KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഇലകളും മനുഷ്യരും
pallikoodamപരാക്രമിയായ സൂര്യന്റെ കിരണങ്ങള്‍ പചിച്ച് ജീവരാശിക്കു പ്രാണവായു നല്‍കുന്നത് പച്ചിലകളാണല്ലോ. ഇലകള്‍ ഭക്ഷണത്തിനും മരുന്നിനും പരിസര സംവിധാനത്തിനും ഉപയോഗിക്കുന്നു. മുരിങ്ങയില, ചീരയില, തഴുതാമയില, മല്ലിയില തുടങ്ങിയവയെല്ലാം പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കള്‍ ആണ്. പണ്ട് ഇലയപ്പം ഉണ്ടാക്കാന്‍ വാഴയിലയും വട്ടയിലയും ഉപയോഗിച്ചിരുന്നു. ചീലാന്തിയില ഇട്ട് ഇഡ്ഡലി വേവിച്ചിരുന്നു. വയണയിലയില്‍ അടയും കുമ്പിളപ്പവും ഉണ്ടാക്കിയിരുന്നു. തകരയിലയും പയറ്റിലpallikoodam1യും ചേമ്പിന്‍ താളും പട്ടിണിക്കാലത്തു കഴിച്ചിരുന്നു. ഉണക്കലരിച്ചോറ് താമരയിലയില്‍ ചൂടോടെ വിളമ്പി കഴിച്ചാല്‍ രുചി കൂടും. ഭക്ഷണം വിളമ്പുന്നതിന് ഇപ്പോഴും വാഴയിലയും ചണ്ണയിലയും ഉപയോഗിക്കുന്നു. പണ്ട് കഞ്ഞി കുടിച്ചിരുന്നത് പ്ളാവില കോട്ടിയാണ്. വടക്കേ ഇന്ത്യയില്‍ ചമതയുടെയും മറ്റും ഇലകളും ഭക്ഷണപാത്രമായി ഉപയോഗിക്കും.
പല്ലു തേക്കാന്‍ പഴുത്ത മാവില, നാക്കു വടിക്കാന്‍ തെങ്ങോലയുടെ ഈര്‍ക്കില്‍, കുട പിടിക്കാന്‍ വാഴയിലയും ചേമ്പിലയും പനയോലയും...
കേരളത്തില്‍ പുരകളായ പുരകളെല്ലാം പണ്ടു മേഞ്ഞിരുന്നത് തെങ്ങോല കൊണ്ടായിരുന്നു. പുല്ലും വയ്ക്കോലും പനയോലയും കൊണ്ട് തീരെ കുറച്ചു കുടിലുകളേ മേഞ്ഞിരുന്നുള്ളൂ. ചെറ്റയുണ്ടാക്കാനും പൂക്കൂടയ്ക്കും മീന്‍വട്ടകത്തിനും വല്ലം ഉണ്ടാക്കാനും കളിപ്പാട്ടം  (വിശറി, തത്ത തുടങ്ങിയവ) ഉണ്ടാക്കാനും കാല്‍പ്പന്തുണ്ടാക്കാനും കോലങ്ങളെ അലങ്കരിക്കാനും തോരണം കെട്ടാനും പല പാകത്തിലുള്ള തെങ്ങോലകള്‍ ഉപയോഗിച്ചു വന്നു.
