KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ നാടന്‍പാട്ടിന്റെ പാലാഴി
നാടന്‍പാട്ടിന്റെ പാലാഴി

featrure
“പാട്ടൊക്കെപ്പാടി പഴമ്പായേക്കെട്ടി
തോട്ടയ്ക്കാട്ടിട്ടീടെ മുറ്റത്തൂടോടി”
ഈ  പാട്ടു കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ഒരര്‍ത്ഥം തെളിഞ്ഞു വരുന്നുണ്ടാവില്ല. എടുത്തുപറയാന്‍ പ്രത്യേകിച്ചെന്തെങ്കിലും കണ്ടെന്നു വരില്ല. പാടുമ്പോഴോ കേള്‍ക്കുമ്പോഴോ ഉള്ള ഒരു താളമല്ലാതെ വൃത്തമോ അലങ്കാരമോ ഉണ്ടെന്ന് പറയാനാവില്ല. ഒരു കവിതയെ അല്ലെങ്കില്‍ ഒരു ഗാനത്തെ വിലയിരുത്തുമ്പോള്‍ അവയെ കവിതയും ഗാനവുമാക്കിത്തീര്‍ക്കുന്ന യാതൊന്നും ഈ വരികളില്‍ തെളിയുന്നുമില്ല. എന്നിട്ടും തലമുറകള്‍ പിന്നിട്ട് ഇന്നും
മലയാളിയുടെ തനത് നാടന്‍പാട്ടായി ഇത് നിലനില്‍ക്കുന്നു. ഈണത്തില്‍ പാടിക്കേട്ടാല്‍ അറിയാതെ പോലും ഒന്നു തലയാട്ടാതിരിക്കില്ല, ഏത് അരസികനും.നാടന്‍പാട്ടുശാഖയുടെ കരുത്താണിത്.
അമൂര്‍ത്തമായ feature1ഒരു ദൃശ്യവത്കരണം സാധ്യമാക്കുന്നുണ്ട് ഓരോ നാടന്‍പാട്ടും. മേല്‍പ്പറഞ്ഞ രണ്ടു വരികളില്‍ത്തന്നെ തോട്ടയ്ക്കാട്ടെ ഇട്ടീടെ മുറ്റത്തൂടെ പഴമ്പായില്‍ പാട്ടും കെട്ടി ഓടുന്ന ഓട്ടം നമ്മുടെ മനോമുകുരത്തില്‍ തെളിയുന്നുണ്ടല്ലോ. പഴയ മലയാളിക്ക് നല്ല പരിചയമുണ്ടായിരുന്നവയാണ് പാട്ടിലെ പാട്ടും പഴമ്പായും തോട്ടയ്ക്കാട്ടിട്ടീം മുറ്റവുമൊക്കെ. പുതു തലമുറ നമ്മുടെ ധന്യമായ ഈ പഴയ സ്മൃതിയില്‍ നിന്ന് അകന്നു പോകുന്ന ഇക്കാലത്ത് ഈ നാടന്‍പാട്ടുകളുടെ വീണ്ടെടുപ്പ് വളരെ പ്രയാസമാണ്. നാടന്‍പാട്ടുകള്‍ കേള്‍ക്കുകയും പാടുകയും ശേഖരിക്കുകയും ചെയ്യുന്നതിലൂടെ നാം നമ്മുടെ സംസ്കാരത്തെത്തന്നെയാണ് വീണ്ടെടുക്കുന്നത്. അതുപോലെ, ഇവയെ മറക്കുന്നത് സ്വന്തം സംസ്കാരം മറക്കുന്നതുപോലെയും.
ആരാണ് എഴുതിയതെന്നറിയാത്ത, എപ്പോള്‍, എവിടെയാണ് ഉണ്ടായതെന്നറിയാത്ത എത്രയോ നാടന്‍പാട്ടുകള്‍ നമുക്കുണ്ട്. മുമ്പൊക്കെ ഇവ കാതോടുകാതോരം പകര്‍ന്നുവന്നവയാണ്. എത്രയോ കാലത്തിനുശേഷമാണ് ഇവയ്ക്ക് ലിഖിത രൂപം കൈവന്നത്. നാടോടി സംസ്കാരത്തിന്റെ ശേഷിപ്പുകളായ ഈ പാട്ടുകള്‍ സംരക്ഷിക്കേണ്ടതാണ് എന്ന ബോധം നമുക്കുണ്ടാവുന്നതുപോലും ഏറെ വൈകിയാണ്. അപ്പോഴേക്കും മരിച്ചു മണ്ണടിഞ്ഞ പിതാമഹനോടൊപ്പം ഏറെയെണ്ണം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
നാടന്‍പാട്ടുകള്‍, അതിന്റെ വരികള്‍, ഈണം, രചനാരീതി, ഉള്ളടക്കം എന്നിവയില്‍ പല വിഭാഗങ്ങളുണ്ട്. വിനോദത്തിനും വികാരത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കുന്നുമുണ്ട്. നാടന്‍പാട്ടുകളുടെ ആ ധന്യ സംസ്കൃതിയിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണിത്.

