KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ ചിത്രശലഭങ്ങളുടെ ഉണ്ണി
ചിത്രശലഭങ്ങളുടെ ഉണ്ണി

katha
കൊച്ചു തൂക്കു പാത്രത്തില്‍ പാലുമായി കാലത്തെത്തുന്ന ഉണ്ണി കോളിങ്ങ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് അഞ്ജു എന്നും ഉണരുന്നത്. ഉമ്മറത്തൂണിന്റെ മറവില്‍ പാത്രം നീട്ടി ഒരു ചെറുചിരിയോടെ ഉണ്ണി നില്‍പ്പുണ്ടാവും.
ഉണ്ണിക്ക് എന്നും ഒരേ വേഷമാണ്. വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷര്‍ട്ടും ചുവപ്പ് ഗ്രൌസറും.
മതിലിന്നരികില്‍ വിടര്‍ന്നു നില്‍ക്കുന്ന മന്ദാരപ്പൂവും പനിനീരും അവന്‍ പതുക്കെ തൊട്ടു നോക്കി. പെട്ടെന്ന് ആരെങ്കിലും കണ്ടോ എന്നു ഭയന്ന് ചുറ്റും നോക്കി കൈ പിന്നിലേക്കു വലിച്ചു.
“ഉണ്ണിക്കു പൂവു വേണോ?” അഞ്ജു ചോദിച്ചു.
“ഊ ഊം!!” അവന്‍ ഭയന്ന് വേണ്ടെന്ന് മൂളി. പിന്‍തിരിഞ്ഞ്, ഗേറ്റും റോഡും കടന്ന് വയല്‍ വരമ്പിലെത്തി, താഴേക്ക് ചാടി. മറ്റൊരു വരമ്പിലൂടെ നടന്നു നീങ്ങി. പച്ച നിറമുള്ള വയല്‍പ്പരപ്പില്‍ പൂമ്പാറ്റകളും തുമ്പികളും പാറി പറക്കുന്നു. ഉണ്ണി അവരില്‍ ഒരാളെപ്പോലെ തോന്നിച്ചു.
പിറ്റേന്ന് അഞ്ജു ഉണ്ണിയോട് ചോദിച്ചു: “ഉണ്ണീ, കുട്ടിക്ക് ആ പൂമ്പാറ്റകളെ തൊടാന്‍ പറ്റോ!”
“ഊം! പിന്നെന്താ! അവരെല്ലാം എന്റെ കൂട്ടുകാരല്ലേ”
“നിനക്ക് പൂക്കളെ ഇഷ്ടമല്ലേ?”
“പിന്നെ! പൂക്കളേം പൂമ്പാറ്റകളേം ഇഷ്ടല്യാത്തവര് ണ്ടാവ്വോ?”
ഉണ്ണി കൂട്ടുകൂടുന്നതില്‍ അഞ്ജുവിന് സന്തോഷമായി. അവള്‍ പറഞ്ഞു:katha1
“നിനക്ക് വേണമെങ്കില്‍ ഒരു പൂവ് പറിച്ചോ.”
“വേണ്ട.” ഉണ്ണി പറഞ്ഞു. “പൂ പറിച്ചാല്‍ ചെടിക്കും പൂവിനും വേദനിക്കും. പൂക്കളെ കണ്ടോളൂ, മണത്തോളൂ, അല്ലാതെ കഴുത്തിറുക്കണോ?”
“എങ്കിലും, ന്നാ എന്റെ വക ഒരു സമ്മാനം.”
അവന്‍ പൂ വാങ്ങി. ഗേറ്റു കടന്ന്, റോഡ് മുറിച്ചു കടന്ന് വയല്‍ വരമ്പിലെത്തി. താഴെയുള്ള വരമ്പിലേക്ക് ചാടി. അവന് ചുറ്റും പൂമ്പാറ്റകള്‍ പറന്നു. കൈയിലെ പൂ ഒന്നു മണത്ത് ഉണ്ണി പൂമ്പാറ്റകള്‍ക്കുനേരെ നീട്ടി. അവ കൂട്ടമായി പൂവില്‍ വന്നിരുന്നു. ഒരു കൂനപോലെയായി... പിന്നീടവ പറന്നകന്നു. ആ പുഷ്പം കാണാതായി.
“നാളെ എന്റെ പിറന്നാളാണ്.” പിറ്റേന്ന് ഉണ്ണി വന്നപ്പോള്‍ അഞ്ജു പറഞ്ഞു.
“അതേയോ! അപ്പോള്‍ സദ്യയുണ്ടാകുമല്ലോ. അഞ്ജുവിന് നല്ല സമ്മാനങ്ങളും കിട്ടുമല്ലേ?”
“നീ എനിക്കെന്താ സമ്മാനം തരിക?”
