KERALA STATE INSTITUTE OF CHILDREN'S LITERATURE

ഭാഷയും സംസ്കാരവും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ വിശ്വമലയാള മഹോത്സവം സഹായിക്കും - പെരുമ്പടവം ശ്രീധരന്‍

ഭാഷയും സംസ്കാരവും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ വിശ്വമലയാള മഹോത്സവം സഹായിക്കും - പെരുമ്പടവം ശ്രീധരന്‍


മാറിയ സാഹചര്യങ്ങളില്‍ ഭാഷയും സംസ്കാരവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ വിശ്വമലയാളമഹോത്സവം സഹായിക്കുമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിശ്വമലയാളമഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന തിരുവനന്തപുരം പുസ്തകമേള
യുടെ മൂന്നാം ദിവസം വൈകിട്ട് കനകക്കുന്ന് പുസ്തകമേളാ ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തകമേളാ പുരസ്കാരസമര്‍പ്പണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പ്രൊഫ തുമ്പമണ്‍ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രീ അക്ബര്‍ കക്കട്ടില്‍, പ്രൊഫ. വി ഡി കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീ വി ദിലീപ്, പ്രൊഫ. എച്ച് വി വിജയകുമാരി, ശ്രീ ജി വി ഹരി, ഡോ രാധിക സി നായര്‍, ശ്രീ ജെ എന്‍ സെലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവര്‍ത്തന വിഭാഗത്തില്‍ പ്രൊഫ. വി ഡി കൃഷ്ണന്‍ നമ്പ്യാര്‍ രചിച്ച 'ഇല്ല ഞങ്ങള്‍ക്കൊരു പ്രയാസവുമില്ല' എന്ന കൃതി പുരസ്കാരത്തിന് അര്‍ഹമായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. തുമ്പമണ്‍ തോമസില്‍ നിന്നും വി ഡി കൃഷണന്‍ നമ്പ്യാര്‍ പുരസ്കാരം ഏറ്റുവാങ്ങി. കഥാവിഭാഗത്തില്‍ 'ഒരു സിനിമാകഥയിലെ നായകനും അവന്റെ വില്ലനും' എന്ന പുസ്തകമാണ് അവാര്‍ഡിനര്‍ഹമായത്. കഥാകൃത്ത് ശ്രീ വി ദിലീപിന് ശ്രീ അക്ബര്‍ കക്കട്ടില്‍ പുരസ്കാരം സമ്മാനിച്ചു.
പ്രൊഫ. എച്ച് വി വിജയകുമാരി, ശ്രീ ജി വി ഹരി എന്നിവര്‍ അവാര്‍ഡിനര്‍ഹമായ പുസ്തകങ്ങള്‍ സദസ്യര്‍ക്കായി പരിചയപ്പെടുത്തി.
പുസ്തകമേളയില്‍ നിന്നും ആയിരം രൂപയ്ക്കുമേല്‍ പുസ്തകങ്ങള്‍ വാങ്ങിയവരില്‍ നിന്നും നറുക്കടുപ്പിലൂടെ വിജയികളായ അഞ്ചുപേര്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ വീതം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. തുമ്പമണ്‍ തോമസ് സമ്മാനമായി നല്‍കി.
പുരസ്കാരചടങ്ങുകള്‍ക്കു ശേഷം നടന്ന കലാസന്ധ്യയില്‍ എം. ബി. എസ്. യൂത്ത് ക്വയര്‍, തിരുവനന്തപുരം അവതരിപ്പിച്ച കൈരളീവന്ദനം കേരളപ്പിറവി ദിനത്തില്‍ ഹൃദ്യാനുഭവമായി മാറി.