KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പാഞ്ചാലിയുടെ വരവ്


mbm
അങ്ങനെ വേഷപ്രച്ഛന്നരായി വിപ്രമന്ദിരത്തില്‍ പാണ്ഡവര്‍ സസുഖം പാര്‍ത്തുവരവേ ഒരു നാള്‍ യാത്രികനായ ഒരു ബ്രാഹ്മണന്‍ അവിടെ വന്നെത്തി. വേണ്ടവണ്ണം സര്‍ക്കാരമേറ്റ ആ അതിഥി നാനാദേശങ്ങളിലെ സഞ്ചാരകഥകള്‍ പറഞ്ഞു തുടങ്ങി. അതിനിടയില്‍ പാഞ്ചാല രാജ്യത്തിലെ അത്ഭുതങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ കൌതുകത്തോടെ പാണ്ഡവന്മാര്‍ അക്കഥകള്‍ വിസ്തരിച്ചു പറയാന്‍ ആവശ്യപ്പെട്ടു. ബ്രാഹ്മണന്‍ പറഞ്ഞു തുടങ്ങി. ദ്രുപദനും ദ്രോണരുമായുണ്ടായ ശത്രുതയും അര്‍ജുനന്‍ ദ്രുപദനെ പിടിച്ചുകെട്ടി ദ്രോണര്‍ക്കു സമര്‍പ്പിച്ചതും പകുതി രാജ്യം എടുത്തതിനുശേഷം ദ്രുപദനെ ആചാര്യന്‍ മോചിതനാക്കിയതുമെല്ലാം വിവരിക്കുന്നത് ചെറുപുഞ്ചിരിയോടെ കുന്തീപുത്രന്മാര്‍ കേട്ടിരുന്നു. ശേഷം കഥ അവരില്‍ താത്പര്യമുളവാക്കി.
ബ്രാഹ്മണന്‍mbm1 തുടര്‍ന്നു: “അങ്ങനെ അപമാനിതനായി ഹസ്തിനപുരത്തു നിന്നിറങ്ങിയ പാഞ്ചാല രാജാവ് ഏറെ ക്ളേശിച്ചു. ഉഗ്ര തപസ്വിയായ യാജനെ കണ്ടെത്തി ഇങ്ങനെ അപേക്ഷിച്ചു. “എനിക്ക് മഹാവീരനായ ഒരു പുത്രന്‍ ജനിക്കണം. ബ്രഹ്മതേജസ്സും ക്ഷാത്രവീര്യവും ഒന്നിച്ചിണങ്ങിയ ദ്രോണാചാര്യരെ കൊല്ലാന്‍ പ്രാപ്തനായ ഒരു മകന്‍. അതിനുവേണ്ടി മഹായാഗം ചെയ്താലും.” അതനു സരിച്ച് യാജന്‍ വീരപുത്രലാഭത്തിനായി യാഗക്രിയകള്‍ ആരംഭിച്ചു. യാഗാവസാനത്തില്‍ മന്ത്ര ശുദ്ധമായ ഹവ്യം സമര്‍പ്പിച്ച അഗ്നി ആളിക്കത്തി. ആ തീനാളങ്ങള്‍ക്കിടയില്‍ നിന്ന് തീപോലെ ജ്വലിക്കുന്ന ഒരു കുമാരന്‍ ഉത്ഭവിച്ചു. കിരീടവും പടച്ചട്ടയും വാളുമായി ജനിച്ച ആ ഘോരരൂപന്‍ ഉറക്കെ അട്ടഹസിച്ചു. ആ ദീപ്രരൂപവും ഗര്‍ജനവും കേട്ട പാഞ്ചാലര്‍ ഏറ്റവും ആഹ്ളാദിച്ചു. അപ്പോഴതാ ഒരു ദിവ്യകുമാരീ രൂപം അഗ്നിയില്‍ നിന്നുയര്‍ന്നുവരുന്നു. അത്ഭുത ലാവണ്യമാര്‍ന്നവള്‍, നീണ്ടു കറുത്ത വിശാലമായ കണ്ണുകളും ചുരുണ്ടിരുണ്ടു നീണ്ട തലമുടിയും തുടുത്ത നഖങ്ങളും കറുത്തു വളഞ്ഞ പുരികങ്ങളുമുള്ള ശ്യാമാംഗി. അവളുടെ ഉടലിന് വിടര്‍ന്ന നീലത്താമരപ്പൂവിന്റെ മണം. ആനന്ദത്തില്‍ മുഴുകിയ പാഞ്ചാല രാജാവ് ആ ദിവ്യരൂപികളെ മാറോടണച്ചു കണ്ണീര്‍ വാര്‍ത്തു. ഉഗ്രനായ പുത്രന് ധൃഷ്ടദ്യുമ്നനെന്നും മനോഹരിയും ശ്യാമവര്‍ണയുമായ പുത്രിക്ക് കൃഷ്ണയെന്നും പേര്‍ വിളിച്ചു.