നമ്മുടെ നാട്ടില്‍ ഈന്തപ്പനയും എണ്ണപ്പനയും അലങ്കാരപ്പനയും കുറച്ചേ ഉള്ളൂ. കുടപ്പനയും ഉലട്ടിപ്പനയും എല്ലായിടവും ഉണ്ട്. ചില പ്രദേശങ്ങളില്‍ കരിമ്പന കൂടുതല്‍ കാണാം. കുടപ്പനയുടെ ഓല എഴുത്തോലയായും കുട ഉണ്ടാക്കാനും മേയാനും ഉപയോഗിക്കാം. അലങ്കാരത്തിനും ആനയ്ക്കു കൊടുക്കാനും ഉലട്ടിപ്പനയുടെ ഓല ഉപയോഗിച്ചു വരുന്നു. തടുക്ക്, വിശറി, കൌതുകവട്ടകകള്‍ എന്നിവ ഉണ്ടാക്കാന്‍ കരിമ്പനയുടെ ഓല ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇല (ഓല) കുടപ്പനയുടേതാണ്. പണ്ട് രാത്രിവെളിച്ചത്തിനും പടയണിക്കും ചൂട്ടു കത്തിച്ചിരുന്നത് ഉണങ്ങിയ തെങ്ങോല കൊണ്ടായിരുന്നല്ലോ. ഒരു നേരം പ്രഥമന്റെ അട പൊതിയാന്‍ വാഴയില ഉപയോഗിക്കുന്നു. വേറൊരു വേള മരിച്ചവരെ കുളിപ്പിച്ചു കിടത്തുന്നതും നീണ്ട വാഴയിലയില്‍. മാവിലയും കുരുത്തോലയും പന്നച്ചെടിയുടെ ഇലയും അലങ്കാരത്തിന് പറ്റും. ഒലീവിലയ്ക്കു പകരം ഓശാനയ്ക്ക് കേരളീയര്‍ കുരുത്തോല ഉപയോഗിക്കുന്നു. പുല്‍ത്തൈലം ഉണ്ടാക്കുന്നത് ഒരു പ്രത്യേക തരം പുല്ലിന്റെ ഇലകൊണ്ടാണ്. കവുങ്ങിന്റെ തണുങ്ങ് ചൂലുണ്ടാക്കാന്‍ കൊള്ളാം. കവുങ്ങിന്‍ പാള കുpallikoodam2ഞ്ഞിനെ കിടത്താനും കൊണ്ടാട്ടം ഉണ്ടാക്കാനും തൊട്ടിക്കും തൊപ്പിക്കും കരുവാണ്. അകം-പുറം രണ്ടു
തരത്തില്‍ പടയണി പ്രയോജനപ്പെടുത്തുന്നു.
കച്ചോലം, കറ്റാര്‍ വാഴ, തൊട്ടാവാടി ഇല, പൂവാങ്കുറുന്നില, കീഴാര്‍നെല്ലി തുടങ്ങി ദശലക്ഷക്കണക്കിന് ഔഷധ മൂല്യമുള്ള ഇലകള്‍ ഉണ്ട്. ‘താമര മുള്ള്’ എന്ന അസുഖത്തിന് താമരയിലയില്‍ വിളമ്പി കഴിക്കുന്ന ഉണക്കച്ചോറ് ഔഷധം. തീട്ടപ്പെരുമരം എന്ന കുറ്റിച്ചെടിയുടെ തളിരിലയില്‍ ഉണക്കലരികൊണ്ട് അട ഉണ്ടാക്കിക്കഴിച്ചാല്‍ അര്‍ശസ്സിന് ശമനം ഉണ്ടാകും. താളിയില തലയില്‍ തേയ്ക്കാന്‍, പൂജയ്ക്ക് കറുക നാമ്പ്... തൃത്താവിന്റെയും തുളസിയുടെയും പനിക്കൂര്‍ക്കയുടെയും ഔഷധ ഗുണത്തെപ്പറ്റി പറയുകയേ വേണ്ട.
വെറ്റിലമുറുക്ക് ഇന്ത്യയുടെ പൊതുശീലമാണ്. തേയില ഇല്ലാത്ത തായ്മാനവര്‍ ഇല്ല.
മെത്ത സാര്‍വത്രികമാകുന്നതിനും പ്ളാസ്റിക്ക് സാമ്രാജ്യം ഭരിക്കുന്നതിനും മുമ്പ് നമ്മുടെ പാവപ്പെട്ട കൈതോലകൊണ്ടുണ്ടാക്കിയ പായിലാണല്ലോ മനുഷ്യര്‍ ശയിച്ചിരുന്നത്. പുട്ടലുണ്ടാക്കാനും ചിക്കുപായുണ്ടാക്കാനും തഴ ഉപയോഗിച്ചിരുന്നു.
ഇപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഞാന്‍ വേപ്പിലയേയും കറിവേപ്പിലയേയും മറന്നോ? വേപ്പിലക്കട്ടിക്കുപയോഗിക്കുന്ന നാരകത്തില മറന്നോ? പുല്ലും വയ്ക്കോലും ഇല്ലാത്തപ്പോള്‍ കന്നുകാലികള്‍ക്കു കൊടുക്കുന്ന ചീനിയിലയും പരുത്തിയിലയും ഓര്‍ക്കുന്നില്ലേ? പഞ്ചസാരയുടെ അസുഖമുള്ളവര്‍ കടിച്ചു തിന്നുന്ന ചക്കരക്കൊല്ലി, വെള്ളം ചൂടാക്കുന്ന പുളിയിലയും കരിനൊച്ചിയും ഞൊങ്ങണം പുല്ലും, ചതവിനുപയോഗിക്കുന്ന വേലിപ്പരുത്തിയിലയും എല്ലാരും സ്മരിക്കുന്നുണ്ടാകും.
തലവേദനയ്ക്ക്  തുമ്പയില ഞെവിടി നെറ്റിയില്‍ പുരട്ടാന്‍ അമ്മൂമ്മമാര്‍ പറയുന്നത് പ്രായോഗിക വൈദ്യ മാണ്.
നിത്യഹരിതവനമെന്നും ഇലകൊഴിയും കാടെന്നും മറ്റും പറയുന്നത് ഇലകളെ മുന്‍നിര്‍ത്തിയാണ്. കേരളത്തില്‍ മഹാഗണി, റബര്‍, പെരുമരം, ബദാം തുടങ്ങിയവ ഇല കൊഴിക്കുന്ന മരങ്ങള്‍ ആണ്. ഇലകളുടെ ആകൃതിവെച്ചാണ് നമ്മള്‍ ചെടികളെയും മരങ്ങളെയും വള്ളികളെയും തിരിച്ചറിയുന്നത്. ആമസോണില്‍ സദ്യയ്ക്കുപയോഗിക്കുന്ന ചെമ്പിന്റെ അത്രയും വലിപ്പമുള്ള ഒരുതരം താമരയില ഉണ്ട്. എത്ര രീതിയിലുള്ള പുല്ലുകള്‍, എത്രയെത്ര രീതിയിലുള്ള മുളകള്‍! മൈലാഞ്ചിയില അരച്ചു പുരട്ടുന്നത് ഭംഗിക്കൊപ്പം ഔഷധ പ്രയോഗവും ആണ്. വീട്ടിലെ ആടലോടകത്തിന്റെ ഇല തിളപ്പിച്ചു ചികിത്സിക്കുന്നു. കാട്ടിലെ ആരോഗ്യപ്പച്ച സര്‍വരോഗ സംഹാരിയാണെന്ന് ആദിവാസികള്‍ പറയുന്നു. ഭൂമിയിലെ പച്ചയായ പച്ചപ്പിന്റെയെല്ലാം കുത്തക ഇലകള്‍ക്കാണല്ലോ. ആലിലത്തുമ്പുകള്‍ കാറ്റിലിളകുമ്പോള്‍ നമുക്ക് സന്തോഷം. ദല മര്‍മരങ്ങളില്‍ കാറ്റും ആനന്ദിക്കുന്നുണ്ടാകും. ഒരു ശംഖുകൊണ്ടു സമുദ്രത്തെ വാഴ്ത്തുംപോലെയാണ് ഏതാനും ഇലകളുടെ പേരും കാര്യവും പറഞ്ഞ് ഞാന്‍ ഇലകളുടെ മഹാലോകത്തെ സൂചിപ്പിക്കുന്നത്.
ഡി വിനയചന്ദ്രന്‍