KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പാഞ്ചാലീസ്വയംവരം

mahabharatham
യാത്രയ്ക്കിടയില്‍ ഒട്ടേറെ ബ്രാഹ്മണര്‍ കൂട്ടം കൂട്ടമായി പോകുന്നതുകണ്ട് പാണ്ഡവന്മാര്‍ ചോദിച്ചു: “നിങ്ങളെല്ലാവരും തിരക്കിട്ട് പോകുന്നത് എവിടേക്കാണ്?”
ബ്രാഹ്മണര്‍ പറഞ്ഞു: “പാഞ്ചാല രാജാവായ ദ്രുപദന്റെ കൊട്ടാരത്തിലേക്കാണ് ഞങ്ങള്‍ പോകുന്നത്. അവിടെ മഹോത്സവം നടക്കുകയാണ്. ദ്രുപദന്റെ പുത്രി കൃഷ്ണ, അഗ്നിയില്‍ പിറന്ന അത്ഭുതാംഗി, നീലത്താമരയുടെ സുഗന്ധം ഒരു വിളിപ്പാടകലംവരെ പ്രസരിപ്പിക്കുന്നവള്‍, അവളുടെ സ്വയംവരമാണ്. മഹാവീരനായ ധൃഷ്ടദ്യുമ്നന്റെ സോദരിയാണ് ആ അതിസുന്ദരി. നിങ്ങളും വരുവിന്‍, ഭൂമിയിലുള്ള വീരന്മാരായ രാജാക്കന്മാരെല്ലാം അവിടെ എത്തിയിട്ടുണ്ട്. പാട്ടുകാരും മേളക്കാരും നര്‍ത്തകരും മല്ലന്മാരുമെല്ലാം അവിടെ തകര്‍ക്കുകയാണ്. കാഴ്ച കാണാനെത്തുന്ന ബ്രാഹ്മണര്‍ക്കെല്ലാം അവിടെ ഭോജനാദികള്‍ ഇഷ്ടംപോലെ ലഭിക്കും. നമുക്ക് ഒന്നിച്ചുപോകാം. ശ്രീമാന്മാരായ നിങ്ങള്‍ക്കും അവിടെ നിന്ന് മഹാധനം ലഭിക്കും. ചിലപ്പോള്‍ കൃഷ്ണ, സുന്ദരന്മാരായ നിങ്ങളില്‍ ഒരാളെ വരിച്ചെന്നും വരാം. പോകാം, പോകാം.” “ഞങ്ങളും ഉത്സവം കാണാന്‍ നിങ്ങളോടൊപ്പമുണ്ട്” എന്നു പറഞ്ഞ് പാണ്ഡവന്മാര്‍ അമ്മയോടൊപ്പം പാഞ്ചാലmahabharatham1 രാജധാനിയിലേക്കു യാത്രയായി. ഒരു ബ്രാഹ്മണ ഗൃഹത്തില്‍ അമ്മയെ താമസിപ്പിച്ചതിനുശേഷം ബ്രാഹ്മണ വേഷധാരികളായ പാണ്ഡവന്മാര്‍ കൊട്ടാരപ്പന്തലിലേക്ക് ചെന്നു. അവിടെ പതിനാറു നാളായി സ്വയംവര മഹോത്സവം ഗംഭീരമായി നടക്കുകയാണ്. വാദ്യമേളങ്ങള്‍ മുഴങ്ങുന്ന ദീപ പുഷ്പാലങ്കൃതവും വിശാലവുമായ നടപ്പന്തലില്‍, ഉയര്‍ന്ന കമാനങ്ങളും വിതാനങ്ങളുമിണങ്ങി വിളങ്ങിക്കാണായി. പട്ടാടകളും പുഷ്പങ്ങളും കൊണ്ട് അലങ്കരിച്ചും അകിലിന്റെ സുഗന്ധ ധൂമം പടര്‍ന്നും സുവര്‍ണ സിംഹാസനങ്ങളും പീഠങ്ങളും നിരനിരയായി ഒരുക്കിയും ചന്ദനച്ചാര്‍ തളിച്ച പൂമാലകള്‍ തൂക്കിയും വിലസുന്ന ആ വിസ്തൃതമായ സഭാതലത്തില്‍ മൂന്ന് ഭാഗത്തും ജനാവലി നിറഞ്ഞു കാഴ്ച കണ്ടു നിന്നു. ഒരു ഭാഗത്ത് ബ്രാഹ്മണ സമൂഹം തിങ്ങിയിരിക്കുന്നതിനിടയില്‍ പാണ്ഡവന്മാര്‍ ചെന്ന് സ്ഥാനം പിടിച്ചു. ഉയര്‍ന്ന സിംഹാസനങ്ങളില്‍ ആഭരണഭൂഷിതരായും തിളങ്ങുന്ന വസ്ത്രങ്ങളും കിരീടങ്ങളും ധരിച്ചും രാജാക്കന്മാര്‍ ഗര്‍വോടെ ഇരിക്കുന്നത് കാണായി. പാണ്ഡവന്മാര്‍ ചുറ്റും നോക്കി.
