KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കള്ളി


kavithakavitha1

കുട്ടികളേ നിങ്ങളത്രയൊന്നും
പൊക്കത്തിലേക്കു വളര്‍ന്നിടല്ലേ
പെട്ടെന്നു കാറ്റൊന്നടിച്ചുവെന്നാല്‍
പൊട്ടിത്തകര്‍ന്നു നിലത്തു വീഴും.

അത്രയ്ക്കു വണ്ണം കൊതിച്ചിടല്ലേ
മറ്റുള്ളവര്‍ക്കുമിടങ്ങള്‍ വേണ്ടേ
ചുറ്റിലും കൊമ്പുകള്‍ നീട്ടിനില്‍ക്കൂ
ചുറ്റിപ്പടരട്ടെ കൂട്ടരെല്ലാം.

ഇത്തിരിപ്പൂവിന്റെ വമ്പുകാട്ടി
മുറ്റത്തു നിന്നു ഞെളിഞ്ഞിടല്ലേ
ഒത്തിരിപ്പൂമണം വാരി വീശി
പിറ്റേന്നു പൊട്ടിക്കരഞ്ഞിടല്ലേ.
kavitha2
തുള്ളിപ്പനിക്കും മരുപ്പറമ്പില്‍
ഉള്ളിലെ പച്ചയും നീരുമായി
കള്ളിച്ചെടികളായ് മാറിടാവു
മുള്ളുമൊരിത്തിരി കാത്തുകൊള്ളൂ...

റഫീക്ക് അഹമ്മദ്