KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ടീച്ചറമ്മയ്ക്കൊരു കത്ത്

ilamthalirസുഗതകുമാരി അമ്മയ്ക്ക്,
2010 മാര്‍ച്ച് 16-ാം തീയതി ഇന്ത്യാവിഷന്‍ ചാനലില്‍, സൂര്യാഘാതവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വാര്‍ത്തയിലെ ‘ഫോണ്‍ ഇന്‍’ പരിപാടിtongaയിലെ അമ്മയുടെ വാക്കുകളാണ് ഈ കത്തിന് ആധാരം.
ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരം എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ അമ്മയുടെ വാക്കുകളില്‍ നിറഞ്ഞുനിന്ന വേദനയും അസ്വസ്ഥതയും നിരാശയും ഞങ്ങള്‍ കോട്ടയം ജില്ലയിലെ പ്ളാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ‘മഒവ’ നേച്ചര്‍ ക്ളബ് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഒരു നൊമ്പരമായി ഇപ്പോഴും നില്ക്കുന്നു... അതുകൊണ്ടാണ് ഞങ്ങള്‍ ഈ കത്തെഴുതുന്നത്.
ഭൂമിക്കുമേല്‍ ഞങ്ങളും ഞങ്ങളുടെ മുന്‍
തലമുറയും നടത്തിയ ബോധപൂര്‍വവും അല്ലാത്തതുമായ tonga1ക്രൂരമായ പീഡനങ്ങള്‍ക്കുവേണ്ടി ഈ ഇളംതലമുറ മാപ്പു ചോദിക്കുന്നു... ആധുനിക വികസന സങ്കല്പങ്ങളില്‍ നഷ്ടപ്പെട്ടുപോയ - നഷ്ടപ്പെടുത്തിയ വസന്തത്തെ തിരിച്ചുകൊണ്ടുവരാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ തുടക്കം കുറിക്കാം. പക്ഷേ അമ്മയെപ്പോലുള്ളവരുടെ ചിന്തകളും വാക്കുകളും ഞങ്ങള്‍ക്ക് ധൈര്യം പകരണം. വിലാപങ്ങള്‍ക്കു മീതെ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ക്കത് പ്രചോദനമാകും.
മരങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പാരമ്പര്യം നമുക്കുണ്ടല്ലോ. 55-ാം വയസ്സിലും ഒറ്റയ്ക്ക്, കൈക്കോട്ടെടുത്ത് ബീഹാറിലെ മണിക്പൂര്‍ വില്ലേജില്‍ വേനലിന് പരിഹാരമായ താലാബിബാബ എന്ന കമലേശ്വര്‍സിംഗും, ഒരു കൈക്കോട്ടു കൊണ്ടുപോലും ഭൂമിയെ നോവിക്കാതെ കടന്നുപോയ ഫുക്കുവോക്കയും, കീടനാശിനികളുടെ വിപത്തിനെക്കുറിച്ച് മുന്നറിയിപ്പു തന്ന് ഒരു രാജ്യത്തിന്റെ പോളിസി തന്നെ മാറ്റിയെഴുതിയ റേച്ചല്‍ കാഴ്സണും, ആഫ്രിക്കയിലുടനീളം മരങ്ങള്‍ നട്ട് നോബേല്‍ ജേതാവായ വംഗാരി മാതായിയും, രാജീവ് ഗാന്ധിക്കുള്ള ഒരു കുറിപ്പിലൂടെ സൈലന്റ്വാലിയുടെ സംരക്ഷണം ഉറപ്പാക്കിയ സുഗതകുമാരിയും, മനുഷ്യനെ സ്നേഹിക്കാന്‍ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് തിരിച്ചറിഞ്ഞ മേധാപട്കറും, സബര്‍മതിയുടെ തീരങ്ങള്‍ നിറഞ്ഞു കവിഞ്ഞപ്പോഴും കിണ്ടിയില്‍ വെള്ളം സൂക്ഷിച്ചുപയോഗിച്ച മഹാത്മാവും ഉയര്‍ത്തിയ ദര്‍ശനങ്ങള്‍ കൂട്ടിനുണ്ട്.
