KERALA STATE INSTITUTE OF CHILDREN'S LITERATURE

നാടകശില്പശാല - കോട്ടയം

അരങ്ങ് എഴുത്തും പ്രയോഗവും
(കെ. മണികണ്ഠദാസ്)


കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നവയുഗ് ബാലനാടക ചലച്ചിത്ര ഗ്രാമം ഇവ സംയുക്തമായി കോട്ടയത്ത് സംഘടിപ്പിച്ച ബാലനാടക രചനാശില്പശാല, ബാലരംഗോത്സവം എന്നിവയെ അധികരിച്ചുള്ള പ്രത്യേക അവലോകനം

 

''ആ....ര്‍...പ്പോ...!! കോട്ടയം നഗരഹൃദയത്തില്‍ നിന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 30-ാം തീയതി ഉയര്‍ന്ന ആര്‍പ്പുവിളി ഓണത്തിന്റെ ബാക്കിപത്രമായിരുന്നില്ല. അന്‍പതോളം ചെറു ബാലകണ്ഠങ്ങള്‍ ഉയര്‍ത്തിയ ആഘോഷനാദം വ്യത്യസ്തമായ ഒരു സര്‍ഗസംഘടനത്തിന്റെ തിരനോട്ടത്തിന്റേതായിരുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, കോട്ടയം നവയുഗ് ബാലനാടക ചലച്ചിത്ര ഗ്രാമം ഇവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 30,31 സെപ്റ്റംബര്‍ 1,2 തീയതികളിലാണ് ശില്പശാല സംഘടിപ്പിച്ചത്. പതിവ് കെട്ടുകാഴ്ചകളും ചിട്ടവട്ടങ്ങളും ഇല്ലാത്ത ഒരു സംഘാടനം. സര്‍ഗശേഷി ഉണര്‍ത്താന്‍ ആട്ടവും പാട്ടും സര്‍ഗസംവാദങ്ങളും രചനാ പരിശീലനങ്ങളും രംഗാവതരണങ്ങളും എല്ലാമായി നാലുനാള്‍ അക്ഷരാര്‍ത്ഥത്തില്‍ അക്ഷരനഗരിയെ കുരുന്നുകള്‍ കീഴിടക്കി.


നാടകരചനയുടെ -സാങ്കേതികതകളും അവതരണത്തിലേയ്ക്ക് നയിക്കുന്ന വ്യാഖ്യാന - സങ്കേതങ്ങളും ഒരു പഠിപ്പുരയുടെ ഔപചാരികതകളില്ലാതെ, പത്തുവയസ്സുകാര്‍മുതല്‍ പതിനാറ് വയസ്സുകാര്‍ വരെ ഒത്തുചേര്‍ന്ന അന്‍പതു ചെറുബാല്യങ്ങളാണ് ആഗസ്റ്റ് 30-ാം തീയതി മുഖ്യവേദിയായ കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നത്. ആരംഭകാഹളമായ ആര്‍പ്പുവിളികളുമായി ഒന്നായിത്തീര്‍ന്ന അവര്‍ തുടര്‍ന്നുവന്ന  മൂന്ന് നാളുകളോളം 'സര്‍ഗാനുഭവത്തിന്റെഒരു മഹാ പ്രയാണത്തിലായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. പ്രതിഭാശേഷിയെ തേച്ചുമിനുക്കിയ ആ പ്രയാണത്തിന്റെ പഥങ്ങളിലൂടെ ഒരു എത്തിനോട്ടം.


ആഗസ്റ്റ് 30 ആര്‍പ്പുവിളികളുമായി ഒത്തുകൂടിയ കുട്ടികള്‍ ആ ഉത്സവതിമര്‍പ്പില്‍ നിന്നും സ്വന്തം ഉള്ളിലേക്ക് സാവധാനം യാത്ര ആരംഭിച്ചു. യോഗയിലും ധ്യാനത്തിലും കൂടി ഏകാഗ്രമായ മനസ്സോടുകൂടി അവര്‍ ആദ്യം കടന്നു ചെന്നത് പ്രസിദ്ധ ബാലസാഹിത്യകാരനായ ശ്രീ കിളിരൂര്‍ രാധാകൃഷ്ണനുമായി നടത്തിയ സര്‍ഗസംവാദത്തിലേയ്ക്കാണ്. മറ്റുള്ളവരെ അനുകരിയ്ക്കാതെ സ്വന്തമായ ആശയങ്ങളിലൂന്നി രചന നടത്തണമെന്ന് അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. മൗലീകതയ്‌ക്കൊപ്പം തന്നെ രചനയില്‍ ലാളിത്യവും ഉണ്ടാകണമെന്ന് പറഞ്ഞ ശ്രീ രാധാകൃഷ്ണന്‍, പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പ്രാപ്തമായ ലളിതമായ സംഭാഷണങ്ങള്‍ ഒരുക്കുന്നതില്‍ നാടകരചനയില്‍ രചയിതാവ് ശ്രദ്ധാലു ആകണമെന്നും ഉദാഹരണ സഹിതം പറഞ്ഞു.

