KERALA STATE INSTITUTE OF CHILDREN'S LITERATURE

കേരളീയരെ വായനാസംസ്കാരത്തിലേക്ക് ഉയര്‍ത്തിയതില്‍ ചെറുകിടപ്രസാധകര്‍ക്കുള്ള പങ്ക് നിര്‍ണ്ണായകം - മന്ത്രി കെ സി ജോസഫ്

കേരളീയരെ വായനാസംസ്കാരത്തിലേക്ക് ഉയര്‍ത്തിയതില്‍ ചെറുകിടപ്രസാധകര്‍ക്കുള്ള പങ്ക് നിര്‍ണ്ണായകം - മന്ത്രി കെ സി ജോസഫ്


കേരളത്തിലെ സാധാരണക്കാരില്‍ വായനാശീലം വളര്‍ത്തുന്നതില്‍ ചെറുകിടപ്രസാധകര്‍ വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമാണെന്ന് സാംസ്കാരികവകുപ്പുമന്ത്രി കെ സി ജോസഫ് അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തിരുവനന്തപുരം പുസ്തകമേളയില്‍ നടന്ന പ്രസാധകക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുള്ള പ്രസാധകരുടെ പോലും സേവനം സ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റഷ്യന്‍ നാടോടിക്കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മുന്‍ എം എല്‍ എ കെ മോഹന്‍കുമാര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നാടോടിക്കഥകളും കുട്ടികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കഥാകാരി റോസ്മേരി മുഖ്യപ്രഭാഷണം നടത്തി. ഡോ. രാധിക സി നായര്‍ പുസ്തകം പരിചയപ്പെടുത്തി. ജോണ്‍ സാമവല്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ എം ചന്ദ്രപ്രകാശ്, ടി ജി ഹരികുമാര്‍, ഹരിദാസ് മൊകേരി, രാജു കാട്ടുപുനം എന്നിവര്‍ സംസാരിച്ചു.
ജലസുരക്ഷ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജലനിധിയുടെ കീഴിലുള്ള സിസിഡിയു ഡയറക്ടര്‍ സുഭാഷ്ചന്ദ്രബോസ് വിഷയം അവതരിപ്പിച്ചു സംസാരിച്ചു.  തുടര്‍ന്ന് കേരള ഫോക്ക്ലോര്‍ അക്കാദമിയുടെ  സഹകരണത്തോടെ ചുള്ളിമാനൂര്‍ ഗുരുകൃപ നാടന്‍കലാകേന്ദ്രം അവതരിപ്പിച്ച ശ്രീകൃഷ്ണലീലയെ ആസ്പദമാക്കിയുള്ള ചരടുപിന്നിക്കളിയും ഉറിയടിയും കാണികള്‍ക്ക് നവ്യാനുഭവമായി മാറി.

ക്രിസ്തുമസ് ദിനത്തില്‍ തിരുവനന്തപുരം പുസ്തകമേളയില്‍ കുട്ടികളുടെ സര്‍ഗ്ഗസംഗമം നടക്കും. കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.  ആരോഗ്യവകുപ്പു മന്ത്രി വി എസ് ശിവകുമാര്‍, ചലച്ചിത്രതാരം ജഗദീഷ് എന്നിവരോടൊപ്പം കുട്ടികള്‍  ക്രിസ്തുമസ് ആഘോഷിക്കും. കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച സര്‍ഗ്ഗവസന്തം എന്ന പുസ്തകം എം എല്‍ എ പി സി വിഷ്ണുനാഥ് നിര്‍വ്വഹിക്കും.  തുടര്‍ന്ന് കുട്ടികളുടെ രചനകള്‍ എന്ന വിഷയത്തില്‍ സെമിനാറും നടക്കും. കാട്ടൂര്‍ നാരായണപിള്ള, വരുണ്‍രമേശ്, ഭരണിക്കാവ് കൃഷ്ണന്‍, ഇ വി നാരായണന്‍, എം ചന്ദ്രപ്രകാശ് എന്നിവര്‍ സംസാരിക്കും.