KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ കാളയോട്ടത്തിന്റെ കലാശം
കാളയോട്ടത്തിന്റെ കലാശം
diago
ഒരിരമ്പല്‍ മാത്രം. മനുഷ്യരുടേതോ, കാളകളുടേതോ ശബ്ദം എന്ന് മനസ്സിലാവുന്നില്ല. ഭൂമിയും വൃക്ഷങ്ങളും മേലാകാശത്തിലെ കാര്‍മേഘങ്ങളുമെല്ലാം ആരവം കൊള്ളുന്നു. ഒരു വന്‍ സമുദ്രം തിരതല്ലി ആര്‍ക്കുമ്പോലെ. അപ്പോള്‍ കൊമ്പുകള്‍ ചുഴറ്റി ചുവന്ന തോരണങ്ങള്‍ അണിഞ്ഞ കാളക്കൂറ്റന്മാര്‍ താഴ്വരയുടെ വിസ്തൃതിയില്‍ പ്രത്യക്ഷമായി. പിന്നാലെ ആര്‍ത്തിരമ്പുന്ന ജനക്കൂട്ടം. ഉടുതുണിയടക്കം ഉരിഞ്ഞ് അവര്‍ ആവേശത്തോടെ കാറ്റില്‍ ചുഴറ്റുന്നു. ആകാശച്ചെരിവില്‍ അനേകായിരം കൊടികള്‍. തൂവാലകള്‍, തോരണങ്ങള്‍, ചുവന്ന ചായം തേച്ച ഡ്രമ്മുകള്‍. പലതരം ഒച്ചകളുതിര്‍ക്കുന്ന ജനാവലി. കര്‍ണ കഠോരമായ ശബ്ദം.
നിരക്കെ നിന്നിരുന്ന കാളക്കൂറ്റന്മാര്‍ കൊമ്പ് ഭൂമിയിലേക്ക്ചെരിച്ച് അസ്ത്രം പോലെ പാഞ്diago1ഞടുക്കുന്നു. ദൂരെ നിന്നു കാണുമ്പോള്‍ കൂറ്റന്‍ അമ്പുകള്‍ പറന്നെത്തുമ്പോലെ. പുതിയ കാണികളെ നടുക്കുന്ന കാഴ്ച. താഴ്വരയുടെ വശങ്ങളില്‍ നിന്ന് ചാടി വീഴുന്നു, മല്ലന്മാര്‍. അവര്‍ ചുവന്ന തുണിച്ചീളുകള്‍ മാത്രം അരയിലും കൈത്തണ്ടിലും ചുറ്റീട്ടുണ്ട്. മല്ലന്മാരിലൊരുവന്‍ ഒരു കാളക്കൂറ്റന്റെ കൊമ്പുകളില്‍ ചാടിപ്പിടിച്ചു. കുടഞ്ഞു തെറിപ്പിക്കാന്‍ പ്രയത്നിക്കുന്നു, കൂറ്റന്‍. ജനത്തിന്റെ ആര്‍പ്പുവിളി താഴ്വരയില്‍ തുളച്ചു കയറി. ജൂനോവും ദിയാഗൊവും മരത്തിന്റെ മുകളില്‍ കവരങ്ങളില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ജൂനോ നാട്ടുകൂട്ടത്തിലൊരുവനായി, അവര്‍ക്കൊപ്പം പോര്‍വിളി
നടത്തി. ആകാശമൂല കറുത്തിരുണ്ടു. വേനല്‍മഴയുടെ ആരംഭത്തില്‍ വടക്കുനിന്നും കിഴക്കുനിന്നും വരുന്ന കാര്‍മേഘങ്ങള്‍ മുഖാമുഖം നോക്കി പല്ലിളിച്ചു. പരസ്പരം കടിച്ചു കീറുന്ന മിന്നലൊളി, കുന്നുകളെ കിടിലം കൊള്ളിച്ചു. മഴ പെയ്തില്ല. കാളക്കൂറ്റന്മാരും മല്ലന്മാരും തമ്മില്‍ മല്ലയുദ്ധം തുടര്‍ന്നു. ഒരു കൂറ്റന്റെ വലിയ കഠാരപോലത്തെ കൊമ്പുകള്‍ മല്ലന്മാരിലൊരുവന്റെ തുട പറിച്ചെറിഞ്ഞു. മല്ലന്‍ പ്രാണവേദനയോടെയും അപാരമായ പോര്‍ക്കലിയോടെയും കാളപ്പുറത്തേക്ക് ചാടി വീണു. അതിന്റെ വാലില്‍ പിടിക്കാനോങ്ങി. കാളയും മല്ലനും നിന്ന ദിക്കില്‍ വട്ടം ചുറ്റി. ഇരുവരും പരസ്പരം പിടിവിട്ടില്ല.
