KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് ഒഴിവുകാലം അടിച്ചുപൊളിക്കാം; അതോടൊപ്പം തിളങ്ങാം, വിളങ്ങാം
ഒഴിവുകാലം അടിച്ചുപൊളിക്കാം; അതോടൊപ്പം തിളങ്ങാം, വിളങ്ങാം

letter
“മാമാ ഒഴിവുകാലം അടിച്ചുപൊളിക്കണമെന്നാണ് എന്റെ പ്ളാന്‍. എന്നാലും അടിച്ചുപൊളിച്ചുതന്നെ കഴിഞ്ഞാല്‍ മതിയോ എന്നൊരു സംശയവും ഉള്ളിലുണ്ട്. മാമന്‍ എന്തു പറയുന്നു?”
ഒരു കാന്താരിക്കുട്ടിയുടെ കത്തിലെ സംശയമാണ്. മാമന്‍ കത്തുവായിച്ച് ഒന്നു കുലുങ്ങിച്ചിരിച്ചുപോയി. ഒഴിവുകാലം അടിച്ചുപൊളിക്കുകതന്നെ വേണം. കളിച്ചു ചിരിച്ചു സന്തോഷിക്കണം. കൂട്ടായ്മയുടെ ആനന്ദമനുഭവിക്കണം. കൂട്ടുകൂടി നടന്ന് കൂട്ടായി പലതും ചെയ്യുമ്പോള്‍ മറ്റുള്ളവരുമായി സഹകരിച്ചും സമരസപ്പെട്ടും മുന്നോട്ടു പോകാന്‍ പഠിക്കും. പില്ക്കാല ജീവിത വിജയത്തിനുള്ള വിലയേറിയ പാഠങ്ങളാണ് അങ്ങനെ പഠിക്കുക. അതിനാല്‍ കൂട്ടുകൂടി കളിക്കുകയും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. ഒറ്റമരത്തിലെ letter1കുരങ്ങിനെപ്പോലെ വീട്ടുമുറിയില്‍ ടിവിക്കു മുന്നില്‍ കുത്തിയിരുന്ന് ഒഴിവുകാലത്തെ കൊല്ലരുതെന്നര്‍ത്ഥം.
പാഠപുസ്തകങ്ങള്‍ അടച്ചുവയ്ക്കാം. ഹോംവര്‍ക്കുകള്‍ക്ക് വിട ചൊല്ലാം. ക്ളാസ് മുറിയുടെ ശ്വാസംമുട്ടലില്‍ നിന്നും മോചനമാകാം. നന്നായി വിശ്രമിക്കാനും നന്നായി വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. എപ്പോഴും വിശ്രമിച്ചാല്‍ പിത്തം പിടിച്ചു ബ്രോയ്ലര്‍ ചിക്കനെപ്പോലെ അനങ്ങാനറിയാന്‍ വയ്യാത്തവരായിപ്പോകും. അതുകൊണ്ട് ഒഴിവുകാലത്ത് കളികള്‍ക്കും കായിക പരിശീലനങ്ങള്‍ക്കും അധികം സമയം ചെലവഴിക്കണം. സൌകര്യമുള്ളവര്‍ക്ക് യോഗ പരിശീലിക്കാം. ഗുസ്തിയോ കരാട്ടെയോ കളരിപ്പയറ്റോ ഒക്കെ പരിശീലിക്കാം. ബുദ്ധിപരമായ വികാസം ഉണ്ടാക്കുന്ന ചെസ് പോലുള്ള കളിയിലും പരിശീലനമാകാം.
കാണാത്ത നാടുകള്‍ കാണാനും കാഴ്ചകള്‍ കണ്ട് മനസ്സിലാക്കാനും ഒഴിവുകാലം ഉപയോഗിക്കാം. ടൂര്‍ പോവുകയെന്നാല്‍ സിങ്കപ്പൂര്‍ക്കുപോകലും യുഎസ്എക്കു പോകലും ഒക്കെയാണ് പലരുടെയും മനസ്സില്‍. യാത്രയുടെ രസവും സംതൃപ്തിയും ലഭിക്കാന്‍ ചെറിയ യാത്രകള്‍ പോയാലും മതി. ബന്ധുവീടുകളില്‍ പോകാം. അടുത്തുള്ള അരുവി കാണാന്‍ പോകാം. നീന്തലറിയാത്തവര്‍ വെള്ളത്തില്‍ ചാടി അപകടത്തില്‍പ്പെടരുതെന്ന് മാത്രം. അടുത്തുള്ള സര്‍പ്പക്കാവ് കാണാന്‍ പോയാലും അതൊരു നല്ല ടൂറാകും. കണ്ണും കാതും തുറന്നുവച്ച് യാത്ര നടത്തണമെന്നു മാത്രം. പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്ന് പ്രകൃതിയെ കണ്ടറിയാന്‍ പറ്റിയ അവസരമാണ് ഒഴിവുകാലം.
ഇങ്ങനെ പല തരത്തില്‍ അടിച്ചുപൊളിച്ച് ഒഴിവുകാലം ആഘോഷിച്ചാല്‍ മതിയോ എന്നാണ് കാന്താരിക്കുട്ടിയുടെ സംശയം. മാമന്‍ ഒരു കഥ പറയാം.
