KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പുള്ളിപ്പുലി

kathaa

നാട്ടില്‍ പുലിയിറങ്ങിയ വാര്‍ത്ത പെട്ടെന്നാണ് പരന്നത്. കേട്ടവര്‍ കേട്ടവര്‍ പരിഭ്രമത്തോടെ മൂക്കത്തു വിരല്‍ വെച്ചു ചോദിച്ചു: “നേരോ?”
സ്റീല്‍ കമ്പനിയിലെ കാവല്‍ക്കാരന്‍ വേലായുധനാണ് വിവരം പറഞ്ഞത്. പുലര്‍ച്ചെ അയാള്‍ നരിയെ കണ്ടുവത്രേ. മഞ്ഞനിറവും ദേഹത്ത് പുള്ളികളുമുണ്ട്. നരി റോഡ് മുറിച്ചു കടന്ന് കാടുപിടിച്ചു കിടക്കുന്ന കോമ്പൌണ്ടിലേക്കാണ് കയറിപ്പോയത്. അവിടം വിജനമാണ്.kathaa1
സ്റീല്‍ കമ്പനിയില്‍ ഇപ്പോള്‍ ഉല്‍പ്പാദനമില്ല. പരിസരം മുഴുവനും കാടുപിടിച്ചു കിടക്കുകയാണ്. യന്ത്രങ്ങള്‍ നിശ്ശബ്ദം. യന്ത്രസാമഗ്രികള്‍ പലതും തുരുമ്പു വന്ന് ഉപയോഗശൂന്യമായിക്കഴിഞ്ഞു. അവയ്ക്കു താഴെ വലിയ പൊത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വന്യജീവികള്‍ക്ക് സുഖമായി ഒളിച്ചു താമസിക്കാം.
“എനിക്കുറപ്പാണ്, നരി അതിനുള്ളില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട്.” വേലായുധന്‍ പറഞ്ഞു. അപ്പോള്‍ ഭയംകൊണ്ട് അയാളുടെ കണ്ണുകള്‍ തുറിക്കുകയും തലമുടി കുത്തനെ എഴുന്നുനില്ക്കുകയും ചെയ്തു.
ആളുകള്‍ വിവരമറിഞ്ഞ് തടിച്ചുകൂടി. എല്ലാവര്‍ക്കും ഉള്ളില്‍ നല്ല പേടിയുണ്ട്. നരിയെങ്ങാന്‍ ആക്രമിക്കാന്‍ വന്നാലോ?
“വലിയ പുലിയാണോ വേലായുധാ?” ഒരാള്‍ തിരക്കി.
“വലിയ പുലിയാണോ ന്നോ? ഇതാ, ഇത്ര ഉയര
മുണ്ട്.” വേലായുധന്‍ കൈ പൊക്കി നരിയുടെ ഉയരം കാണിച്ചുകൊണ്ടു പറഞ്ഞു.
“ആടും പശുവുമൊക്കെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.” ഒരു കാരണവര്‍ പറഞ്ഞു.
“എന്റെ റബ്ബേ” ആടിനെ വളര്‍ത്തുന്ന പാത്തുമ്മ ഒറ്റ നിലവിളി.
സ്കൂളില്‍ പോകുന്ന കുട്ടികള്‍ “അയ്യോ പുലി” എന്ന് വെറുതെ വിളിച്ചു പറഞ്ഞ് നിരത്തിലൂടെ ഓടി.
കുട്ടികളുടെ കൂട്ടത്തില്‍ ഒരു വീkathaa2രപ്പനുണ്ടായിരുന്നു. അവന്റെ കൈയില്‍ ഒരു തോക്കുണ്ട്. കളിത്തോക്കാണ്. അവനത് ചൂണ്ടിക്കൊണ്ടു പറഞ്ഞു: “പുലിയെങ്ങാന്‍ വരുന്നതു കണ്ടാല്‍ ഠിര്‍ശെ, ഠിര്‍ശെ... ടിവിയില്‍ കാണുന്നതുപോലെ വെടി. അതോടെ പുലിയുടെ കഥ കഴിയും.”