ഉച്ചകഴിഞ്ഞ് വ്യത്യസ്ത മാധ്യമങ്ങളിലൂടെ സര്‍ഗസംവേദനത്തെ കുട്ടികളെ പരിചയപ്പെടുത്തുന്ന ഈ ലേഖകന്റെ തന്നെ പരിപാടിയില്‍ വ്യത്യസ്തങ്ങളായ ദൃശ്യാശ്രവ്യാവതരണ കലകളിലെ നേരിട്ടും അല്ലാതെയുമുള്ള സംവേദന പ്രക്രിയ (Direct and indirect communication )കുട്ടികള്‍ അടുത്തറിഞ്ഞു. എഴുത്തുകാരന്‍ വായനക്കാരനുമായി എത്തരത്തില്‍ സംവേദിയ്ക്കുന്നു എന്നതും ആ സംവേദനപ്രക്രിയ എത്തരത്തില്‍ നാടകത്തില്‍ (രചിക്കപ്പെട്ട നാടകപാഠത്തില്‍) നേരിട്ടുള്ള സംവേദന പ്രക്രിയ അല്ലാതായിത്തീരുന്നു എന്നും ശില്പശാലയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഒരു പുത്തന്‍ അറിവായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം രംഗപ്രഭാതത്തിലെ ശ്രീമതി കെ എസ് ഗീതയും ശ്രീ അശോക് ശശിയും രംഗപ്രഭാതിലെ കൊച്ചുകൂട്ടുകാരും ആയി ശില്പശാല അംഗങ്ങള്‍ നടത്തിയ മുഖാമുഖം പരിപാടി കുട്ടികള്‍ക്ക് ഏറെ ഹൃദ്യമായി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കുട്ടികളുടെ നാടകവേദിയായ രംഗപ്രഭാതിലെ രംഗാനുഭവങ്ങളുടെ പങ്കുവെയ്ക്കല്‍ കുട്ടികള്‍ക്ക് ഒരു പുത്തന്‍ അനുഭവ പാഠമായിരുന്നു.

വൈകുന്നേരം ഏഴ് മണിയോടെ ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിലെ ആഡിറ്റോറിയത്തില്‍ തിരുവനന്തപുരം രംഗപ്രഭാതിലെ കുട്ടികള്‍ അവതരിപ്പിച്ച 'രത്തന്റെ ലോകം' എന്ന നാടകത്തോടെയാണ് ബാല രംഗോത്സവം ആരംഭിച്ചത്. ബാലനാടകരചനാ ശില്പശാലയുടെ രണ്ടാംനാള്‍ പിറന്നത് ഒന്‍പതുമണിയോടെ ആരംഭിച്ച യോഗധ്യാനം എന്നിവയോടെ ആയിരുന്നു. ഏകാഗ്രചിത്തരായ ബാലപ്രതിഭകള്‍ തുടര്‍ന്ന്, തലേന്ന് കണ്ട രത്തന്റെ ലോകം എന്ന നാടകത്തെ വിമര്‍ശനബുദ്ധ്യാ അവലോകനം ചെയ്ത ചര്‍ച്ചാ പരിപാടിയിലൂടെ കടന്നുപോയി.

ചര്‍ച്ചാ പരിപാടിയ്ക്ക് ശേഷം രത്തന്റെ ലോകം എന്ന നാടകത്തിന്റെ മൂലകഥയായ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പോസ്റ്റ്മാന്‍ കഥയെ അവലംബമാക്കി ഒരു സ്വതന്ത്ര നാടക രചനയ്ക്ക് വേണ്ടുന്ന ഇതിവൃത്തം തയ്യാറാക്കാന്‍ നാല് ഗ്രൂപ്പുകളായി തിരിച്ച് ഏല്പിച്ചുകൊടുത്തത്. നാടകേതര രചനയെ എത്തരത്തില്‍ നാടകപാഠമാക്കാം എന്നതിന് ഒരു പ്രായോഗിക പരിശീലനം നല്‍കുന്നതായിരുന്നു.

ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കിടയ്ക്ക് കടന്നുവന്ന ശ്രീ മീനമ്പലം സന്തോഷ് നാടകരചനയുടെ തന്റെ പ്രായോഗികാനുഭവങ്ങള്‍ ശില്പശാലാംഗങ്ങളുമായി പങ്കുവെച്ചു. നാടകത്തെ രണ്ടു തലങ്ങളില്‍ കാണണം എന്നു പറഞ്ഞ അദ്ദേഹം രചന സംവിധാനം എന്നീ ഘടകങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത്. രചന നടത്തേണ്ടുന്ന ആള്‍ക്ക് മനസ്സില്‍ സ്പാര്‍ക്ക് ചെയ്യുന്ന ഇനീഷ്യല്‍ ഐഡിയ ആണ് കണ്ടെത്തേണ്ടുന്നത്. തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ സമയം കഥാപാത്രങ്ങള്‍, പശ്ചാത്തലം, ക്രിയ എന്നീ രചനാ ഘടകങ്ങളെയും കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു.

ഉച്ചതിരിഞ്ഞ് രചനയുടെ പ്രായോഗിക പരിശീലനം ഗ്രൂപ്പ് തിരിഞ്ഞ് കുട്ടികള്‍ നടത്തിയത് ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി: വൈകുന്നേരം 7-15 ഓടെ ദര്‍ശന ആഡിറ്റോറിയത്തില്‍ വിതുര സുഹൃത് നാടക കളരിയിലെ ബാലികാ ബാലന്മാര്‍ അവതരിപ്പിച്ച വല എന്ന നാടകം ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. വെളിച്ചത്തിന്റെ ഉപയോഗം നാടകത്തില്‍ എത്തരത്തില്‍ വേണമെന്ന് തെളിയിക്കുന്നതായിരുന്നു ഈ അവതരണം.


സെപ്റ്റംബര്‍ ഒന്നാംതീയതി രാവിലെ യോഗ, ധ്യാനം എന്നിവയോടെ ആരംഭിച്ച ശില്പശാല തലേന്ന് നടന്ന വല നാടകാവതരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. തുടര്‍ന്ന് കുട്ടികളുടെ ഗ്രൂപ്പുകള്‍ ചര്‍ച്ചകളിലൂടെ വികസിപ്പിച്ച നാടക ഇതിവൃത്തം ചര്‍ച്ചാവിഷയമായി.

പതിനൊന്നുമണിയോടെ എത്തിയ പ്രശസ്ത ബാലനാടകകൃത്ത് ശ്രീ ആലിന്തറ ജി കൃഷ്ണപിള്ള നാടകരചനയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ലളിതമായി ആണ് അറിവ് കുട്ടികള്‍ക്ക് പകര്‍ന്നത്. കുട്ടികളുടെ നാടകം കുട്ടികള്‍ എഴുതണമെന്ന് നിര്‍ബന്ധമില്ല എന്ന് അദ്ദേഹം ഉദാഹരണത്തോടെ കുട്ടികളെ മനസ്സിലാക്കി. കുട്ടികളുടെ കഴിവുകള്‍ പൂര്‍ണമായും വെളിയില്‍ വരുന്ന രീതിയിലാവണം കുട്ടികളുടെ നാടക സൃഷ്ടി നടത്തേണ്ടുന്നത്. കുട്ടികളുടെ വ്യക്തിത്വവികാസം ആയിരിക്കണം ഈ നാടകങ്ങളുടെ ലക്ഷ്യം,. നാടകം സ്വയം ഉണ്ടാകേണ്ടുന്നതാകണം എന്നും അദ്ദേഹം സൂചിപ്പിച്ചു. സാങ്കേതിക വശങ്ങളെക്കുറിച്ച് വിവരിച്ചശേഷം ശ്രീ ആലിന്തറ കൃഷ്ണപിള്ള കുട്ടികളുമായി സുദീര്‍ഘമായ അദ്ദേഹത്തിന്റെ നാടകാനുഭവങ്ങള്‍ പങ്കുവെച്ചു.