പിന്നീട് ധൃഷ്ടദ്യുമ്നന്‍ അസ്ത്രവിദ്യ പഠിക്കുവാന്‍ പോയതെവിടെയെന്നോ! ധനുര്‍വേദാചാര്യനായ ദ്രോണരുടെ അരികില്‍! ദ്രുപദന്റെ മകനാണെന്നറിഞ്ഞിട്ടും സല്‍കീര്‍ത്തിയോര്‍ത്ത് ദ്രോണര്‍ അവനെ ശിഷ്യനായി സ്വീകരിച്ച് ധനുര്‍വിദ്യ നല്‍കി.
കുറെനാള്‍ ബ്രാഹ്മണ ഗൃഹത്തില്‍ നിഷ്ക്രിയരായി കഴിഞ്ഞതില്‍ അസ്വസ്ഥരായ പുത്രന്മാരെക്കണ്ട് കുന്തീദേവി പറഞ്ഞു: “നമുക്ക് ഇവിടം വിട്ട് ഇനി മറ്റെവിടെയെങ്കിലും പോകാം. ഒരിടത്തുതന്നെ ഏറെനാള്‍ പാര്‍ക്കുന്നത് ഉചിതമല്ല. ഏറെ വര്‍ണിതമായിക്കേട്ട ആ പാഞ്ചാല രാജ്യത്തേക്കു പോകാം.” അങ്ങനെ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. വഴിയില്‍വെച്ച് വേദവ്യാസ മഹര്‍ഷി വീണ്ടുമവര്‍ക്ക് ദര്‍ശനമരുളി. പാഞ്ചാല രാജ്യത്തേക്ക് പോകുന്നത് നന്മയ്ക്കാണെന്നും അതിസുന്ദരിയായ പാഞ്ചാല കന്യകയെ നിങ്ങള്‍ക്കുതന്നെ ലഭിക്കുമെന്നുമുള്ള മഹര്‍ഷിയുടെ വാക്കു കേട്ട് സന്തുഷ്ടരായ പാണ്ഡവര്‍ വടക്കോട്ട് യാത്ര തിരിച്ചു. ഒരു രാത്രിവേളയില്‍ വഴി കാട്ടാന്‍ കൊള്ളിവീശിക്കൊണ്ട് അര്‍ജുനന്‍ മുമ്പിലും ബാക്കിയുള്ളവര്‍ പിന്നിലുമായി നടക്കുമ്പോള്‍ മുന്നില്‍ ഗംഗാ നദി ദൃശ്യമായി. അ സമയം ചിത്രരഥനെന്ന ഗന്ധര്‍വ രാജാവ് ഗംഗയില്‍ സഖിമാരുമൊത്ത് ജലക്രീഡ ചെയ്ത് ഉല്ലസിക്കുകയായിരുന്നു. ആള്‍പെരുമാറ്റം കണ്ട് ക്രുദ്ധനായ ഗന്ധര്‍വന്‍ ‘ആരെടാ അത്!’ എന്ന് ഗര്‍ജിച്ചു. “ഈ രാത്രിയില്‍ വനഭൂമിയില്‍ പേടിയില്ലാതെ നടക്കുന്ന നിങ്ങളാര്? ദൂരെ മാറിപ്പോകുവിന്‍! അല്ലാത്ത പക്ഷം കൊന്നുകളയും ഞാന്‍. ഗന്ധര്‍വരാജാവായ ഈ ചിത്രരഥന്‍ ഗംഗയില്‍ വിഹരിക്കുമ്പോള്‍ ആര്‍ക്കുണ്ട് ഇവിടെ വരാന്‍ കാര്യം!” അര്‍ജുനന്‍ ശാന്തനായി മറുപടി നല്‍കി. “ഹേ ഗന്ധര്‍വ, ഗംഗാനദി എല്ലാവര്‍ക്കുമുള്ളതാണ്. ഇവള്‍ പുണ്യനദി, പാപങ്ങളകറ്റി സ്വര്‍ഗം നല്‍കുന്നവള്‍, ഈ പുണ്യജലത്തില്‍ തൊടരുതെന്ന് പറയാന്‍ നിനക്ക് കാര്യമെന്ത്!” ഇതുകേട്ടു