നാട്ടുമനുഷ്യര്‍feature2

മനുഷ്യരുടെ കുശുമ്പും കുന്നായ്മയുമൊക്കെ പ്രകടമാകുന്ന രസകരമായ എത്രയോ നാടന്‍പാട്ടുകളുണ്ട്. ആത്യന്തികമായി അവന്റെ സ്വാര്‍ത്ഥതയും ചിലതില്‍ തെളിഞ്ഞു കാണുന്നു. വെള്ളേമ്മെ  പുള്ളീള്ള പയ്യിനെ വേണം എന്ന് തുടങ്ങുന്ന നാടന്‍ പാട്ട് ശ്രദ്ധിക്കുക. എന്റെ പശുവിന് അഴകുണ്ടാവണം, തീറ്റ കുറച്ച് തിന്നണം, പാല്‍ കൂടുതല്‍ തരണമെന്നൊക്കെ ആഗ്രഹിച്ച് ഒടുവില്‍ അതിന്റെ ഉടമ ചിന്തിക്കുന്നതോ, സ്വാര്‍ത്ഥതയോടെയാണ്. ‘വീട്ടാരെ കുത്താത്ത പയ്യിനെ വേണം / നാട്ടാരെ കുത്തണ പയ്യിനെ വേണം എന്നു കേട്ട് തീരുമ്പോള്‍ അതെത്ര ക്രൂരമാണ് എന്നാരും ചിന്തിച്ചു പോകും.
ആദ്യത്തെ കേള്‍വിയില്‍ തമാശയെന്നു തോന്നുമെങ്കിലും വലിയൊരു വിശ്വാസവഞ്ചന
പ്രകടമാവുന്ന ചെറിയൊരു പാട്ടു കേള്‍ക്കുക -
“ചങ്കരിfeature3പ്പിള്ളക്ക് മക്കളില്ലാഞ്ഞിട്ട്
ചക്കക്കുരുവിനെ ദത്തെടുത്തു.
ചങ്കരിപ്പിള്ളക്ക് മക്കളുണ്ടായപ്പോ
ചക്കക്കുരുവിനെ ചുട്ടു  തിന്നു!”
കാര്യം കഴിഞ്ഞാല്‍ കരിവേപ്പില പോലെ, പാലം കടക്കുവോളം നാരായണ... പാലം കടന്നപ്പോ കൂരായണ എന്നൊക്കെയുള്ള ശൈലികളുടെ സാരം തന്നെയാണ് ഈ പാട്ടിനും.
തീറ്റയിലൊഴികെ മറ്റെല്ലാത്തിലും മഹാമടിച്ചികളും മടിയന്മാരുമായ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടല്ലോ. അത്തരമൊരുവളായിരുന്നു നാടന്‍പാട്ടിലെ ‘കോതേച്ചി.’ ഈ കോതേച്ചിയെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രസികനായ ഏതോ നാടന്‍ കവി ചിത്രീകരിച്ചിരിക്കുന്നത് നോക്കുക feature4
“കൈതച്ചക്ക പറിക്കാന്‍ വാടീ കോതേച്ചീ
എനിക്കെന്റെ പിള്ള കരയും
കൈതച്ചക്ക മുറിക്കാന്‍ വാടീ കോതേച്ചീ
എനിക്കെന്റെ പിള്ള കരയും
കൈതച്ചക്ക തിന്നാന്‍ വാടീ കോതേച്ചീ
അവിടെക്കിടാ പിള്ളേ, ഇവിടെക്കിടാ പിള്ളേ
തൊണ്ടിക്കിടാ പിള്ളേ, തോട്ടിക്കിടാ പിള്ളേ.”
കുഴിമടിച്ചി കോതേച്ചിക്ക് കൈതച്ചക്ക തിന്നാന്‍ നേരത്ത് ആര്‍ത്തി മൂത്ത് സ്വന്തം കുഞ്ഞിനെപ്പോലും വേണ്ടാതായത്രേ!
കാര്യമില്ലെങ്കിലും കാര്യമുള്ളവയാണ് നാടന്‍പാട്ടുകള്‍. നല്ല ഈണം, നാട്ടിന്‍ പുറത്ത് പ്രചരിച്ചിരുന്ന പഴയ വാക്കുകള്‍, കേള്‍ക്കാനൊരു രസം - ഇത്രയുമുണ്ടെങ്കില്‍ ധാരാളം. ചിരിയില്‍ പൊതിഞ്ഞ് ചിന്തയുമുണ്ടാവും അവയില്‍. ചിലതില്‍ ചെറിയ ഉപദേശമോ ഗുണപാഠമോ വേറിട്ടല്ലാതെ ലയിച്ചു കിടക്കും.