അമ്മ ചോദിച്ചില്ലേ?
ഈ സുഖജീവിതത്തില്‍ നിന്ന് പിന്തിരിയാനാവുമോ എന്ന്; കാറുകളുടെ എണ്ണം കുറയ്ക്കാനാവുമോ എന്ന്; ഇനിയും ഒരു തിരിച്ചുപോക്ക് സാധ്യമാണോ എന്ന്...
ഞങ്ങള്‍ക്കിനിയും പ്രതീക്ഷയുണ്ട്; അമേരിക്കപോലുള്ളൊരു രാജ്യത്ത് അമീഷ് വംശജരായ കുറേയാളുകള്‍ ഇലക്ട്രിസിറ്റി ഉപയോഗിക്കാതെ, കാറുപയോഗിക്കാതെ - തിരിവെളിച്ചത്തിലും, കുതിരവണ്ടിയിലും പ്രകൃതിയെ സ്നേഹിച്ച് ജീവിക്കുന്നു എന്ന അറിവ് ഒരു വെല്ലുവിളിയായി ഞങ്ങള്‍ക്കു മുന്നിലുണ്ട്. വികസനം എന്ന അന്ധവിശ്വാസത്തിലാണ് നാം ജീവിക്കുന്നതെന്ന സത്യം ഞങ്ങള്‍ വിളിച്ചു
പറയും. കല്ലെറിയട്ടെ നരാധമന്മാര്‍...
ഒരു തുള്ളിച്ചോരയും പാഴിലല്ലി -
മണ്ണു കുതിരുവാനതുകൂടി വേണം.
പ്ളാശനാല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ചില ചെറിയ തീരുമാനങ്ങളിലൂടെ തുടക്കം കുറിക്കുന്നു.
 അക്കാദമിക് വര്‍ഷം ഒരു പേന മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനത്തിലൂടെ
 പുതിയ പ്ളാസ്റിക് ഷിമ്മി ബാഗുകള്‍ വാങ്ങിക്കില്ല, ഉപയോഗിക്കില്ല എന്ന തീരുമാനത്തിലൂടെ
 പ്ളാസ്റിക് കൂട്ടില്‍ പൊതിഞ്ഞ മിഠായികള്‍ സ്വന്തമായി വാങ്ങില്ല എന്ന തീരുമാനമെടുത്തുകൊണ്ട്
 കീടനാശിനികള്‍ വീടുകളില്‍ ഉപയോഗിക്കില്ല; രാസവളങ്ങള്‍ പ്രയോഗിക്കില്ല എന്ന തീരുമാനവുമായി...
 ഒരാള്‍ക്കുവേണ്ടി വണ്ടി ഉപയോഗിക്കില്ല എന്ന തീരുമാനവുമായി, ഉപയോഗിക്കല്ലേ എന്ന അഭ്യര്‍ത്ഥനയുമായി...
 വെള്ളം പാഴാക്കില്ല... എന്ന ഉറച്ച തീരുമാനമെടുത്തുകൊണ്ട്
ഇലക്ട്രിസിറ്റിയുടെ ദുര്‍വിനിയോഗം ഒഴിവാക്കുമെന്ന തീരുമാനവുമായി...
മരങ്ങളെ സ്നേഹിച്ച്... മനുഷ്യരെ സ്നേഹിച്ച്

പ്ളാശനാല്‍ സ്കൂളിലെ നേച്ചര്‍ ക്ളബ് അംഗങ്ങള്‍ തയ്യാറാക്കിയത്
‘മഒവ’ നേച്ചര്‍ ക്ളബ് (മരം ഒരു വരം)
സെന്റ് ആന്റണീസ് എച്ച് എസ് എസ്,
പ്ളാശനാല്‍,
കോട്ടയം