KERALA STATE INSTITUTE OF CHILDREN'S LITERATURE

മഹാഭാരതം ധാര്‍മ്മികചൈതന്യത്തിന്റെ അമൃതധാര - ഒ രാജഗോപാല്‍.

മഹാഭാരതം ധാര്‍മ്മികചൈതന്യത്തിന്റെ അമൃതധാര - ഒ രാജഗോപാല്‍.

മഹാഭാരതം ധാര്‍മ്മികചൈതന്യത്തിന്റെ അമൃതധാരയാണെന്നും  പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ ധര്‍മ്മത്തെ വിളംബരം ചെയ്യുന്ന കൃതിയാണെന്നും മുന്‍കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കാവ്യാത്മകമായ ഭാഷയില്‍ ലളിതമായ ശൈലിയില്‍ സുഗതകുമാരി ടീച്ചര്‍ പുനരാഖ്യാനം ചെയ്ത മഹാഭാരതം കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും ലഭ്യമാകുന്ന സംവിധാനം ഉണ്ടാക്കണ​മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഏഴാമത് തിരുവനന്തപുരം പുസ്തകമേളയോടനുബന്ധിച്ച് കനകക്കുന്നില്‍  'മഹാഭാരതത്തിന്റെ ധാര്‍മ്മിക ചൈതന്യം ' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയുടെ മേലുള്ള കടന്നുകയറ്റം നടത്തുകയായിരുന്നു മെക്കാളെ കൊണ്ടുവന്ന വിദ്യാഭ്യാസ പദ്ധതി. അതിനെ പിന്തുടര്‍ന്ന് നാം ഇന്ന് ഭാഷയെ ആക്രമിച്ച് കീഴടക്കിക്കൊണ്ടിരിക്കുന്നു . ഇത് വേദനാജനകമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഷയുടെ മേലുള്ള കടന്നുകയറ്റമെന്നാല്‍ സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് പ്രശസ്ത കവി സുഗതകുമാരി ടീച്ചര്‍ 'എന്റെ പുസ്തകം' എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി  അംഗങ്ങളായ ഡോ. തേവന്നൂര്‍ മണിരാജ് സ്വാഗതവും ഹരിദാസ് മൊകേരി നന്ദിയും പറഞ്ഞു. സെമിനാറിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വേറിട്ട അനുഭവമായി.
തിരുവനന്തപുരം പുസ്തകമേളയിലെ മൂന്നാം ദിവസമായ ഡിസംബര്‍ 23 ന് വൈകിട്ട് 4.30 ന് ദേശീയ
സ്വാതന്ത്ര്യസമരചരിത്രം കുട്ടികള്‍ക്ക് എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പ്രകാശനം മുതിര്‍ന്ന സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിസ്മാരകനിധി ചെയര്‍മാനുമായ പി ഗോപിനാഥന്‍ നായര്‍ നിര്‍വഹിക്കും. ആദ്യപ്രതി മുന്‍ പാര്‍ലമെന്‍റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങും. റാണി ജോര്‍ജ്ജ് ഐഎസ് ആശംസ പ്രസംഗം നടത്തും. തുടര്‍ന്ന് ദേശീയതയുടെ മാറുന്ന സൂചകങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുത്തുകൊണ്ട്  കെ മോഹന്‍കുമാര്‍ മുന്‍ എംഎല്‍എ, പ്രൊഫ. ഡി ബഞ്ചമിന്‍, അജിത് വെണ്ണിയൂര്‍, എബി പാപ്പച്ചന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കേരള നാടന്‍കലാഅക്കാദമിയുടെ സഹകരണത്തോടെ ചുള്ളിമാനൂര്‍ ഗുരുകൃപ നാടന്‍ കലാകേന്ദ്രം അവതരിപ്പിക്കുന്ന ശ്രീകൃഷ്ണലീലയെ അധികരിച്ചുള്ള ചരടുപിന്നികളി, മുന്തയും കുടവും നൃത്തം എന്നിവയും അരങ്ങേറും..