പെരുംനുണകള്‍

നുണക്കഥകള്‍ നാടോടി സംസ്കാരത്തില്‍ പ്രധാനപ്പെട്ടവയാണല്ലോ. അതുപോലെ ‘നട്ടാല്‍ കുരുക്കാത്ത’ പെരുംനുണകള്‍ നാടോടിപ്പാട്ടുകള്‍ക്കും വിഷയമായിട്ടുണ്ട്. നുണയുടെ കാവ്യാത്മകതയാണ് ഇവയില്‍ വഴിഞ്ഞൊഴുകുന്നത്. ഒരുദാഹരണം നോക്കുക.
“കൊച്ചിയില്‍ നട്ടിട്ടു കൊല്ലത്തു വേരോടെ
അവിടെ മുളച്ചൊരു മുള്ളന്‍ ചീരfeature5
പറിച്ചപ്പോള്‍ പാവയ്ക്ക, നട്ടപ്പോള്‍
കോവയ്ക്ക
കൊട്ടയിലിട്ടപ്പോള്‍ കൊട്ടത്തേങ്ങ
കൊട്ടത്തേങ്ങ തിന്നാന്‍ ഞാനങ്ങു
ചെന്നപ്പോ
അവിടെയൊരു കലം ചാമക്കഞ്ഞി
കഞ്ഞീം കുടിച്ചങ്ങുറങ്ങാനും തോന്നീപ്പോ
വയറു തടഞ്ഞൊരു കട്ടുറുമ്പ്
കട്ടുറുമ്പേതുപ്പി കോളാമ്പീലിട്ടപ്പോ
കൂവിത്തെളിഞ്ഞൊരു കോഴിക്കുഞ്ഞ്!”
ഇനി മറ്റൊരു നുണപ്പാട്ട് കേള്‍ക്കൂ -
“കുഞ്ഞുറുമ്പിന്റെ കാതുകുത്ത്
തെങ്ങു മുറിച്ചു കുരടിട്ടു
എടവട്ടം തിങ്ങി രണ്ടീച്ച ചത്തു
ഗോപുരം തിങ്ങി രണ്ടാന ചത്തു
കോഴിക്കോട്ടങ്ങാടീക്കപ്പലോടി
കൊച്ചീലഴിമുഖം തീപിടിച്ചു
വെള്ളാരങ്കല്ലിനു മീശ വന്നു
നൂറുകുടത്തില്‍പ്പത്താന വീണു.”
‘പെരുംനുണക്കവിത’കളുടെ എത്രയോ പാട്ടുകളുണ്ട് നമ്മുടെ സ്വത്തായിട്ട്. മറ്റൊരു പാട്ടില്‍ നുണകള്‍ മാലപോലെ കോര്‍ത്തു നിരത്തിയ ശേഷം ‘തള്ളിനു പുറകെ ഒരുന്ത്’ എന്ന മട്ടില്‍ ‘കളവല്ലെന്‍ കുഞ്ഞിക്കോരാ ഞാന്‍ പോയി കണ്ടതാണേ’ എന്നു കൂടി ചേര്‍ക്കുന്നു.

