KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പവിഴത്തുരുത്തിലെ ജീവിതസമരം

bookreview
യാത്രപോകുന്നവരെല്ലാം യാത്രാവിവരണങ്ങള്‍ എഴുതുകയും അതെല്ലാം പല പേരുകളില്‍ അച്ചടിമഷി പുരട്ടി വായനക്കാരുടെ മനസ്സില്‍ ആശയക്കുഴപ്പത്തിന്റെ വിത്തെറിയുകയും ചെയ്യുന്ന ഒരു യാത്രാപര്‍വത്തിന്റെ കാലമാണിന്ന്.  ലക്ഷദ്വീപുകളും ദൌര്‍ഭാഗ്യവശാല്‍ ഇത്തരത്തില്‍ ചരിത്ര-ഭൂമിശാസ്ത്ര പരമായി ദുര്‍വിധിയുണ്ടായ പ്രദേശമാണ്. ഏകദേശം രണ്ടു ദശാബ്ദം മുമ്പു വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്ന സ്ഥലമായിരുന്നു ലക്ഷദ്വീപുകള്‍. ഭൂമിശാസ്ത്രപരമായും ഭരണപരമായുമുള്ള പ്രത്യേകതകളാല്‍ യഥേഷ്ടം സഞ്ചാരം നടത്തുന്നതിന് വിലക്കുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സഞ്ചാരസാഹിത്യ കുതൂഹലന്മാരുടെ കടന്നുകയറ്റത്തില്‍ നിന്നും പ്രായേണ വിമുക്തമായിരുന്നു ഈ പ്രദേശങ്ങള്‍. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യമാണ് ലക്ഷദ്വീപ് വ്യാപകമായി വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്; അതും കടുത്ത നിയന്ത്രണങ്ങളോടുകൂടി മാത്രം. കല്‍പ്പേനി, കവരത്തി, ആന്ത്രോത്ത്, മിനിക്കോയി എന്നീ ദ്വീപുകളില്‍ മാത്രമാണ് ആദ്യകാലത്ത് വിനോദസഞ്ചാരികള്‍ക്ക് സഞ്ചാരസ്വാതന്ത്യ്രം ഉണ്ടായിരുന്നത്. രാത്രി കടലില്‍ നങ്കൂരമിട്ടിട്ടുള്ള കപ്പലില്‍ അന്തിയുറങ്ങുന്ന സഞ്ചാരികള്‍ക്ക് പകല്‍ മാത്രമാണ് ദ്വീപുകളില്‍ ഇറങ്ങിനടക്കുവാന്‍ അനുവാദമുണ്ടായിരുന്നത്. ഇങ്ങനെ നാലോ അഞ്ചോ നാള്‍ ലക്ഷദ്വീപിലെ ചില ദ്വീപുകള്‍ മാത്രം കണ്ടുമടങ്ങിയ പല സഞ്ചാരികളും വന്‍കരയെത്തിയാല്‍ യാത്രാവിവരണങ്ങള്‍ എഴുതാനുള്ള തിരക്കിലാവും. ഇങ്ങനെ എത്രയെത്രലേഖനങ്ങളും പുസ്തകങ്ങളുമാണ് ലക്ഷദ്വീപിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുള്ളത്!
അനിത എസ് എഴുതിയ “കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്” എന്ന പുസ്തകം  വ്യത്യസ്തമാകുന്നത് ഗ്രന്ഥകര്‍ത്രി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ ദീര്‍ഘകാലം താമസിച്ച് അവിടെ നടത്തിയ പഠനഗവേഷണങ്ങളാലാണ്. തങ്ങള്‍ക്കു ചുറ്റുമുള്ള കടല്‍ കളിക്കളവും കടല്‍ജീവികള്‍ കളിക്കൂട്ടുകാരുമായുള്ള ലക്ഷദ്വീപിലെ കുട്ടികള്‍ വന്‍കരയിലെ കുട്ടികള്‍ക്കായി തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അപൂര്‍വ വായനാനുഭവമാണ് ഈ പുസ്തകം.
ജനവാസമുള്ള പത്തു ദ്വീപുകളെക്കുറിച്ചും അവിടത്തെ ജനജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്നതോടൊപ്പം ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഇതുകൂടാതെ, ലക്ഷദ്വീപിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ഒറ്റനോട്ടത്തില്‍, ഹ്രസ്വചരിത്രം, പവിഴദ്വീപുകളെക്കുറിച്ചുള്ള ശാസ്ത്രീയവിവരണം, സമൂഹവും ജീവിതവും എന്നിങ്ങനെ വിവിധ വിഷയങ്ങളിലേക്കും വെളിച്ചം വീശുന്നു ഈ പുസ്തകം.
കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപിന്റെ എടുത്തുപറയേണ്ട ഒരു പ്രത്യേകത ഇതിന്റെ ആഖ്യാന ശൈലിയാണ്. ഓരോ ദ്വീപിനെക്കുറിച്ചും അതത് ദ്വീപിലെ കുട്ടികള്‍ സംസാരിക്കുന്ന രീതിയിലാണ് പ്രതിപാദനം. ആള്‍പ്പാര്‍പ്പുള്ള പത്ത് ദ്വീപുകളിലെയും ജനജീവിതം വൈവിദ്ധ്യമാര്‍ന്നതാണെന്നത് ലക്ഷദ്വീപിന്റെ സവിശേഷതയാണ്. ഈ വൈവിദ്ധ്യം ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ ദ്വീപിന്റെയും വിശേഷങ്ങള്‍ അതത് ദ്വീപിലെ കുട്ടികളെക്കൊണ്ട് പറയിക്കുന്ന രീതിയിലാണ് പുസ്തകത്തിന്റെ രചനാരീതി. സൂക്ഷ്മമായി നിരീക്ഷിച്bookചാല്‍ ആളുകളുടെ പേരിനുപോലും ചില പ്രത്യേകതകള്‍ പല ദ്വീപുകളിലും കാണാം. ഇവിടെ ഓരോ ദ്വീപിലേയും ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന കുട്ടികളുടെ പേരുകള്‍ തെരഞ്ഞെടുത്ത രീതിയില്‍ പോലും സൂക്ഷ്മത പുലര്‍ത്തിയിരിക്കുന്നു.
നവീന പാഠ്യപദ്ധതിയില്‍ പഠന പ്രോജക്ടുകള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. സ്കൂളില്‍ അദ്ധ്യാപകര്‍ നല്‍കിവരാറുള്ള പ്രോജക്ടുകള്‍ പലതും ദ്വീപുജീവിതവുമായി ബന്ധമുള്ളതാണ്. പ്രോജക്ടുകളുടെ ഭാഗമായുള്ള അന്വേഷണങ്ങളുടെ രീതിയിലാണ് പല ദ്വീപുകളെക്കുറിച്ചുള്ള വിവരണങ്ങളും മുന്നോട്ടുപോകുന്നത്. അതുകൊണ്ടു തന്നെ പുസ്തകം ഒരു കഥയെന്നപോലെ വായിക്കാന്‍ കഴിയുന്നു.
പുസ്തകത്തിലുടനീളം ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവരങ്ങളും വസ്തുതകളും വര്‍ണചിത്രങ്ങള്‍ സഹിതം ബോക്സ് രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതായിരിക്കും ഒരുപക്ഷെ ഈ പുസ്തകത്തെ ഏറ്റവും വിജ്ഞാനപ്രദവും പ്രയോജനപ്രദവുമാക്കുന്നത്. ശാസ്ത്രീയവിവരങ്ങള്‍, ദ്വീപിലെ ആചാരാനുഷ്ഠാനങ്ങള്‍, ജൈവവൈവിധ്യം, വിദ്യാഭ്യാസം, ഭരണക്രമം തുടങ്ങി ദ്വീപില്‍ സാധാരണ കാണപ്പെടുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഹ്രസ്വ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് വായനക്കാര്‍ക്ക് പുതിയൊരു വൈജ്ഞാനികാനുഭവമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കുട്ടികള്‍ക്ക് ഈ പുസ്തകം ഏറ്റവും പ്രയോജനപ്രദമാകുന്നതും ഇതുകൊണ്ടായിരിക്കും. പുസ്തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന സമൂഹവും ജീവിതവും എന്ന ലഘു ലേഖനവും ഏറെ പ്രയോജനപ്രദ
മാണ്.
ലളിതമായ രചനാരീതി കൊണ്ടും വായനയ്ക്ക് സുഖപ്രദമായ ഭാഷ കൊണ്ടും ശ്രദ്ധേയമാണീ പുസ്തകം. മികവാര്‍ന്ന അച്ചടി, മനോഹരമായ ചിത്രങ്ങള്‍ എന്നിങ്ങനെ കെട്ടിലും മട്ടിലും ആകര്‍ഷകമാണ് കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്.

പറക്കോട് ഉണ്ണിക്കൃഷ്ണന്‍