കോപിച്ച അംഗാരപര്‍ണന്‍ അര്‍ജുനന്റെ നേര്‍ക്ക് കൂര്‍ത്ത അമ്പുകളെയ്തു. തന്റെ നേര്‍ക്ക് വരുന്ന അമ്പുകളെ തീക്കൊള്ളികൊണ്ടു തട്ടിത്തെറിപ്പിച്ചിട്ട് അര്‍ജുനന്‍ പറഞ്ഞു: “ഹേ ഗന്ധര്‍വ രാജാവേ, നിന്നില്‍ സാധാരണ അസ്ത്രങ്ങള്‍ ഏല്‍ക്കുകയില്ലെന്ന് എനിക്കറിയാം. നിങ്ങള്‍ ഞങ്ങള്‍ mbm2മനുഷ്യരെക്കാള്‍ ഉന്നതിയിലുള്ളവരാണല്ലോ. അതിനാല്‍ ഇതാ ദിവ്യമായ ആഗ്നേയാസ്ത്രം ഞാന്‍ അയയ്ക്കുന്നു. തടുത്തുകൊള്‍ക.” അസ്ത്ര ശക്തിയാല്‍ ഗന്ധര്‍വ രാജാവ് ബോധം വിട്ട് തറയില്‍ വീണു. പൂമാല ചുറ്റിയ അവന്റെ തലമുടിക്കെട്ടില്‍ പിടിച്ചു വലിച്ച് പാര്‍ത്ഥന്‍ തന്റെ ജ്യേഷ്ഠന്റെ അരികിലേക്കു കൊണ്ടുപോകുന്നതു കണ്ട ഗന്ധര്‍വ പത്നി ഓടിച്ചെന്ന് യുധിഷ്ഠിരന്റെ കാല്‍ക്കല്‍ വീണു. “രക്ഷിക്കണേ, എന്റെ ഭര്‍ത്താവിനെ വിട്ടയയ്ക്കണേ” എന്ന് കേഴുന്ന അവളെക്കണ്ട് കരുണ പൂണ്ട യുധിഷ്ഠിരന്‍ അനുജനോടു പറഞ്ഞു: “പോരില്‍ തോറ്റും പെണ്ണിനാല്‍ രക്ഷിക്കപ്പെട്ടു പേര് കെട്ടുംപോയ ശത്രുവിനെ ആര് കൊല്ലും? വീരാ, ഇവനെ വിട്ടേക്കൂ.” അങ്ങനെ അഭയം നല്‍കപ്പെട്ട ഗന്ധര്‍വ രാജാവ് പ്രീതനായി അവരോട് പറഞ്ഞു: “ഇതാ പോരില്‍ തളരാത്തവയും വായുവേഗമുള്ളവയുമായ ഗന്ധര്‍വാശ്വങ്ങള്‍. ഇവയെ നിനക്ക് ഞാന്‍ സമ്മാനിക്കുന്നു.” ആരില്‍ നിന്നും വെറുതേ സമ്മാനങ്ങള്‍ സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ പാര്‍ത്ഥന്‍ ചിത്രരഥന് ആഗ്നേയാസ്ത്രം ഉപദേശിച്ചുകൊടുത്തു. ആവശ്യം വരുമ്പോള്‍ കുതിരകളെ എത്തിച്ചുകൊള്ളാമെന്ന് ഉറപ്പു നല്‍കി അര്‍ജുനനുമായി നിത്യസഖ്യം വാഗ്ദാനം ചെയ്ത് ഗന്ധര്‍വ രാജാവ് പരിവാരങ്ങളുമൊത്തു മറഞ്ഞു.
അതിനുശേഷം പാണ്ഡവര്‍ ധൌമ്യ മഹര്‍ഷിയുടെ ആശ്രമത്തിലേക്കുപോയി അദ്ദേഹത്തെ പുരോഹിതനായി വരിച്ചു. സന്തുഷ്ടനായ ധൌമ്യ മഹര്‍ഷി ‘ശ്രീയും രാജ്യവും നേടുമാറാകട്ടെ’ എന്നനുഗ്രഹിച്ചിട്ട് അവരോടൊപ്പം പാഞ്ചാല രാജ്യത്തേക്ക് യാത്ര തിരിച്ചു.

സുഗതകുമാരി