“തന്നെ!” കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
“പുലി വരുന്നതു കണ്ടാല്‍ ഞാന്‍ നിലത്ത് ചത്തതുപോലെ കിടക്കും.” കൂട്ടത്തില്‍ ചെറിയ കുട്ടി പറഞ്ഞു.
“അതെന്തിനാണ്?”
“ശവത്തെ പുലി ഉപദ്രവിക്കുകയില്ലത്രേ. മണത്തു നോക്കി പോവുകയേയുള്ളൂ! മുത്തശ്ശി പറഞ്ഞു തന്ന കഥയില്‍ അങ്ങനെയാണ്.”
ചെറിയ കുട്ടി മുത്തശ്ശിക്കഥകളുടെ ആരാധകനായിരുന്നു.
പത്രത്തിലും ടിവിയിലും വാര്‍ത്ത വന്നപ്പോഴാണ് ബന്ധപ്പെട്ടവര്‍ അന്വേഷണത്തിന് സ്ഥലത്തെത്തിയത്. വേലായുധന്‍ വിവരങ്ങള്‍ വിസ്തരിച്ചു പറയാന്‍ തുടങ്ങി.
വെറ്റിനറി ഡോക്ടറും മയക്കുവെടിക്കാരനും എല്ലാം വനംവകുപ്പുകാരുടെ കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കായി അവര്‍ സ്റീല്‍ കമ്പനി കോമ്പൌണ്ടില്‍ കടന്നു.
“ആളുകള്‍ പുറത്ത് തടിച്ചുകൂടി നില്ക്കുന്നത് ശരിയല്ല. നരിയെങ്ങാനും പുറത്തു ചാടിയാല്‍ അപകടമാണ്.” ഫോറ സ്റ് ഓഫീസര്‍ മുന്നറിയിപ്പു നല്കി.
പടക്കമെറിഞ്ഞും വെടിപൊട്ടിച്ചും സംഘം മുമ്പോട്ടുനീങ്ങി. ഒടുവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഫര്‍ണസ്സിനടുത്ത് പുലിയുടെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഡോക്ടര്‍ സൂക്ഷ്മ പരിശോധന നടത്തി. പുതിയ കാല്‍പ്പാടുകളല്ലെന്ന് അപ്പോഴാണ് ബോധ്യമായത്.
“ഇത് പഴയ അടയാളമാണ്. മുമ്പ് വല്ലപ്പോഴും ഇവിടെ പുലി കയറിയതായി അറിവുണ്ടോ?”kathaa3
“ഉവ്വ് സാര്‍, മുമ്പൊരിക്കല്‍ പുലിയുടെ ഉപദ്രവം ഉണ്ടായിരുന്നു. ഞങ്ങള്‍ കൂടുവെച്ചു പിടിക്കുകയാണ് ചെയ്തത്” ഫോറസ്റ് ഓഫീസര്‍ പറഞ്ഞു.
ഫര്‍ണസ്സിനുള്ളിലും സം ഘം പരിശോധന നടത്തി. ഒടുവില്‍ പുലിയെ കണ്ടെത്താനാകാതെ അന്വേഷണസംഘം തിരിച്ചുപോയി.
എന്നാല്‍ ഏതാനും ദിവ സം കഴിഞ്ഞപ്പോള്‍ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒരു സന്ധ്യയ്ക്കാണ് സംഭവം നടന്നത്. സ്റീല്‍ കമ്പനിയുടെ അടുത്തുള്ള വഴിയോരത്തുവെച്ച്. അയാള്‍ തനിച്ചു വീട്ടിലേക്കു മടങ്ങുകയായിരുന്നു.
അതേസമയം വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്കും രക്ഷയില്ലെന്നുവന്നു. രാത്രിയില്‍ അവ ഭയന്നു നിലവിളിച്ചു. വീട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു.
ഇത്തവണ വനംവകുപ്പുകാര്‍ എല്ലാവിധ സജ്ജീകരണങ്ങളുമായാണ് എത്തിയത്. പുലിയെ പിടിക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ അവര്‍ ചെയ്തു. കോമ്പൌണ്ടില്‍ പലേടത്തും ക്യാമറകള്‍ സ്ഥാപിച്ചു. വലിയൊരു കൂടും അവര്‍ കൊണ്ടുവന്നിരുന്നു.
