KERALA STATE INSTITUTE OF CHILDREN'S LITERATURE

6-ാമത് തിരുവനന്തപുരം പുസ്തകമേളക്ക് തിരിതെളിഞ്ഞു

6-ാമത് തിരുവനന്തപുരം പുസ്തകമേളക്ക് തിരിതെളിഞ്ഞു


വിശ്വമലയാള മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന 6-ാമത് തിരുവനന്തപുരം പുസ്തകമേള ശ്രീ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബഹു കേന്ദ്ര മാനവ വിഭവശേഷി വികസന സഹമന്ത്രി ഡോ ശശി തരൂര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കനകക്കുന്നിലെ പുസ്തകമേള ആഡിറ്റോറിയത്തില്‍ വൈകിട്ട് 5.30 ന് നടന്ന ചടങ്ങില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) പ്രൊഫ തുമ്പമണ്‍ തോമസ് സ്വാഗതം പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ പെരുമ്പടവം ശ്രീധരന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ ആര്‍ ഗോപാലകൃഷ്ണന്‍, വിവരാവകാശ കമ്മീഷണര്‍ ഡോ കുര്യാസ് കുമ്പളക്കുഴി, ശ്രീ സേതു, ശ്രീമതി ബൃന്ദ  തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശ്രീ പി ജി മോഹനനാഥന്‍ നായര്‍ നന്ദി പറഞ്ഞു.bookfair-inaguration-30-10-2012-combination

ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം പുസ്തകവായനയെ കുറയ്ക്കുന്നില്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സൂചിപ്പിച്ചു. “ഇത് എനിക്ക് വേണ്ടിയുള്ള പുസ്തകമാണ്, ഇത് എനിക്കായി എഴുതിയ പുസ്തകമാണ്.” ഓരോ പുസ്തകവും വായനക്കാരെ ഇങ്ങനെ ചിന്തിപ്പിക്കുന്നു. ഓരോ മാധ്യമത്തിലും അതിന്റേതായ സ്വതന്ത്രമായ നിലനില്‍പ്പുണ്ട്. ഒന്ന് മറ്റൊന്നിന്റെ വളര്‍ച്ചയെ തളര്‍ത്തുന്നില്ല. ദൃശ്യമാധ്യമങ്ങളുടെ ഈ കാലഘട്ടത്തില്‍ പുസ്തക വായന വര്‍ദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണ്. മലയാളം മാത്രമല്ല മറ്റെല്ലാ ഭാഷകളിലെ കൃതികളും കൈനീട്ടി സ്വീകരിക്കുവാന്‍ നാം തയ്യാറാണ്. ബംഗാളി എഴുത്തുകാരിലൂടെയാണ് അവിടത്തെ തെരുവുകളും പട്ടണങ്ങളും സംസ്‌ക്കാരവും എല്ലാം മലയാളി അറിഞ്ഞത്. വിവിധ ദേശക്കാരുടെ സംസ്‌ക്കാരവും രീതികളും മനസ്സിലാക്കാന്‍ പുസ്തകങ്ങള്‍ നമ്മെ സഹായിക്കും. പുസ്തകങ്ങളുടെ ആവശ്യക്കാര്‍ കൂടുകയാണ്. പുസ്തകമേളകള്‍ സൂചിപ്പിക്കുന്നത് ഇതാണ്. യു എ ഇ യില്‍ പോലും ഇപ്പോള്‍ പുസ്തകമേളകള്‍ നടത്തുന്നു. പുസ്തകങ്ങളോടുള്ള അഭിരുചി കുറയാതെ നിലനില്‍ക്കുകതന്നെ ചെയ്യും. എം ടി പറഞ്ഞു.

സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍ വായിക്കാനുള്ള സമയം കുറയുന്നുണ്ടെങ്കില്‍ പോലും വായന മരിക്കുന്നില്ലെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ ശശി തരൂര്‍ സൂചിപ്പിച്ചു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ പെരുമ്പടവം ശ്രീധരന്‍ മുഖ്യപ്രഭാക്ഷണം നടത്തി. സാധാരാണക്കാര്‍ക്ക് എഴുത്തുകാരുമായി കാണാനും സംസാരിക്കാനും ഉള്ള അവസരം വിശ്വമലയാള മഹോത്സവം നല്‍കുന്നു. അതില്‍ ഒത്തിരി സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞു.

നോവല്‍, കവിത എന്നീ വിഭാഗങ്ങളിലെ പുസ്തകമേള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു. സേതുവിന്റെ മറുപിറവി എന്ന നോവലിനുള്ള പുരസ്‌കാരം ഡോ ശശി തരൂര്‍ സമ്മാനിച്ചു. വിവരാവകാശ കമ്മീഷണര്‍ ഡോ കുര്യാസ് കുമ്പളക്കുഴി മറുപിറവിയെ സദസ്യര്‍ക്കായി പരിചയപ്പെടുത്തി. ഇത് ഭാവിതലമുറയ്ക്കുവേണ്ടിയുള്ള പുസ്തകമാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ശ്രീ സേതു പറഞ്ഞു. തീകുപ്പായം എന്ന കവിതക്ക് ലഭിച്ച പുരസ്‌കാരം ശ്രീമതി ബൃന്ദ ശ്രീ എം ടി വാസുദേവന്‍ നായരില്‍ നിന്നും ഏറ്റുവാങ്ങി. തീകുപ്പായം എന്ന പുസ്തകത്തെ ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍ പരിചയപ്പെടുത്തി. എം ടി യുടെ കയ്യില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ഇനി മുന്നോട്ടുള്ള പ്രയാണത്തിന് സഹായിക്കുമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ശ്രീമതി ബൃന്ദ പറഞ്ഞു.