KERALA STATE INSTITUTE OF CHILDREN'S LITERATURE

തിരുവനന്തപുരം പുസ്തകമേള 2012 - പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു പി ഡി എഫ്‌  Array പ്രിന്‍റ് Array  ഇ മെയില്‍

 

6 ാമത് തിരുവനന്തപുരം പുസ്തകമേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ  2012 ലെ തിരുവനന്തപുരം പുസ്തകമേള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2010, 2011 എന്നീ വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച 10 മലയാള കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. കഥ, നോവല്‍, കവിത, നാടകം, ശാസ്ത്രം/ വിജ്ഞാനം, വിവര്‍ത്തനം, നിരൂപണം/ഉപന്യാസം, ജീവചരിത്രം/ആത്മകഥ, യാത്രാവിവരണം, പ്രൊഡക്ഷന്‍/ അച്ചടി എന്നീ 10 വിഭാഗങ്ങളിലുള്ള മികച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീ പെരുമ്പടവം ശ്രീധരന്‍ കണ്‍വീനറും ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ ഡി ബഞ്ചമിന്‍, ശ്രീ നേമം പുഷ്പരാജ് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്‌കാരത്തിനുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. 10,000/- രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
 

വിശ്വമലയാള മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെ കനകക്കുന്നില്‍ വച്ചു സംഘടിപ്പിക്കുന്ന 6-ാമത് തിരുവനന്തപുരം പുസ്തകമേളയില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കുന്നതാണ്.


പത്രസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് പ്രൊഫ തുമ്പമണ്‍ തോമസ്, പുസ്തകമേള ജനറല്‍ കണ്‍വീനര്‍ ബി പ്രസാദ്, അസിസ്റ്റന്റ് എഡിറ്റര്‍ ജി മോഹനകുമാരി, സബ് എഡിറ്റര്‍മാരായ റ്റി ആര്‍ രാധിക ദേവി, ജെ എന്‍ സെലിന്‍ എന്നിവര്‍ പങ്കെടുത്തു.തിരഞ്ഞെടുത്ത 10 പുസ്തകങ്ങളും ജൂറിയുടെ വിലയിരുത്തലും

1    നോവല്‍
മറുപിറവി    - സേതു

സ്വത്വസംസ്‌കാരത്തിന്റെ സര്‍ഗാത്മക വിതാനങ്ങളിലേക്ക് വ്രതശുദ്ധിയോടെയും എന്നാല്‍ ഉര്‍വരതയോടെയും ഉള്ള തീര്‍ഥയാത്ര- അതാണ് മറുപിറവിയുടെ സത്യവാങ്മൂലം.

2    ചെറുകഥ
ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും -  വി ദിലീപ്

മലയാള ചെറുകഥയ്ക്ക് വ്യതിരിക്തവും വ്യാകരണവിരുദ്ധവുമായ നിറകണ്‍ചിരികൊണ്ട് തനതു തട്ടകം സൃഷ്ടിക്കുകയാണ് 'ധിക്കാരിയുടെ കാതല്‍' എന്നു വിശേഷിപ്പിക്കാവുന്ന വി ദിലീപ്. ഈ പ്രഖ്യാപനത്തിന്റെ സാക്ഷ്യപത്രമാണ് ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും എന്ന ഈ പുസ്തകം

3    കവിത
തീക്കുപ്പായം    - ബൃന്ദ

യോഗാത്മക പരിവേഷത്തോടെ, നിലാവിനാല്‍ വലയിതമായ അഗ്നിപോലെ, പ്രണയത്തിന്റെ അത്യപൂര്‍വ നാനാര്‍ഥങ്ങള്‍ തിരയുന്ന കവിതകള്‍.

4    നാടകം
ജ്വാലാകലാപം    - ആര്‍ നന്ദകുമാര്‍

തേജസ്വിനിപുഴയുടെ തീരത്തെ കയ്യൂര്‍ എന്ന വീരേതിഹാസത്തിന് 'മഠത്തില്‍ അപ്പു' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് നല്‍കുന്ന സര്‍ഗാത്മകമായ വ്യാഖ്യാനം. അക്ഷരത്തിനും അരങ്ങിനും ഒരേ മട്ടില്‍ ചാരിതാര്‍ഥ്യം.