ആരൊക്കെയാണ് ആ ഇരിക്കുന്നവര്‍? അതാ ധാര്‍ത്തരാഷ്ട്രരുടെ സംഘം! പൊന്നണിഞ്ഞ ഗജങ്ങളെപ്പോലെ മദിച്ചിരിക്കുന്ന ദുര്യോധനനെയും ദുശ്ശാസനനെയും മറ്റ് സഹോദരന്മാരെയും അംഗരാജാവായ കര്‍ണ്ണനെയും പാണ്ഡവന്മാര്‍ ദൂരെ നിന്ന് അമര്‍ഷത്തോടെ നോക്കിക്കണ്ടു. അവരോടൊപ്പം മാതുലനായ ശകുനിയും അശ്വത്ഥാമാവും ഇരിക്കുന്നുണ്ട്. നൂറുകണക്കിന് മറ്റ് രാജാക്കന്മാരും ദ്രൌപദീപരിണയത്തിന് മോഹിച്ച് നിരന്നിരിക്കുന്നു. അതാ മത്സരാര്‍ത്ഥികള്‍ക്കിടയിലല്ലാതെ അല്പം അകന്നൊരു വേദിയില്‍ അരികില്‍ ബലഭദ്രരാമനോടൊപ്പം സാക്ഷാല്‍ ശ്രീകൃഷ്ണനെന്ന ചിരന്തന സുഹൃത്ത്! അര്‍ജുനന്‍ അകലെ നിന്ന് ആ പ്രാണസഖിയെ ഹൃദയം കൊണ്ടു പുണര്‍ന്നു. നിറഞ്ഞ കണ്ണുകളോടെ പാണ്ഡവന്മാര്‍ ആ ദിവ്യരൂപം നോക്കി നിന്നു.
പെട്ടെന്ന് വാദ്യഘോഷങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. പുഷ്പങ്ങള്‍ മഴപോലെ വാരിക്കോരി ചൊരിയുന്നത് ഏറ്റുകൊണ്ട് മംഗളവാദ്യങ്ങളുടെ അകമ്പടിയോടെ ധൃഷ്ടദ്യുമ്ന രാജകുമാരനോടൊപ്പം ദിവ്യരൂപിണിയായ ദ്രൌപദിയുടെ വരവായി. രാജാക്കന്മാരും പ്രഭുക്കന്മാരുമടങ്ങിയ ആ ജനക്കൂട്ടം മുഴുവനും ആ അത്ഭുത രൂപിണിയെക്കണ്ട് അമ്പരന്നുപോയി. വെളുത്ത പട്ടുടുത്ത് വെളുത്ത പുഷ്പമാല്യങ്ങളും കുറിക്കൂട്ടുമണിഞ്ഞ് ദിവ്യഭൂഷണങ്ങള്‍ ചാര്‍ത്തി വധൂവേഷധാരിണിയായ ആ മംഗള രൂപിണി കൈകളില്‍ വിവാഹമാല്യവുമേന്തി ചുറ്റുപാടും താമരപ്പൂമണം വീശിക്കൊണ്ട് വേദിയിലെത്തി സദസ്സിനെ വണങ്ങി നിന്ന നില കണ്ട് ആകാശത്ത് കാഴ്ച കാണാനെത്തിയ ദേവന്മാരും ഭൂമിയിലെ രാജാക്കന്മാരും ബ്രാഹ്മണ വേഷമണിഞ്ഞ പാണ്ഡവരുമെല്ലാം ഒന്നുപോലെ മനംമയങ്ങി നിന്നുപോയി.
