KERALA STATE INSTITUTE OF CHILDREN'S LITERATURE

ഗാന്ധി എങ്ങനെ സാധാരണ മനുഷ്യനായി മാറി എന്ന് കുട്ടികള്‍ അറിയണം - പന്ന്യന്‍ രവീന്ദ്രന്‍
ഗാന്ധി എങ്ങനെ സാധാരണ മനുഷ്യനായി മാറി എന്ന് കുട്ടികള്‍ അറിയണം - പന്ന്യന്‍ രവീന്ദ്രന്‍

ഫാഷന്‍ രീതികള്‍ അനുവര്‍ത്തിച്ചിരുന്ന ഗാന്ധി എങ്ങനെ സാധാരണയില്‍ സാധാരണമനുഷ്യനായി മാറി എന്നത് കുട്ടികള്‍ അറിയേണ്ടതാണ് എന്ന് മുന്‍ ലോകസഭാ അംഗം പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവിച്ചു. കേരള സംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തിരുവനന്തപുരം പുസ്തകമേളയില്‍ 'ദേശീയതയുടെ മാറുന്ന സൂചകങ്ങള്‍' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനൂജ എന്ന സ്ത്രീ മത്സരവിജയിയായതോടെ പുരുഷനു മാത്രമേ കോടിപതിയാകാന്‍  കഴിയൂ എന്ന ധാരണയെ അട്ടിമറിക്കുയായിരുന്നു  സുരേഷഗോപി അവതാരകനായ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍  എന്ന പരിപാടി. അതോടെ സ്ത്രീകള്‍ മുന്‍കൈയ്യെടുത്താല്‍ സമൂഹത്തെ ഉടച്ചുവാര്‍ക്കാന്‍ കഴിയും.  ഇന്നത്തെ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം മദ്യപാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ദേശീയ സ്വാതന്ത്ര്യസമരം കുട്ടികള്‍ക്ക്' എന്ന പുസ്തകം മുതിര്‍ന്ന സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധി സ്മാരകനിധി ചെയര്‍മാനുമായ പി ഗോപിനാഥന്‍ നായര്‍ പന്ന്യന്‍ രവീന്ദ്രനു നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു.

അന്തര്‍ദേശീയതയില്‍ അധിഷ്ഠിതമായ ദേശീയതയ്ക്കേ ഇനി പ്രസക്തിയുള്ളൂ എന്ന് സെമിനാറില്‍ പങ്കെടുത്തുകൊണ്ട് പി ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക ദേശീയതയെ അന്തര്‍ദേശീയതയില്‍ അധിഷ്ഠിതമായ ദേശീയതയിലേക്കു വികസിപ്പിക്കണം. മാറ്റേണ്ടതിനെ മാറ്റണം എന്ന നിശ്ചയബോധത്തോടെ പുതിയ സമൂഹത്തിനായി പ്രവര്‍ത്തിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഭാരതത്തിന്റെ ഐക്യത്തിന് എന്നും ഭീഷണിയായി നിലനിന്നിരുന്നത് ജാതിവ്യവസ്ഥയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയുണ്ടാക്കിയ പിളര്‍പ്പിനെ അതിജീവിക്കാന്‍ സ്വാതന്ത്ര്യം നേടി 60 വര്‍ഷങ്ങള്‍ക്കിപ്പുറവും കഴിഞ്ഞില്ല എന്നത് സൂചിപ്പിക്കുന്നത് നമ്മുടെ ദേശീയതയ്ക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ്. 'ദേശീയതയുടെ മാറുന്ന സൂചകങ്ങള്‍' എന്ന സെമിനാറില്‍ സാഹിത്യനിരൂപകനായ ഡോ. ഡി ബഞ്ചമിന്‍ അഭിപ്രായപ്പെട്ടു. 
ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ അജിത്ത് വെണ്ണിയൂര്‍, ഹരിദാസ് മൊകേരി, എം ചന്ദ്രപ്രകാശ് എന്നിവര്‍ സംസാരിച്ചു. 
തുടര്‍ന്നു നടന്ന കലാസന്ധ്യയില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കരോക്കെ ഗാനമേളയും കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലീഡര്‍ ബി ആര്‍ ഗൗരിയും സംഘവും അവതരിപ്പിച്ച ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരവും കാണികള്‍ക്ക് നവ്യാനുഭവമായി മാറി. 
തിരുവനന്തപുരം പുസ്തകമേളയുടെ നാലാം ദിനമായ 24-12-2013 ന് വൈകിട്ടു 3 ന് ജലസുരക്ഷ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.  തുടര്‍ന്നു നടക്കുന്ന പ്രസാധകക്കൂട്ടായ്മയുടെ ഉദ്ഘാടനം . സാംസ്കാരികവകുപ്പു മന്ത്രി കെ സി ജോസഫ് നിര്‍വ്വഹിക്കും. 5 മണിക്കു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ 'റഷ്യന്‍ നാടോടിക്കഥകള്‍ ' എന്ന പുസ്തകം ടൂറിസം വകുപ്പു മന്ത്രി എ പി അനില്‍കുമാര്‍ പ്രകാശിപ്പിക്കും. റോസ്മേരി, ജോണ്‍സാമുവല്‍, എം ആര്‍ മനോഹരവര്‍മ്മ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാസന്ധ്യയും ഉണ്ടായിരിക്കും.