ജനം വീര്‍പ്പടക്കി തെല്ലിട നിന്നു. അപ്പോള്‍ ദിക്കുകളെ വെട്ടിക്കീറുന്ന ഒരാര്‍ത്തനാദം ഉയര്‍ന്നു. ജഡപ്രായരായ മല്ലനും കൂറ്റനും ആകാശത്തിലേക്കൊരു ചാട്ടം. പിന്നെ കൂടുതല്‍ ഊക്കോടെ ഭൂമിയുടെ മാറില്‍പ്പതിച്ചു. അങ്ങനെ പോര്‍ക്കലി അടങ്ങും വരെ അവര്‍ അടരാടി. ഒരു മല്ലന്‍ ബോധംകെട്ടു വീഴുമ്പോള്‍ മറ്റൊരുവന്‍ ചാടി വീണ് അവന്റെ സ്ഥാനം കൈയേല്ക്കും. പാവം കാളകള്‍ക്കു മാത്രം പകരക്കാരനില്ല. ദിയാഗൊവിന്റെ മനസ്സ് നൊന്തു. ഇത് മൂകജീവികളോടു കാണിക്കുന്ന അന്യായമാണ്. പലര്‍ ചേര്‍ന്ന് ഒരുത്തനെ വെല്ലുവിളിക്കയോ!
ദിയാഗൊ മരക്കൊമ്പില്‍ മുഖം തിരിച്ചു മാറിയിരുന്നു. ജൂനോവിന്റെ ജയഭേരിയൊന്നും ദിയാഗൊയുടെ ചെവിയില്‍ കടന്നില്ല. പിന്നെയെപ്പോഴൊ തണുത്ത ഒരു കാറ്റ് വീശാന്‍ തുടങ്ങി. അപ്പോള്‍ നേരം വെളുക്കുകയാണെന്ന്, കിളികള്‍ വിളിച്ചു ചൊല്ലി. ഉണരൂ, ഉണരൂ. തടാകം ഒരു കറുത്ത കണ്ണാടിയായി. മേഘങ്ങള്‍ തടാകത്തിന്റെ കറുപ്പില്‍ മുങ്ങി മരിച്ചുവോ?
ദിയാഗൊ കൂട്ടുകാരdiago2നെ കുലുക്കി വിളിച്ചു. മരത്തിന്റെ കവരങ്ങളെ ഒരു മഞ്ചലാക്കി കിടന്നുറങ്ങുന്ന പയ്യന്‍
പറഞ്ഞു,
“ശല്യപ്പെടുത്താതെ! ഞാനുറങ്ങട്ടെ!”
“ആള്‍ക്കാരെല്ലാം പിരിഞ്ഞു. നമുക്ക് വീടെത്തേണ്ടേ?”
ജൂനോ തിരിഞ്ഞു കിടന്നുറക്കമായി. വീഴാതിരിക്കാന്‍ അവന്‍ മരക്കൊമ്പില്‍ മുറുകെപ്പിടിച്ചു.
