KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ പീപ്പന്നികളും കാട്ടുപോത്തുകളും
പീപ്പന്നികളും കാട്ടുപോത്തുകളും


balaകാടിന്റെ ഓരത്ത് ചെളി നിറഞ്ഞ ഒരു കുളമുണ്ടായിരുന്നു. സൂര്യന്‍ ദയാരഹിതമായി എരിഞ്ഞു നില്‍ക്കുന്ന വേനല്‍ക്കാലത്ത്, ചൂട് സഹിക്കാനാവാതെ വരുമ്പോള്‍ കാട്ടുപോത്തുകളും പീപ്പന്നികളും അവിടെയെത്തുക പതിവായിരുന്നു.
ചൂടില്‍ നിന്നും രക്ഷപെട്ട്, കുളിര്‍മയുള്ള ആ ചെളിവെള്ളത്തില്‍ ഏറെ നേരം അലസമായി മുങ്ങിക്കിടക്കാനും ചേറില്‍ കുത്തിമറിയാനും അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
ഒരു ദിവസം ‘നെടുവാലന്‍’ എന്നു വിളിപ്പേരുള്ള, കാട്ടുപോത്തുകളുടെ രാജാവ്, പന്നികളുടെ രാജാവായ ചപ്പമൂക്കനെ വിളിച്ചു പറഞ്ഞു: “എടോ പീപ്പന്നീ!നിനക്കറിയാമോ, മൃഗങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍, ചെളിവെള്ളത്തില്‍ക്കിടന്നു വിശ്രമിക്കുന്ന പതിവ്, ആദ്യമായി തുടങ്ങിവെച്ചത്, ഞങ്ങള്‍, കാട്ടുപോത്തുകളാണ്. അതുകൊണ്ട് സകല ചെളിക്കുളങ്ങളുടെയും അവകാശികള്‍ ഞങ്ങളാണ്, ഞങ്ങള്‍ മാത്രം!”bala1
“നെടുവാലാ, തനിക്കു തെറ്റി. ചേറു നിറഞ്ഞ ചതുപ്പിലും കുളത്തിലും ആദ്യമായി കിടന്നത് ഞങ്ങളാണ്. അതുകൊണ്ട്, ചേര്‍ക്കുളങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ ഞങ്ങളാണ്.” ചപ്പമൂക്കന്‍ വാദിച്ചു.
പന്നിയെക്കാള്‍, പ്രായം കൊണ്ട് ഏറെ മൂപ്പുള്ള നെടുവാലന്‍ അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. “ആദ്യത്തെ ചേറില്‍ കിടപ്പുകാര്‍ ഞങ്ങളല്ലായിരിക്കാം, സമ്മതിച്ചു. പക്ഷേ ഇക്കാണായ സകല മൃഗങ്ങളെക്കാള്‍ ശരീര വലിപ്പം ഞങ്ങള്‍ക്കാണ്. ആ ഒറ്റക്കാരണം മതി, നിന്നെയൊക്കെ തുരത്തി ഓടിക്കാന്‍! പോ, കടന്നു പോ, മൂന്നീന്ന്!” കാട്ടുപോത്തിന്റെ ആക്രോശം കേട്ടു വിരണ്ടുപോയ ചപ്പമൂക്കന്‍ തത്കാലം അവിടെ നിന്ന് മറ്റെങ്ങോട്ടോ നിഷ്ക്രമിച്ചു.
അന്നു മുതല്‍ക്ക് പന്നികളും കാട്ടുപോത്തുകളും തമ്മില്‍ പൊരിഞ്ഞ സംഘട്ടനം ആരംഭിച്ചു. എവിടെക്കണ്ടാലും ഏറ്റുമുട്ടല്‍ പതിവായി. കാട്ടുപോത്തുകള്‍ അവയുടെ മൂര്‍ച്ചയുള്ള കൊമ്പു കൊണ്ട്, പന്നികളെ കുത്താന്‍ ശ്രമിക്കും. പന്നികളാവട്ടെ, അവയുടെ കൂര്‍ത്ത തേറ്റ
കൊണ്ട് കാട്ടുപോത്തുകളെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കും. പക്ഷേ, പോത്തുകള്‍ കരുത്തിലും വലിപ്പത്തിലും അതിഭീകരന്മാരായിരുന്നതിനാല്‍ സദാ തോറ്റു പിന്മാറാനായിരുന്നൂ പന്നികളുടെ വിധി. ഒടുക്കം സഹികെട്ട് പന്നികള്‍ കൂട്ടത്തോടെ അവിടെ നിന്നും പലായനം ചെയ്തു. സാധാരണ പന്നികളെ വെച്ചു നോക്കിയാല്‍, നമ്മുടെ ചപ്പമൂക്കന്‍ ശരിക്കും ഒരു ബുദ്ധിമാന്‍ തന്നെയായിരുന്നു. അങ്ങേര്‍ പ്രജകളില്‍ ഏതാനും പേരെ വിളിച്ചു വരുത്തി. എന്നിട്ട് അവരുടെ കാതില്‍ ഒരു രഹസ്യ പദ്ധതി ഓതിക്കൊടുത്തു.