ഉച്ചയോടെ  വിതുര സുഹൃത് നാടകകളരിയ്ക്ക് നേതൃത്വം നല്‍കുന്ന ശ്രീ സുധാകരനാണ് കുട്ടികള്‍ക്ക് പുത്തന്‍ അറിവുകള്‍ പകര്‍ന്നു നല്‍കാനെത്തിയത്.കുട്ടികളുടെ നാടകത്തില്‍ രചിക്കപ്പെട്ട കൃതി, എഴുത്തുകാരന്‍, സംവിധായകന്‍, അഭിനേതാവ് ഇവര്‍ക്കൊന്നും സ്ഥാനമില്ലെന്നാണ് ശ്രീ സുധാകരന്‍ അഭിപ്രായപ്പെട്ടത്. കണ്ടതും കേട്ടതും അനുഭവിച്ചതും വായിച്ചതുമായ അനുഭവങ്ങളാണ് കുട്ടികളുടെ നാടകങ്ങളാകേണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ശ്രീ സുധാകരന്‍ കുട്ടികള്‍ തന്നെ തിരഞ്ഞെടുത്ത അനാഥത്വം എന്ന വിഷയം എത്തരത്തില്‍ നാടകമാകുന്നു എന്ന് കുട്ടികളുടെ പങ്കാളിത്തത്തോടെ കാണിച്ചുകൊടുത്തു.

ശ്രീ സുധാകരന്റെ ആശയങ്ങള്‍ പങ്കുവെയ്ക്കലിന് ശേഷം എറണാകുളം ഭാരതമാതാ കോളജിലെ ഡോ.ലാലിമാത്യുവാണ് കുട്ടികളുമായി സംവേദിക്കാന്‍ എത്തിയത്. നാടകരചനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ഡോ. ലാലി കുട്ടികളുമായി ആശയ വിനിമയം നടത്തിയത്.

നാം കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങള്‍ കഥകള്‍ ആകുകയാണ് എന്നു പറഞ്ഞാണ് ഡോ. ലാലി മാത്യു ആരംഭിച്ചത്. നാടകം, കവിത തുടങ്ങിയവയുടെ രചനയ്ക്ക്, രചനയിതാവ് ചുറ്റുമുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ആരാണ് ഞാന്‍ എന്ന് സ്വയമറിയണം. അതിലൂടെ മറ്റുള്ളവരെ കണ്ടെത്തണം. നാടകത്തിലെ കഥാപാത്രങ്ങള്‍ സമൂഹത്തിലെ വ്യക്തികള്‍ തന്നെയാണ്. ഒരു പ്രശ്‌നമുണ്ടാക്കി അത് പരിഹരിച്ച് ഒരു കലാസൃഷ്ടി ജനിക്കുകയാണ് കിട്ടുന്ന എല്ലാ കാര്യങ്ങളും കുറിച്ച് വെച്ച് സൃഷ്ടിയാക്കണം. എഴുത്തുതുടങ്ങുമ്പോള്‍ പൂര്‍ണത വരുന്നില്ല എന്ന് മനസ്സിലാക്കണം. ഒരു സൃഷ്ടി പല ആവര്‍ത്തി ചെയ്യുമ്പോഴാണ് അതിന് പൂര്‍ണത കൈവരുന്നത്. സര്‍ഗാത്മ സൃഷ്ടി ആവര്‍ത്തിയാം തോറും അതിന് മൂര്‍ച്ച കൂടിക്കൊണ്ടിരിയ്ക്കും ഡോ. ലാലിമാത്യുവിന്റെ സംസാരം കുട്ടികള്‍ക്ക് പുത്തനറിവിന്റെ വാതായനങ്ങളാണ് തുറന്നുകൊടുത്തത്.

മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിഞ്ഞത് നേരം ഏറെ വൈകിയാണ്. മദ്ധ്യാഹ്ന വിശ്രമത്തിനുശേഷം കലാലയ നാടകവേദിയിലെ അനുഭവങ്ങള്‍ കലാലയ നാടക പ്രവര്‍ത്തകനായ ശ്രീജോസ് കല്ലറയ്ക്കല്‍ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികളുടെ നാടക പ്രവര്‍ത്തനങ്ങളില്‍ സുദീര്‍ഘമായ അനുഭവ സമ്പത്തുള്ള ശ്രീ ജോസിന്റെ പങ്കുവെയ്ക്കല്‍ കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു.

വൈകുന്നേരം ഏഴ് മണിയോടെ വിതുര സുഹൃത് നാടക സംഘത്തിന്റെ ധീരമാതൃത്വം എന്ന നാടകമാണ് അരങ്ങിലെത്തിയത്. ബാലസദസ്സിന് ഹൃദ്യമായ നാടകവതരണമായിരുന്നു ഇത്.

