KERALA STATE INSTITUTE OF CHILDREN'S LITERATURE

കേരളത്തിന്റെ സംസ്കാരത്തെ നിര്‍ണ്ണയിക്കുന്നത് എഴുത്തുകാരും കലാകാരരും - പാലോട് രവി എം എല്‍ എ

കേരളത്തിന്റെ സംസ്കാരത്തെ നിര്‍ണ്ണയിക്കുന്നത് എഴുത്തുകാരം കലാകാരരുമാണെന്ന് ശ്രീ പാലോട് രവി എം.എല്‍.എ. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തിരുവനന്തപുരം പുസ്തകമേളയുടെ ആറാം ദിവസം (04-11-2012) കനകക്കുന്ന് പുസ്തകമേളാ ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. തുമ്പമണ്‍ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രീ പാലോട് രവി എം.എല്‍.എ., പ്രൊഫ. അലിയാര്‍, ശ്രീ തിരുമല ശിവന്‍കുട്ടി, പത്രപ്രവര്‍ത്തകനായ വിക്രം നാരായണന്‍, ഡോ. രാധിക സി നായര്‍, പാലോട് വാസുദേവന്‍ പിള്ള, വി. വിശ്വംഭരന്‍, ശ്രീകണ്ഠന്‍ കരിക്കകം, പുസ്തകമേള കണ്‍വീനര്‍ ബി പ്രസാദ്, പി ജി മോഹനനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീ ശ്രീകണ്ഠന്‍ കരിക്കകം രചിച്ച 'അ' എന്ന നോവല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. തുമ്പമണ്‍ തോമസ് നോവലിസ്റ്റിന്റെ പിതാവ് ശ്രീ വി വിശ്വംഭരന് നല്‍കി പ്രകാശനം ചെയ്തു. ശ്രീ രാജമ്മ കാരേറ്റ് രചിച്ച കവിതകളുടെ സമാഹാരമായ മധുരോത്സവം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. തുമ്പമണ്‍ തോമസിനു നല്‍കി ശ്രീ പാലോട് വരി എം എല്‍ എ നിര്‍വ്വഹിച്ചു.

 

പുസ്തകമേളയോടനുബന്ധിച്ച് 1000 രൂപയ്ക്കുമേല്‍ പുസ്തകങ്ങള്‍ വാങ്ങിയവരില്‍ നിന്നും നറുക്കടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേര്‍ക്ക് 1000 രൂപയുടെ പുസ്തകങ്ങള്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. തുമ്പമണ്‍ തോമസ് ചടങ്ങിനോടനുബന്ധിച്ച് സമ്മാനിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'ചൊല്ലിയാട്ടം' കാണികള്‍ക്ക് ആവേശമായി മാറി.

വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് കനകക്കുന്നില്‍ കഴിഞ്ഞ ഏഴ് ദിവസമായി നടന്നു വരുന്ന തിരുവനന്തപുരം പുസ്തകമേള ഇന്ന് (5-11-2012)സമാപിക്കും. വൈവിദ്ധ്യപൂര്‍ണ്ണമായ പുസ്തകങ്ങള്‍ മേളയുടെ പ്രത്യേകതയാണ്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി പരിസ്ഥിതി എന്ന വിഷയത്തില്‍ പ്രസിദ്ധീകരിച്ച പിരിസ്ഥിതവിജ്ഞാനകോശം , വൈവിധ്യം നിറഞ്ഞ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തുടങ്ങിയവയും മേളയുടെ പ്രത്യേകതയായിരുന്നു. ബാലസാഹിത്യമേഖലയിലെ ആയിരിക്കണക്കിന് പുസ്തകങ്ങള്‍ കുട്ടികളെ മേളയിലേക്കാകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.

കേരള സംസ്ഥാന പുരാവസ്തുവകുപ്പും പുരാരേഖ വകുപ്പും ഒരുക്കിയ ചരിത്രപ്രദര്‍ശനം വലിയ ശ്രദ്ധയാകര്‍ഷിച്ചു. ക്ഷേത്രപ്രവേശന വിളംബരം, കൊച്ചി രാജ്യത്ത് അടിമവ്യാപാരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്, തിരുവിതാംകൂര്‍ രാജ്യത്തെ നീട്ടുകള്‍ തുടങ്ങിയവയെല്ലാം പുരാരേഖ വകുപ്പിന്റെ പ്രദര്‍ശനത്തില്‍ സാധാരണക്കാരെ ഏറെ ആകര്‍ഷിച്ചു.

പുസ്തകമേള രാഷ്ട്രീയസാമൂഹ്യരംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു. സാംസ്കാരികവകുപ്പു മന്ത്രി ശ്രീ കെ സി ജോസഫ്, ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീ ബെന്‍ ഒക്രി, ശ്രീ എം.ടി വാസുദേവന്‍ നായര്‍, ശ്രീ ഒ എന്‍ വി കുറുപ്പ്, ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, തമിഴ് എഴുത്തുകാരായ ഡോ ഇന്ദിരാ പാര്‍ത്ഥസാരഥി, ഡോ. സിര്‍പി ബാലസുബ്രമണ്യം, കന്നട എഴുത്തുകാരന്‍ ഡോ. സിദ്ധലിംഗ പട്ടാന്‍ഷെട്ടി, ഇംഗ്ലീഷ് എഴുത്തുകാരി അനിതനായര്‍, ബംഗാളി എഴുത്തുകാരി ഷര്‍മിളാ റേ, സുഗതകുമാരി, ടി പത്മനാഭന്‍, കാവാലം നാരായണപ്പണിക്കര്‍, സച്ചിതാനന്ദന്‍, ശ്രീ സേതു, കേന്ദ്രമന്ത്രി ശ്രീ ശശി തരൂര്‍, ഐ.ജി. ശ്രീലേഖ ഐ.പി.എസ്, അടക്കം നിരവധി പ്രമുഖര്‍ മേള സന്ദര്‍ശിക്കുകയുണ്ടായി.