ഓണപ്പാട്ടുകള്‍

ഗതകാല സംസ്കൃതിയില്‍ നിന്ന് ഉടലെടുത്തവയാണ് നാടന്‍പാട്ടുകള്‍ എന്നതുകൊണ്ടുതന്നെ അക്കാലത്തെ ആഘോഷത്തെളിമകളും പാട്ടുകള്‍ക്ക് വിഷയമായിട്ടുണ്ട്. വിഷുവും തിരുവാതിരയും കര്‍ക്കടകfeature7 നോമ്പുമൊക്കെ അതില്‍പ്പെടുമെങ്കിലും തിരുവോണമാണ് ഏറ്റവുമധികം പാട്ടുകളില്‍ കടന്നുവരുന്നത്. ജനതയെ അതിര്‍വരമ്പുകളേതുമില്ലാതെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരാഘോഷവുമില്ലല്ലോ. തൃക്കാക്കരയപ്പനെക്കുറിച്ചുള്ള ഒരു നേരംപോക്കു പാട്ടാണിത് -
“ഉപ്പേരി തിന്നിട്ടു തൃക്കാക്കരപ്പന്റെ
പല്ലൊക്കെപ്പോയി!”
കഷ്ടമായിപ്പോയി! എന്നിട്ടോ
“പൂവമ്പഴം തിന്നിട്ടു തൃക്കാക്കരപ്പന്റെ
പല്ലൊക്കെ വന്നു!”
ഹോ, എന്തൊരാശ്വാസം!
മാവേലിയുടെ വരവ് മലയാളിക്ക് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമാണ്. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഉത്സാഹം ഒന്നുവേറെ തന്നെ. എന്നാല്‍ ആ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവും മുമ്പേ മാവേലി വന്നാലോ? ഈ പരിഭ്രമത്തില്‍ നിന്നാവാം പ്രസിദ്ധമായ ആ നാടന്‍പാട്ടിന്റെ പിറവി -
“ചന്തത്തില്‍ മുറ്റവും ചെത്തിയൊരുക്കീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ?
ചന്തക്ക് പോയീല്ല, ഒന്നൊന്നും വാങ്ങീല്ല
എന്തെന്റെ മാവേലീ ഓണം വന്നൂ?
പന്തും കളിച്ചീലാ, തുമ്പിയും തുള്ളീലാ
എന്തെന്റെ മാവേലി ഓണം വന്നൂ?
അമ്മാവന്‍ വന്നീലാ പത്തായം തുറന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ?
പിള്ളേരും വന്നീലാ, തല്ലു തുടങ്ങീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ?
തട്ടാനും വന്നീലാ, താലിയും തീര്‍ത്തീലാ
എന്തെന്റെ മാവേലീ ഓണം വന്നു?
അങ്ങേലെപ്പെണ്ണിന്റെ യങ്ങോരും വന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ?”
ഓണവുമായി ബന്ധപ്പെട്ട ‘പൊലിപ്പാട്ടു’കളും ഈ വിഭാഗത്തില്‍പ്പെടുന്നവതന്നെ. ഓണപ്പൂക്കളമൊരുക്കാന്‍ പൂവു തേടിപ്പോകുന്ന കുട്ടികളാണ് ഇവ പാടിയിരുന്നത്. അത്തരത്തില്‍ ഒരു പാട്ടു കേള്‍ക്കൂ -
“കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചേ
തുമ്പകൊണ്ടമ്പേറിയ തോണിചമച്ചേ
തോണീടെ കൊമ്പത്തൊരാലു മുളച്ചേ
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നേ
ഉണ്ണിക്കു കൊട്ടാനും പാടാനും
പറയും പറക്കോലും തുടിയും തുടിക്കോലും
കൂടെപ്പിറന്നേ...
പൂവേ പൊലി... പൂവേ പൊലി
പൂവേ പൊലി... പൂവേ...”

