KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

തിരിച്ചറിയല്‍


mbm
ബ്രാഹ്മണ വേഷധാരികളായ അവര്‍ ക്ഷത്രിയര്‍ തന്നെയോ എന്നറിയുവാന്‍ രാജാവ് വിവിധ ശാലകളിലായി വിവിധ വസ്തുക്കള്‍ ഒരുക്കിവെച്ചിരുന്നു. പുഷ്പ ഫലങ്ങളും മാന്തോലുകളും പൂജാ സാമഗ്രികളും ഒരിടത്ത്. മറ്റൊരിടത്ത് കൃഷിക്കുവേണ്ട ഉപകരണങ്ങളെല്ലാം, മൂന്നാമതൊരിടത്ത് പലവിധ കളികള്‍ക്കുള്ള സാമഗ്രികള്‍, വിശിഷ്ടങ്ങളായ വസ്ത്രാഭരണങ്ങള്‍, വേറൊരിടത്ത് ആയുധങ്ങള്‍ - വില്ലുകളും തൂണീരങ്ങളും ശരങ്ങളും ഖഡ്ഗങ്ങളും കുന്തങ്ങളും ഗദകളും മറ്റും നിരത്തിവെച്ചിരുന്നു. അഞ്ചു ബ്രാഹ്മണരും നേരെ പോയത് ആയുധങ്ങള്‍ കാണാനും പരിശോധിക്കാനുമാണ്. പാഞ്ചാലിയുടെ കൈ പിടിച്ചുകൊണ്ട് ദേവീപ്രൌഢിയോടെ കുന്തി അന്ത:പുരത്തിലേക്കു ചെന്നപ്mbm1പോള്‍ അവിടെക്കൂടിയ സ്ത്രീകളെല്ലാം ആദരവോടെ വന്ദിച്ചു പൂജ ചെയ്തു. മാന്തോല്‍ കൊണ്ടു മൂടിയ ഇടംതോളുകളും നീണ്ടുരുണ്ട ബാഹുക്കളുമായി സിംഹനോട്ടത്തോടെ കാളക്കൂറ്റന്മാരെപ്പോലെ അവര്‍ വരുന്ന ആ വരവു കണ്ട് രാജാവും പുത്രനും രാജമന്ദിരവാസികളുമെല്ലാം അത്ഭുതാദരങ്ങളോടെ സ്വീകരിച്ചാനയിച്ചു. അവിടെ നിരത്തിയിട്ടിരുന്ന സിംഹാസനങ്ങളില്‍ ലാഘവത്തോടെ അവര്‍ ഇരുന്നതും രാജഭോജ്യങ്ങള്‍ ഭക്ഷിച്ച രീതിയും നോക്കി ഇവര്‍ വീരക്ഷത്രിയരായ പാണ്ഡുപുത്രന്മാര്‍ തന്നെയാവണം എന്ന് ദ്രുപദനും ധൃഷ്ടദ്യുമ്നനും ആനന്ദം പൂണ്ടു.
ഭോജനം കഴിഞ്ഞ് ഉന്നതാസനങ്ങളില്‍ ഇരുന്ന് വിശ്രമിക്കുന്ന അവരെ നോക്കി ദ്രുപദന്‍ ഇങ്ങനെ ചോദിച്ചു: “വിപ്രവേഷധാരികളായ നിങ്ങള്‍ ആരാണ്? ദേവന്മാരോ മനുഷ്യര്‍ തന്നെയോ? വിവാഹാഘോഷത്തിന് മുമ്പ് സദയം ഇതെല്ലാം അറിയിച്ചാലും.”
യുധിഷ്ഠിരന്‍ പറഞ്ഞു: “പാഞ്ചാല രാജാവേ, ആനന്ദിച്ചുകൊള്ളുക. ഞങ്ങള്‍ പാണ്ഡു രാജകുമാരന്മാരായ ക്ഷത്രിയര്‍ തന്നെയാണ്. ഒരു താമരപ്പൊയ്കയില്‍ നിന്ന് മറ്റൊരു താമരപ്പൊയ്കയിലേക്കു മാറ്റി നടപ്പെട്ടവളായിരിക്കുന്നു ഈ രാജകന്യക. ഞാന്‍ ഇവരില്‍ ജ്യേഷ്ഠന്‍, യുധിഷ്ഠിരന്‍. ഇവര്‍ ഭീമാര്‍ജുനന്മാര്‍, ഇതാ അവര്‍ നകുല സഹദേവന്മാര്‍. ഈ അര്‍ജുനനത്രേ അങ്ങയുടെ മകളെ നൃപമദ്ധ്യത്തില്‍ ജയിച്ചു നേടിയവന്‍. ഞങ്ങളുടെ മാതാവായ കുന്തീദേവി കൃഷ്ണയോടൊപ്പം അന്ത:പുരത്തിലുണ്ട്. മഹാരാജാവേ, ഞാന്‍ എല്ലാ സത്യവും പറഞ്ഞിരിക്കുന്നു. ഇനി അങ്ങ് ഞങ്ങള്‍ക്ക് ഗുരുവും ആശ്രയവും.”
