KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മുന്നുര ഏപ്രില്‍ 2010
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ടിവിയില്ല, റേഡിയോയില്ല. വായിക്കാന്‍ ബാലസാഹിത്യ കൃതികളില്ല. ഉള്ളവ വലിയ ആളുകള്‍ വായിക്കുന്ന പുസ്തകങ്ങള്‍ മാത്രം. സമയം പോകാന്‍ ഉള്ള ഏക മാര്‍ഗം കളി, കളി, കളി തന്നെ. മൂന്നു വയസ്സില്‍ അക്ഷരം പഠിച്ചു തുടങ്ങി. പക്ഷേ അതിനു മുമ്പുതന്നെ ഒരുപാടു സ്തോത്രങ്ങളും കവിതകളും കഥകളുമെല്ലാം ഞങ്ങള്‍ക്കു കാണാപ്പാഠമായിരുന്നെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിmunnura1ശ്വസിക്കുമോ? ഞങ്ങളുടെ അച്ഛനമ്മമാര്‍ പുസ്തകപ്രേമികളായിരുന്നു. കൂടാതെ വീട്ടില്‍ പുസ്തകപ്രേമിയായ ഒരമ്മൂമ്മയുണ്ടായിരുന്നു. ഏതു സമയവും തടികൊണ്ടുള്ള ഗ്രന്ഥപ്പലകമേല്‍ പുസ്തകം മലര്‍ത്തി വച്ച് കുനിഞ്ഞിരുന്ന് വായിക്കുന്ന ആ അമ്മൂമ്മ ഞങ്ങളെ പിടിച്ചിരുത്തി രസകരമായ ഭാഗങ്ങള്‍ ചൊല്ലി കേള്‍പ്പിക്കും. അര്‍ത്ഥം പറഞ്ഞുതരും. അങ്ങനെ രാമായണത്തിലെയും മഹാഭാരതത്തിലെയും ഓട്ടംതുള്ളലിലെയും പല ഭാഗങ്ങളും ഞങ്ങള്‍ക്ക് ഹൃദിസ്ഥമായി. അക്ഷരങ്ങള്‍ ഒരുവിധം ഉറച്ചു കഴിഞ്ഞപ്പോള്‍, വായിക്കാന്‍ പുസ്തകത്തിന് കൈ നീട്ടിയപ്പോള്‍ എന്റെ കൊച്ചു കൈയില്‍ ആദ്യം വെച്ചു തന്നത് രാമായണമാണ്. ഉത്സാഹത്തോടെ വായിക്കാന്‍ ശ്രമിച്ചപ്പോള്‍, ശ്രീ, രാ-മ, രാ-മ എന്നൊക്കെ തപ്പിത്തടഞ്ഞ് വായിക്കാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് വരികള്‍ ഉള്ളില്‍ തെളിഞ്ഞു. ആഹാ ഇതെനിക്കു കാണാതറിയാമല്ലോ! പിന്നെ ഉച്ചത്തില്‍ ഒരൊറ്റ വായനയാണ്. അക്ഷരം നോക്കാതുള്ള വായന.
