KERALA STATE INSTITUTE OF CHILDREN'S LITERATURE

കംമ്പ്യൂട്ടറില്‍ ചെയ്തതുകൊണ്ട് ചിത്രം മോശമാവില്ല. - വെങ്കി

കംമ്പ്യൂട്ടറില്‍ ചെയ്തതുകൊണ്ട് ചിത്രം മോശമാവില്ല. - വെങ്കി

ചിത്രകാര ശില്പശാല
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന തിരുവനന്തപുരം പുസ്തകമേളയില്‍ കുട്ടികള്‍ക്കുള്ള ചിത്രരചനയില്‍ ഏര്‍പ്പെട്ടിട്ടുള്ള ചിത്രകാരര്‍ക്കായി ഉള്ള ദ്വിദിന ശില്‍പ്പശാല ആരംഭിച്ചു. ആദ്യദിവസം ചിത്രരചനയില്‍ 'സാങ്കേതികവിദ്യയുടെ പരിധിയും പരിമിതികളും' എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നു. ഒരു പേജിനെക്കുറിച്ചുള്ള സങ്കല്‍പ്പം ആദ്യം രൂപം കൊള്ളുക ചിത്രകാരുടെ മനസ്സിലാണെന്നും, കമ്പ്യൂട്ടറില്‍ ചെയ്തതുകൊണ്ട് ഒരു ചിത്രം മോശമാണെന്ന് പറയാന്‍ ആവില്ലെന്നും വിഷയത്തെക്കുറിച്ച് സംസാരിച്ച ചിത്രകാരനും ഡിസൈനറുമായ വെങ്കി അഭിപ്രായപ്പെട്ടു. 27-ഓളം ചിത്രകാരര്‍ തങ്ങളുടെ ചിത്രരചനാനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന 'എന്റെ ചിത്രരചനാ പടവുകള്‍' തികച്ചും വ്യത്യസ്തമായി. ചിത്രകാരുടെ പുസ്തകം എന്ന പുതിയ ആശയം ശില്‍പ്പശാലയുടെ പ്രത്യേകതയായിരുന്നു.Venki-talk

പുസ്തകമേളാ പുരസ്കാരം

വൈകുന്നേരം നടന്ന പുസ്തകമേളാ പുരസ്‌കാര ചടങ്ങില്‍ വിവര്‍ത്തന വിഭാഗത്തിലെ കൃതികള്‍ക്കുള്ള പുരസ്‌കാരം കെ പി ബാലചന്ദ്രന്റെ 'ദ ജംഗ്ള്‍' എന്ന കൃതിക്ക് ലഭിച്ചു. അമേരിക്കന്‍ സാഹിത്യകാരനായ അട്ടണ്‍ സിംഗ്ലയറിന്റെ കൃതിയാണ് അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. പ്രൊഫ ജി എന്‍ പണിക്കറില്‍ നിന്നും കെ പി ബാലചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.puraskaram1 ഡോ ആര്‍ സത്യജിത്ത് പുസ്തക പരിചയം നടത്തി. ചടങ്ങില്‍ ഡോ ഡി ബഞ്ചമിന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ബി പ്രസാദ് സ്വാഗതവും രാധികാദേവി നന്ദി പറഞ്ഞു.
പുസ്തകപ്പൂമരച്ചോട്ടില്‍
പുസ്തകമേളയുടെ എട്ടാം ദിനം പുസ്തകപ്പൂമരച്ചോട്ടില്‍ സംവാദങ്ങളും കളികളും കുട്ടികള്‍ക്ക് ഏറെ രസകരമായി. ഭൂമിയുടെ അവകാശികളായിരുന്നു ഇന്നത്തെ വിഷയം. പക്ഷിശാസ്ത്രജ്ഞര്‍, ശരീരം, ഭൂമി തുടങ്ങി ഏറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഭൂമിയെക്കുറിച്ച് ഏറെ അറിയാനും ഈ പരിപാടി കുട്ടികള്‍ക്ക് അവസരമൊരുക്കി. കൂടാതെ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.
നൃത്തസന്ധ്യ
പുസ്തകമേളയുടെ ഭാഗമായ സാംസ്‌കാരിക പരിപാടിയില്‍ എട്ടാം ദിനം കണ്ണൂരില്‍ നിന്നും വന്ന കുമാരനും സംഘവും അവതരിപ്പിച്ച 'ചിമ്മാനക്കളി' അരങ്ങേറി. വടക്കന്‍ കേരളത്തിലെ പുലവ സമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന ഗ്രാമീണ നാടകമായ ചിമ്മാനക്കളി കാണികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ്
സമ്മാനിച്ചത്.
സിനിമ
പുസ്തകമേളയുടെ എട്ടാം ദിനം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്രം പ്രശസ്ത റഷ്യന്‍ കവി അലക്‌സാണ്ടര്‍ പുഷ്‌കിന്‍ എഴുതിയ കവിതയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ റുസ്‌ലാന്‍ ലുട്മില
പ്രദര്‍ശിപ്പിച്ചു.