കൂട്ടില്‍ ജീവനുള്ള ഇരയെ കെട്ടിയിടുകയാണ് പതിവ്. അതിന്റെ കരച്ചില്‍ പുലിയെ ആകര്‍ഷിക്കും. മുമ്പൊരിക്കല്‍ ആട്ടിന്‍ കുട്ടിയെയാണ് അവര്‍ കൂട്ടില്‍ കെട്ടിയിട്ടത്. രാവിലെ നോക്കുമ്പോള്‍ കൂട് അടഞ്ഞു കിടപ്പാണ്. കൂട്ടില്‍ പിടിയിലായ പുലി മാത്രം!
വനപാലകര്‍ അതിനെ കാട്ടില്‍ കൊണ്ടുപോയി വിടുകയാണ് ചെയ്തത്.
അത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
കൂട്ടില്‍ കെട്ടിയിടാനുള്ള ഇരയെ സംഘടിപ്പിക്കാന്‍ സംഘത്തിലെ ഒരു ജീവനക്കാരനെയാണ് ചുമതലപ്പെടുത്തിയത്.
“കൂട്ടില്‍ ആട്ടിന്‍ കുട്ടിയെത്തന്നെ കെട്ടണോ സാറേ?” അയാള്‍ സംശയിച്ചുകൊണ്ടു ചോദിച്ചു.
ഫോറസ്റ് ഓഫീസര്‍ അയാളെ തറപ്പിച്ചൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: “ങും. തന്റെ യുക്തംപോലെ ചെയ്യ്.”
“പുലിയെ പിടിക്കാന്‍ കൂട്ടില്‍ ഒരു ഇര വേണമെന്നല്ലേയുള്ളൂ. വിലകൂടിയ ആടിനെത്തന്നെ ഉപയോഗിക്കുന്നത് മണ്ടത്തരമല്ലേ?”
ജീവനക്കാരന്‍ ഇരയെത്തേടി പുറത്തിറങ്ങി. ഒരു കയറും നൈലോണ്‍ നെറ്റും കൈയില്‍ കരുതുകയും ചെയ്തു.
അയാള്‍ നടന്നെത്തിയത് ഒരു ഹോട്ടലിന്റെ പരിസര
ത്താണ്.
കാക്കകള്‍ അവിടെ പറന്ന് ബഹളം കൂട്ടുന്നുണ്ടായിരുന്നു. പൂച്ചകള്‍ ആരെയോ ധ്യാനിച്ചുകൊണ്ട് കാത്തിരിക്കുന്നു. ചവറു സാധനങ്ങള്‍ പെറുക്കി ശേഖരിക്കുന്ന ഒരു വൃദ്ധന്‍ പരിസരത്ത് പരതി നടക്കുന്നുണ്ടായിരുന്നു. അയാള്‍ ഷര്‍ട്ടു ധരിച്ചിരുന്നില്ല. പക്ഷേ, കാലില്‍ പഴകിയ ഷൂസുണ്ടായിരുന്നു. വേച്ചുവേച്ചാണ് അയാള്‍ നടക്കുന്നത്. ഒരു വയസ്സന്‍ നായ പരിസരം വീക്ഷിച്ചുകൊണ്ട് അവിടെ നില്ക്കുന്നുണ്ടായിരുന്നു.
ഫോറസ്റ് ജീവനക്കാരന്‍ അടുത്തെത്തിയപ്പോള്‍ എന്തോ സംശയം തോന്നിയ നായ പെട്ടെന്ന് അവിടെനിന്ന് മാറിക്കളഞ്ഞു.
തെല്ലകലെ റോഡില്‍ ഒരു പട്ടിയും അതിന്റെ രണ്ടു കുട്ടികളും കിടന്നു കളിക്കുന്നുണ്ടായിരുന്നു. രണ്ടു തടിയന്‍ നായ്ക്കുട്ടികള്‍. പട്ടി നിലത്ത് മണ്ണു മാന്തി അതില്‍ക്കിടന്നുരുളുകയാണ്. നായ്ക്കുട്ടികള്‍ ചുറ്റും ഓടുകയും വാശിയില്‍ കടി കൂടുകയും ചെയ്യുന്നുണ്ട്.
