KERALA STATE INSTITUTE OF CHILDREN'S LITERATURE

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവധിക്കാല ക്യാമ്പ് ആരംഭിച്ചു

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവധിക്കാല ക്യാമ്പ് ആരംഭിച്ചു


കുട്ടികളില്‍ ശാസ്ത്രാവബോധവും വായനാഭിമുഖ്യവും വളര്‍ത്താന്‍ അവധിക്കാല ക്യാമ്പുകള്‍ക്ക് കഴിയുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ്. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംസ്‌കൃത കോളജ് കാമ്പസില്‍ 2 മുതല്‍ 5 വരെ സംഘടിപ്പിക്കുന്ന ഗണിത-ശാസ്ത്ര-പരിസ്ഥിതി അവബോധ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പക്ഷേ ക്യാമ്പ് ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് രസനീയമായിരിക്കില്ല. എന്നാല്‍ പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഈ ക്യാമ്പിലെ ക്ലാസുകളില്‍ നിന്നും ലഭിച്ച അറിവുകള്‍ നിങ്ങളെ കരുത്തരാക്കിയതെങ്ങനെയെന്ന് നിങ്ങളറിയും. കേവലം കളിചിരിക്കും പഠനത്തിനും അപ്പുറം കുട്ടികള്‍ തമ്മില്‍ ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ ഇത്തരം ക്യാമ്പുകള്‍ സഹായകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) പ്രൊഫ. തുമ്പമണ്‍ തോമസ് അദ്ധ്യക്ഷനായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ജോണ്‍ സാമുവല്‍ മാധ്യമങ്ങളെ അറിയാമെന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 60 ഓളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്കു 2.00 മണിക്ക് മുഖാമുഖം പരിപാടിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായ സുകുമാര്‍ അതിഥിയായിരുന്നു. തുടര്‍ന്ന് ഒരു കഥയെഴുതുമ്പോള്‍ എന്ന വിഷയത്തില്‍ ഡോ പി കെ രാജശേഖരന്‍ ക്ലാസ് നയിച്ചു.
3-ാം തീയതി സിനിമയിലെ കലാസംവിധാനത്തെക്കുറിച്ച് നേമം പുഷ്പരാജ്, ഒറിഗാമി, ഫിംഗര്‍ പപ്പറ്റ് എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് കൃഷ്ണകുമാര്‍ കുട്ടികളും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ ജെ ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകിട്ട് 3.45 ന് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ആയിരിക്കും മുഖാമുഖത്തിലെ അതിഥി.

camp-inaguration-by-k-c-joseph-low