രാജപുരോഹിതന്‍ രംഗത്തൊരുക്കിയിരുന്ന ഹോമകുണ്ഡത്തില്‍ ആജ്യമര്‍പ്പിച്ച് പൂജ ചെയ്ത് അനുഗ്രഹിച്ചു. ധൃഷ്ടദ്യുമ്നന്‍ അനുജത്തിയുടെ കൈപിടിച്ച് മുന്നോട്ടു വന്ന് വാദ്യഘോഷങ്ങള്‍ നിര്‍ത്താന്‍ ആംഗ്യം കാട്ടിയപ്പോള്‍ പെട്ടെന്ന് സഭാതലം നിശ്ശബ്ദമായി. ഗംഭീര ശബ്ദത്തില്‍ ധൃഷ്ടദ്യുമ്നന്‍ രാജാക്കന്മാര്‍ നിറഞ്ഞ ആ മഹാസദസ്സിനോട് ഇങ്ങനെ പറഞ്ഞു:
“ബഹുമാന്യരായ രാജന്യരേ, സദസ്യരേ, എല്ലാവരും കേട്ടാലും. ഇതാ ഇവള്‍, എന്റെ സഹോദരിയായ കൃഷ്ണ. ഇവളെ നേടുവാന്‍ ഒരു പരീക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത് അറിയുവിന്‍. അതാ അക്കാണുന്ന വലിയ വില്ല് നോക്കുക, അതിന് മുകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന യന്ത്രം നോക്കുക. കുലീനനും രൂപബലശാലിയുമായ എതൊരുവന്‍ ആ വില്ലു കുലച്ച് അഞ്ചു ബാണങ്ങള്‍ അതിവേഗം ചലിക്കുന്ന യന്ത്രത്തിന്റെ ദ്വാരങ്ങളിലൂടെ അയച്ച് ലക്ഷ്യം ഭേദിക്കുവാന്‍ സാമര്‍ത്ഥ്യമുള്ളവനായിരിക്കുന്നുവോ, ആ വിജയിയുടെ കണ്ഠത്തില്‍ എന്റെ സഹോദരി സ്വയംവരമാല്യം അര്‍പ്പിക്കുന്നതായിരിക്കും.”
എല്ലാവരുടെയും കണ്ണുകള്‍ ആ യന്ത്രത്തിലും കൂറ്റന്‍ വില്ലിലും പതിഞ്ഞു. കൃഷ്ണയില്‍ മോഹമുദിച്ച രാജാക്കന്മാര്‍ ‘ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ’ എന്നു തിരക്കിട്ട് എഴുന്നേറ്റു. പൊന്‍ചട്ടയണിഞ്ഞും കുണ്ഡലങ്ങള്‍ മിന്നിയും പരസ്പരം ദ്വേഷത്തോടെ നോക്കിയും മദിച്ച ആനക്കൂറ്റന്മാരെപ്പോലെ അവര്‍ ഓരോരുത്തരായി വില്ലെടുത്തു തൊടുക്കാന്‍ മുന്നിട്ടിറങ്ങി. ജനങ്ങള്‍ ആര്‍ത്തുവിളിച്ച് പരീക്ഷാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. വാദ്യഘോഷങ്ങള്‍ മുഴങ്ങി. പൂക്കള്‍ ചൊരിഞ്ഞു തുടങ്ങി. എന്നാല്‍ കഷ്ടം, ആ പടുകൂറ്റന്‍ വില്ലെടുത്തു വളയ്ക്കാന്‍ ഒരുവനും