യുധിഷ്ഠിരന്റെ കുലീനവും ഗംഭീരവുമായ വാക്കുകള്‍ കേട്ടപ്പോള്‍ ആനന്ദതുന്ദിലനായ ദ്രുപദന്‍ മറുപടി പറയാന്‍ വാക്കുകളില്ലാതെ വിങ്ങി വിതുമ്പി നിന്നുപോയി. പരസ്പരം കൈപിടിച്ച് ആശ്ളേഷാചാരങ്ങള്‍ ചെയ്ത് ദ്രുപദന്‍ തന്റെ പഴയ സുഹൃത്തായ പാണ്ഡുവിന്റെ പുത്രന്മാരുടെ ക്ഷേമ വാര്‍ത്തകളെല്ലാം ചോദിച്ചറിഞ്ഞു; കഠിനകോപം പൂണ്ട് ധൃതരാഷ്ട്രനെ ഭര്‍ത്സിച്ചു; രാജ്യം വീണ്ടെടുത്ത് നല്‍കുവാന്‍ ഒപ്പം നിന്നു പൊരുതുമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീടവര്‍ കുന്തീദേവിയെ വന്ദിക്കുവാനായി അന്ത:പുരത്തിലേക്കു പോയി.
അതീവ സന്തുഷ്ടനായിത്തീര്‍ന്ന പാഞ്ചാലരാജാവ് പിറ്റേന്നാള്‍ യുധിഷ്ഠിരനോടു പറഞ്ഞു: “കൃഷ്ണയുടെയും അര്‍ജുനന്റെയും വിവാഹം വിധിപ്രകാരം ഉടന്‍ നമുക്ക് നടത്താം.” പക്ഷേ യുധിഷ്ഠിരന്റെ മറുപടി ഇങ്ങനെയായിരുന്നു: “മഹാരാജന്‍, പാഞ്ചാലി ഞങ്ങളുടെ അഞ്ചുപേരുടെയും പത്നിയായിരിക്കട്ടെ, അതാണ് മാതൃവാക്യവും ഞങ്ങളുടെ നിശ്ചയവും.”
ഇതുകേട്ട് അമ്പരന്ന ദ്രുപദന്‍ ഇത് ധര്‍മോചിതമല്ലല്ലോ എന്ന് വിഷാദിച്ചപ്പോള്‍ mbm2യുധിഷ്ഠിരന്‍ വീണ്ടും പറഞ്ഞു: “ധര്‍മത്തിന്റെ ഗതി അതിസൂക്ഷ്മമത്രേ. എന്റെ വാക്ക് പിഴയ്ക്കുകയില്ല. രാജാവേ, ഈ ബന്ധം അധര്‍മമാവുകയില്ല. ശങ്കിക്കാതിരുന്നാലും.”
അപ്പോള്‍, ഈ ദുര്‍ഘട ഘട്ടമറിഞ്ഞതിനാലോ വേദ വ്യാസ മഹര്‍ഷി അവിടെ എഴുന്നള്ളുകയായി. എല്ലാവരുടെയും അഭിവാദ്യ പൂജകള്‍ സ്വീകരിച്ച് ഉത്തമാസനത്തില്‍ ഇരുന്ന വ്യാസ മഹര്‍ഷി ഇങ്ങനെ അരുളിച്ചെയ്തു: “കൃഷ്ണാവിവാഹത്തെച്ചൊല്ലി നിങ്ങളെല്ലാവരും ശങ്കാകുലരാണല്ലോ. ഇത് ധര്‍മം തന്നെയെന്നു ഞാന്‍ പറയുന്നു. കാരണം ഇത് പൂര്‍വ ജന്മത്തില്‍ തന്നെ നിശ്ചിതമത്രേ.” ദ്രുപദന്റെ കൈ പിടിച്ചുകൊണ്ട് മഹര്‍ഷി പാഞ്ചാലിയുടെ പൂര്‍വ ജന്മകഥ പറഞ്ഞു കേള്‍പ്പിച്ചു.