ജീവനക്കാരന്‍ സാവധാനം അവിടേക്കു നടന്നു. കയറും നെറ്റും പിന്നില്‍ ഒളിപ്പിച്ചുവെച്ചു. അടുത്തേക്കാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ പട്ടി കളി മതിയാക്കി തലയുയര്‍ത്തി ഒന്നു മുരണ്ടു. അത് അപകടം മണത്തറിഞ്ഞു. “ഓടിക്കോ” എന്ന മുന്നറിയിപ്പോടെ പിന്നെ എഴുന്നേറ്റ് ഒറ്റയോട്ടമാണ്.
നായ്ക്കുട്ടികളും പിന്നാലെ ഓടാന്‍ ശ്രമിച്ചു. പൊടുന്നനെ നൈലോണ്‍ നെറ്റ് പറന്നു വീണു. ഓട്ടത്തില്‍ പിന്നിലായിപ്പോയ നായ്ക്കുട്ടിയാണ് അതില്‍ കുടുങ്ങിയത്. അത് വലയ്ക്കുള്ളില്‍ കിടന്നു പിടഞ്ഞു. പിടയ്ക്കുന്തോറും കെട്ടിമറിഞ്ഞു. പിന്നെ കരച്ചിലായിരുന്നു. തള്ള തിരിഞ്ഞു നോക്കി ദയനീയമായ ഒരു ശബ്ദം പുറപ്പെടുവിച്ചു.
ഫോറസ്റ് ജീവനക്കാരന്‍ നായ്ക്കുട്ടിയെ കയറില്‍ക്കെട്kathaa4ടി അതിവേഗം തിരിച്ചുനടന്നു. അയാള്‍  വലിയ സന്തോഷത്തിലായിരുന്നു. ആടിനെ പട്ടിയാക്കിയാല്‍ കിട്ടുന്ന ലാഭം അയാള്‍ മനസ്സില്‍ കണക്കു കൂട്ടി.
മുമ്പോട്ടു വലിക്കുന്തോറും നായ്ക്കുട്ടി കുതറിക്കൊണ്ട് പിന്നോട്ടു വലിഞ്ഞു. അതിന്റെ കഴുത്ത് വല്ലാതെ വേദനിച്ചു. വേദനകൊണ്ടും ഭയംകൊ ണ്ടും അത് ഉറക്കെ കരഞ്ഞു.
അമ്മയെ പിരിഞ്ഞ ദുഃഖം. കൂടെപ്പിറപ്പിനെ പിരിഞ്ഞ ദുഃഖം. എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത വേവലാതി. നായ്ക്കുട്ടിയുടെ നാവു പുറത്തേക്കു നീണ്ടു. കണ്ണീര്‍ ധാരയായി ഒഴുകി. ആരും അത് ശ്രദ്ധിക്കുയോ, കാണുകയോ ചെയ്തില്ല.
ഒടുവില്‍ ഇരയെ കൂട്ടില്‍ ബന്ധിച്ചു. അപ്പോഴും കഥയറിയാതെ നായ്ക്കുട്ടി കുതറി നിലവിളിച്ചു. ഒരു പ്ളേറ്റു നിറ യെ നല്ല ഭക്ഷണം മുമ്പിലെത്തിയപ്പോള്‍ തല്‍ക്കാലം എല്ലാം മറന്നു. നായ്ക്കുട്ടിക്കു വല്ലാതെ വിശക്കുന്നുണ്ടായിരുന്നു.
കെണിയൊരുക്കിവെച്ച് ബന്ധപ്പെട്ടവരെല്ലാം സ്ഥലം വിട്ടു. വിളക്കുകള്‍ അണഞ്ഞു. നായ്ക്കുട്ടി വയറു നിറയെ ഭക്ഷണം കഴിച്ച ആലസ്യത്തില്‍ തല താഴ്ത്തിവെച്ച് ആലോചനയില്‍ മുഴുകി. കാവലിരിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ജോലിയെന്ന് അമ്മ പറഞ്ഞു തന്നത് ഓര്‍ത്തു കിടന്നു.