ശക്തനായില്ല. ഓരോ വീരക്ഷത്രിയനും മുന്നോട്ടു വന്ന് വില്ലെടുത്തുയര്‍ത്തി വളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മുട്ടുകുത്തി വീണുപോയി. ചിലര്‍ക്ക് വില്ലുയര്‍ത്താനേ സാധിച്ചില്ല. പാടുപെട്ടു വില്ലു വളച്ച mahabharatham2ചിലര്‍ വില്ല് തിരിച്ചടിച്ചപോലെ നിവര്‍ന്നപ്പോള്‍ തെറിച്ചു വീണുപോയി. ജനങ്ങള്‍ പരിഹസിച്ചും കൂവിയും ആര്‍ത്തുവിളിച്ചും അവരെ കൂടുതല്‍ ക്രൂദ്ധരാക്കി. കലിംഗനും വംഗനും പാണ്ഡ്യനും പൌണ്ഡ്രകനും വൈദേഹനും യവനാധീശനും മാത്രമല്ല ദുര്യോധനനും സഹോദരന്മാരുമെല്ലാം വില്ലെടുത്തു കുലയ്ക്കാനാവാതെ തെറിച്ചു വീണുപോയി. ‘ഹാഹാ’കാരം മുഴങ്ങി. കിരീടങ്ങള്‍
അടര്‍ന്നു വീണും കനകമാല്യങ്ങള്‍ പൊട്ടിച്ചിതറിയും പലരും വീണുപോയി. ചതഞ്ഞ കാല്‍മുട്ടുകളും ഉടഞ്ഞ പട്ടാടകളും മുറിഞ്ഞു തൂങ്ങിയ പൂമാലകളുമായി രാജാക്കന്മാര്‍ ഒന്നൊന്നായി മുഖം കുനിച്ചു പിന്മാറുകയായി.
ദൂരെ കാഴ്ചക്കാരായി മാറിയിരുന്ന ദ്വാരകാനാഥന്മാരായ ബലരാമനും ശ്രീകൃഷ്ണനും രസം പിടിച്ച് ഈ കോലാഹലമെല്ലാം കണ്ടിരിക്കവേ ശ്രീകൃഷ്ണന്റെ വിശാല നയനങ്ങള്‍ പെട്ടെന്ന് ഘോഷം കൂട്ടിക്കൊണ്ടിരുന്ന ബ്രാഹ്മണസംഘത്തില്‍ പതിഞ്ഞു. ഭഗവാന്‍ ഒന്നു പുഞ്ചിരിക്കൊണ്ടു. ബ്രാഹ്മണരുടെയിടയില്‍ അതാ ഉയര്‍ന്നു കാണുന്ന അഞ്ചു ശിരസ്സുകള്‍! വിശാലമായ നെറ്റിത്തടങ്ങളും സൌന്ദര്യവീര്യങ്ങള്‍ ഒത്തിണങ്ങിയ മുഖങ്ങളും ധരിച്ചിരിക്കുന്ന ബ്രാഹ്മണ വേഷവും കണ്ട് ശ്രീകൃഷ്ണന്‍ ജ്യേഷ്ഠനായ ബലരാമനെ കണ്‍കോണിനാല്‍ വിളിച്ച് അവരെ കാട്ടിക്കൊടുത്തു. “ഭസ്മം മൂടിയ തീക്കനലുകള്‍പോലെ തിളങ്ങുന്ന അവരെ നോക്കൂ. നമ്മുടെ പാണ്ഡുപുത്രന്മാര്‍!” അവര്‍ തീയില്‍പെട്ടു മരിച്ചിട്ടില്ല എന്നു കണ്ട ബലരാമനും അനുജനെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു.