കൃഷിപ്പാട്ടുകള്‍

കാര്‍ഷികfeature6 വൃത്തിയിലൂന്നിയ ജീവിതമാണ് പഴയ തലമുറയിലെ എല്ലാ വിഭാഗങ്ങളും നയിച്ചിരുന്നത്. ജന്മിയും കുടിയാനും ധനികനും ദരിദ്രനുമൊക്കെ ഈ തൊഴിലുമായി അഭേദ്യമായി ബന്ധപ്പെട്ടവര്‍ തന്നെ. ഞാറ്റുവേലയും മഴയും പിഴച്ചാല്‍ ഏതു ജന്മിയുടെയും കാലിടറും. അത്തരമൊരു പശ്ചാത്തലത്തില്‍ അവര്‍ക്കിടയിലുണ്ടാവുന്ന പാട്ടുകളിലും കൃഷിയുമായി ബന്ധപ്പെട്ട ചിത്രീകരണമുണ്ടാവുക സ്വാഭാവികമാണ്. പാടം, ഞാറ്, പയ്യ്, വൈക്കോല്‍, പുന്നെല്ല്, പറ, നാഴി, ഇടങ്ങഴി, മീന്‍, ഞണ്ട് തുടങ്ങിയ പദങ്ങള്‍ അവയില്‍ സര്‍വ സാധാരണവും. ഞാറ്റുപാട്ടുകള്‍ ഒരു സമൂഹത്തിന്റെ പരിഛേദമായിരുന്നു. അക്ഷരാഭ്യാസം പോലുമില്ലാത്ത സ്ത്രീകള്‍ കണ്ടങ്ങളില്‍ നിരന്നുനിന്ന് ആടിപ്പാടി ഞാറു നട്ടിരുന്ന കാലം. കൃഷിയുമായി ബന്ധപ്പെട്ട ചില പാട്ടുകള്‍ ചുവടെ ചേര്‍ക്കുfeature9ന്നു.
“അച്ഛന്‍ കൊമ്പത്ത്
അമ്മ വരമ്പത്ത്
കള്ളന്‍ ചക്കേട്ടു
കണ്ടാ മിണ്ടണ്ട
കൊണ്ടെത്തിന്നോട്ടെ”

“കീരി കീരി കിണ്ണം താ
കിണ്ണത്തിലിട്ടു കിലുക്കിത്താ
അങ്ങേത്തലയ്ക്കെപ്പൊക്കിത്താ
ഇങ്ങേത്തലയ്ക്കെത്താത്തിത്താ
കല്ലും നെല്ലും പോക്കിത്താ
നല്ലരിവെച്ചു വിളമ്പിത്താ”

“കാക്കരോ കൂക്കരോ കരിയാത്തേ
തായേലെക്കണ്ടം കൊയ്യണ്ടേ?
എന്തിനുവേണ്ടി കൊയ്യുന്നു!
വിത്തിനുവേണ്ടി കൊയ്യുന്നു!”feature8

“അണ്ണാറക്കണ്ണാ തൊണ്ണുറുമുക്കാ
എനിക്കൊരു മാമ്പഴം തന്നേപോ
കാക്കക്കറുമ്പീ, കരിങ്കാക്കേ
കര്‍ക്കടം വന്നതറിഞ്ഞില്ലേ?”

“പെയ്യട്ടെ മഴ പെയ്യട്ടെ
അയ്യപ്പാ മഴ പെയ്യട്ടെ
പെയ്യട്ടെ മഴ പെയ്യട്ടെ
പുഞ്ചപ്പാടം കൊയ്യട്ടെ
പെയ്യട്ടെ മഴ പെയ്യട്ടെ
പത്തോ നൂറോ കിട്ടട്ടെ”
ഇങ്ങനെ എത്രയെങ്കിലും പാട്ടുകള്‍ നമുക്ക് കണ്ടെത്താനാവും. അവയില്‍ സാധാരണക്കാരുടെ സുഖദുഃഖങ്ങളും ആഹ്ളാദ - നിരാശകളും ആകാംക്ഷകളും നെഞ്ചിടിപ്പും നുരപൊന്തുന്നതു കാണാനാവും. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അതേ അനുഭവവേദ്യതയോടെ കൈമാറിയതിനാലാണ് അവ കാലാതിവര്‍ത്തിയാവുന്നത്.