സമാപന ദിവസം രാവിലെ ഒന്‍പതുമണിയോടെ യോഗ, ധ്യാനം എന്നീ പതിവ് ക്രിയകള്‍ക്ക് ശേഷം തലേ#്‌നന് കുട്ടികളുടെ ഗ്രൂപ്പുകള്‍ പൂര്‍ത്തീകരിച്ച നാടക ഇതിവൃത്തരചനയുടെ അവതരണം നടന്നു. ടാഗോറിന്റെ ''പോസ്റ്റ്മാന്‍ '' എന്ന കഥയുടെ രംഗഭാഷ്യം ആയിരുന്നു കുട്ടികല്‍ എഴുതിയിരുന്നത്. നാല് ഗ്രൂപ്പുകള്‍ നാല് വ്യത്യസ്ത രീയില്‍ #ീ കഥയെ സമീപിച്ചത് വളരെ ഭാവനാവിലാസത്തോടെ ആയിരുന്നു.

തുടര്‍ന്ന് ബാലനാടകരചയിതാവായ ശ്രീ കൊടുമണ്‍ ഗോപാലകൃഷ്ണന്‍ രചനയുടെ സാങ്കേതങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുത്തു. ബാലനാടകങ്ങള്‍ കുട്ടികളുടേതായ രീതിയില്‍ വേണം രചിക്കപ്പെടേണ്ടത്. വര്‍ണപ്പൊലിമയുള്ള വെളിച്ചവിതാനവും പാട്ടുകളും എല്ലാം ഉള്‍ക്കൊള്ളിച്ച് ശബളാഭമായ ഒരു രംഗാവതരണം മുന്നില്‍ കണ്ടുവേണം കുട്ടികളുടെ നാടകം രചിക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലാകരുത്‌രചന എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ബാലമനസ്സുകളുടെ ആസ്വാദനം മുന്നില്‍ക്കണ്ട് സൃഷ്ടി നടത്തണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ആണ് അദ്ദേഹം തന്റെ മുഖാമുഖം അവസാനിപ്പിച്ചത്.

ഉച്ചയ്ക്കുള്ള ഇടവേളയ്ക്കുശേഷം ഒരു ഇതിഹാസത്തെ എത്തരത്തില്‍ ബാലനാടകം ആക്കാം എന്ന് ഉള്ളതിന്റെ ആമുഖത്തോടെ അന്ന് അവതരിപ്പിക്കുന്ന നവയുഗിന്റെ 'ഗുരു കൃപ' എന്ന നാടകത്തിന്റെ പ്രമേയ, ഇതിവൃത്തങ്ങളെ ഈ ലേഖകന്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. കൂടാതെ രചിക്കപ്പെട്ട നാടകം, രംഗ ഭാഷയില്‍ എങ്ങനെ വ്യാഖ്യാനക്കെപ്പടുന്നു എന്നതിന്റെ തെളിവായി ഗുരുകൃപ നാടകത്തെ നോക്കി കാണാനും ആവശ്യപ്പെട്ടു.

വൈകുന്നേരം ഏഴുമണിയോടെ കോട്ടയം മുന്‍സിപ്പല്‍ പാര്‍ക്കില്‍ ഏഴു വേദികളിലായി നവയുഗ് ബാലനാടക ചലച്ചിത്ര ഗ്രാമത്തിന്റെ 'ഗുരു കൃപ' നാടകം അവതരിപ്പിക്കപ്പെട്ടു. ഈ രംഗാവതരണത്തെ അനുഭവമാക്കാന്‍ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന വന്‍ സദസ്സാണ് മുനിസിപ്പല്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത്. അരങ്ങില്‍ നിന്നും അരങ്ങിലേക്ക് നീളുന്ന രംഗക്രിയയിലൂടെ പുരോഗമിയ്ക്കുന്ന ഈ നാടകാവതരണത്തെ സദസ്സും മാധ്യമങ്ങളും തുറന്നമനസ്സോടെ ആണ് സ്വീകരിച്ചത്.

ഈ രംഗാവതരണത്തോടെ നാലുനാള്‍ നീണ്ടു നിന്ന ബാലനാടക രചനാ ശില്പശാലയും ബാലരംഗോത്സവത്തിനും തിരശ്ശീല വീണു. ശില്പശാലയില്‍ പങ്കെടുത്ത ബാല പ്രതിഭകളുടെ സര്‍ഗാത്മകതയ്ക്ക് കൂടുതല്‍ തിളക്കമേകാന്‍ ഈ പരിപാടി കൊണ്ട് കഴിഞ്ഞു എന്നുള്ളത് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിനും നവയുഗ് ബാലനാടക ചലച്ചിത്ര ഗ്രാമത്തിനും ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്ന ഒന്നാണ്.