5    ശാസ്ത്രം/ വൈജ്ഞാനികം
ഭൂമി ചുട്ടു പഴുക്കുമ്പോള്‍ - ഡി വി സിറിള്‍

ലോകം നേരിടുന്ന ഏറ്റവും വലിയ സങ്കട സമസ്യകള്‍ക്ക് ശാസ്ത്രത്തിന്റെ അകമിഴികള്‍ സമ്മാനിക്കുന്ന മധുരവും ധീരവുമായ പരിഹാരങ്ങള്‍- ആര്‍ദ്രതയിലേക്കുള്ള വലിയ കവാടം തുറക്കല്‍- അതാണ് ഭൂമി ചുട്ടു പഴുക്കുമ്പോള്‍.

6    വിവര്‍ത്തനം
ഇല്ല, ഞങ്ങള്‍ക്ക് ഒരു പ്രയാസവുമില്ല- വിവ. വി ഡി കൃഷ്ണന്‍ നമ്പ്യാര്‍

പരിഭാഷയുടെ പരാക്രമങ്ങള്‍ക്കിടയില്‍ മുറിവും മുഷിവുമേല്‍ക്കാതെ എങ്ങനെ മൂലകൃതിയോട് അവയുടെ അകമിന്നാട്ടങ്ങളോട് നീതി പുലര്‍ത്താം എന്നതിന്റെ തെളിവാണ് പരിണതപ്രഞ്ജനായ വി ഡി കൃഷ്ണന്‍ നമ്പ്യാര്‍ ഭാഷാന്തരപ്പെടുത്തിയ ഈ പുസ്തകം.

7    വിമര്‍ശനം
ഉത്തരാധുനിക ചര്‍ച്ചകള്‍ - പ്രസന്നരാജന്‍

ഉത്തരാധുനികതയുടെ ഊര്‍ജമാപിനി ഉപയോഗിച്ച് ആനന്ദ് മുതല്‍ കെ ജി ശങ്കരപ്പിള്ളവരെയുള്ള ഒരു സംഘം എഴുത്തുകാരുടെ രചനകളെ ഇഴപിരിക്കുകയാണ് ഉത്തരാധുനിക ചര്‍ച്ചകള്‍ എന്ന കൃതിയിലൂടെ ശ്രീ പ്രസന്നരാജന്‍.

8    യാത്രാവിവരണം
ലുംബിനിയിലെ രാജഹംസം - കെ പി രമേഷ്

ലുംബിനിയിലെ രാജഹംസം - ബുദ്ധ പഥങ്ങളിലേക്കും ഉത്തരേന്ത്യന്‍ തീര്‍ഥസ്ഥലങ്ങളിലേക്കും ഒരു ചരിത്രവിദ്യാര്‍ഥിയുടെ  ഉത്കണ്ഠാകുലതകളോടെ ഹൃദയത്തിന്റെ സെര്‍ച്ച് ലൈറ്റു നീട്ടിയുള്ള മഹായാനം.

9.    ജീവചരിത്രം/ ആത്മകഥ
എന്റെ ജീവിതം - കല്ലേന്‍ പൊക്കുടന്‍

ചേറും ചേലും നിറഞ്ഞ ഒരു ജീവിതത്തിന്റെ വീറും വിരുതും സുവിശദമാക്കുന്ന കണ്ണീരും ചോരയും പുരണ്ട ക്രിയാപരിച്ഛേദം- കല്ലേന്‍ പൊക്കുടന്റെ 'എന്റെ ജീവിതം'

10    പ്രൊഡക്ഷന്‍/അച്ചടി
കേരളവര്‍മ പഴശ്ശിരാജാ    - കറന്റ് ബുക്‌സ്, തൃശ്ശൂര്‍

പുറവടിവും അകവിതാനവും ഒരു പുസ്തകത്തെ എത്രമേല്‍ ചേതസ്സമാകര്‍ഷകമാക്കുന്നുവെന്നതിന്റെ പ്രകടവും പ്രഥമവുമായ ഉദാഹരണമാണ് കേരളവര്‍മ പഴശ്ശിരാജാ എന്ന പുസ്തകം. അച്ചടിയുടെയും രൂപകല്പനയുടെയും സാങ്കേതിക പരിപൂര്‍ണതയും സര്‍ഗാത്മസൗന്ദര്യവും ചേരുംപടി ചേര്‍ന്ന ഒരു കൃതി.