KERALA STATE INSTITUTE OF CHILDREN'S LITERATURE

'സാഹിത്യവിസ്മയം - വിസ്മയക്കളരി' ഡിസംബര്‍ 24 ന് സംസ്‌കൃത കോളേജില്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടും മാജിക് അക്കാദമിയും സംയുക്തമായി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല 'സാഹിത്യവിസ്മയം - വിസ്മയക്കളരി' 2012 ഡിസംബര്‍ 24 ന് സംസ്‌കൃത കോളേജ് ആഡിറ്റോറിയത്തില്‍ നടക്കുന്നു. വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കിയാണ് ക്യാമ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്നും അകലുന്ന ഇക്കാലത്ത് പുസ്തകങ്ങളുടെ കൂട്ട് തേടാന്‍ ഇന്ദ്രജാലത്തിലൂടെ വഴിയൊരുക്കുന്ന ഒരു വിസ്മയക്കളരി കൂടിയാണ് സാഹിത്യവിസ്മയം. വാക്കുകളാണ് വ്യക്തിത്വം വെളിവാക്കുന്നത്. വ്യക്തിത്വ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന വാക്കുകളുടെ വിസ്മയം, ആരോഗ്യപരമായ ചിന്തകള്‍ കുടിയിരിക്കുന്ന മനസ്സിന്റെ വിസ്മയം എന്നിവ വെളിവാക്കുവാന്‍ സാഹിത്യ വിസ്മയം വേദിയൊരുക്കുന്നു.
രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം ബഹു. നിയമസഭ സ്പീക്കര്‍ ശ്രീ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ജ്ഞാനപീഠ ജേതാവ് ശ്രീ ഒ എന്‍ വി കുറുപ്പ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ സ്വാഗതവും മാജിക്ക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ ഗോപിനാഥ് മുതുകാട് നന്ദിയും പറയും. തുടര്‍ന്ന്  4 വിഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന സാഹിത്യ വിസ്മയം പരിപാടിയില്‍ 10.30 ന്
ഇന്ദ്രജാലവും സാഹിത്യവും തമ്മിലുള്ള കൂടിച്ചേരലുകളെക്കുറിച്ച് ശ്രീ മുതുകാട് ക്ലാസ് നയിക്കും. 11.45 ന് മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല അവതരിപ്പിക്കുന്ന വിസ്മയജാലം 2 ന് പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ ഡോ എല്‍ ആര്‍ മധുജന്‍ മനസ്സ് എന്ന വിസ്മയത്തിന് തിരിതെളിക്കും. 3.15 ന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍ വാക്കുകളുടെ വിസ്മയം അവതരിപ്പിക്കും. വൈകുന്നേരം 4 മണി മുതല്‍ ഇന്ദ്രജാലങ്ങളുടെ ക്രിസ്തുമസ്സ് പ്രത്യേക വിഭവങ്ങളുമായി മജീഷ്യന്‍ മനു പൂജപ്പുര അവതരിപ്പിക്കുന്ന വിസ്മയക്കാഴ്ച, ഗാലാമാജിക് ഷോ എന്നിവയും ഉണ്ടായിരിക്കും. ക്യാമ്പിനോട് അനുബന്ധിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കും. ക്യാമ്പ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികള്‍ ആണ്. 4 മണിക്കുള്ള വിസ്മയ കാഴ്ച, ഗാലാമാജിക് ഷോ പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.

പ്രൊഫ. നെടുമുടി ഹരികുമാര്‍
ഡയറക്ടര്‍