KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത “പെണ്ണായ് പിറന്നുപോയ്!”
“പെണ്ണായ് പിറന്നുപോയ്!”

kavitha
“തലമുടി നീട്ടി വളര്‍ത്തിപ്പലപ്പൊഴും
ജലദോഷവും മൂക്കടപ്പും പനിയുമായ്
ആരോഗ്യമമ്പേത്തകരാരില്‍; മാത്രമോ?
ഈരുകള്‍ പേനും കുടിയേറി വാഴ്ചയും!kavitha1
നിത്യം കഴുകിയുണക്കണം, കെട്ടണം
വ്യര്‍ത്ഥമായെത്ര സമയം കളയണം!
കാശെത്രമാത്രം കളഞ്ഞു കുളിക്കണം
കേശ സംരക്ഷണമൊന്നിന്നു മാത്രമായ്?
നീളം കുറഞ്ഞാല്‍പ്പഴി; കെട്ടിവയ്ക്കുവാന്‍
കോലും കുടുക്കയും ബണ്ണും തിരുപ്പനും!
ദോഷമെന്താണെന്റെയമ്മേ, തലമുടി
യോഷമാര്‍ ഭംഗിയില്‍ വെട്ടി നിറുത്തിയാല്‍?”
“വേണ്ട, ചിന്തിക്കേണ്ട പെണ്ണേ!” പറഞ്ഞമ്മ:-
“വേണ്ടാത്തതൊക്കെ; നീ പെണ്ണായ് പിറന്നു പോയ്!”
2
“രണ്ടു ചെവിത്തട്ടു തന്നിലും ദ്വാരങ്ങ-
ളുണ്ടായിരുന്നില്ല പെണ്ണായ് പിറക്കവേ.
എന്തിന്നതൊക്കെത്തുളയ്ക്കണം, മേ
പണ്ടങ്ങള്‍ തൂക്കി പരശ്രദ്ധ നേടുവാന്‍?
എന്തിന്നു മാനസയാതന തിന്നണം
മുന്തിയ പണ്ടങ്ങളില്ലാഞ്ഞു നാരിമാര്‍?
ജീവന്‍ തുലാസില്‍ കുരുക്കണം, മോഷ്ടാക്കള്‍
രാവും പകലും തരം നോക്കി നീങ്ങവേ?
കോടികള്‍ മാലയ്ക്കു, കമ്മലി; ന്നീ പുറം -
മോടികളോ വ്യക്തിമേന്മതന്‍ ലക്ഷണം?
പാശ്ചാത്യരെപ്പോലെ വല്ല പുളിങ്ങയും
ചാര്‍ത്തിയാലമ്മേ, യകം മേന്മ പോകുമോ?”
“വേണ്ട, ചിന്തിക്കേണ്ട പെണ്ണേ!” പറഞ്ഞമ്മ-
“വേണ്ടാത്തതൊക്കെ;
നീ പെണ്ണായ് പിറന്നുപോയ്!”

ചെമ്മനം ചാക്കോ