ഒരിക്കല്‍ കാട്ടില്‍ ഒരു കലമാന്‍ കൊമ്പു കൂര്‍പ്പിക്കുകയായിരുന്നു. എന്തിനാണിപ്പോള്‍ മരത്തിന്മേല്‍ കൊമ്പുരച്ചു കൂര്‍പ്പിച്ചു നേരം കളയുന്നതെന്ന് പേടമാന്‍ ചോദിച്ചു. “ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ അവരെ തുരത്താനാണ്” എന്നു കലമാന്റെ മറുപടി. പേടമാന്‍ ചുറ്റും നോക്കി. ഒരു ശത്രുവിനെയും കണ്ടില്ല. “ഇപ്പോള്‍ ഇവിടെ ശത്രുക്കള്‍ ഇല്ലല്ലോ. പിന്നെയെന്തിനു കൊമ്പു കൂര്‍പ്പിക്കുന്നു” എന്നായി പേടമാന്റെ ചോദ്യം. അപ്പോള്‍ കലമാന്‍ പറഞ്ഞു: “കൊമ്പു കൂര്‍പ്പിച്ചുകൊണ്ടേ ഇരിക്കണം. ശത്രു വരുമ്പോള്‍ കൊമ്പു കൂര്‍പ്പിക്കാന്‍ പോകുന്നവന്‍ ശത്രുവിന്റെ കുത്തുകൊണ്ട് ചാകും. നിരന്തരം കൊമ്പുകൂര്‍പ്പിച്ചുകൊണ്ടിരിക്കുന്നവനേ letter2ശത്രുവിനെതിരെ എപ്പോഴും വിജയം ലഭിക്കൂ.”
ഈ കഥയുടെ കാതല്‍ കൂട്ടുകാര്‍ക്കു മനസ്സിലായല്ലോ. നാം നിരന്തരം നമ്മുടെ കഴിവുകളാകുന്ന കൊമ്പുകള്‍ കൂര്‍പ്പിച്ചുകൊണ്ടേയിരിക്കണം. അതിന് ഏറ്റവും പറ്റിയ കാലമാണ് ഒഴിവുകാലം. അടിച്ചു പൊളിച്ചു രസിച്ച് ഒഴിവുകാലം ആഘോഷിച്ചോളൂ. അക്കൂട്ടത്തില്‍ കുറച്ചു സമയം ഇങ്ങനെ കൊമ്പു കൂര്‍പ്പിക്കാനും ഉപയോഗിക്കാം. നിങ്ങളുടെ ചില കഴിവുകള്‍ വളര്‍ത്തേണ്ടതാണ് എന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കും. പാട്ടു പാടാനുള്ള കഴിവാകാം. വായനാശീലം വളര്‍ത്താനുള്ള പരിപാടിയാകാം. ടൂളുകള്‍ ഉപയോഗിച്ച് കട്ടിങ്ങും വെല്‍ഡിങ്ങും ഫിറ്റിങ്ങും ഒക്കെ ചെയ്യാനുള്ള കഴിവാകാം. ഡയറി എഴുത്താകാം. പരീക്ഷണ നിരീക്ഷണ നിഗമനശേഷി വളര്‍ത്തലാകാം. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാനുള്ള കഴിവാകാം. പ്രസംഗ പരിശീലനമാകാം. എഴുതാനുള്ള കഴിവ് വളര്‍ത്തലാകാം. ഇങ്ങനെ ചില ഗൌരവമുള്ള പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നടത്തി, കഴിവ് വളര്‍ത്താനും കൂടി ഒഴിവുകാലം ബുദ്ധിപൂര്‍വം ഉപയോഗിക്കണം. ഒരു കൊമ്പു കൂര്‍പ്പിക്കല്‍. ആവശ്യം വരുമ്പോള്‍ ആ കൂര്‍ത്ത കൊമ്പ് ഉപകാരപ്പെടും.
ഇങ്ങനെ അടിച്ചു പൊളിച്ചും ആനന്ദിച്ചും കഴിവുകള്‍ വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും രസകരമായി ഒഴിവുകാലം ഉപയോഗിക്കണം. അപ്പോള്‍ വിശ്രമവും വിനോദവും വിജ്ഞാനവും ഒരുപോലെ ലഭിക്കും. എല്ലാ കാന്താരികളും കൂടുതല്‍ മിടുക്കരാകും. ഉശിരുള്ളവരാകും. മനുഷ്യത്വമുള്ളവരുമാകും. രസിക്കാനും രസിപ്പിക്കാനും കഴിയുന്ന എരിവും മധുരവുള്ള കാന്താരി കല്ക്കണ്ടക്കുട്ടികളായി വിളങ്ങും. ഒഴിവുകാലം കഴിഞ്ഞ് വിദ്യാലയത്തിലെത്തുമ്പോള്‍ അവിടെയും വിളക്കായി വെളിച്ചം പൊഴിച്ച് ശോഭിക്കും. എന്താ കാന്താരികളേ എല്ലാവരും റെഡിയല്ലേ?

എസ് ശിവദാസ്