KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കഥ വേദപഠനവും കാളപ്പോരും
വേദപഠനവും കാളപ്പോരും

diago

വേദപഠനം തുടങ്ങിയ അല്‍ക്കാഫിനു തുടക്കത്തില്‍ നല്ല ഉത്സാഹം തോന്നി. പുതിയൊരു ഭാഷ പഠിക്കുകയാണ്. സ്വന്തം മാതൃമൊഴിയില്‍നിന്നു തികച്ചും വ്യത്യസ്തമാണത്. കപ്പലോടിച്ചു കരീബ് തീരത്തെത്തിയവരില്‍ നിന്ന് വീണുകിട്ടിയ ചില വാക്കുകളറിയാം. ഒന്നാമത്തേത് കാസ്റിലോ. കപ്പിത്താനു പകരമാണിതെന്ന് അവന്‍ ഊഹിച്ചു. കൈതനാരിനു യൂക്കോ. പുതിയ വാക്കുകള്‍ അവന് എളുപ്പം വഴങ്ങി. ജൂനോവിന്റെ മാതൃഭാഷയാണ് സ്പാനിഷ്. അത് പഠിപ്പിക്കുക എന്നാല്‍, അവന്‍ ആ ഭാഷയില്‍ എപ്പോ ഴും സംസാരിച്ചുകൊണ്ടിരിക്കുക എന്നു തന്നെയാണ്. മറ്റൊരു ഭാഷയും അവനും വശമില്ല. അതിനാല്‍ ജൂനോവിന്റെ ഭാഷ ദിയാഗൊവിന്റെ ഹൃദയത്തിലേക്ക് ഒരു പാലം പണിയുകയായിരുന്നു. ചങ്ങാതിമാര്‍ കൂടുതലടുത്തു. അവര്‍ ഗ്രാമങ്ങളില്‍ ചുറ്റിക്കറങ്ങി.
ഒരു നാള്‍ ജൂനോ പറഞ്ഞു,diago2
“നമുക്കിന്ന് ഒരിടത്തു പോകാനുണ്ട്.”
“എവിടെയാണ്?”
“റാണിയുടെ കൊട്ടാരത്തിന്റെ ഏതാണ്ടടുത്ത്.”
“കൊട്ടാരത്തിലേക്കാ ണോ?”
“അല്ല. കാളപ്പോര് കാ ണാന്‍.”
കാളപ്പോര്!
ദിയാഗൊ അങ്ങനെയൊന്നു കേട്ടിട്ടില്ല. അവന്റെ നാട്ടിലൊരുത്സവമുണ്ട്. വന്‍കരയില്‍. കടല്‍ കടന്നു പോണം.
കരീബിയന്‍ കടലിന്നക്കരെ. പോത്തുകളുടെ നൃത്തമാണത്. പോത്തുകളുടെ നൃത്തം കാണാന്‍ കുട്ടിക്കാലത്ത് മുത്തപ്പനൊപ്പം ചങ്ങാടത്തില്‍ കയറിപ്പോയത് അവനോര്‍ക്കുന്നു. അച്ഛനമ്മമാര്‍ നഷ്ടമായ ദിയാഗോവിനോടു തറവാട്ടിലെ കാരണവര്‍ക്ക് വലിയ സ്നേഹമായിരുന്നു. വലിയ കുമാരനായാല്‍ എങ്ങനെ മുതലയെ വേട്ടയാടണമെന്ന് അവന് പഠിപ്പിച്ചുകൊടുത്തത് മുത്തപ്പനാണ്. അതിനുവേണ്ടി ഉപയോഗിക്കുന്ന ചാട്ടുളിയും കുന്തവും നിര്‍മിക്കുന്നിടത്ത് മുത്തപ്പന്‍ അവനെ കൊണ്ടു പോകാറുണ്ടായിരുന്നു. വിശേഷാവസരങ്ങളില്‍ ധരിക്കാന്‍ പെണ്ണുങ്ങള്‍ യൂക്ക നൂലുപയോഗിച്ചു കുപ്പായം ഉണ്ടാക്കുന്നിടത്തും അവന്‍ പോയിട്ടുണ്ട്. ശീതകാലത്ത് അവര്‍ ഇഷ്ടികകൊണ്ടു നിര്‍മിച്ച വലിയ ഒരു ശാലയിലിരുന്നു കൈതോല വെട്ടിക്കൊണ്ടുവന്നു ചീകി, നല്ല മിനുത്ത നൂലുകള്‍ വേര്‍തിരിച്ചെടുക്കും. നിലാവ് നൂറ്റെടുത്തപോലെ തിളങ്ങുന്ന നൂലുകള്‍. ആദ്യഘട്ടം നാരുകളിലെ കരടുകള്‍ ചീകിക്കളയും. അതിനുവേണ്ടി കൈതോലകള്‍ ചതച്ചു പതം വരുത്തണം. പെണ്ണുങ്ങള്‍ തുണി നെയ്യും. ഉടുപ്പ് തുന്നും. കൈതമുള്ള് അറ്റത്തില്‍ കോര്‍ത്ത ഒരു തരം സൂചിയുണ്ടാക്കി വയ്ക്കും അവര്‍. കുപ്പായങ്ങളൊരുങ്ങിക്കഴിഞ്ഞാല്‍ ആണുങ്ങള്‍ നീന്തിക്കുളിച്ചു വൃത്തിയായി കുപ്പായമിട്ട് നൃത്തത്തിനു diago3പോവും! പോത്തുകളുടെ നൃത്തം എന്നു പറയുമെങ്കിലും, യഥാര്‍ത്ഥത്തില്‍ രണ്ടുപോത്തുകൊമ്പുകള്‍ ചേര്‍ത്തുറപ്പിച്ച കിരീടം തലയില്‍വച്ചു ചെയ്യുന്ന നൃത്തമാണത്. പോത്തുനൃത്തമാണ് ഏറ്റവും വലിയ ഉത്സവ വിനോദം.
