KERALA STATE INSTITUTE OF CHILDREN'S LITERATURE

കെ മുരളീധരന്‍ എം എല്‍ എ യുടെ ചിത്രം വരച്ചുകൊണ്ട് അഖിലകേരള ചിത്രരചനാമത്സരം കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

 

 

കെ മുരളീധരന്‍ എം എല്‍ എ യുടെ ചിത്രം വരച്ചുകൊണ്ട് അഖിലകേരള ചിത്രരചനാമത്സരം
കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള ലളിതകലാ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാമത്സരം കനകക്കുന്ന് കൊട്ടാരത്തില്‍ 28-10-2012 ന് വിഖ്യാതശില്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായിരുന്ന ശ്രീ കെ മുരളീധരന്‍ എം എല്‍ എ യുടെ രേഖാചിത്രം വരച്ചുകൊണ്ടായിരുന്നു കാനായി ചിത്രരചനാമത്സരം ഉദ്ഘാടനം ചെയ്തത്. “സാക്ഷരതയില്‍ നാം  മുന്നിലാണെങ്കിലും കലകള്‍ പഠിപ്പിക്കാന്‍ വിദ്യാലയങ്ങള്‍ തയ്യാറാവുന്നില്ല. മറ്റു സംസ്ഥാനങ്ങളെല്ലാം അവരുടെ കുട്ടികളെ വിവിധ കലകള്‍ അഭ്യസിപ്പിക്കാന്‍ തയ്യാറാവുന്നുണ്ട്. എഴുത്തിനിരുത്ത് എന്ന പ്രഹസനം നിര്‍ത്തണമെന്നും കാനായി അഭിപ്രായപ്പെട്ടു. മലിനമായ കൈകള്‍ കൊണ്ടല്ല കുട്ടികളെ ആദ്യാക്ഷരം എഴുതിക്കേണ്ടത്. കുട്ടിയെ എഴുത്തിനിരുത്താന്‍ ഏറ്റവും യോഗ്യതയുള്ളവര്‍ സ്വന്തം അമ്മമാര്‍ തന്നെയാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കാന്‍ മുന്നോട്ടുവരണം. എന്‍ജിനിയര്‍മാര്‍ മാത്രം പോര നമുക്ക് കലാകാരരും ധാരാളമായി ഉണ്ടാവണം. കാനായി പറഞ്ഞു.
ശ്രീ കെ മുരളീധരന്‍ എം എല്‍ എ ആയിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. “മലയാള സമ്മേളനം സംഘടിപ്പിച്ചാല്‍ മാത്രം പോര, മലയാളഭാഷയെ മുന്നിലേക്കു കൊണ്ടുവരാന്‍ നാമോരോരുത്തരും സന്നദ്ധരാവുകയും വേണം. മറ്റുഭാഷക്കാര്‍ തങ്ങളുടെ ഭാഷയില്‍ അഭിമാനം കൊള്ളുമ്പോള്‍ ‘മലയാലം അരിയില്ല’ എന്നു പറയുന്നവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്നു. ഈ പ്രവണത മാറണം.” അധ്യക്ഷപ്രസംഗത്തില്‍ ശ്രീ കെ മുരളീധരന്‍ പറഞ്ഞു.
ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ പെരുമ്പടവം ശ്രീധരന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ തുമ്പമണ്‍ തോമസ്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ ആര്‍ ഗോപാലകൃഷ്ണന്‍, കേരള ലളിതകലാഅക്കാദമി നിര്‍വാഹകസമിതി അംഗം ശ്രീ ജി ഹരി, പുസ്തകമേള കണ്‍വീനര്‍ ശ്രീ ബി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 9.30 മണി മുതല്‍ 12.30 മണിവരെയായിരുന്നു മത്സരം. 5 മുതല്‍ 10 വയസ്സുവരെയും 11 മുതല്‍ 15 വയസ്സുവരെയുമുള്ള രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 300 ഓളം കുട്ടികള്‍ പങ്കെടുത്തു.
ഓരോ വിഭാഗത്തിനും ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3,000 രൂപയും ആണ്. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ബഹു. സാംസ്‌കാരികവകുപ്പു മന്ത്രി ഒക്‌ടോബര്‍ 31 ന് തിരുവനന്തപുരം പുസ്തകമേളയോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.