KERALA STATE INSTITUTE OF CHILDREN'S LITERATURE

കനകക്കുന്നില്‍ നടന്ന അഖിലകേരള ചിത്രരചനാമത്സരം വിജയികളെ പ്രഖ്യാപിച്ചു

കനകക്കുന്നില്‍ നടന്ന അഖിലകേരള ചിത്രരചനാമത്സരം വിജയികളെ പ്രഖ്യാപിച്ചു


വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള ലളിതകലാ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാമത്സരത്തില്‍ പ്രൈമറി വിഭാഗത്തില്‍ ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥി വെങ്കിടേശ്വരന്‍ റ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂര്‍ സെന്റ് തെരേസസ് ആംഗ്ലോ ഇന്ത്യന്‍ എച്ച് എസ് എസിലെ സയന ടി വി രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂളിലെ അക്ഷയ് മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ആര്‍ച്ച സുരേന്ദ്രന്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതമി എം ജി ക്കാണ്. പട്ടം സെന്റ് മേരീസ് എച്ച് എസിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥി ശിഖ ശിവരാമന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. രാവിലെ 9.30 മണി മുതല്‍ 12.30 മണിവരെയായിരുന്നു മത്സരം. 5 മുതല്‍ 10 വയസ്സുവരെയും 11 മുതല്‍ 15 വയസ്സുവരെയുമുള്ള രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 267 കുട്ടികള്‍ പങ്കെടുത്തു.
ഓരോ വിഭാഗത്തിനും ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3,000 രൂപയും ആണ്. ഇരു വിഭാഗത്തിലും പത്തുപേര്‍ക്കുവീതം പ്രോത്സാഹന സമ്മാനവും നല്‍കും. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ബഹു. സാംസ്‌കാരികവകുപ്പു മന്ത്രി ഒക്‌ടോബര്‍ 31 ന് തിരുവനന്തപുരം പുസ്തകമേളയോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.