KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം മുന്നുര മുന്നുര മാര്‍ച്ച്‌ - 2010
മുന്നുര മാര്‍ച്ച്‌ - 2010
munnuraഎന്തെല്ലാം കൊതിപ്പിക്കുന്ന ഭക്ഷണങ്ങളാണ് കമ്പോളത്തില്‍! എത്ര നിറങ്ങള്‍, രുചികള്‍, വര്‍ണാഭമായ പരസ്യങ്ങള്‍! ഇതാ ഈ കുപ്പി നിറയെ എനര്‍ജിയാണ്. ഇത് കുടിച്ചാല്‍ ശക്തി വര്‍ദ്ധിക്കും, പൊക്കം കൂടും. മറ്റേ ടിന്നിലേതു കഴിച്ചാലോ, ബുദ്ധി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും... പഠിച്ചില്ലെങ്കിലും ഈ മെത്തയില്‍ കിടന്നുറങ്ങിയാല്‍ മതി, എങ്ങനെയിത്ര മാര്‍ക്ക് കിട്ടി എന്ന് ടീച്ചര്‍ അമ്പരന്നു പോകും! പെപ്സി കുടിച്ച് രാജാവാകൂ, കോള കുടിച്ച് വീരാധിവീരനാകൂ... ഇതെല്ലാം പറയുന്നത്   സിനിമാതാരങ്ങളും ഓമനക്കുഞ്ഞുങ്ങളും ഡോക്ടര്‍മാരുമൊക്കെയാണ്.
എന്നാലോ! ഇവയൊക്കെ നാം നിരന്തരം വാങ്ങി വാരിത്തിന്നുന്നതുകൊണ്ട് കൊള്ള ലാഭം വന്‍കിട കമ്പനികള്‍ക്കാണ്. നഷ്munnura1ടം നമുക്കും. പണനഷ്ടം മാത്രമല്ല ആരോഗ്യവും നശിക്കുന്നു. പൊണ്ണത്തടിയുണ്ടാവുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു.
നിങ്ങള്‍ വേണം ഇതിന് പോംവഴി കണ്ടെത്താന്‍. നൂറ്റാണ്ടുകളായി നിലനിന്ന നമ്മുടെ നാടന്‍ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ അവ ശുദ്ധമാണ്, ആരോഗ്യമയമാണ്. ഇത്ര ചെലവും വരികയില്ല.
കഞ്ഞിയും ചെറുപയറും ഏറ്റവും നല്ല മലയാള ഭക്ഷണങ്ങളിലൊന്നാമത്തേതാണ്. ചെറുപയര്‍ ചെറുതായൊന്നു മുളപ്പിച്ചിട്ടാണെങ്കില്‍ പോഷകഗുണം ഇരട്ടിക്കും. ഒരല്പം വെണ്ണയോ ഉരുക്കുനെയ്യോ കൂടി ചൂടുകഞ്ഞിയിലിട്ടാല്‍ കേമമായി. നമ്മുടെ ഇഡ്ഡലിയും ദോശയും പുട്ടും അടയുമൊക്കെ നല്ല നല്ല ആഹാരങ്ങളാണ്; പ്രത്യേകിച്ച് ആവിയില്‍ പുഴുങ്ങിയവ.
നമ്മുടെ നാടന്‍ ഇലക്കറികള്‍, മുരിങ്ങയില, ചീര, കൂടാതെ ചേമ്പിലയും പയറിന്റെയും മത്തന്റെയും മൂക്കാത്ത ഇല, മുള്ളന്‍ കീര, തഴുതാമ മുതലായ ഇലവര്‍ഗങ്ങളെല്ലാം അത്യുത്തമമായ പോഷക ഗുണങ്ങളുള്ളവയാണ്.  എന്തു രുചിയാണെന്നോ നമ്മള്‍ നട്ടു വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക്! രാസവള പ്രയോഗമില്ല, കീടനാശിനിയുടെ കൊടും വിഷം ബാധിച്ചിട്ടില്ല. മലയാള മണ്ണിന്റെ മണവും രുചിയും അവയിലൂടെ നമുക്കറിയാം.
കോളയ്ക്കും കുപ്പിപ്പാനീയങ്ങള്‍ക്കും പകരം നാരങ്ങാവെള്ളം ഉണ്ടാക്കിക്കുടിച്ചു നോക്കൂ. സംഭാരമുണ്ടാക്കാന്‍ കൂട്ടുകാര്‍ക്കറിയാമോ! കുറച്ചു തൈരെടുത്തു നല്ലപോലെ അടിച്ചു മോരാക്കി ഇരട്ടി വെള്ളവും ചേര്‍ത്തു വയ്ക്കുക. അതില്‍ ഒരു പച്ച മുളകിന്‍ കഷണം, ഒരു തരി ഇഞ്ചി, ഒരു നുള്ള് ഉപ്പ്, ഒരു ചുവന്നുള്ളിയല്ലി ഇവയെല്ലാം കൂടി ചതച്ചു ചേര്‍ത്ത് ഇളക്കി കുടിച്ചു നോക്കൂ. എന്തൊരു രുചിയാണെന്നോ! എന്തൊരു സുഖമാണെന്നോ അതു വയറിനു നല്‍കുന്നത്!