ദിയാഗൊ താഴെ ചാടിയിറങ്ങി. താഴ്വരയില്‍ മെല്ലെ മഞ്ഞ് ഊറിക്കൂടുന്നു. കീറിപ്പറിഞ്ഞ തോരണങ്ങളും തുണികളും നീളെ ചിതറിക്കിടക്കുന്നു. ഒരു കൂറ്റനും രണ്ടു മല്ലന്മാരും ബോധം കെട്ടു, ചോരയൊലിപ്പിച്ചു കിടക്കുന്നു.
ദിയാഗൊ അവിടെ ചുറ്റി നടന്നു. തീരെ അപരിചിതമായൊരിടം. മരങ്ങളുടെ പേര് പോലും അറിയാന്‍ പറ്റുന്നില്ല. ചില വൃക്ഷങ്ങളില്‍ കായ്കനികള്‍ തൂങ്ങിക്കിടപ്പുണ്ട്. വലിയ പൂക്കളുള്ള ഒരു കൂറ്റന്‍ വൃക്ഷം. ഇലഞെട്ടുകള്‍ക്കൊപ്പം മുള്ളുള്ള പഴങ്ങള്‍ തൂങ്ങിയാടുന്നു. ഒരു ശീതക്കാറ്റ് വീശാന്‍ തുടങ്ങി. മഴ പെയ്യും.
“ജൂനോ എണീറ്റു വരൂ. പോകാം. മഴ കൂടാനാണിട. സൈന്യനീക്കം പോലെയാണ് മഴക്കാറുകള്‍ ചക്രവാളത്തില്‍ നിന്ന് കേറിവരുന്നത്.”
അവര്‍ നനഞ്ഞ പുല്ലില്‍ച്ചവിട്ടി നിശ്ശബ്ദം നടന്നു. ദിയാഗൊവിനെ നാട്ടിനെക്കുറിച്ചുള്ള ചിന്ത പിടികൂടി. എന്തക്രമമാണിവിടെ! വീണു കിടക്കുന്ന കാളയും മല്ലന്മാരും അവന്റെ മനസ്സില്‍ നിന്ന് വിട്ടുമാറുന്നില്ല. കെട്ടിടം പണിയിലേര്‍പ്പെട്ട അര്‍ദ്ധ നഗ്നര്‍ കൂറ്റന്‍ പാറക്കല്ലു ചുമന്ന് അവരെ കടന്നു പോകുന്നു. ദിയാഗൊവിന് അനുകമ്പ തോന്നി. ആര്‍ക്കാണിത്ര വലിയ കോട്ട പണിയുന്നത്! റാണിയുടെ അടിമകളാണിവര്‍. റാണിക്ക് വലിയ പട്ടാളം സ്വന്തമായുണ്ടെന്നു കേള്‍ക്കുന്നു. അവര്‍ കപ്പലിറക്കി അന്യനാടുകള്‍ സന്ദര്‍ശിക്കാനും കൊള്ള ചെയ്യാനും ചരക്കുകള്‍ പിടിച്ചെടുക്കാനും നിയോഗിക്കുന്നു.
എങ്ങനെയെങ്കിലും ഒരു കപ്പലില്‍ കയറിക്കൂടണം. എന്നിട്ട് നാട്ടില്‍ പോകണം. ജനിച്ച മണ്ണിന്റെ മണം വീണ്ടും അറിയണം. കാരണവന്മാരെ കണ്ടു വന്ദിക്കണം. പഠിച്ച വേദത്തിലെ പുതുകാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യണം. വേദത്തില്‍ പാപ-പുണ്യങ്ങളെപ്പറ്റി പറയുന്നു. ദൈവം എന്തിനാണിത് അനുവദിക്കുന്നത്? ഒരു കുറ്റവും ചെയ്യാത്ത തന്റെ നാട്ടുകാരെ എന്തിനാണ് കപ്പല്‍ക്കൊള്ളക്കാര്‍ ചുട്ടുകൊന്നത്? എന്തിനാണ് ഇത്രയധികം പൊന്നും വെള്ളിയും ഇവര്‍ക്ക്? അവന്‍ വിശപ്പും ദാഹവും മറന്നേ പോയി. ജൂനോവിനോട് ഒരക്ഷരം മിണ്ടാതെയാണ് നടക്കുന്നതെന്നും ഓര്‍ക്കുന്നില്ല.diago3
“ജൂനോ?”