ഇതിനിടയില്‍ സഭയില്‍ ബഹളം അധികരിക്കുകയായിരുന്നു. ഓരോ രാജാവും വില്ലെടുത്തു വളയ്ക്കാനാവാതെ പിന്‍വാങ്ങുമ്പോള്‍ ജനാവലി ഉച്ചത്തില്‍ ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു. എല്ലാവരും ആശങ്കാകുലരാണ്. അപ്പോഴതാ തിളങ്ങുന്ന പൊന്‍ചട്ടയും ദിവ്യകുണ്ഡലങ്ങളുമണിഞ്ഞ് ഒറ്റനോക്കില്‍ തന്നെ മഹാവീരനെന്നു വിളിച്ചോതുന്ന രൂപപ്രൌഢിയുള്ള ഒരാള്‍, രാജോചിതമായ കിരീട ഭൂഷാദികള്‍ ധരിച്ച അംഗരാജാവ് കര്‍ണ്ണന്‍, മുന്നോട്ടു വരുന്നു. രംഗം പെട്ടെന്ന് നിശ്ശബ്ദമായി. അതാ കര്‍ണ്ണന്‍ വില്ലെടുക്കാന്‍ കുനിയുന്നു. ആ കൂറ്റന്‍ വില്ല് ലാഘവത്തോടെ എടുത്തു വളച്ച് എയ്യുവാന്‍ അഞ്ചു ബാണങ്ങള്‍ എടുക്കുന്നു. പക്ഷേ എല്ലാവരും ഇയാള്‍ തന്നെ വിജയി എന്നുറപ്പിച്ച് ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍, അമ്പുകള്‍ തൊടുക്കും മുമ്പ് പാഞ്ചാല കന്യകയുടെ മധുരസ്വരം ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കായി. “ഒരു സൂതനെ ഞാന്‍ വരിക്കുകയില്ല.” ജനാവലി സ്തബ്ധരായി. കര്‍ണ്ണന്‍ ക്രോധം നിറഞ്ഞ ഒരു ചിരിയോടെ ആ കുലവില്ലു താഴേക്കിട്ടു. എന്നിട്ട് മുഖമുയര്‍ത്തി ആകാശത്തു ജ്വലിച്ചു നില്‍ക്കുന്ന സൂര്യബിംബത്തെ ഒന്നു നോക്കി മിണ്ടാതെ തന്റെ ഇരിപ്പിടത്തിലേക്കു
മടങ്ങി.
അപ്പോള്‍ ചേദിരാജാവായ ശിശുപാലന്‍ എഴുന്നേറ്റു വില്ലെടുക്കാന്‍ ശ്രമിച്ച് മറിഞ്ഞു വീണ് പിന്‍വാങ്ങി. വന്‍മലപോലെയുള്ള ജരാസന്ധ നൃപന്‍ ഗംഭീരഭാവത്തില്‍ നടന്നുവന്ന് വില്ലെടുത്തുയര്‍ത്തി വളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ വില്ലു തിരിഞ്ഞടിച്ചു മുട്ടുകുത്തി വീണുപോയി. സഭ ആര്‍ത്തു പരിഹസിച്ചു. ജരാസന്ധന്‍ തിരിഞ്ഞു നില്‍ക്കാതെ തന്റെ നാട്ടിലേക്കു മടങ്ങിപ്പോയി. മാദ്രരാജാവായ ശല്യരും തോറ്റു മടങ്ങിയപ്പോള്‍ ജനങ്ങള്‍ സംഭ്രമത്തോടെ പരസ്പരം നോക്കി. ഇനിയില്ലല്ലോ രാജാക്കന്മാരാരും തന്നെ! പാഞ്ചാല രാജകുമാരിയുടെ സ്വയംവരം നടക്കുകയില്ലെന്നുണ്ടോ!
