KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് കുടി കൂടുന്നതെന്താ മാമാ?
കുടി കൂടുന്നതെന്താ മാമാ?

“മാമാ, സന്ധ്യയായാല്‍ ഞങ്ങളുടെ പട്ടണത്തിലൂടെ പെണ്‍കുട്ടികളോ അമ്മമാരോ സഞ്ചരിക്കാറില്ല.  വഴിയില്‍ നിറയെ കുടിയന്മാര്‍... ബസ്സിലും കുടിയന്മാര്‍. കുടിയന്മാരുടെ കടിപിടി.  കലഹം മൂത്ത് അടിപിടിയുണ്ടാകാറുണ്ട്.  നമ്മുടെ നാട്ടില്‍ കൂടി കൂടുന്നതെന്താ മാമാ?  ഞങ്ങള്‍ കുട്ടികള്‍ എന്തു ചെയ്യണം?”ഒരു കാന്താരിക്കുട്ടിയുടെ കത്താണ്.  
മനുഷ്യന്‍ ഒരു ജന്തുവാണ്.  മറ്റു ജന്തുക്കള്‍ക്കില്ലാത്ത പല സവിശേഷതകളും പക്ഷേ മനുഷ്യനുണ്ട്.  മഹത്തായ സ്വപ്നം കാണാനും മഹത്തായ പ്രവൃത്തികള്‍ ചെയ്യാനും മനുഷ്യനേ കഴിയൂ.  മനുഷ്യനു മാത്രമേ വിശേഷ ബുദ്ധിയുള്ളൂ.  വിവേകം ആര്‍ജിച്ച് തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരിയായ പാതയിലൂടെ ചരിക്കാന്‍ കഴിയുന്ന മഹത്വമുള്ള ജന്തുവാണ് മനുഷ്യന്‍.
എന്നാലും ഈ മനുഷ്യനെന്ന ജന്തുവില്‍ പല ദു:സ്വഭാവങ്ങളും ഉണ്ട്.  ചിലരില്‍ ആ ദു:സ്വഭാവങ്ങള്‍ തലപൊക്കും.  അങ്ങനെ തെറ്റുകളും ഹീനമായ പ്രവൃത്തികളും ചെയ്യാന്‍ അവര്‍ തയ്യാറാകും.  ആ പ്രവണതയെ നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ സാധാരണ ജന്തുവില്‍ നിന്നും ഉയരുന്നത്.  മഹത്വമുള്ള മാനവനായി വളരുന്നത്.  സാമൂഹ്യബോധമുള്ളവനായി മാറുന്നത്.
എല്ലാ മനുഷ്യരിലും നന്മയുടെയും തിന്മയുടെയും വാസനകള്‍ ഉണ്ട്.  തിന്മയുടെ വാസനകളെ അമര്‍ത്തി ഇല്ലാതാക്കി, നന്മയുടെ വാസനകളെ വളര്‍ത്തി വലുതാക്കാനാണ് വിദ്യാഭ്യാസം.  വിദ്യാഭ്യാസം വഴിയാണ് വിവേകമുണ്ടാകേണ്ടത്.
ലഹരിക്ക് അടിമപ്പെടുന്നത് ദോഷകരമാണ്.  ലഹരി നമ്മുടെ വിവേകം നശിപ്പിക്കും.  ആരോഗ്യവും നശിപ്പിക്കും.  മനുഷ്യനെ മൃഗമാക്കും.  രാക്ഷസന്മാരാക്കും.  ഇതൊക്കെ എല്ലാവര്‍ക്കും അറിയാം.  എന്നിട്ടും പലരും മദ്യം പോലുള്ള ലഹരിക്ക് അടിമപ്പെടുന്നു.  എന്നും കുടിച്ചു കൂത്താടുന്നു.  
ഇത് നമ്മുടെ നാടിന്റെ ശാപമായിരിക്കുന്നു.  നമ്മുടെ നാട്ടില്‍ മാത്രമല്ല, മറ്റു നാടുകളിലും ഈ കുടി ഒരു തലവേദനയായിരിക്കുന്നു.  കുടിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്;ദരിദ്രരാണ്. അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ സിംഹഭാഗവും അവര്‍ മദ്യത്തിനായി ചെലവാക്കുന്നു.  വീട്ടുചെലവിനു വേണ്ടത്ര കാശു കൊടുക്കാതെയുമിരിക്കുന്നു.  അങ്ങനെ കുടിയന്മാരായ സാധാരണക്കാരുടെ വീട്ടിലും ദാരിദ്യ്രം ദു:ഖം വിതയ്ക്കുന്നു.  അമ്മമാര്‍ കണ്ണീരില്‍ കുളിച്ചു കഴിയേണ്ടി വരുന്നു.

