KERALA STATE INSTITUTE OF CHILDREN'S LITERATURE

ബാലസാഹിത്യത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം കെ.വി. രാമനാഥന്

ബാലസാഹിത്യത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം  കെ.വി. രാമനാഥന്

K_V_RAMANATHAN_MASTER

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2011-12 വര്‍ഷത്തെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്‌കാരം പ്രമുഖ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്. ബാലസാഹിത്യ രംഗത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉത്തമ സംഭാവനകള്‍ നല്കിയതിനാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാവാലം നാരായണപ്പണിക്കര്‍ അധ്യക്ഷനായ ജഡ്ജിംഗ്കമ്മിറ്റി ഏകകണ്ഠമായാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. മലയാളത്തിലെ പ്രമുഖരായ 25 സാഹിത്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. ബാലസാഹിത്യ രചനയില്‍ അരനൂറ്റാണ്ടുകാലത്തെ ദീര്‍ഘസേവനം അനുഷ്ഠിച്ചിട്ടുള്ള രാമനാഥന്റെ സര്‍ഗസപര്യ, ഗുണമേന്മയില്‍ മുന്നില്‍ നില്‍ക്കുന്നതായും അഞ്ചുപതിറ്റാണ്ടായി കേരളത്തിലെ വായിച്ചു വളര്‍ന്ന തലമുറ ഇവയില്‍നിന്നും ഏറെ സാംസ്‌കാരികോര്‍ജം ഉള്‍ക്കൊണ്ടിട്ടുള്ളതായും കമ്മിറ്റി വിലയിരുത്തി. ഡോ കുര്യാസ് കുമ്പളക്കുഴി, സാഹിത്യ അക്കാഡമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്്ണന്‍, ജോണ്‍ മുണ്ടക്കയം തുടങ്ങിയവരാണ് ജഡ്ജിംഗ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

1932ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ച രാമനാഥന്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.  അപ്പുക്കുട്ടനും ഗോപിയുമാണ് ആദ്യകൃതി. തുടര്‍ന്ന് കുട്ടികളെ വിസ്മയിപ്പിക്കുന്ന നിരവധി കഥകള്‍, നോവലുകള്‍, ശാസ്ത്രസാഹിത്യ രചനകള്‍ എന്നിവയിലൂടെ ബാലസാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠനായി. മലയാള ബാലസാഹിത്യത്തിന്റെ ചരിത്രത്തെക്കുറിച്ച് മലയാള ബാലസാഹിത്യം-ഉദ്ഭവവും വളര്‍ച്ചയും എന്ന വൈജ്ഞാനിക ഗ്രന്ഥം രചിച്ചിട്ടുണ്ട്. 1988ല്‍ കേരള ബാലസാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡെല്‍ഹി കേന്ദ്രമായ അസോസിയേഷന്‍ ഫോര്‍ റൈറ്റേഴ്‌സ് ആന്റ് ഇല്ലസ്‌ട്രേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ (AWIC) യില്‍ അംഗമാണ്.

പ്രധാന പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് അവാര്‍ഡ്, എസ്.പി.സി.എസ്. അവാര്‍ഡ്, ചെറുകഥയ്ക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്‌കാരം.

പ്രധാന കൃതികള്‍: അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്‍, അത്ഭുത നീരാളി, സ്വര്‍ണത്തിന്റെ ചിരി, വിഷവൃക്ഷം, അജ്ഞാതലോകം, സ്വര്‍ണമുത്ത്, മാന്ത്രിക

പ്പൂച്ച, കണ്ണീര്‍മുത്തുകള്‍, കുഞ്ഞുറുമ്പും കുളക്കോഴിയും, സ്‌നേഹപൂര്‍വം കുട്ടികള്‍ക്ക്, ആമയും മുയലും,  ഒരിക്കല്‍ക്കൂടി (ബാലസാഹിത്യം), പ്രവാഹങ്ങള്‍, ചുവന്നസന്ധ്യ (നോവല്‍), രാഗവും താളവും, കര്‍മകാണ്ഡം (ചെറുകഥ), ഓര്‍മ്മയിലെ മണിമുഴക്കം (ഓര്‍മ്മക്കുറിപ്പുകള്‍).

 

കെ സി ജോസഫ്
ചെയര്‍മാന്‍  (ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് )
ബഹു. സാംസ്കാരിക വകുപ്പു മന്ത്രി

തുമ്പമണ്‍ തോമസ്
ഡയറക്ടര്‍ ഇന്‍-ചാര്‍ജ്
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്