ഉടനെയതാ ബ്രാഹ്മണ സംഘത്തിനിടയില്‍ ഒരു യുവാവ് എഴുന്നേറ്റു നില്‍ക്കുന്നത് കാണായി! ബ്രാഹ്മണര്‍ അമ്പരപ്പോടെയും ആഹ്ളാദത്തോടെയും ഉത്തരീയങ്ങള്‍ വീശി ആര്‍ത്തുവിളിച്ച് ആ യുവാവിനെ അഭിനന്ദിച്ചു. സിംഹനട നടന്ന് മുന്നോട്ടു നീങ്ങിയ ആ യുവാവിന്റെ ഉജ്വലശ്രീയാര്‍ന്ന മുഖവും വിടര്‍ന്ന ചെന്താമരക്കണ്ണുകളും കനത്ത തോളുകളും ദീര്‍ഘബാഹുക്കളും ബ്രാഹ്മണവേഷവും അതിനു ചേരാത്ത മുഖഭാവവും കണ്ട് ജനങ്ങള്‍ അമ്പരന്നു. ആരിവന്‍! മഹാവിക്രമികളായ രാജാക്കന്മാര്‍ തോറ്റു മാറിയിടത്ത് ഈ ബ്രാഹ്മണക്കുട്ടി എന്തു ചെയ്യാന്‍? നമുക്ക് നാണക്കേടുണ്ടാക്കുമല്ലോ എന്ന് ചില ബ്രാഹ്മണര്‍ ആശങ്കിച്ചപ്പോള്‍ മറ്റു ചിലര്‍ പറഞ്ഞു: “അവന്റെയാ ശരീരം നോക്കൂ. തിളങ്ങുന്ന കണ്ണുകള്‍ നോക്കൂ! കരുത്തിണങ്ങി നീണ്ടുരുണ്ട കയ്യുകള്‍ നോക്കൂ! തീര്‍ച്ചയായും ഇവന്‍ വിജയം നേടും. മഹാതേജസ്വിയാണിവന്‍!” ഈ ബഹളത്തിനിടയ്ക്ക് അര്‍ജുനന്‍ പരീക്ഷണ രംഗത്തെത്തിക്കഴിഞ്ഞു. വില്ലിനെ ആകെയൊന്നു നോക്കിക്കണ്ട് വലംവെച്ചു വന്ദിച്ചു. വരദനായ പരമശിവനെ പ്രണമിച്ചു. ഏറ്റവും പ്രിയനായ ശ്രീകൃഷ്ണന്റെ തിരുമുഖം മനസ്സിലുറപ്പിച്ചുകൊണ്ട് കുനിഞ്ഞ് ആ കൊടും പടവില്ലു കയ്യിലെടുത്തു. അരക്ഷണം കൊണ്ട് അത് വളച്ചു ഞാണ്‍ മുmahabharatham3റുക്കി അഞ്ചു ശരങ്ങളുമെടുത്തു കണ്ണുറപ്പിച്ച് യന്ത്ര ദ്വാരങ്ങള്‍ നോക്കി ശരങ്ങളയച്ചു. ആ കൂറ്റന്‍ യന്ത്രം പൊട്ടിപ്പിളര്‍ന്ന് താഴെ വീണു! ഒരു നിമിഷം സ്തംഭിച്ചു നിന്ന മഹാസദസ്സ് പെട്ടെന്നുണര്‍ന്ന് ഇടിവെട്ടും പോലെ കരഘോഷം മുഴക്കി ഉച്ചത്തില്‍ ആര്‍ത്തു വിളിച്ചു. ആകാശത്തു നിന്ന് ദിവ്യപുഷ്പങ്ങള്‍ മഴപോലെ  ചൊരിഞ്ഞു. വാദ്യഘോഷങ്ങള്‍ മുഴങ്ങി. അത്യുച്ചത്തില്‍ ജനാരവങ്ങളും വാദ്യങ്ങളും മുഴങ്ങവേ, വന്ദികള്‍ ഗീതങ്ങള്‍ ആലപിക്കവേ, പൂമഴയേറ്റുകൊണ്ട്, വെളുത്ത പട്ടുടുത്തും വെളുത്ത പുഷ്പഹാരം കയ്യിലേന്തിയും ജേതാവായ ഇന്ദ്രതുല്യനായ യുവാവിനെ നോക്കി മന്ദസ്മിതം തൂകിയും മനോഹരിയായ കൃഷ്ണ മുന്നോട്ടു വന്ന് അര്‍ജുനന്റെ കണ്ഠത്തില്‍ വരണമാല്യമണിയിച്ചു. ശംഖനാദവും മംഗളവാദ്യങ്ങളും
മുഴങ്ങി.