അങ്ങനെ വല്ലതുമാണോ കാളപ്പോര് എന്നു ദിയാഗോവിനു സംശയമായി. കാണാന്‍ പോകുന്ന പൂരത്തെപ്പറ്റി ചോദിച്ചറിയേണ്ടല്ലോ എന്നുവച്ച് കുറ്റിക്കാട് നിറഞ്ഞ മലമുകളേറി അവര്‍ നടന്നു. കൂടെ പലരും ചേര്‍ന്നു. ആണുങ്ങള്‍. അങ്ങനെയവര്‍ ഓരോ ചെറു കൂട്ടങ്ങളായി. പല
തരക്കാരും വേഷക്കാരും ഉണ്ട്. സാധാരണ ഒരു കൈത്തൂവാലപോലെ അവര്‍ ഒരായുധം കൂടെ കൊണ്ടു നടക്കും - കത്തി, അരിവാള്‍, കൊടുവാള്‍, കുന്തം. തോക്ക് സാധാരണക്കാര്‍ കൊണ്ടു നടക്കുന്നില്ല എന്നു ദിയാഗൊ മനസ്സിലാക്കി. ഒരാളുടെ പക്കല്‍ തോക്കുണ്ടെങ്കില്‍ അയാള്‍ റാണിയുടെ ഭടന്മാരില്‍പ്പെടുന്നു. ജൂനോവിന്റെ പിതാവിനെ കൂട്ടത്തിലെങ്ങും കണ്ടില്ല. കപ്പിത്താന്‍ റാണിയെ മുഖം കാണിക്കാന്‍ പോയിരിക്കും. വേദപഠനം തുടങ്ങിയതില്‍പ്പിന്നെ അദ്ദേഹത്തെ കണ്ടിട്ടേയില്ലെന്നു പറയാം. വഴിക്കുവച്ചു ചിലര്‍ വേട്ടയാടുകയും വിറകെരിച്ച് ഇറച്ചി ചുട്ടു തിന്നുകയും ചെയ്തു. വിശേഷ ദിവസം ആകയാലാണ് അങ്ങനെ ചെയ്തത്. അല്ലെങ്കില്‍ ഉപ്പിട്ടുണക്കിയ ഇറച്ചിയാണ് തിന്നുക. അപ്പടി. ദിയാഗൊ ഒരിക്കലും ചുടാത്ത ഇറച്ചി തിന്നുകയില്ല. കാളപ്പോര് തുടങ്ങുക അടുത്ത ദിവസമാണ്. ധാരാളം സമയമുണ്ട് യാത്രയ്ക്ക്. നിലാവുദിച്ച നേരത്ത് അവര്‍ ഒരു വലിയ പീഠഭൂമിയില്‍ പല കൂട്ടങ്ങളായി പിരിഞ്ഞു. പല തരം നൃത്തങ്ങളാണ് നടക്കുന്നതെന്ന് ഒച്ച കേട്ടാലറിയാം. പല താളം. പല തരം അട്ടഹാസം, വായ്ത്താരി, പോര്‍ക്കുവിളി.
എന്തു വേദം പഠിച്ചിട്ട് എന്താ! ഇവര്‍ക്ക് ഒരു മയമില്ല. അടക്കവും ഒതുക്കവുമില്ല. വേദം നിരന്തരം പഠിപ്പിച്ചാല്‍ ഇവര്‍ക്ക് അച്ചടക്കവും ചിട്ടയും വരും എന്ന് ദിയാഗൊ ചിന്തിച്ചു. നൃത്തമൊന്നു ശമിച്ചപ്പോള്‍, ഉയരം കുറഞ്ഞു പടര്‍ന്നു പന്തലിച്ച ഒരു മരച്ചോട്ടിലിരുന്നു, കൂട്ടുകാര്‍ ഇരുവരും. താന്‍ പഠിച്ച വേദവചനങ്ങളും അവയുടെ അര്‍ത്ഥവും ദിയാഗൊ കൂട്ടുകാരനും ഗുരുവുമായ ജൂനോവിനെ ചൊല്ലിക്കേള്‍പ്പിക്കാന്‍ തുടങ്ങി.