പച്ച നെല്ലിക്കാ വാങ്ങി ചവച്ച് തിന്നണം. ചക്കക്കാലവും മാങ്ങാക്കാലവും വരുമ്പോള്‍ അവയെല്ലാം നിറച്ചു തിന്നണം.  തേങ്ങാ തിരുവിയതും ഇളനീരും കരിക്കും വെളിച്ചെണ്ണയുമെല്ലാം ഗുണകരങ്ങള്‍ മാത്രമല്ല രുചികരങ്ങളുമാണ്. നാടന്‍ ധാന്യങ്ങളായ കൂവരക്, എള്ള് എന്നിവ വാങ്ങി ഉപയോഗിക്കാന്‍ വീട്ടില്‍ പറയണം.
റൊട്ടിയും ബിസ്ക്കറ്റും നൂഡില്‍സും ചില്ലി ചിക്കനും പറോട്ടയും ഐസ്ക്രീമും ഡെസര്‍ട്ടുകളുmunnura2മൊന്നും നമ്മുടെ നാട്ടിലെ ഭക്ഷണത്തോടു കിടനില്‍ക്കുകയില്ല. അവ രുചികരമായിരിക്കാം. പക്ഷേ അവയില്‍ അജ്നോമോട്ടോ പോലുള്ള അപകടകാരികളായ വസ്തുക്കളും കൃത്രിമ രാസവസ്തുക്കളും ഹോര്‍മോണുകളും ചേരുന്നുണ്ട.് ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ മുറയ്ക്കു പോകുന്ന കുട്ടികളുണ്ട്. അത്
നന്നല്ല, ചെലവ് കൂടുതല്‍ മാത്രമല്ല, ആരോഗ്യത്തിന് ഹാനികരവുമാണ് അവയുടെ പതിവായ ഉപയോഗം.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി. നിങ്ങള്‍ നല്ല ശുദ്ധമായ നാടന്‍ ഭക്ഷണം കഴിച്ചിട്ട് മടിപിടിച്ച് ടിവിയുടെ മുന്നിലിരുന്നാല്‍ ഉന്മേഷവും ബുദ്ധിയുമൊന്നും വര്‍ദ്ധിക്കുകയില്ല. ഓടിച്ചാടി കളിക്കണം, വ്യായാമം ചെയ്യണം, വിയര്‍ക്കണം, വിയര്‍ത്തു പണിയെടുക്കണം. എങ്കില്‍ മാത്രമേ ഈ ആഹാരത്തിനൊക്കെ രുചി വരികയുള്ളൂ.
എന്റെ കുട്ടിക്കാലത്തെ ഒരോര്‍മ പറയട്ടെ. തിരുവനന്തപുരംവാസികളായ ഞങ്ങള്‍ കുട്ടികള്‍, അന്നൊക്കെ അവധിക്കാലത്ത് തറവാടായ ആറന്മുളയിലേക്കു പോകും. അവിടെ പരമ രസമാണ്. പമ്പയാറുണ്ട്, തിരുവാറന്മുളയപ്പന്റെ അമ്പലമുണ്ട്, കളിക്കാന്‍ വലിയ പുരയിടവും ഒഴിഞ്ഞ നെല്‍വയലുകളുമുണ്ട്, കൂട്ടുകാരുണ്ട്.
രാവിലെ എണീറ്റ് ഞങ്ങള്‍ കൂട്ടമായി പമ്പാനദിയില്‍ കുളിക്കാന്‍ പോകും.  കുളിച്ചുകളിച്ച് വെള്ളത്തില്‍ ചാടി തിമര്‍ത്ത് കയറി വരുമ്പോഴേക്ക് ‘വയറ് വിശക്കുന്നേ’ എന്ന് വിളിക്കുന്നുണ്ടായിരിക്കും. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അമ്മമാര്‍ പലകയിട്ടിരുത്തി ഞങ്ങള്‍ക്ക് ഓട്ടുകിണ്ണത്തില്‍ ചൂടുള്ള കുത്തരിക്കഞ്ഞി വിളമ്പിത്തരും. അവര്‍ തന്നെ മോരു കലക്കിയെടുത്ത ഇളം മഞ്ഞ നിറത്തിലുള്ള ഓരോ ഉരുള വെണ്ണ ആ കഞ്ഞിയിലിട്ടു തരും. ഇത്തിരി ഉപ്പും. കൂട്ടാനായി ഒരു ഉപ്പുമാങ്ങായോ ധാരാളം കറിവേപ്പിലവെച്ചരച്ച തേങ്ങാച്ചമ്മന്തിയോ മാത്രം. . കൂട്ടിന് പറമ്പില്‍ നിന്ന് പറിച്ചെടുത്ത വഴുതനങ്ങകൊ ണ്ടൊരു മെഴുക്കുപുരട്ടിയോ എന്തെങ്കിലും. അത്രയും മതിയായിരുന്നു ഞങ്ങളുടെ ആരോഗ്യത്തിനും സുഖത്തിനും രുചിക്കും ആഹ്ളാദത്തിനുമെല്ലാം!
ഈ അടിമത്തം അവസാനിപ്പിക്കാന്‍ നിങ്ങള്‍ കുട്ടികള്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കണം എന്നാണ് എന്നെപ്പോലുള്ളവരുടെ സ്വപ്നം.
സുഗതകുമാരി