KERALA STATE INSTITUTE OF CHILDREN'S LITERATURE

തിരുവനന്തപുരം പുസ്തകമേളയില്‍ തിരക്കേറുന്നു

 

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തിരുവനന്തപുരം പുസ്തകമേളയില്‍ തിരക്കേറുന്നു. വിശ്വമലയാളമഹോത്സവത്തോടനുബന്ധിച്ചാണ് ഇത്തവണ പുസ്തകമേള സംഘടിപ്പിച്ചത്. കനകക്കുന്ന് കൊട്ടാരവളപ്പിലാണ് മേള നടക്കുന്നത്. ഒക്റ്റോബര്‍ 30 ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്ത പുസ്തകമേള തിങ്കളാഴ്ച അവസാനിക്കും.

പ്രദര്‍ശനസ്റ്റാളുകള്‍ കൂടാതെ 74 പുസ്തകസ്റ്റാളുകളിലായി വിദേശപ്രസാധകരുള്‍പ്പടെ 150 ഓളം പ്രസാധകരാണ് തിരുവനന്തപുരത്തെ ഏറ്റവും വലിയ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലുമുള്ള നിരവധി പുസ്തകസ്റ്റാളുകള്‍ മേളയിലുണ്ട്. സാഹിത്യ അക്കാദമി, നാഷണല്‍ ബുക്ക് ട്രസ്റ്റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് , സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, ആശാന്‍ സ്മാരക ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ചരിത്രഗവേഷണ കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാര്‍ മേഖലയിലുള്ള പ്രസാധകരുടെ പുസ്തകങ്ങള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ട്.

ഡിസി ബുക്സ്, കറന്റ് ബുക്സ്, എന്‍.ബി.എസ്, ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ്, പൂര്‍ണ, ഗ്രീന്‍ ബുക്സ്, മനോരമ, ദേശാഭിമാനി പബ്ലിക്കേഷന്‍സ്, ലിപി തുടങ്ങി സ്വകാര്യമേഖലയിലെ നിരവധി പ്രസാധകരുടെ സ്റ്റാളുകളും മേളയില്‍ സജീവമാണ്. വായനയെ ഗൗരവകരമായി കാണുന്ന നിരവധിപേര്‍ സ്റ്റാളുകളിലെത്തുന്നുണ്ടെന്ന് പ്രസാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിന്റെ പാരമ്പര്യം എടുത്തുകാണിക്കുന്ന സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രദര്‍ശനത്തില്‍ ദാരുശില്പങ്ങള്‍, മരത്തിലും ലോഹങ്ങളിലും തീര്‍ത്ത പഴയകാല ഉപകരണങ്ങള്‍, അളവ്പാത്രങ്ങള്‍, ആയുധങ്ങള്‍, പഴയകാല നാണയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍, രേഖകള്‍, തിരുവിതാംകൂറില സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന പദവിചിഹ്നങ്ങള്‍, അന്നത്തെ ഔദ്യോഗിക സീലുകള്‍ തുടങ്ങിയവയെ അടുത്തറിയാന്‍ അവസരമുണ്ട്. വിദ്യാര്‍ത്ഥികളും ഗവേഷകരും അടക്കം നിരവധിപേര്‍ പുരാവസ്തുവകുപ്പ് ഒരുക്കിയ സ്റ്റാളുകളില്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. പുരാരേഖാ വകുപ്പും മേളയിലുണ്ട്. 1968 ലെ ലിപിപരിഷ്കരണവുമായി ബന്ധപ്പെട്ട് ശൂരനാട് കുഞ്ഞന്‍പിള്ള സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളടക്കം കേരളത്തിന്റെ ചരിത്രം വിളിച്ചോതുന്ന പല രേഖകളും ഈ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

പുസ്തകങ്ങള്‍ മേടിക്കുന്നരെ പ്രോത്സാഹിപ്പിക്കുവാനായി ഓരോ ദിവസവും 1000 രൂപയ്ക്കു മേല്‍ പുസ്തകങ്ങള്‍ വാങ്ങിക്കുന്നവരില്‍ നിന്നും നറുക്കടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ചു പേര്‍ക്ക് കേരള സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 5000 രൂപയുടെ പുസ്തകങ്ങള്‍ സമ്മാനങ്ങളായി നല്‍കുന്നുണ്ട്.

പുസ്തകമേളയുടെ ഭാഗമായി പ്രഖ്യാപിച്ച പുസ്തകമേളാ പുരസ്കാരങ്ങള്‍ വൈകിട്ട് നടക്കുന്ന സാംസ്കാരിക പരിപാടിയോടനുബന്ധിച്ച് നല്‍കിവരുന്നു. പത്തു വിഭാഗങ്ങളിലായി 10 പുസ്തകങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.