ഉണ്ണിയുടെ മുഖം മ്ളാനമായി. അവന്‍ എന്തോ ആലോചിച്ചു.
അഞ്ജു വീണ്ടും ചോദിച്ചു: “നീയെന്താ തര്യാ?”
“നീ എനിക്കെന്താ തര്വാ?” അവന്‍ തിരിച്ചു ചോദിച്ചു.
“ഒരു പെട്ടി മിഠായി!!”
“എന്റെ വക ഒരു കൂട പൂവ്.” ഉണ്ണി പറഞ്ഞു. പൂ ഇറുക്കുന്നത് ഇഷ്ടപ്പെടാത്ത ഉണ്ണി തനിക്കെങ്ങനെ ഒരു കൂട പൂവ് തരും?
പിറന്നാള്‍ ദിവസം പതിവിലും നേരത്തെ ഉണ്ണി എത്തി. കോളിങ്ങ് ബെല്ലടിക്കേണ്ടി വന്നില്ല, അവള്‍ ഓടിയെത്തി. കൈയില്‍ ഒരു പെട്ടി നിറയെ മിഠായികള്‍. അവന്‍ തന്റെ കൈയിലെ ഇലക്കുമ്പിള്‍ അവള്‍ക്കു നീട്ടി. കണ്ണഞ്ചിക്കുന്ന നിറം. ജീവന്‍ തുടിക്കുന്നു. പകരം മിഠായിപ്പെട്ടി വാങ്ങി.
“ഒരെണ്ണം മതി.” അവന്‍ പെട്ടി തുറന്ന് ഒരു മിഠായി എടുത്തു.
“ഉണ്ണി, മുഴുവന്‍ എടുക്ക്.” അവള്‍ നിര്‍ബന്ധിച്ചു.
ഉണ്ണി ഒരു മിഠായി എടുത്ത് പുറത്തേക്കു നടന്നു. ഗേറ്റു കടന്ന് റോഡിലെത്തി.
“ഉണ്ണീ ഉണ്ണീ...” അവള്‍ നീട്ടി വിളിച്ചു. ഉണ്ണി ഓടുകയാണ്. അഞ്ജു പിറകെ എത്താന്‍ ശ്രമിച്ചു. ഉണ്ണി ഉയര്‍ന്ന വരമ്പില്‍ നിന്ന് താഴേക്ക് ചാടി. അഞ്ജു ഓടിയെത്തും മുമ്പ് ചെളി മണ്ണില്‍ നെല്‍ച്ചെടികള്‍ക്കിടയില്‍ അവന്‍ താഴ്ന്ന്... താഴ്ന്ന്...katha2
“അയ്യോ ഉണ്ണീ...ഉണ്ണീ...” അഞ്ജുവിന്റെ ശബ്ദമുയര്‍ന്നു. ഉണ്ണിയുടെ കൈയിലെ മിഠായിയുടെ കവര്‍ ഉയര്‍ന്നു പറന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് പിറന്നാളിന് വന്ന കുട്ടികളും വലിയവരും ഓടിയെത്തി.
“ഉണ്ണി ദേ അങ്ങോട്ടു ചാടി.” എല്ലാവരും അഞ്ജു ചൂണ്ടിയിടത്തേക്കു നോക്കി. നെല്‍ച്ചെടികള്‍ ചാഞ്ഞു നില്‍ക്കുന്നു. ചിലര്‍ വയലിലിറങ്ങി.
അഞ്ജു നീട്ടി വിളിച്ചു. “ഉണ്ണീ...” കൂടി നിന്ന കുട്ടികളും വലിയവരും വിളിച്ചു “ഉണ്ണീ...”
ഒരു പറ്റം ചിത്രശലഭങ്ങള്‍ വയലിന്റെ ഒരറ്റത്ത് വട്ടമിട്ട് പറക്കുന്നു. അവയ്ക്കിടയില്‍ ഒരു കുട്ടിയുണ്ട്. ആളുകള്‍ അങ്ങോട്ട് ചൂണ്ടി. അതാ ഉണ്ണി! അഞ്ജു തുള്ളിച്ചാടി.
പൂമ്പാറ്റകളോടൊപ്പം ഉണ്ണി വയല്‍വരമ്പിലെത്തി. അഞ്ജു അവന്റെ കൈ പിടിച്ചു.
അവര്‍ വീട്ടിലെത്തി. ഉണ്ണി നല്‍കിയ പിറന്നാള്‍ സമ്മാനം അപ്പോഴാണ് അഞ്ജു ശ്രദ്ധിച്ചത്.
അവള്‍ ഓടിച്ചെന്ന് പൂക്കൂട എടുത്തു. പൂക്കള്‍ ഓരോന്നായി പുറത്തേക്കു പറന്നു. വര്‍ണ്ണച്ചിറകുള്ള പൂമ്പാറ്റകള്‍...

എം എസ് കുമാര്‍