ശ്രീരാമ രാമാരാമ ശ്രീരാമ രാമാ രാമ
എന്നു തുടങ്ങി
ശ്രീരാമ മമ ഹൃദിരണതാം രാമ രാമ എന്നൊക്കെ ഞാനെന്ന കുട്ടി ഉറക്കെച്ചൊല്ലി ആഹ്ളാദിച്ചു. അതായിരുന്നു എന്റെ വായനയുടെ തുടക്കം. കേട്ടുകേള്‍വിയിലൂടെ ചിരപരിചിതമായ വാക്കുകള്‍ അക്ഷരങ്ങളായി മുന്നില്‍ തെളിയുമ്പോള്‍ അവ വായിക്കാന്‍ എന്തൊരാഹ്ളാദം! ഈ അനുഭവം എന്റേതു മാത്രമല്ല, എന്റെ തലമുറയിലെ മിക്കവാറും കുട്ടികളുടേതായിരുന്നുവെന്നും നിങ്ങളോര്‍ക്കണം. ഒ എന്‍ വിയും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും വിനയചന്ദ്രനും മറ്റും ഇതേ അനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മുടെ കൊച്ചുകുട്ടികള്‍ ഇപ്പോള്‍ യേശുദാസിന്റെയും മറ്റും സിനിമാപാട്ടുകള്‍ പാടാറില്ലേ? അതുപോലെയാണിത്. കേള്‍വി പരിചയം. പിന്നീട് കൈയില്‍ വച്ചുതന്ന പുസ്തകങ്ങള്‍ കുമാരനാശാന്റെ കവിതകളായിരുന്നു; സി വി രാമന്‍പിള്ളയുടെ നോവലുകളായിരുന്നു. അവയുടെയെല്ലാം വിmunnura2സ്മയകരമായ ഉജ്വലസാഹിത്യ തരംഗങ്ങളിലൂടെ ഞങ്ങള്‍ കുട്ടികള്‍ കളിയായി നീന്തിത്തുടിച്ചു. അത് ഞങ്ങളുടെ തലമുറയുടെ പുണ്യം.
ഇന്നോ നല്ല മലയാളം പ്രത്യേകിച്ച്, കവിത കൂട്ടി വായിക്കാന്‍ എത്ര കുട്ടികള്‍ക്കു കഴിയുന്നുണ്ട്? കവിതയെന്നത് ഒരു സംസ്കാരത്തിന്റെ മുഴുവന്‍ ദര്‍പ്പണമാണ്. ഇന്നലെ എനിക്കു വേണ്ടപ്പെട്ട ഒരു ബിഎക്കാരി പെണ്‍കുട്ടി അവള്‍ക്കു പഠിക്കാനുള്ള മലയാള ശാകുന്തളത്തിലെ സാധാരണ പദ്യങ്ങള്‍ വായിക്കാന്‍പെട്ട പാട് എന്നെ ഏതാണ്ട് നിലവിളിപ്പിച്ചു. സ്കൂളില്‍ മലയാളം വായിക്കാന്‍, മലയാളത്തെ സ്നേഹിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നതിന്റെ തെളിവാണത്. എന്തുകൊണ്ട് നാം മാതൃഭാഷയെ ഈ വിധത്തില്‍ അവഗണിക്കുന്നു, നിന്ദിക്കുന്നു? എനിക്ക് പരാതിയുള്ളത് അധ്യാപകരോടാണ്. അവര്‍ മലയാളത്തെ സ്നേഹിച്ചിരുന്നുവെങ്കില്‍, നല്ല മലയാളം ആസ്വദിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അവരുടെ കുട്ടികള്‍ക്കും മാതൃഭാഷയുമായി ഉറ്റബന്ധം ഉണ്ടായേനെ. അത് സംഭവിക്കുന്നില്ല എന്നത് സത്യം.
മലയാളത്തിന് അതിന്റേതായ അനര്‍ഘമായ രത്ന ഖനികളുണ്ട്. അവയെ തിരിച്ചറിയുവാന്‍ നാം പഠിച്ചേ കഴിയൂ. തമിഴന് അവന്റെ ഭാഷയെച്ചൊല്ലി ഭ്രാന്തു കലര്‍ന്ന ഭക്തിയുണ്ട്. ഭാരതിയാര്‍ യൂണിവേഴ്സിറ്റിയുടെ കവാടത്തിലെഴുതിയിരിക്കുന്ന മുദ്രാവാക്യം ഇതാണ്: തമിഴനെന്റു ശൊല്ലെടാ, തലയിയുയര്‍ത്തി നില്ലെടാ.
എന്നാണ് പെറ്റമ്മയെ സ്നേഹിക്കുവാന്‍ നമുക്ക് കഴിയുക? എന്താണ് പുസ്തകങ്ങളെ ജീവനു തുല്യം ആരാധിക്കുവാന്‍ നമുക്ക് കഴിയുക? അതിനുള്ള കാലം വരട്ടെ എന്നാശംസിക്കുന്നു. ഈ മുന്നുര അധ്യാപകരോടുള്ള ഒരഭ്യര്‍ത്ഥനയാണ്.
സുഗതകുമാരി