അത്ഭുതത്താല്‍ ജൂനോ കൂടുതല്‍ ശ്രദ്ധാലുവായി. അവന്‍ തന്റെ കയ്യിലിരുന്ന ആയുധം താഴെ ഒച്ചയുണ്ടാക്കാതെ വച്ചു. അങ്ങനെ നേരം വെളുക്കാറായി.
അതീവ ആഹ്ളാദവാനായി, ജൂനോ പറഞ്ഞു:
“ഇന്നു മുതല്‍ ഞാന്‍ നിന്റെ ശിഷ്യനായി.”
ദിയാഗൊ പുഞ്ചിരിച്ചു.
“നമുക്ക് പോകാം.”
അവര്‍ വീണ്ടും നടത്തം തുടങ്ങി. കിഴക്കോട്ടാണ്. സൂര്യന്‍ മുഖം കാണിച്ചു ചിരിക്കുന്നു. ദിയാഗൊ പതിവിലധികം നിശ്ശബ്ദനായി. അവന്റെ മനസ്സില്‍ പുതുവഴികള്‍ തെളിഞ്ഞു. വേദപഠനത്തില്‍ താന്‍ വിജയം കൈവരിച്ചു. ഇത് നല്ലതിനാണ്. പഠനം കൊണ്ട് തന്നെക്കാളധികം സ്വഭാവഗുണം ഉണ്ടായിരിക്കുന്നത് തdiago4ന്റെ ഗുരുവായ ജൂനോവിനാണ്. കുറേക്കഴിഞ്ഞപ്പോള്‍ മനസ്സിലെ വഴി കൂടുതല്‍ തെളിഞ്ഞു.
എനിക്കൊരു കപ്പല്‍സ ഞ്ചാരം നടത്തണം. റാണിയെ പ്രീതിപ്പെടുത്തിയാല്‍ ഒരിക്കല്‍ നാട്ടില്‍ ചെന്നു പറ്റാം. വെറുതെയൊന്നു വേണ്ടപ്പെട്ടവരെയെല്ലാം കാണാം. അമ്മാവന്മാരും അമ്മായിമാരും കുടുംബത്തിലെ സര്‍വ സഹോദരീ സഹോദരന്മാരും മുത്തപ്പനുമെല്ലാം എന്തു ചെയ്യുന്നു എന്നറിയാന്‍ വൈകി. ദിയാഗോവിനെ അവര്‍ തിരിച്ചറിയുകയില്ലായിരിക്കും. അവരുടെ കണക്കില്‍ അവരുടെ സ്വന്തം അല്‍ക്കാഫ് മരിച്ചിട്ടുണ്ടാവും. കടല്‍ കടക്കുന്നവരാരും ഗ്രാമത്തില്‍ തിരിച്ചെത്താറില്ല. അപൂര്‍വം ചിലര്‍ കൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ പൊളിയുമ്പോള്‍ ഏതെങ്കിലും മരത്തടിയില്‍ പൊത്തിപ്പിടിച്ച് അനേകം ദിവസങ്ങള്‍ക്കു ശേഷം കരയ്ക്കടിഞ്ഞ കഥകളുണ്ട്. പക്ഷേ അവരാരും വെളുത്ത കപ്പിത്താന്മാരുടെ പിടിയില്‍പ്പെട്ടവര്‍ ആയിരുന്നില്ല. ഏതെങ്കിലും ധീര യാത്രകള്‍ സ്വയം നടത്തിയവരാകും. മീന്‍പിടിത്തത്തിന് പുറം കടലിലേക്കുപോയ സാഹസികരാവും. ‘അനസ്സാസികള്‍’ എന്ന അമേരിക്കന്‍ വര്‍ഗങ്ങള്‍ പിടിച്ചുകൊണ്ടുപോയവരാകും. അവര്‍ക്കും വേണം അടിമകളെ, കാട്ടു പൈക്കളെ മെരുക്കാന്‍.
