KERALA STATE INSTITUTE OF CHILDREN'S LITERATURE

പുസ്തകമേളക്കു തിരിതെളിഞ്ഞു

 

അഞ്ചാമത് തിരുവനന്തപുരം പുസ്തകമേളക്ക് തിരിതെളിഞ്ഞു


DSC_0079 

ബാലസാഹിത്യം മഹത്തരമാണെന്ന് പറയുമ്പോഴും കുട്ടികളുടെ സാഹിത്യത്തിന് നാം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ലെന്ന് കവി ഒ എന്‍ വി കുറുപ്പ് അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കുള്ള രചനകള്‍ക്ക് സംവേദനക്ഷമമായ സവിശേഷ ഭാഷ ആവശ്യമാണ്. അവരുടെ വൈകാരികതലം സ്പര്‍ശിക്കുമ്പോള്‍ മനസ്സില്‍ ഒരു പോറല്‍ പോലും പറ്റാതെ സൂക്ഷിക്കണം അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ സാംസ്‌ക്കാരികവും സാംസ്‌കാരികവും സാമൂഹികവുമായ ഉയര്‍ച്ചയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ബാലസാഹിത്യത്തിന് വളരെയധികം പ്രസക്തിയും പ്രാധാന്യവും നല്‍കണമെന്ന് ഒ എന്‍ വി കുറുപ്പ് പറഞ്ഞു. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായ അഞ്ചാമത് തിരുവനന്തപുരം പുസ്തകമേള സംസ്‌കൃത കോളജ് കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) പ്രൊഫ തുമ്പമണ്‍ തോമസ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ഡോ കുര്യാസ് കുമ്പളക്കുഴി, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം ആര്‍ തമ്പാന്‍, മുന്‍ എം എല്‍ എ യും സാഹിത്യകാരനുമായ പിരപ്പന്‍കോട് മുരളി, സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ പി ലൈല, പ്രൊഫ കെ എസ് രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.


DSC_0143

നൂറിലധികം പ്രസാധകരും എണ്‍പതോളം സ്റ്റാളുകളും അണിനിരക്കുന്ന മേള 10 ദിവസം നീളും. മേളയോടനുബന്ധിച്ച് കുട്ടികളുടെ സര്‍ഗവേദിയും വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.
അന്താരാഷ്ട്ര പ്രസാധകരായ ഹാഷെറ്റ്, കേംബ്രിഡ്ജ്, സ്‌കാസ്റ്റിക്, മക്കാവോ കേരളത്തിന് പുറത്തുനിന്നുള്ള പ്രസാധകരായ എസ് ചന്ദ് & കോ എന്നിവരും മേളയില്‍ പങ്കെടുക്കുന്നു.

ഗുരുമുല്‍ക്കാഴ്ച

ശ്രീനാരായണഗുരു രചിച്ചതും ഗുരുവിനെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയതുമായ 500-ലേറെ ലേഖനങ്ങളും പുസ്തകങ്ങളും തിരുവനന്തപുരം പുസ്തകമേളയില്‍ ശ്രദ്ധാകേന്ദ്രമായി. ‘ഗുരുമുല്‍ക്കാഴ്ച’ എന്ന പേരില്‍ സജ്ജീകരിച്ച പ്രത്യേക പവലിയനിലുള്ള പ്രദര്‍ശനം ആരോഗ്യമന്ത്രി അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്തു. മൈത്രി ബുക്‌സ് ഉടമ കെ ലാല്‍സലാമിന്റെ ശേഖരത്തിലുള്ള പുസ്തകങ്ങളാണ് ഈ പ്രത്യേക പവലിയനില്‍ വിന്യസിച്ചിരിക്കുന്നത്. ചടങ്ങില്‍ മുനി നാരായണപ്രസാദ്, നാരായണഗുരു അനുസ്മരണ പ്രകാശനം നിര്‍വ്വഹിച്ചു.

ഗുരുപുജ

മലയാള സാഹിത്യത്തിലെ കുലപതികളെ, ജന്മശതാബ്ദിയില്‍ അവരുടെ പിന്‍മുറക്കാര്‍ സ്മരിക്കുന്ന ഗുരുപൂജ, തിരുവനന്തപുരം പുസ്തകമേളയില്‍ മലയാള സാഹിത്യത്തിനുള്ള ഗുരുപൂജയായി മാറി. തകഴി, പാലാ നാരായണന്‍ നായര്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ശൂരനാട് കുഞ്ഞന്‍പിള്ള എന്നിവരെയാണ് പുസ്തകമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അനുസ്മരിച്ചത്. ഡോ കെ എസ് രവികുമാര്‍
തകഴിക്കും, കുര്യാസ് കുമ്പളക്കുഴി പാലായ്ക്കും, പിരപ്പന്‍കോട് മുരളി ചങ്ങമ്പുഴയ്ക്കും, ഡോ പി കെ രാജശേഖരന്‍ വൈലോപ്പിള്ളിക്കും ഡോ എം ആര്‍ തമ്പാന്‍ ശൂരനാടിനും സ്മരണാഞ്ജലികളര്‍പ്പിച്ചു.

പുസ്തകമേളാപുരസ്‌കാരം

പുസ്തകമേളയോടനുബന്ധിച്ച് 9 കൃതികള്‍ക്ക് പുസ്തകമേളപുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.  ആദ്യ പുരസ്‌കാരം ആര്യാവര്‍ത്തം രചിച്ച മാടമ്പ് കുഞ്ഞിക്കുട്ടന്‍ പെരുമ്പടവം ശ്രീധരനില്‍ നിന്ന് ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം പി ആര്‍ പുഷ്പവതി അവതരിപ്പിച്ച ഗുരുദേവ കൃതികളുടെ സംഗീതാവിഷ്‌കാരം നടന്നു. തുടര്‍ന്ന് സുധീര്‍ മുള്ളൂര്‍ക്കരയും സംഘവും അവതരിപ്പിച്ച തിരിയുഴിച്ചില്‍ കാണികള്‍ക്ക് ആവേശമായി.