ഇതൊരു സാമൂഹ്യരോഗമായിരിക്കുന്നു.  സമൂഹത്തെ നശിപ്പിക്കുന്ന വിപത്തായിരിക്കുന്നു.  ഇതിനെതിരെ അമ്മമാര്‍ പ്രതികരിക്കുക തന്നെ വേണം.  കുട്ടികളും പ്രതികരിക്കണം.  ഒന്നാമതായി വേണ്ടതെന്താണെന്നോ? ഞങ്ങള്‍ മദ്യം തൊടുകയില്ല എന്ന് ഒരു തീരുമാനമെടുക്കുക തന്നെ.  ശക്തമായ, ഉറച്ച, പാറ പോലുള്ള ഒരു പ്രതിജ്ഞ.  അത് സ്വയമെടുത്താല്‍ മാത്രം പോരാ.  കൂട്ടുകാര്‍ ഒന്നിച്ചു നിന്ന്, ഒരു സംഘമായി മദ്യവിരുദ്ധപ്രതിജ്ഞയെടുക്കണം.  അങ്ങനെ
മദ്യത്തിനെതിരായി നില്ക്കാനുള്ള ചങ്കൂറ്റം ഉണ്ടാക്കണം.
മദ്യപാനമെന്ന വിപത്തിനെതിരായി നടക്കുന്ന പ്രചരണ പരിപാടികളില്‍ കുട്ടികള്‍ക്കു പങ്കെടുക്കാം.  വീട്ടില്‍ ഒരു മദ്യപാനിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിനെ മാറ്റാനുള്ള പ്രവര്‍ത്തനവും നടത്താം.  സ്വന്തം അച്ഛനോ അപ്പൂപ്പനോ ചേട്ടനോ മാമനോ ആരുമാകട്ടെ,  അദ്ദേഹം മദ്യം സേവിക്കാതെ, വെളിവേടെ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ സമീപിക്കാം.  സ്നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കാം.  കുടിയില്‍ നിന്നും മാറാന്‍ അപേക്ഷിക്കാം.  അങ്ങനെ കുടിയനെ കുടിയനല്ലാതാക്കാന്‍ പരിശ്രമിക്കാം.  സ്നേഹത്തിന്റെ ശക്തി മദ്യപാനിയെപ്പോലും മാറ്റും.
പ്രിയപ്പെട്ട കുന്നിമണികളെ, കുഞ്ഞുകാന്താരികളെ, കളിയും ചിരിയും സന്തോഷവും മാത്രമല്ല,  ഇങ്ങനെ പല ദൂഷ്യങ്ങളും കുഴപ്പങ്ങളും കൂടി നിറഞ്ഞതാണ് ഈ ലോകം.  കുഴപ്പങ്ങള്‍, ചെളിക്കുണ്ടുകള്‍, ചതിക്കുഴികള്‍, ക്രൂരതകള്‍, വിഡ്ഢിത്തങ്ങള്‍, അനാചാരങ്ങള്‍, അന്ധവി
ശ്വാസങ്ങള്‍, അശാസ്ത്രീയതകള്‍, പിന്‍തിരിപ്പന്‍ ചിന്തകള്‍... അതൊക്കെ ലോകത്തുണ്ട് എന്നു കരുതി പേടിക്കരുത്.  നാം അവയെ തിരിച്ചറിയണം, നേരിടണം. പരിഹാരങ്ങള്‍ കാണണം.  ഈ ലോകത്തെ കൂടുതല്‍ നല്ല ഒരു ലോകമാക്കാന്‍ പരിശ്രമിക്കണം. സാമൂഹ്യബോധമുള്ളവര്‍ അതല്ലേ ചെയ്യേണ്ടത്?
കുടിയന്മാര്‍ ചീത്ത മനുഷ്യരാണ് എന്ന് കരുതേണ്ട.  ആരും കുടിയന്മാരായി ജനിക്കുന്നില്ല എന്ന് ഓര്‍ക്കുക.  സാഹചര്യമാണ് കുടിയിലേക്കു നയിക്കുന്നത്.  ലഹരിക്ക് അടിമയാകാന്‍ ചിലര്‍ക്ക് പ്രവണതയുമുണ്ട്.  അവരോട് സഹതാപമാണ് വേണ്ടത്.  അവരെ ഒരു തരം രോഗികളായി കണ്ടാല്‍ മതി.  അതിനു ചികിത്സയാണ് പരിഹാരം.  മന:ശാസ്ത്രപരമായ ചികിത്സ.  മനസ്സു മാറ്റുകയാണു വേണ്ടത്.  നിയമം വഴി മദ്യം നിരോധിച്ചാലൊന്നും മദ്യപാനം കുറയുകയില്ല എന്നാണ് അനുഭവം കാണിക്കുന്നത്.
അപ്പോള്‍ കൂട്ടുകാര്‍ ഒരിക്കലും മദ്യപാനമെന്ന ദു:സ്വഭാവത്തിലേക്ക് വഴുതി വീഴാതെ ശ്രദ്ധിക്കുക.  മദ്യപാനികളെ ആ ദു:സ്വഭാവത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുക.  മദ്യപാനത്തിനെതിരെയുള്ള പ്രചരണ പരിപാടികളില്‍ പങ്കാളികളാവുക.
ജീവിതം വിജയകരമാകാന്‍ അരോഗ്യം
അത്യാവശ്യം.  ശരീരത്തിനും മനസ്സിനും ആരോഗ്യം ഉണ്ടാകണം.  എല്ലാ ലഹരികളും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം തകര്‍ക്കും.  അക്കാര്യം എല്ലാ കൂട്ടുകാരും മനസ്സിലാക്കി എന്നും ജീവിക്കണം.