KERALA STATE INSTITUTE OF CHILDREN'S LITERATURE

പുസ്തകപ്പൂമരവും ചലച്ചിത്രപ്രദര്‍ശനവും

പുസ്തകപ്പൂമരച്ചോട്ടില്‍

പൂക്കളും, പൂമ്പാറ്റകളും കൂടൊരുക്കുന്ന വാകമരച്ചോട്ടില്‍ കുഞ്ഞുകുസൃതികളുടെ കളിചിരികള്‍ ഉയര്‍ന്നു. 5-ാമത് തിരുവനന്തപുരം പുസ്തകമേളയുടെ വേദിയായ സംസ്‌കൃത കോളജ് കാമ്പസിലാണ് സന്ദര്‍ശകരായെത്തുന്ന കുട്ടികള്‍ക്ക് ആസ്വാദനത്തിന്റെ വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കുന്ന പുസ്തകപൂമരം ഒരുക്കിയിരിക്കുന്നത്. 'പുസ്തകപൂമരച്ചോട്ടില്‍' എന്ന് പേരിട്ടിരിക്കുന്ന തത്സമയ വിനോദ വിജ്ഞാന പരിപാടിയില്‍ കവിതകളുടെയും കഥകളുടെയും ചിത്രരചനയുടെയും നാടന്‍കളികളുടെയും പ്രശ്‌നോത്തരിയുടെയും വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ സഞ്ചരിക്കാനും പുത്തന്‍ അറിവുകള്‍ നേടാനുമുള്ള അവസരമാണുള്ളത്. മേളയുടെ രണ്ടാം  ദിനം മുതല്‍ ആരംഭിച്ച ഈ പരിപാടിയില്‍ ഹരിപ്പാടുകാരായ ജോണ്‍ ബേബിയും കുടുംബവും അവതരിപ്പിച്ച കുരുത്തോലകളരി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചു. ഓലത്തൊപ്പിയും ഓലപ്പാമ്പും ഓലപ്പീപ്പിയുംപോലുള്ള കുരുത്തോല ഉപയോഗിച്ചുള്ള നിരവധി കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണം പരിചയപ്പെടാനും പഠിക്കാനും അവര്‍ക്ക് കഴിഞ്ഞു. പുതുതലമുറയ്ക്കു അന്യമായ കുട്ടിയും കോലും പോലുള്ള നാടന്‍ കളികളുടെ രസം നുകരാനും ഒപ്പം സമ്മാനങ്ങള്‍ നേടാനും 'പുസ്തകപ്പൂമരം' വഴിയൊരുക്കി.Pusthakappoomaram2

ചലച്ചിത്രം - ദി കിഡ്

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സഹകരണത്തോടെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന 5-ാമത് തിരുവനന്തപുരം പുസ്തകമേളയില്‍ പ്രശസ്ത ചാപ്ലിന്‍ ചലച്ചിത്രമായ 'The kid' പ്രദര്‍ശിപ്പിച്ചു. 1921-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ചാപ്ലിന്‍ ചലച്ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ്. 1921-ല്‍ പുറത്തിറങ്ങിയ 68 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിശബ്ദ ചലച്ചിത്രത്തിലൂടെ ജാക്കി കൂഗന്‍ എന്ന അസാമാന്യ ബാലപ്രതിഭ ചലച്ചിത്ര ലോകത്തിന് സമ്മാനിക്കപ്പെട്ടു.