പൂക്കള്‍ ചൊരിയുന്ന നടപ്പന്തലിലൂടെ ദ്രുപദ രാജകുമാരിയുടെ കയ്യും പിടിച്ച് അര്‍ജുനന്‍ രംഗവേദിയില്‍ നിന്നിറങ്ങി നടക്കവേ ക്രുദ്ധരായ രാജാക്കന്മാര്‍ ചാടിയെഴുന്നേറ്റു. “ഇത് അനീതിയാണ് പാഞ്ചാല രാജാവ് നമ്മെയെല്ലാം വിളിച്ച് അപമാനിച്ചിരിക്കുന്നു. ഒരു ബ്രാഹ്മണന് മകളെ കൊടുക്കാനാണെങ്കില്‍ ഈ രാജാക്കന്മാരെയെല്ലാം ക്ഷണിച്ചു വരുത്തിയതെന്തിന്! ബ്രാഹ്മണര്‍ക്ക് സ്വയംവരം വിധിച്ചിട്ടില്ല. അത് ക്ഷത്രിയരുടെ അവകാശമാണ്. കൊല്ലുവിന്‍ പാഞ്ചാലനെ!” ഭ്രാന്തെടുത്ത ആനക്കൂട്ടംപോലെ രാജാക്കന്മാര്‍ മുന്നോട്ടടുക്കുന്നതുകണ്ട് ദ്രുപദന്‍ ബ്രാഹ്മണരുടെയടുക്കല്‍ ചെന്ന് അഭയം തേടി. ആയുധപാണികളായി മുന്നോട്ടടുക്കുന്ന രാജാക്കന്മാരെക്കണ്ട് വിപ്രവേഷധാരിയായ അര്‍ജുനന്‍ ദ്രൌപദിയെ പിന്നിലാക്കി തിരിഞ്ഞുനിന്നു. അതാ മറ്റൊരു ഭീമാകാരനായ വിപ്രന്‍ അവിടെ നിന്നൊരു മരം ആന പിഴുംപോലെ വലിച്ചെടുത്തു കൊമ്പുകള്‍ ഒടിച്ചുകളഞ്ഞ് തന്റെ പെരും തോളില്‍ വെച്ചുകൊണ്ട്, ചുണ്ടു കടിച്ച്, പുരികങ്ങള്‍ വളച്ച് അടിക്കാനൊരുങ്ങി നില്‍ക്കുന്നു. കൃഷ്ണയുടെ വിവാഹ മംഗളമാല്യമണിഞ്ഞ യുവ ബ്രാഹ്മണനാകട്ടെ പെട്ടെന്നുതന്നെ പരീക്ഷയ്ക്കു വെച്ചിരുന്ന ആ പെരും വില്ലെടുത്തു കുലച്ചു വളച്ച് അമ്പു തൊടുത്ത് സിംഹതുല്യമായ നോട്ടത്തോടെ എതിരിട്ട് നില്പായി. ഈ നിലകള്‍ കണ്ട് ചിരിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ ബലരാമനെ നോക്കിപ്പറഞ്ഞു: “നോക്കൂ ജ്യേഷ്ഠാ, ആ മരം പിഴുതെടുത്ത് നില്‍ക്കുന്ന ഭീമാകാരന്‍ നമ്മുടെ സഹോദരന്‍ ഭീമസേനന്‍ തന്നെയാണ്. അതാ സ്വയംവരമാല്യമണിഞ്ഞ വിരിഞ്ഞ മാറിടവുമായി വില്ലെടുത്തു കുലച്ച് പുഞ്ചിരി പൂണ്ട് നില്‍ക്കുന്ന ദേവതുല്യനായ ബ്രാഹ്മണകുമാരന്‍ നമ്മുടെ പാര്‍ത്ഥനാണ്. അതാ സ്വര്‍ണ വര്‍ണവും ഉയര്‍ന്ന നാസികയുമുള്ള വിനയവാനെങ്കിലും സിംഹതുല്യനായ ആ വിപ്രന്‍ യുധിഷ്ഠിര ജ്യേഷ്ഠനാണ്. സുബ്രഹ്മണ്യനെപ്പോലെ സുന്ദരന്മാരായ ആ രണ്ട് കുമാരന്മാര്‍ മാദ്രേയരായ നകുല-സഹദേവന്മാരാണ്. ഭാഗ്യം, ഭാഗ്യം! നമ്മുടെ അച്ഛന്‍ പെങ്ങളും പുത്രന്മാരും അരക്കില്ലം ചുട്ടതില്‍ മരിച്ചു പോയിട്ടില്ല.” ഇതുകേട്ട ഹലായുധനായ രാമന്‍ സന്തുഷ്ടനായി. “നന്നു നന്ന്, നമ്മുടെ പ്രിയപ്പെട്ടവരെല്ലാം രക്ഷപ്പെട്ടുവല്ലോ” എന്നരുളിച്ചെയ്തു.
ഇതിനിടയ്ക്ക് മാന്തോലും ജലക്കിണ്ടിയുമുയര്‍ത്തി ബ്രാഹ്മണര്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. “ഞങ്ങള്‍ എതിര്‍ക്കാം രാജാക്കന്മാരോട്!”

സുഗതകുമാരി