KERALA STATE INSTITUTE OF CHILDREN'S LITERATURE

ചരിത്രം സത്യസന്ധമായി സിനിമയിലവതരിപ്പിച്ചാല്‍ കാണാന്‍ പ്രേക്ഷകരെ കിട്ടില്ല – അടൂര്‍ ഗോപാലകൃഷ്ണന്‍

ചരിത്രം സത്യസന്ധമായി സിനിമയില്‍ അവതരിപ്പിച്ചാല്‍ അത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ കുറയുമെന്ന് പ്രമുഖ സംവിധായകന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ചരിത്രം അതേപടി സിനിമയിലവതരിപ്പിക്കാന്‍ അതിനാല്‍ നിര്‍മ്മാതാക്കള്‍ മടിക്കും. പ്രേക്ഷകര്‍ക്കാവശ്യമായ ചമല്‍ക്കാരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇന്ന് ചരിത്രസിനിമകള്‍ ഇറങ്ങുന്നത്. ഇത് ചരിത്രത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ ഇടവരുത്തും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തിരുവനന്തപുരം പുസ്തകമേളയുടെ അഞ്ചാം ദിവസം (03-11-2012) നടന്ന പുസ്തകമേള പുരസ്കാരസമര്‍പ്പണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

"പുസ്തകങ്ങള്‍ കൂടുന്നു, പുസ്തകപ്രസാധകര്‍ ധാരാളമായി രംഗത്തുവരുന്നു, എഴുത്തുകാര്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് യുവതലമുറ പുസ്തകങ്ങളില്‍ നിന്നും അകലുന്നില്ലെന്നും മറിച്ച് അടുത്തുകൊണ്ടിരിക്കുകയുമാണെന്നാണ്. ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങള്‍ മാര്‍ഗ്ഗദര്‍ശികളും വഴികാട്ടികളുമാണ്. അതിനാല്‍ അതിനുതകുന്ന ബാലസാഹിത്യരചനകള്‍ കൂടുതലായി പ്രസിദ്ധീകരിക്കണം. കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കുന്നില്ല എന്ന് കുറ്റം പറയുന്നതില്‍ കാര്യമില്ല. കുടുംബത്തില്‍ അച്ഛനമ്മമാരും മുതിര്‍ന്ന സഹോദരങ്ങളും പുസ്തകങ്ങള്‍ വായിക്കുന്നവരാണെങ്കില്‍ കുട്ടികള്‍ തനിയേ പുസ്തകങ്ങള്‍ വായിക്കും.” മുഖ്യപ്രഭാഷണം നടത്തിയ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

യാത്രാവിവരണവിഭാഗത്തില്‍ ശ്രീ കെ പി രമേഷ് എഴുതിയ 'ലുംബിനിയിലെ രാജഹംസം' എന്ന പുസ്തകവും പ്രൊഡക്ഷന്‍ വിഭാഗത്തില്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'കേരളവര്‍മ്മ പഴശ്ശിരാജ' എന്ന പുസ്തകവുമാണ് പുസ്തകമേളാ പുരസ്കാരത്തിനര്‍ഹമായത്. ശ്രീ കെ പി രമേഷും കറന്റ് ബുക്സിനു വേണ്ടി ശ്രീ സുധാകരനും ശ്രീ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ശ്രീ ബി വി ശശികുമാര്‍, ശ്രീ നേമം പുഷ്പരാജ് എന്നിവര്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു.

കനകക്കുന്നിലെ പുസ്തകമേളാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. തുമ്പമണ്‍ തോമസ് അധ്യക്ഷനായിരുന്നു. ഡോ. രാധിക സി നായര്‍ സ്വാഗതവും ശ്രീ ജി മോഹനകുമാരി നന്ദിയും പറഞ്ഞു.

പുസ്തകമേളയോടനുബന്ധിച്ച് 1000 രൂപയ്ക്കുമേല്‍ പുസ്തകങ്ങള്‍ വാങ്ങിയവരില്‍ നിന്നും നറുക്കടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേര്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. തുമ്പമണ്‍ തോമസ് ചടങ്ങിനോടനുബന്ധിച്ച് സമ്മാനിച്ചു.

തിരുവനന്തപുരം ആള്‍സെയിന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കേരളീയം എന്ന വേഷപ്പകര്‍ച്ചയും ചങ്ങമ്പുഴയുടെ കവിതകളെ ആസ്പദമാക്കി നടത്തിയ നൃത്തശില്പവും ചടങ്ങുകള്‍ക്കു ശേഷം നടന്നു. നാളെ വൈകിട്ട് 5.30 ന് പുസ്തകപ്രകാശനവും യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ചൊല്ലിയാട്ടവും ഇതേ വേദിയില്‍ നടക്കും.