“എന്താണ് നടന്നുറക്കം കഴിഞ്ഞ്വാ?”
“ഞാന്‍ ഉറങ്ങുകയായിരുന്നില്ല,” ദിയാഗൊ പറഞ്ഞു.
“നീ നാടു വിടുന്ന കാര്യം ആലോചിക്കയാണല്ലേ?”
ദിയാഗൊ അവനെ പകച്ചു നോക്കി. ഇവന്‍ അച്ഛനെ പ്പോലെ ബുദ്ധിമാനും തന്ത്രജ്ഞനുമാണ്.
“നിനക്കിവിടം വിടാനൊക്കുകയില്ല. ഒരിക്കലും. വന്നവരെയെല്ലാം റാണി അടിമകളാക്കും. അച്ഛന്റെ അടിമയാകയാലാണ് അവര്‍ നിന്നോട് കാരുണ്യം കാണിക്കുന്നത്. അല്ലെങ്കില്‍ പാറ പൊട്ടിക്കാനോ, കപ്പലുണ്ടാക്കാനോ,വെടിമരുന്ന് പൊട്ടിക്കാനോ പോകേണ്ടി വരുമായിരുന്നു.”
ദിയാഗൊ നിശ്ശബ്ദനായി.
കപ്പിത്താന്‍ അവരെക്കാണാഞ്ഞ് കുതിരലായത്തിന്റെ മുമ്പില്‍ നില്പാണ്. അദ്ദേഹം ഒരു യാത്രയ്ക്കൊരുങ്ങിയ വേഷത്തിലാണ്. ഉടവാള്‍ അരപ്പട്ടയില്‍ തൂങ്ങുന്നുണ്ട്. കുതിര അക്ഷമയോടെ ചുവടുകള്‍ മാറ്റിവയ്ക്കുന്നു. ചിന്നം വിളിക്കുന്നു.
കപ്പിത്താന്‍ ദിയാഗൊവിനോട് കല്പിച്ചു.
“ഉടനെ ഒരുങ്ങി വാ.  ആഹാരം കഴിച്ചോളൂ. പോകാം.”
എങ്ങോട്ട് എന്ന് ദിയാഗൊ ചോദിച്ചില്ല. മറുപടി കിട്ടുകയില്ലെന്നറിയാം.
അവരിരുവരും കുതിരപ്പുറത്തു കേറി. ഇപ്പോള്‍ അവനോടിക്കുന്ന പെണ്‍കുതിര അവനെ തിരിച്ചറിയുന്നുണ്ട്. നല്ല അനുസരണയും. കാല്‍വണ്ണയാല്‍ അതിനെ വാത്സല്യപൂര്‍വ്വം തട്ടി, ദിയാഗൊ പറഞ്ഞു,
“സൂക്ഷിച്ചു നടന്നോളൂ.”
അവര്‍ അന്നു വൈകുന്നേരം റാണിയുടെ കൊട്ടാരത്തിലെത്തി.
റാണി കല്പിച്ചു, “ദിയാഗൊവിനെ കാസ്റിലൊ കൂടെ കൊണ്ടുപോകൂ. അവന്‍ കുറച്ചുകാലം അവന്റെ നാട്ടുകാര്‍ക്കിടയില്‍ വേദം പ്രചരിപ്പിക്കട്ടെ. അവരെ ഒന്നടങ്കം വിശ്വാസികളാക്കീട്ടു തിരിച്ചു വരണം.”
ആര്‍ക്കും എതിര്‍ വാക്ക് ഉച്ചരിക്കാന്‍ വയ്യ. ദിയാഗൊ തന്റെ ആനന്ദം മനസ്സിലൊളിപ്പിച്ചു. ജൂനോവിനെയോര്‍ത്തു സങ്കടപ്പെട്ടു...