ഇരുട്ടിന് കട്ടി കൂടി. തണുപ്പു വര്‍ദ്ധിച്ചു വന്നു. ചീവീടുകള്‍ ശബ്ദിക്കാന്‍ തുടങ്ങി. ദൂരെ നിന്ന് ഒരു കൂമന്റെ മൂളല്‍. കുറ്റിക്കാടുകളില്‍ നിന്ന് കുറുക്കന്മാര്‍ ഓരിയിട്ടു. നായ്ക്കുട്ടിക്കു ഭയം തോന്നി.
ഉറക്കം ശരിയാവുന്നില്ല. ഇതുവരേയും അമ്മയോടും സഹോദരനോടും ഒപ്പം മാത്രമേ ഉറങ്ങിയിട്ടുള്ളൂ. തണുപ്പ് അറിയുകയേയില്ല. കൂട്ടിലേക്ക് അഴികള്‍ക്കിടയിലൂടെ തണുത്ത കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു. നായ് ക്കുട്ടി തണുത്തു വിറച്ചു.
അത് കൂട്ടില്‍ നിലത്ത് ചുരുണ്ടു കിടന്നു. ഉറക്കം വരുന്നുണ്ട്. കണ്ണടച്ച് മയക്കമായി.
“ടപ്പ്” പെട്ടെന്നൊരു ശബ്ദം. പുലിക്കൂടിന്റെ വാതില്‍ ശക്തിയില്‍ അടഞ്ഞു.kathaa5
നായ്ക്കുട്ടി ഞെട്ടിയുണര്‍ന്ന് ചാടിയെണീറ്റു.
ഇരുട്ടില്‍ ഒരു രൂപം അടുത്തേക്ക് നീങ്ങിവരികയാണ്. നായ്ക്കുട്ടി പേടിയോടെ മുരണ്ടു.
അത് ഇരയുടെ അടുത്തെത്തി. ഇപ്പോള്‍ ചാടി വീഴും. അതോടെ നായ്ക്കുട്ടിയുടെ കഥ കഴിയും.
പക്ഷേ, ഒന്നും സംഭവി
ച്ചില്ല. രൂപം നായ്ക്കുട്ടിയെ നോക്കി നിന്നതേയുള്ളൂ. പിന്നെ പ്ളേറ്റു മണത്തു നോക്കി. എന്നിട്ട് ഒരു ചോദ്യം: “ഇതിലെ ഭക്ഷണമെവിടെ?”
“അത്... ഞാന്‍ തിന്നു” നായ്ക്കുട്ടി പേടിയോടെ പറഞ്ഞു.
“നീ മുഴുവനും തിന്നു, അല്ലേ? അതുകൊണ്ട് നിന്നെ ഞാന്‍ തിന്നാന്‍ പോവുകയാണ്.”
“അയ്യോ, അയ്യോ. എനിക്കെന്റെ അമ്മയുടെ അടുത്തു പോകണം.”
“ഹാ, ഹ!” രൂപം നായ്ക്കുട്ടിയുടെ ദേഹത്തു കൈവെച്ചു.
“വല്ലാതെ വിറയ്ക്കുന്നുണ്ടല്ലോ?”അത് ഇരയെ മുറുകെ പുണര്‍ന്ന ശേഷം പറഞ്ഞു. “പേടിക്കേണ്ട കേട്ടോ.”
അമ്മയുടെ ദേഹത്തെന്നപോലെ പറ്റിക്കിടന്ന് നായ്ക്കുട്ടി ഉറങ്ങി.
പുലര്‍ച്ചെ വനപാലകര്‍ വന്നു നോക്കിയപ്പോള്‍ വിചിത്രമായ ഒരു കാഴ്ചയാണ് കണ്ടത്. കൂട്ടില്‍ പുള്ളിപ്പുലിക്കു പകരം വലിയൊരു കാട്ടുപൂച്ച. പൂച്ച നായ്ക്കുട്ടിയുമായി കളിക്കുകയാണ്!
ആ കാഴ്ച കാണാന്‍ പരിസരത്തെ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും അവിടേക്കൊഴുകി.

എ വിജയന്‍