അവര്‍ ഉച്ചതിരിയും നേരത്ത് പോര്‍ത്തട്ടിലെത്തി. രണ്ടു മലകള്‍ ഏതാണ്ട് തോളോടുതോള്‍ ചേര്‍ന്ന് നില്ക്കുന്നു. പിന്‍ഭാഗം വളരെ അകന്നാണ് നില്പ്. ചെവിയോടുചെവി സ്വകാര്യം പറഞ്ഞു നില്ക്കുന്ന രണ്ടു കൂട്ടുകാരെപ്പോലെ. അവര്‍ക്കിടയില്‍ ഒരറ്റം ഇടുങ്ങിയും മറ്റേ അറ്റം വീതിയേറിയും ഇരിക്കുന്ന ഒരു താഴ്വര. വെയിലേറ്റു കോട്ടുവായിടുന്നതുപോലെ. നേരിയ മൂടല്‍ മഞ്ഞ് വ്യാപിച്ചിട്ടുണ്ട്. ശീതകാലം കഴിഞ്ഞു വെയില്‍ മൂര്‍ച്ചയേറിയതായി. ജനമെല്ലാം വീതിയേറിയ വശത്ത് ഇരച്ചിരമ്പി നില്ക്കുന്നു. തിക്കിത്തിരക്കി സ്ഥാനം ഉറപ്പിക്കുകയാണ്.
ജൂനോ പറഞ്ഞു,
“ഇക്കൂട്ടത്തില്‍പെട്ടാല്‍ നമുക്കൊന്നും കാണാന്‍
പറ്റില്ല.”
“പിന്നെന്തുചെയ്യും?”
“വഴിയുണ്ട്!”
താഴ്വരയുടെ ഇടുങ്ങിയ വശത്തും ജനക്കൂട്ടമുണ്ട്. അവരുടെ തലയ്ക്കു മീതെ ഒരു കുന്നിന്റെ ശിരസ്സില്‍ ഒരൊറ്റ മരം. അങ്ങോട്ട് ആരും കയറിപ്പോകുന്നില്ല. അടുത്തെത്തിയപ്പോള്‍ അവര്‍ക്ക് കാര്യം തെളിഞ്ഞു. മരം നില്ക്കുന്നത്, കുന്നിന്മുകളിലെ ഒരു വലിയ തടാകത്തിന്റെ കരയ്ക്കാണ്.
മേലെ നിന്ന് ഒഴുകിയെത്തുന്ന ഒരു നീരരുവി തളം കെട്ടിയതാണ്. എത്ര ആഴമുണ്ടെന്ന് പറയാന്‍ പറ്റുകയില്ല. വരള്‍ച്ചക്കാലം ആകയാല്‍ ആഴമല്പം കുറവായിരിക്കും. എന്നാലും മോശമല്ല. കരി
ന്നീല കയം കാണും.
“നീന്തിക്കടക്കേണ്ടിവരും.” ദിയാഗൊ പറഞ്ഞു.diago5
“എനിക്ക് പേടിയാകുന്നു.” ജൂനോയുടെ മറുപടി.
“എന്നാലും നോക്കാം. നീന്തിത്തളരുമ്പോള്‍ എന്റെ അരയിലിട്ട ചരടിന്റെ അറ്റത്തു പിടിച്ചാല്‍ മതി.”
ജനിച്ച നാള്‍ തൊട്ടു കരീബിയന്‍ സമുദ്രത്തില്‍ നീന്തിപ്പഠിച്ച ദിയാഗൊ ഒരു മത്സ്യത്തിന്റെ ലാഘവത്തോടെ നീറ്റിലിറങ്ങി. ജൂനോയും മോശക്കാരനല്ല. അച്ഛന്‍ കടലില്‍ നീന്താന്‍ പോകുമ്പോള്‍ അവനും പോകാറുണ്ട്.
“പേടി വേണ്ട!” ദിയാഗൊ പറഞ്ഞു.
വേണ്ടതിലധികം കൈകാലിളക്കാതെ ദിയാഗൊ ജലത്തിനുമേല്‍ പൊങ്ങിക്കിടന്നു. കടല്‍ത്തിരകളുടെ തടസ്സമില്ല. കര വളരെ ദൂരെയാണെന്ന് അവര്‍ക്കു ബോദ്ധ്യമായി. ഉന്നംവച്ച മരം തങ്ങളെ തോല്പിച്ച് അകന്നു പോവുകയാണോ?
കുറെ നീന്തിയപ്പോള്‍ കര കണ്ടു. ഉണങ്ങി വീണ പുല്‍നാമ്പുകള്‍ ജലോപരി ചാഞ്ചാടിയെത്തി. വിത്തും പൂവും പഴുത്തിലകളും അവര്‍ക്കു നേരെ വന്നു. തുഴയുമ്പോള്‍ അവ ഒഴിഞ്ഞു മാറി. പ്രയത്നം ഒരു കളിയായി മാറി. യാത്രാക്ഷീണം തടാകം തടവിത്തീര്‍ത്തു. നല്ല ഉന്മേഷം. ജലത്തിന് കുളുര്‍മ.

പി വത്സല