തങ്ങളുടെ രാജാവ് പറയുന്നതെന്തും അപ്പടി അനുസരിക്കുന്നവരാണ് പന്നികള്‍... വേനല്‍ക്കാലത്തെ ചുട്ടു പൊള്ളുന്ന ഒരുച്ച നേരത്ത് കാട്ടുപോത്തുകളുടെ രാജാവ് ചെളിക്കുളത്തില്‍ ഒരു നീരാട്ടു നടത്തുവാന്‍ ഇറങ്ങിത്തിരിച്ചു.
പോകും വഴി നോക്കുമ്പോഴുണ്ട്, നമ്മുടെ ചപ്പമൂക്കന്‍ രാജാവും പ്രജകളും ചേര്‍ന്ന് തങ്ങളുടെ കൂര്‍ത്തു നീണ്ട തേറ്റകള്‍ ഉപയോഗിച്ച്, ചതുപ്പു നിലത്തിന് ചുറ്റും കുഴികള്‍ കുത്തുന്നു.
“എന്താണ് നിങ്ങളുടെ പരിപാടി?” അധികാരഭാവത്തില്‍ നെടുവാലന്‍ ചോദിച്ചു.
“ഞങ്ങള്‍ ചോര്‍പ്പുകള്‍ നിര്‍മിക്കുകയാണ്,” ചപ്പമൂക്കന്റെ ഉത്തരം കേട്ട് നെടുവാലന്‍ അടുത്ത ചോദ്യം ചോദിച്ചു. “എന്തിനാണു ഹേ, ഇത്രയേറെ ചോര്‍പ്പുകള്‍?”
ചപ്പമൂക്കന്റെ പ്രതികരണം വിചിത്രമായിരുന്നു. “കഴിഞ്ഞ കുറേ നാളുകളായി ചെളിക്കുളങ്ങളിലും നീര്‍ത്തടങ്ങളിലും ഞങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ പോലും അനുവാദമില്ലാത്ത അവസ്ഥയാണല്ലോ! ഞങ്ങള്‍ക്കും കൂടി അവകാശപ്പെട്ട ആ ചേറിലെ നീരാട്ട് നിലച്ചുപോയതില്‍ ഞങ്ങള്‍ അഗാധമായി വ്യസനിക്കുന്നുണ്ട്.bala2
ആ നിലപാടിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുവാന്‍ ഞങ്ങളൊരു കാര്യം ചെയ്യാന്‍ പോണു. എടോ നെടുവാലാ, ആ രഹസ്യമെന്തെന്നു നിനക്കു വേണേല്‍ ഞാന്‍ പറഞ്ഞു തരാം, നീ ചുമ്മാ കേട്ടിട്ടു പൊയ്ക്കോ!
ഞങ്ങള്‍ ഭൂമി തുരന്നു തുരന്ന്, ചെളിക്കുളം വരെ എത്തുന്ന ഓരോ ചെറുതോടുകള്‍ ഉണ്ടാകും. അതുവഴി കുളത്തിലെയും നീര്‍ത്തടങ്ങളിലെയും വെള്ളമൊക്കെ ചോര്‍ത്തിയെടുക്കും. ഒരു ചോര്‍പ്പിലൂടെ എന്നോണം, വെള്ളം ഈ കുഴികളിലൂടെ പുറത്തേക്കൊഴുകും.
ഒഴുകിയൊഴുകി ഒടുക്കം കുളത്തിലെ വെള്ളമത്രയും വറ്റിപ്പോകും. അവസാനത്തെ തുള്ളിയും ഞങ്ങള്‍ ഊറ്റിയെടുത്തു കഴിയുമ്പോള്‍ നീര്‍ത്തടങ്ങള്‍ ജലാംശമില്ലാതെ വറ്റി വരളും. എങ്ങും ചൂടു കാറ്റു വീശുമ്പോള്‍, ഉഷ്ണം കൊണ്ടു നീയൊക്കെ എരിപൊരി സഞ്ചാരം കൊള്ളും...
തീവെയിലേറ്റ് നിങ്ങളുടെ പുറംതൊലി വിണ്ടുകീറും. ജലാംശത്തിന്റെ കണികപോലും കിട്ടാനില്ലാതെ, ദാഹിച്ചു വരണ്ട് നിങ്ങളുടെ നാവു പുറത്തേക്ക് തള്ളും. ഹോ, ഭീകരമായിരിക്കും ആ കാഴ്ച! എനിക്കോര്‍ത്തിട്ടുതന്നെ വെപ്രാളവും മോഹാലസ്യവും അനുഭവപ്പെടുന്നു...!
