KERALA STATE INSTITUTE OF CHILDREN'S LITERATURE

വായനാസംസ്‌കാരം വളര്‍ത്തേണ്ടത് സാംസ്‌കാരിക സ്ഥാപനങ്ങള്‍:സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

വായനാസംസ്‌കാരം വളര്‍ത്തേണ്ടത് സാംസ്‌കാരിക സ്ഥാപനങ്ങള്‍: സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

വളരുന്ന തലമുറയെ സാഹിത്യത്തിന്റെയും വായനയുടെയും തലത്തിലേക്ക് ഉയര്‍ത്തേണ്ട ചുമതല കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് നിയമസഭ സ്പീക്കര്‍ ശ്രീ. ജി കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുവാന്‍ കാണിച്ച ഉത്സാഹം മികച്ച വായനക്കാരെ സൃഷ്ടിക്കുവാന്‍ കൂടി മലയാളി സമൂഹം കാണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഏഴാമത് തിരുവനന്തപുരം അന്തരാഷ്ട്ര പുസ്തകമേളയുടെഉദ്ഘാടന കര്‍മ്മം കനകക്കുന്ന് കൊട്ടാരവളപ്പില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മനുഷ്യനെ സംസ്‌കാരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കുന്നത് വായന മാത്രമാണെന്ന് ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് ഡോ. എം ആര്‍ തമ്പാന്‍ രചിച്ച 'കുട്ടികളുടെ ലോകം', സത്യജിത് റായ് രചിച്ച് എം ചന്ദ്രപ്രകാശ് വിവര്‍ത്തനം ചെയ്ത 'അംബര്‍സെന്നിന്റെ തിരോധാനം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരന്‍ നിര്‍വഹിച്ചു. ആഹാരം കഴിക്കാതെ ദിവസങ്ങളോളം ജീവിക്കാന്‍ തനിക്ക് ആകുമെന്നും എന്നാല്‍ ഇഷ്ടപ്പെട്ട ഗ്രന്ഥങ്ങള്‍ വായിക്കാതെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയില്ലെന്നും പുസ്തകങ്ങള്‍ ഇല്ലാത്ത ലോകത്ത് താന്‍ ഭ്രാന്തമായ അവസ്ഥയിലാകുമെന്നും പെരുമ്പടവന്‍ ശ്രീധരന്‍ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തില്‍ താന്‍ നിര്‍ദ്ധനനാണ് എന്നാല്‍ മഹത്തായ പുസ്തകസഞ്ചയത്തിന്റെ കാര്യത്തില്‍ താന്‍ സമ്പന്നനാണെന്ന് അദ്ദേഹം അഭിമാനംകൊണ്ടു. 'കുട്ടികളുടെ ലോകം' എന്ന പുസ്തകം മലയാളം മിഷന്‍ ഡയറക്ടര്‍ ശ്രീ. തലേക്കുന്നില്‍ ബഷീറും 'അംബര്‍സെന്നിന്റെ തിരോധാനം' എന്ന പുസ്തകം ശ്രീ. അജിത് വെണ്ണിയൂരും ഏറ്റുവാങ്ങി. പ്രദര്‍ശനത്തില്‍ 200 ലേറെ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. ആകര്‍ഷകമായ വിലക്കുറവില്‍ പുസ്തകങ്ങള്‍ കരസ്ഥമാക്കുവാന്‍ കഴിയുന്ന വിവിധ സ്‌കീമുകള്‍ പുസ്തകമേളയുടെ സവിശേഷതയാണ്. 10% മുതല്‍ 50% വരെ വിവിധ സ്റ്റാളുകളില്‍ നിന്നും വിലക്കിഴിവ് ലഭിക്കുന്നു. കൂടാതെ ആകര്‍ഷകമായ ഒട്ടേറെ ഭാഗ്യസമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 8 മണിവരെയാണ് പുസ്തകമേളയിലേക്ക് പ്രവേശനം.

ഉദ്ഘാടന സമ്മേളനത്തില്‍ തലേക്കുന്നില്‍ ബഷീര്‍, ഡോ എം ആര്‍ തമ്പാന്‍, ഭരണസമിതി അംഗങ്ങളായ ജി വി ഹരി, അജിത് വെണ്ണിയൂര്‍, ഷാജു പുത്തൂര്‍, ഹരിദാസ് മൊകേരി, റ്റി ജി ഹരികുമാര്‍, എം ചന്ദ്രപ്രകാശ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ബി പ്രസാദ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജവഹര്‍ ബാലജനവേദി അവതരിപ്പിച്ച ഗാനമേള ഉണ്ടായിരുന്നു.

പുസ്തകമേളയുടെ രണ്ടാം ദിവസമായ 22-12-2013 ഞായറാഴ്ച വൈകിട്ട് 05.00 മണിക്ക് എന്റെ പുസ്തകം എന്ന വിഷയത്തില്‍ സുഗതകുമാരി ടീച്ചര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് മഹാഭാരതത്തിന്റെ ധാര്‍മ്മിക ചൈതന്യം എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനം മുന്‍കേന്ദ്രമന്ത്രി ശ്രീ. ഒ രാജഗോപാല്‍ നിര്‍വഹിക്കും. ശ്രീ. എം നന്ദകുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പൂജാഡാന്‍സ്, നൃത്തനൃത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.