കളിപ്പാട്ടുകള്‍

നാടോടി സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ് നാടന്‍കളികള്‍. അക്കുത്തിക്കുത്ത്, കുട്ടീംകോലും, സാറ്റുകളി, തൊങ്ങിതൊട്ടുകളി, കല്ലുകളി, ഓലപ്പന്തു കളി എന്നൊക്കെ എത്രയോ കളികളാണ് പല തലമുറകളെ ആഹ്ളാദിപ്പിച്ചിരുന്നത്. അതിനുവേണ്ടിയുണ്ടാക്കിയ പാട്ടുകളും രസകരങ്ങള്‍ തന്നെ. ഈ പാട്ടുകളുടെ തുടക്കത്തില്‍ നിന്നാവണം അക്കുത്തിക്കുത്തുകളി പിറന്നത്. രണ്ടോ അതിലധികമോ കുട്ടികള്‍ വട്ടമിട്ടിരുന്ന് ഇരുകൈപ്പത്തികളും കമിഴ്ത്തിവെയ്ക്കയും പാട്ടുപാടി അവ മലര്‍ത്തിയും പിന്‍വലിച്ചുമാണ് കളി മുന്നേറുക. ഏറ്റവുമൊടുവില്‍ ആരുടെ കയ്യാണോ ശേഷിക്കുക... ആ പാട്ട് ഇങ്ങനെ -
അക്കുത്തിക്കുത്താനവരും കുത്ത-
ക്കരെനിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ രണ്ടാലൊന്ന്
ചെത്തിക്കൂട്ടി മടങ്കുത്ത്
ഈ പാട്ടുകള്‍ക്ക് ഒട്ടേറെ ദേശ്യഭേദങ്ങളുണ്ട്. പാടുന്നവര്‍ മനോധര്‍മവും തദ്ദേശത്തെ പ്രധാന വിശേഷങ്ങളും പാട്ടില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണ് ഇതിന് കാരണം.
ഊഞ്ഞാലാട്ടം നാടന്‍ സംസ്കൃതിയിലെ വിനോദോപാധിയാണ്. ഊഞ്ഞാലാടുമ്പോഴും ഊഞ്ഞാലാട്ടുമ്പോഴും പാടാനുള്ള ഊഞ്ഞാല്‍പാട്ടുകളും കുറവല്ല. തിരുവാതിരയ്ക്കും വിഷുവിനും ഓണത്തിനുമൊക്കെ ഊഞ്ഞാലാട്ടം പ്രിയം തന്നെ -
ചാഞ്ചാനം മരംവെട്ടി
ച്ചതുരത്തില്‍പ്പടിയിട്ട്
പടിയിന്മേല്‍ പട്ടിട്ട്
പട്ടിന്മേല്‍ പണം വെച്ച്
പണത്തിന്മേലിരുന്നുണ്ണി
ചാഞ്ചാട്
ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി
കുഴഞ്ഞാടുണ്ണിയൊന്നാടാട്...
കല്യാണപ്പാട്ടുകളെയും ഇത്തരുണത്തില്‍ വിസ്മരിക്കുക വയ്യ. ‘പെണ്ണുതരുമോ’ പാട്ടുകള്‍, എന്നും ഇവയ്ക്കു പ്രസിദ്ധിയുണ്ട്. ‘ഒരു കുടുക്ക പൊന്നു തരാം പെണ്ണിനെ തര്വോ മാളോരെ?’ യെന്ന് കളിക്കാരില്‍ ഒരു സംഘം പാടുമ്പോള്‍ മറുസംഘം ഉരുളയ്ക്കുപ്പേരിപോലെ അതിന് മറുപടി നല്‍കുന്നു, ‘ഒരു കുടുക്ക പൊന്നും വേണ്ട, പെണ്ണിനെത്തരില്ല മാളോരേ.’ ചോദ്യവും ഉത്തരവുമായി കളിയങ്ങനെ നീളും.

