KERALA STATE INSTITUTE OF CHILDREN'S LITERATURE

വാര്‍ത്ത

ആരോഗ്യകരമായ ജീവിതത്തിന് വായനാശീലം വളര്‍ത്തണം - ഫാസില്‍

ആരോഗ്യകരമായ ജീവിതത്തിന് വായനാശീലം വളര്‍ത്തണം - ഫാസില്‍

 

ആരോഗ്യകരമായ ജീവിതം കെട്ടിപ്പെടുക്കുവാന്‍ അറിവ് അനിവാര്യമാണെന്നും ഇതു വായനയിലൂടെ ആര്‍ജ്ജിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണമെന്നും പ്രമുഖ ചലച്ചിത്രസംവിധായകന്‍ ഫാസില്‍ അഭിപ്രായപ്പെട്ടു. ജീവിതം ഒരിക്കല്‍ മാത്രമേയുള്ളൂ. സിനിമയിലെപ്പോലെ റീടേക്ക് എടുക്കുവാന്‍ കഴിയില്ല. 

താളം തെറ്റിയ ജീവിതക്രമം മ നുഷ്യനെ നിത്യരോഗത്തിലേക്കും അകാലമരണത്തിലേക്കും നയിക്കും. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സാമൂഹികപ്രതിബദ്ധതയുള്ള ഡോക്ടര്‍മാരു‌ടെ സേവനം വിലപ്പെട്ടതാണെന്നും ഫാസില്‍ അഭിപ്രായപ്പെട്ടു. ഡോ. ബി പത്മകുമാര്‍ രചിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കുട്ടികളും ആരോഗ്യവും എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മാനസികാരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിന് വായന ഉപകരിക്കുമെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രി ശിശുരോഗവിഭാഗം പ്രൊഫ. ഡോ ഗിരിജാ മോഹന്‍ അഭിപ്രായപ്പെട്ടു. നേരത്തേ സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അക്ഷരയാത്രയുടെ ഉദ്ഘാടനം ആലപ്പുഴ രൂപത മെത്രാന്‍ റൈറ്റ് റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ നിര്‍വ്വഹിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാദര്‍ സേവ്യര്‍ കുടിയാംശ്ശേരി, റവ. ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി റാഫേല്‍, ഹെഡ്മാസ്റ്റര്‍ കെ എസ് ജോസി ബാസ്റ്റിന്‍, അശോക് കുമാര്‍, ജയശ്ചന്ദ്രന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പി ആര്‍ ഒ പി ജി മോഹനനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

300 ഓളം ബാലസാഹിത്യപുസ്തകങ്ങള്‍ പകുതിവിലയ്ക്ക് കുട്ടികള്‍ക്കു ലഭ്യമാക്കുന്ന പുസ്തകപ്രദര്‍ശനവില്പനശാലയും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 3,4 തീയതികളില്‍ ആലപ്പുഴ മാതാ സെന്‍ട്രല്‍ സ്കൂളിലും 5,6 തീയതികളില്‍ സെയിന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും 7ന് ലെജനത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അക്ഷരയാത്ര നടക്കും.

 
പേജ് 10 ൽ 57