂടണയാന്‍ പോകുന്ന കിളികളെ നോക്കി നിന്നു.
“എവിടെ പാര്‍ക്കും?” അവള്‍ ചോദിച്ചു.
“കണ്ടെത്തണം.”
“ഞങ്ങളുടെ ഗ്രാമത്തിലേക്കു വരൂ.”
“പാടില്ലെന്നാണ് കപ്പിത്താന്‍ പറഞ്ഞത്.”
“എന്തുകൊണ്ട്? നിങ്ങളെ ഗ്രാമീണര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.” അവള്‍ തിളങ്ങുന്ന മിഴികള്‍ അവന് മേല്‍ പതിപ്പിച്ചു.
“ഞാനൊരു ഉപദേശിയാണ്. പെണ്ണുങ്ങള്‍ പാര്‍ക്കുന്ന കുടിയില്‍ പാര്‍ക്കാന്‍ പാടില്ല.”
“എന്താ ഉപദേശി എന്നു വച്ചാല്‍?”
“വേദം പഠിച്ചു പ്രചരിപ്പിക്കുന്നയാള്‍.”
അവള്‍ക്കതു മനസ്സിലാ
യില്ല. മുഖം മങ്ങി.
സാരമില്ല. അവസരം വരുമ്പോള്‍ പറയാം - ദിയാഗൊ നിനച്ചു.
“അനസ്സാസികളുടെ പാറമട ഇപ്പോഴില്ലേ?”
“ഉണ്ട്. പക്ഷേ, നിങ്ങള്‍ അങ്ങോട്ടു പോകേണ്ട.”
ദിയാഗൊ ചിരിച്ചു,
“എനിക്കെന്തു പേടിക്കാന്‍? അവര്‍ വിട്ടുപോയെന്നു കേട്ടു.”
“അല്ല, വിട്ടുപോയതല്ല.” അമ്മയും കുഞ്ഞും വിട പറഞ്ഞു. ഇരുട്ടു വരുന്നതു കണ്ടു തിടുക്കത്തില്‍ നടന്നു.

പി വത്സല