KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാറണം കുട്ടിയെഴുത്തിന്റെ തന്ത്രങ്ങള്‍


book
കൂട്ടുകാര്‍ക്ക് സുപരിചിതരായ രണ്ട് എഴുത്തുകാരുടെ കൃതികളാണ് എന്റെ മുമ്പിലുള്ളത്. സക്കറിയയുടെ ‘പടയാളി’യും തനൂജ എസ് ഭട്ടതിരിയുടെ ‘സ്നേഹത്തിന്റെ ഭാണ്ഡ’വും. കുട്ടിക്കഥയെഴുത്തിന്റെ വേറിട്ട വഴിയിലൂടെ കൂട്ടുകാരുടെ വിരല്‍ത്തുമ്പില്‍ മുറുകെപ്പിടിച്ച് നടക്കുകയാണ് സക്കറിയ പടയാളിയിലൂടെ. ‘ജൂവിന് പുതിയതെന്നു പറഞ്ഞാല്‍ പഴയതെന്നാണ് അര്‍ഥം’ എന്ന കുഴപ്പം പിടിച്ച ആദ്യവാചകത്തില്‍ മനംമടുത്ത് വായന നിര്‍ത്തിയാല്‍ നഷ്ടപ്പെടുന്നത് നല്ലൊരു വായനാനുഭവമായിരിക്കും. പി ആര്‍ മഞ്ജുവെന്ന ‘ജൂ’വിന്റെ അമ്മ മധു അയല്‍വീടുകളില്‍ അടുക്കളപ്പണി ചെയ്താണ് മകളെ പോറ്റുന്നതും പഠിപ്പിക്കുന്നതും. ജൂ ധരിക്കുന്നത് അമ്മ പണിയെടുക്കുന്ന വീടുകളിലെ കുട്ടികളുടെ പഴയ ഉടുപ്പുകളാണ്.  അവള്‍ പഠിക്കുന്നത് book1അയല്‍വീടുകളില്‍ നിന്ന് ഉയര്‍ന്ന ക്ളാസ്സിലേക്ക് കയറിപ്പോകുന്ന കുട്ടികളുടെ പാഠപുസ്തകങ്ങളാണ്. ജൂ സ്കൂളിലേക്ക് പോകുന്നത് പഴയ, പുതിയ സ്കൂള്‍ ബാഗുമായിട്ടാണ്. പഴയതിനെ പുതിയതായി കാണാന്‍ വിധിക്കപ്പെട്ട ജൂവിന്റെ കുഞ്ഞുന്നാളിലെ അവിസ്മരണീയമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ‘പടയാളി’. തനിക്ക് കിട്ടിയ പഴയ ബാഗിന്റെ കീശയില്‍ നിന്ന് ജൂ കുറെ നാണയങ്ങള്‍ കണ്ടെടുക്കുന്നു. അവളത് ബാഗ് സമ്മാനിച്ച വീട്ടമ്മയെ ഏല്പിക്കാന്‍ പോകുന്നു. വീട്ടമ്മയുടെ ഇളയ കുട്ടിയുടെ പിറന്നാളായിരുന്നു അന്ന്. ജനനം മുതല്‍ രോഗിയായിക്കിടക്കുകയാണ് ആ കുട്ടി. ‘ജോജോ’ക്ക് എങ്ങനെയുണ്ടെന്ന് ജൂ ചോദിച്ചപ്പോള്‍ ആ വീട്ടമ്മ കരഞ്ഞു പോകുന്നു. ഒന്നു രണ്ടു വാചകങ്ങളിലൂടെ ഒരമ്മയുടെ ദുഃഖം മുഴുവന്‍ വായനക്കാരിലേക്ക് പകരുന്ന മാന്ത്രികശേഷിയുള്ള രചനാതന്ത്രമാണ് ഇവിടെ പ്രകടമാവുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഏറെ യുണ്ട് ഈ കൊച്ചു പുസ്തകത്തില്‍.  ‘ജൂ’വിനും ജൂവിന്റെ പ്രായത്തിലുള്ള മുഴുbook2വന്‍ കുട്ടികള്‍ക്കുമായി സക്കറിയ നല്‍കുന്ന കൊച്ചു സമ്മാനമാണ് ‘പടയാളി.’
സഹജീവിസ്നേഹവും കാരുണ്യവുമാണ് തനൂജ എസ് ഭട്ടതിരിയുടെ ‘സ്നേഹത്തിന്റെ ഭാണ്ഡം’ എന്ന കഥയുടെ കാതല്‍. വൃക്കരോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന തന്റെ കൂട്ടുകാരി റസിയയെ രക്ഷിക്കാന്‍ പ്രിയദ എന്ന പെണ്‍കുട്ടി നടത്തുന്ന ധീരവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. ഒരു കുട്ടിയുടെ ഒറ്റയാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്‍ അതിന് സാധിച്ചേക്കും. സുധീര്‍ പി വൈയുടെ മനോഹരമായ ചിത്രീകരണം ഈ പുസ്തകത്തിനെ ശ്രദ്ധേയമാക്കുന്നു.
മുതിര്‍ന്നവരുടെ യാഥാര്‍ഥ്യങ്ങളല്ല കുട്ടികളുടെ യാഥാര്‍ ഥ്യങ്ങളെന്നും അവര്‍ ക്ക് അവരുടേതായ ലോകമുണ്ടെന്നും ആ ലോകത്തിന്റെ മേച്ചില്‍ പുറങ്ങളിലെ വേറിട്ട സങ്കല്പങ്ങളും സൌഹൃദങ്ങളുമാണ് ബാലസാഹിത്യത്തെ അനശ്വരമാക്കുന്നതെന്നും ടാഗോര്‍ ‘അമല്‍’ എന്ന കഥാപാത്രത്തിലൂടെ തെളിയിച്ചിട്ടുണ്ട്. മൃഗങ്ങളുടെയും മന്ത്രവാദിനികളുടെയും അരങ്ങുതകര്‍ക്കലല്ല, പീലി വിടര്‍ത്തിയാടുന്ന ഭാഷയുടെ സൌന്ദര്യത്തില്‍ ചാലിച്ചെടുത്ത പച്ച മനുഷ്യന്റെ അതിരുകളില്ലാത്ത കിനാക്കളാണ് കുട്ടികളെ വായനയുടെ അപാര സീമകളിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നതെന്ന് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

പി വി കെ പനയാല്‍