“ഇവള്‍ നാളായണിയെന്ന മുനിപത്നിയായിരുന്നു. വൃദ്ധനും വിരൂപനും മഹാരോഗിയും കോപിയുമായ മഹര്‍ഷി മൌല്‍ഗല്യനെ ഇവള്‍ പതിവ്രതാധര്‍മമനുഷ്ഠിച്ച് ശുശ്രൂഷിച്ചു പ്രസാദിപ്പിച്ചുപോന്നു. അവളുടെ കഠിന വ്രതം കണ്ടു സന്തുഷ്ടനായ മുനി അവള്‍ക്ക് ഇഷ്ടമുള്ള വരദാനം നല്‍കി. അദ്ദേഹം യുവാവും അതിസുന്ദരനുമായി മാറി വിവിധ രൂപങ്ങളില്‍ അവളോടൊത്തു കേളിയാടി വസിച്ചു. കുറെ വര്‍ഷം കഴിഞ്ഞ് മുനി വീണ്ടും തപസ്സിലേക്കു മടങ്ങുവാന്‍ തുനിഞ്ഞപ്പോള്‍ നാളായണി ദു:ഖിതയായി. “നാഥാ, ലോകസുഖങ്ങള്‍ അനുഭവിച്ച് എനിക്ക് മതിവന്നിട്ടില്ല.” മൌല്‍ഗല്യന്‍ പറഞ്ഞു: “സുന്ദരി, നീ എന്റെ തപസ്സിന് വിഘ്നം വരുത്തിയിരിക്കുന്നു. അടുത്ത ജന്മത്തില്‍ രാജപുത്രിയായി ജനിച്ച് അഞ്ചു ഭര്‍ത്താക്കന്മാരോടൊപ്പം നീ സുഖിച്ചു കൊള്ളുക.” ഇതുകേട്ടു ദുഃഖിതയായ നാളായണി കരുണാമയനായ പരമശിവനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി. ‘എനിക്ക് പതിയെ തരിക’ എന്നു വീണ്ടും വീണ്ടും അപേക്ഷിച്ചു. ഭഗവാന്‍ ചിരിച്ചു കൊണ്ട് “അഞ്ചുവട്ടം നീ എന്നോട് പതിയെ തരിക എന്നപേക്ഷിച്ചിരിക്കുന്നു. വരും ജന്മത്തില്‍ നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിത്തീരും” എന്നരുളിചെയ്തു. ഇതെത്തുടര്‍ന്ന് മഹര്‍ഷി പഞ്ചേന്ദ്രന്മാരുടെ കഥ പറഞ്ഞു. അവരുടെ പത്നിയായി ലക്ഷ്മീദേവിയുടെ അംശമായ ഒരു ദേവിയെ ശ്രീ പരമേശ്വരന്‍ കല്പിച്ചതായും, അവര്‍ തന്നെയാണ് പാണ്ഡവരും യാഗാഗ്നികുണ്ഡത്തില്‍ നിന്ന് ജാതയായ കൃഷ്ണയുമെന്നും വേദവ്യാസ മഹര്‍mbm3ഷി ദ്രുപദ രാജാവിനെ മനസ്സിലാക്കിക്കുകയും ചെയ്തതോടെ വിവാഹത്തിലെ ആശങ്കകളെല്ലാം നീങ്ങി.
വിചിത്രവും അപൂര്‍വവുമായ ആ വിവാഹാഘോഷം അത്യാഡംബരപൂര്‍വം നടന്നു. ആദ്യ ദിവസം ഗുരുജനങ്ങളെയും ബന്ധുജനങ്ങളെയും പൌരവൃന്ദങ്ങളെയും സാക്ഷി നിര്‍ത്തി അഗ്നിക്കു വലം വെച്ച് വിധിപൂര്‍വം യുധിഷ്ഠിരന്‍ സര്‍വാലങ്കാര വിഭൂഷിതയായ കൃഷ്ണയെ പരിഗ്രഹിച്ചു. പിറ്റേ ദിവസം ഭീമസേനനും മൂന്നാം നാള്‍ അര്‍ജുനനും നാലും അഞ്ചും ദിനങ്ങളില്‍ നകുല സഹദേവന്മാരും കൃഷ്ണാപാണിഗ്രഹണം ചെയ്തു. അഞ്ചു വീരപുരുഷന്മാരുടെ പത്നിയായിത്തീര്‍ന്ന ആ ദിവ്യകന്യകയെ ‘വീരമാതാവായിത്തീരട്ടെ’ എന്നു കുന്തീദേവി സന്തോഷാശ്രുക്കളോടെ അനുഗ്രഹിച്ചു. ദ്രുപദനാകട്ടെ പാണ്ഡവര്‍ക്കു മഹാധനം നല്‍കി തൃപ്തിയാര്‍ന്നു. നാലു കുതിരകളെ വീതം പൂട്ടിയ നൂറു തേരും പൊന്നണിഞ്ഞ നൂറാനകളെയും അലങ്കൃതകളായ നൂറു ദാസികളെയും ഓരോ പാണ്ഡവര്‍ക്കും വെവ്വേറെ നല്‍കി. വിശിഷ്ട രത്നാഭരണങ്ങളും വസ്ത്രാലങ്കാരങ്ങളും വാരിക്കോരി നല്‍കി. പാഞ്ചാല രാജകുമാരിയുടെ രൂപശീല ഗുണങ്ങളില്‍ ആനന്ദിച്ച് പാണ്ഡവന്മാര്‍ ദ്രുപദ രാജധാനിയില്‍ ദേവന്മാരെപ്പോലെ സുഖിച്ചു വാണു. ശ്രീകൃഷ്ണ - ബലരാമന്മാര്‍ വിശേഷവിധിയായി കൊടുത്തയച്ച സുവര്‍ണ രത്നാഭരണ വിഭൂഷകളും വിശിഷ്ട വസ്തുക്കളും കൂടാതെ ആനകളും കുതിരകളും പടയാളികളും ദാസീദാസന്മാരുമെല്ലാം വന്നു നിറഞ്ഞ പാഞ്ചാല രാജധാനി ഉത്സവത്തിമര്‍പ്പില്‍ സ്വര്‍ഗംപോലെ വിളങ്ങി.

സുഗതകുമാരി