നാവുവഴങ്ങല്‍ പാട്ടുകള്‍
കേള്‍ക്കുന്നവരെfeature10 അതിശയിപ്പിക്കുകയും പാടുന്നവരെ കുഴക്കുകയും ചെയ്യുന്ന പാട്ടുകളാണ് ഈ വിഭാഗത്തിലുള്ളത്. അക്ഷരശുദ്ധിക്കും ഉച്ചാരണ ശുദ്ധിക്കും നാവുവഴക്കത്തിനും ഇവ പ്രയോജനപ്പെടും. ഏറ്റവുമധികം ദൃശ്യങ്ങളുള്ളതും ഈ പാട്ടുകള്‍ക്കാണെന്ന് തോന്നുന്നു. ഇത്തരം പാട്ടുകള്‍ ക്ളാസില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് പാടിക്കുന്ന അധ്യാപകരും കുറവല്ല. ഒരേ പാട്ടിന്റെ തന്നെ രണ്ട് വകഭേദങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വടകര വളവിലൊരറുപതു തെങ്ങു
ണ്ടറുപതു തെങ്ങിലൊരറുപതു പൊത്തു-
ണ്ടറുപതു പൊത്തിലൊരറുപതു നത്തു-
ണ്ടെന്നാല്‍ നത്തിന് കണ്ണെത്ര?
കടങ്കഥയെന്നു തോന്നിക്കുന്ന ഈ പാട്ടുകേട്ട് കുട്ടികള്‍ അറുപതിന്റെ ഗുണിതങ്ങള്‍ തിരഞ്ഞ് കുഴങ്ങുമ്പോള്‍ ഉത്തരം എത്ര ലളിതം - നത്തിന് കണ്ണ് രണ്ട്!
ഇനി ഈ പാട്ടിന്റെ മറ്റൊരു രൂപം
ഓതറ വളവിലൊരകവളവി
ലൊരിളയുതളങ്ങേല്‍
പത്തിരുപത്തഞ്ചിളയുതളങ്ങ..
പാടിപ്പാടി നാവുളുക്കാതിരുന്നാല്‍ പരമഭാഗ്യം!

മറ്റിനം

ഈ വക പെണ്ണുങ്ങള്‍ ഭൂമീലുണ്ടോ
മാനത്തു നിന്നെങ്ങാന്‍ പൊട്ടിവീണോ
ഭൂമിയില്‍ത്തനിയെ മുളച്ചുവന്നോ... എന്നൊക്കെ വിസ്മയിച്ചുവശാവുന്ന വടക്കന്‍ പാട്ടുകള്‍, തെക്കന്‍ ഭാഷയുടെ ഭംഗി നിറഞ്ഞ തെക്കന്‍ പാട്ടുകള്‍, അക്ഷരപ്പാട്ടുകള്‍, പൂരപ്പാട്ടും ഭരണിപ്പാട്ടും പടയണിപ്പാട്ടുമടക്കമുള്ള അനുഷ്ഠാനപ്പാട്ടുകള്‍, ഓളപ്പരപ്പില്‍ തുഴയെറിഞ്ഞു പാടുന്ന വഞ്ചിപ്പാട്ടുകള്‍, തിരുവാതിരപ്പാട്ടുകള്‍ തുടങ്ങിയവയൊക്കെ നമ്മുടെ നാടന്‍പാട്ടുകളില്‍പെടുന്നു. അതിവിശാലമായ നാടന്‍പാട്ട് ഭൂമികയില്‍ നിന്നാണ് പിന്നീട് തുഞ്ചത്താചാര്യന്‍ കിളിപ്പാട്ടും കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍പ്പാട്ടും ചെറുശ്ശേരി നമ്പൂതിരി ഗാഥാപ്പാട്ടും രാമപുരത്ത് വാര്യര്‍ വഞ്ചിപ്പാട്ടുമൊക്കെ സൃഷ്ടിച്ചത്. feature11
നാടന്‍പാട്ടിന്റെ ലാളിത്യം പ്രകടമാകുന്ന രണ്ടു വരിപ്പാട്ട് ഉദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം.

ഡോ കെ ശ്രീകുമാര്‍