KERALA STATE INSTITUTE OF CHILDREN'S LITERATURE

പുസ്തകവണ്ടിയും സമ്മാനങ്ങളുമായി സര്‍ഗ്ഗവസന്തം 2013

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി നാല് ജില്ലകളില്‍ സ്കൂള്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാലക്യാമ്പുകളുടെ പ്രചരണത്തിന് പുസ്തകവണ്ടിയും മാജിക്ക്ഷോയും. സര്‍ഗ്ഗവസന്തം 2013 എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പുകളുടെ പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പുസ്തകവണ്ടി സഞ്ചരിക്കുന്നത്. പുസ്തകവണ്ടിയുടെ ഉദ്ഘാടനം തിരുവനന്തപുരം മ്യൂസിയം ക്യാമ്പസ്സില്‍ വച്ച് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ നിര്‍വ്വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ ശ്രീ ജി. വി. ഹരി, ശ്രീ എം. ചന്ദ്രപ്രകാശ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മനു പൂജപ്പുരയുടെ മാജിക്ക്ഷോ കാണികള്‍ക്ക് നവ്യാനുഭവമായി മാറി. നിരവധി കുട്ടികളാണ് മാജിക്ക്ഷോയും പുസ്തകവണ്ടിയും കാണാനെത്തിയത്. കേരള ബുക്ക് മാര്‍ക്ക് സൊസൈറ്റിയുമായിച്ചേ ര്‍ ന്നാണ് പുസ്തകവണ്ടി സജ്ജീകരിച്ചിരിക്കുന്നത്. പുസ്തകവണ്ടിയില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്ന എല്ലാവര്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്നു. കൂടാതെ നറുക്കടുപ്പിലൂടെ മെഗാസമ്മാനമായി 10000 രൂപയുടെയും 5000 രൂപയുടെയും പുസ്തകങ്ങള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉണ്ട്.പുസ്തകവണ്ടി നാളെ (26-3-2013) വൈകിട്ട് 4 മണിമുതല്‍ പുസ്തകവണ്ടി കവടിയാര്‍ കൊട്ടാരത്തിനടുത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ പുസ്തകങ്ങളും സമ്മാനങ്ങളുമായി കുട്ടികളെയും പുസ്തകപ്രേമികളെയും കാത്തുകിടക്കും.  ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനം 2013 ഏപ്രില്‍ 4 ന് വൈകിട്ട് 4 മണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് ബഹു. സാംസ്കാരികവകുപ്പു മന്ത്രി ശ്രീ കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ ആദരണീയനായ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.