KERALA STATE INSTITUTE OF CHILDREN'S LITERATURE

കുട്ടികള്‍ക്കുള്ള ത്രിദിന ശില്‍പ്പശാല ആരംഭിച്ചു

തിരുവനന്തപുരം പുസ്തകമേളയില്‍
കുട്ടികള്‍ക്കുള്ള ത്രിദിന ശില്‍പ്പശാല ആരംഭിച്ചു


അഞ്ചാമത് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച തിരുവനന്തപുരം പുസ്തകമേളയുടെ രണ്ടാം ദിനത്തില്‍ കുട്ടികള്‍ക്കുള്ള സര്‍ഗവേദിയില്‍ (23-12-2011) ‘ വേണം, ഹരിത ഭൂമിക്ക് കാവല്‍ ’ എന്ന വിഷയത്തില്‍ മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരി ടീച്ചറും മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ ശ്രീ മാത്യൂസ് വര്‍ഗ്ഗീസും അതിഥികളായെത്തിയത് വേറിട്ടൊരു അനുഭവമായി. കോണ്‍ക്രീറ്റ് സംസ്‌കാരത്തില്‍ നിന്നും പഴമയുടെ നന്മയിലേക്ക് തിരിഞ്ഞുനോക്കാന്‍ സര്‍ഗവേദി കുട്ടികള്‍ക്ക് അവസരമൊരുക്കി.
മലയാളിയുടെ നൈര്‍മ്മല്യം നശിക്കുകയാണെന്ന് സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടു. കൃഷി ചെയ്യാനോ മണ്ണില്‍ പണിയാനോ മടിക്കുന്ന മലയാളി ഇന്ന് ഇഷ്ടപ്പെടുന്ന പച്ചപ്പ് റബ്ബറിന്റെയും തെങ്ങിന്റെയും മാത്രമാണെന്നും അതിന് പിന്നില്‍ സ്വാര്‍ത്ഥതാത്പര്യം മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു.
മലയാളിയുടെ മഹിമ ഇന്ന് മദ്യപാനത്തിലും സാക്ഷരതയിലുമാണ്. ഏറ്റവും വലിയ ബുദ്ധിമാര്‍ എന്ന് അഭിമാനിക്കുന്ന മലയാളി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലാണ് മികവുതെളിയിക്കുന്നത്. മഴയും പുഴയും ഉണ്ടാകുന്നതും, പ്രകൃതിയും, മരങ്ങളുമെല്ലാം സുഗതകുമാരി ടീച്ചറുടെ വാക്കുകളിലൂടെ കടന്നുപോയി. മണല്‍കൊള്ളക്ക് കൂട്ടു നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരോട് അവര്‍ പരിഭവിച്ചു.Pusthakappoomaram
പ്രകൃതിയെയും പുഴകളെയും കൊന്നു കളയുന്ന ഈ തലമുറക്ക് മാതൃകയാവാന്‍ ടീച്ചര്‍ കുട്ടികളെ ഉപദേശിച്ചു. മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും അവനവന് വേണ്ട ഭക്ഷണ സാധനങ്ങള്‍ സ്വയം ഉല്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയും ടീച്ചര്‍ പറഞ്ഞു. അടച്ചിട്ടിരിക്കുന്ന കിളികളെ തുറന്നു വിടാനും വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കാനും ടീച്ചര്‍ പറഞ്ഞപ്പോള്‍ സര്‍ഗവേദി മാനുഷിക മൂല്യങ്ങള്‍ വളര്‍ത്താനുള്ള ഒരു വേദികൂടി ആവുകയായിരുന്നു.
പഠനത്തോടൊപ്പം നന്മയുടെ മൂല്യങ്ങള്‍ നേടാനും നല്ല കുട്ടികളായി വളരാനും ഉപദേശിച്ച ടീച്ചറുടെ ആശംസകള്‍ കുട്ടികള്‍ക്ക് അവരുടെ നന്മനിറഞ്ഞ ഭാവിക്ക് ഒരനുഗ്രഹമായി മാറുകയായിരുന്നു.
തുടര്‍ന്ന് സംസാരിച്ച മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ ശ്രീ മാത്യൂസ് വര്‍ഗ്ഗീസിന്റെ വാക്കുകള്‍ കുട്ടികളെ ചിന്തിപ്പിക്കുന്നതായിരുന്നു. മനസിന്റെ മലിനീകരണമാണ് പരിസര മലിനീകരണത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജസംരക്ഷണത്തിന് എല്ലാവരുടേയും തുല്യ പങ്കാളിത്തം ആവശ്യമാണ്. കഴിവതും സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാതെ കെ എസ് ആര്‍ ടി സി യുടെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തിയാല്‍ അത് ഊര്‍ജ്ജ സംരക്ഷണത്തിന് ഒരു മാര്‍ഗ്ഗമാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയും അദ്ദേഹം സംസാരിച്ചു. ഭൂമിയെപറ്റി കുട്ടികളുടെ കവിതാലാപനവും ഉണ്ടായിരുന്നു.

മലയാളത്തിന്റെ രാജശില്‍പി കാനായി കുഞ്ഞിരാമനും കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ ശ്രീ കെ എ ഫ്രാന്‍സിസും കുട്ടികളുമായി നടത്തിയ സംവാദം അവരിലെ സര്‍ഗചേതനക്ക് മാറ്റുകൂട്ടുന്നതായിരുന്നു. ‘വര’ രുചികള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ഈ സംവാദം കുട്ടികളുടെ ഉള്ളില്‍ വരയുടെ വിവിധ ഭാവങ്ങള്‍ വരച്ചു ചേര്‍ത്തു. കലയുടെ നൈര്‍മല്യം പകര്‍ന്നു നല്‍കുന്നതായിരുന്നു ഈ സംവാദം.bisu-kamsale
ശില്‍പകലയുടെ വിവിധ ഭാവങ്ങള്‍ ശില്‍പിയില്‍ നിന്നുതന്നെ അറിയാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ വരയെപറ്റിയുള്ള അവരുടെ സംശയങ്ങള്‍ ശില്‍പിയുടെ സ്‌നേഹം ചാലിച്ച മറുപടിയില്‍ അലിഞ്ഞുപോയി. ശ്രീ കെ എ ഫ്രാന്‍സിസിന്റെ വാക്കുകള്‍ കുട്ടികള്‍ക്ക് വ്യത്യസ്തമായ ഒരനുഭവമായി. കുട്ടികളോട് സ്വപ്നങ്ങള്‍ കാണാന്‍ പറഞ്ഞ അദ്ദേഹം കുട്ടികളില്‍ ഒരാളായി മാറുകയായിരുന്നു.
പുസ്തകമേളയുടെ രണ്ടാം ദിനം കെ ബി പ്രസന്നകുമാറിന്റെ ‘അതിജീവിക്കുന്ന വാക്ക്’ എന്ന വിമര്‍ശന കൃതി പുസ്തകമേളാ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വ്വഹിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നുള്ള എം ലിംഗയ്യയും സംഘവും അവതരിപ്പിച്ച കര്‍ണാട്ടിക് നൃത്തരൂപമായ ‘ബിസു കംസാലെ’ പുസ്തകമേളയുടെ രണ്ടാം ദിനത്തില്‍ കാണികളെ ആകര്‍ഷിച്ചു.