പക്ഷേ ഇതൊന്നും ഞങ്ങളെ ബാധിക്കയില്ല കേട്ടോ! എന്തെന്നോ, ദൂരെ ഒരിടത്ത് ഞങ്ങള്‍ പറ്റിയ ഒരു സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. അങ്ങകലെ കാണുന്ന നെടുങ്കന്‍ പര്‍വതമില്ലേ, അതിന്റെ മുകളിലേറിയാല്‍ ചെങ്കുത്തായ ഒരു പാറക്കെട്ടുണ്ട്.അതിന്റെ ഇടുക്കില്‍ ഒരിക്കലും വറ്റാത്ത ഒരു തെളിനീര്‍ തടാകമുണ്ട്. ഈ നീര്‍ത്തടം വറ്റിച്ചു കഴിഞ്ഞാലുടന്‍ ഞങ്ങള്‍ അങ്ങോട്ടു പുറപ്പെടുകയായി... എന്റെ നെടുവാലാ, സംസാരിച്ചു നിക്കാനൊന്നും നേരമില്ല, താന്‍ വേഗമൊന്നു സ്ഥലം വിട്ടാട്ടെ!”
കാട്ടുപോത്ത് ഇതു കേട്ട പാടേ, പരിഭ്രാന്തനായി തന്റെ ചങ്ങാതിമാരുടെ അടുത്തേക്കു കുതിച്ചു. കുളത്തിലെ ചേറിന്റെ കുളിര്‍മ ആസ്വദിച്ച് അലസം ഗമിക്കുകയായിരുന്ന പോത്തുകള്‍ ഇതു കേട്ട് വല്ലാതെ വിരണ്ടുപോയി. അയ്യയ്യോ, ഇക്കാണായ വെള്ളമത്രയും ആ പഹയന്മാര്‍ ഊറ്റിക്കളഞ്ഞാല്‍, എന്താവും തങ്ങളുടെ ഗതി? ഉഷ്ണം കൊണ്ട് ഉടലാകെ വെടിച്ചുകീറി, ദാഹത്താല്‍ bala3തൊണ്ട വരണ്ട്, ഒടുക്കം കൂട്ടത്തോടെ ചത്തൊടുങ്ങേണ്ടിവരും...
വെള്ളം ചോര്‍ത്തിത്തുടങ്ങും മുമ്പായി, എന്തെങ്കിലും ഒരു പരിഹാരം കണ്ടെത്തിയേ മതിയാവൂ! കാട്ടുപോത്തുകള്‍ പന്നികളുമായി ഒരു സന്ധിയില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു.
അങ്ങനെ പോത്തുകള്‍ കൂട്ടത്തോടെ പന്നികളുടെ സങ്കേതത്തിലെത്തി... എന്നിട്ട് യാചനയുടെ സ്വരത്തില്‍ അഭ്യര്‍ത്ഥിച്ചു. “പൊന്നു സഹോദരന്മാരേ! നിങ്ങള്‍ കടുംകയ്യൊന്നും ചെയ്തേക്കല്ലേ! കുളങ്ങളും നീര്‍ത്തടങ്ങളും നിങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ്, സമ്മതിച്ചു.
നമുക്കിടയില്‍ അതേച്ചൊല്ലി ഇനി യാതൊരു തര്‍ക്കവുമില്ല. ചങ്ങാതിമാരേ, നിങ്ങള്‍ക്ക് ഹാര്‍ദമായ സ്വാഗതം! വരുവിന്‍, ചേര്‍ക്കുളത്തില്‍ വന്നു നീരാടുവിന്‍. മതിവരുംവരെ പുളച്ചു തിമിര്‍ക്കിന്‍! എത്ര നേരം വേണമെങ്കിലും ഉച്ച മയക്കം ആസ്വദിപ്പിന്‍!”
നേര് പറഞ്ഞാല്‍ പടുകൂറ്റന്‍ ഉടലും ആരെയും ഭയപ്പെടുത്തുന്ന ആകാരവുമൊക്കെ ഉണ്ടെങ്കിലും കാട്ടുപോത്തുകള്‍ ഒന്നാന്തരം വങ്കന്മാരായിരുന്നു. ചപ്പമൂക്കനും സംഘവും പറഞ്ഞതത്രയും അതേപടി അവര്‍ വിശ്വസിച്ചു!
എന്തായാലും അന്നു മുതല്‍ അവരുടെ ഇടയില്‍ സമാധാനം പുന:സ്ഥാപിക്കപ്പെട്ടു. പന്നികള്‍ നീര്‍ത്തടത്തിലേക്കു മടങ്ങി വന്നു. അന്നു മുതല്‍ ഇന്നുവരെക്കും, ആ രണ്ടു കൂട്ടരും, ഒരേ ചെളിക്കുളത്തില്‍, ഒത്തൊരുമയോടും സമാധാനത്തോടും കൂടി കഴിയുന്നുണ്ട്... ചപ്പമൂക്കന്റെ ബുദ്ധിശക്തി അപാരം തന്നെ, അല്ലേ?!

(കിഴക്കന്‍ രാജ്യത്തെ ഒരുനാടോടിക്കഥ)
പുനരാഖ്യാനം: റോസ്മേരി