പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍

പുസ്തകപ്രസിദ്ധീകരണം

കേരളത്തിലെ എല്ലാക്കുട്ടികള്‍ക്കും സ്വന്തമായി ഓരോ പുസ്തകം എന്ന ലക്ഷ്യം ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്. വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കു വേണ്ട പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്നുണ്ട്. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും അനായാസം വായിക്കാനും ആസ്വദിക്കാനും ഉതകുന്ന പുസ്തകങ്ങളാണ് ലക്ഷ്യം.  ചിത്രപുസ്തകങ്ങള്‍, കഥകള്‍, കവിതകള്‍ നാടകങ്ങള്‍, വിജ്ഞാനകോശങ്ങള്‍, നിഘണ്ടുക്കള്‍ ശാസ്ത്ര പുസ്തകങ്ങള്‍, പൊതുവിവരങ്ങള്‍ നല്കുന്ന പുസ്തകങ്ങള്‍, തര്‍ജമകള്‍ ജീവചരിത്രങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. ആയിരത്തിലധികം പുസ്തകങ്ങള്‍ ഇതുവരെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു വയസ്സുമുതല്‍ ഉള്ള കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ പ്രായക്കാര്‍ക്കും അവരുടെ നിലവാരത്തിനനുസരിച്ച് വെവ്വേറെ പുസ്തകങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നത്.
ഇന്ത്യയിലെ ഏതു പ്രസാധകരോടും കിടപിടിക്കുന്ന നിലവാരത്തുള്ള പുസ്തകങ്ങളാണ് അച്ചടിച്ചിറക്കുന്നത്. പുസ്തകങ്ങളുടെ കെട്ടും മട്ടും ഉള്ളടക്കവും മലയാളത്തിലെ ഏറ്റവും മികച്ചതു തന്നെ. കേരളത്തിലെ മറ്റു പ്രസാധകരുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ മിതമായ വിലയാണ് പുസ്തകങ്ങള്‍ക്ക്. എഴുത്തുകാര്‍ക്കും ചിത്രീകരണം നിര്‍വ്വഹിക്കുന്നവര്‍ക്കും രൂപകല്പന നിര്‍വ്വഹിക്കുന്നവര്‍ക്കും മികച്ച പ്രതിഫലം നല്‍കുന്നതിനൊടൊപ്പം തന്നെ കൂടുതല്‍ കോപ്പികള്‍ അച്ചടിക്കുന്നതിലൂടെയും ശ്രദ്ധാപൂര്‍വ്വമായ മുന്നൊരുക്കങ്ങളിലൂടെയും പുസ്തകവിലയെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനാകുന്നു. കേരളത്തിലെ കഴിവുള്ള നിരവധി ചിത്രകലാപ്രതിഭകളെ ബാലസാഹിത്യപുസ്തകങ്ങളിലൂടെ പരിചയപ്പെടുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായിട്ടുണ്ട്. കേരളത്തിലെ ബാലസാഹിത്യരംഗത്തിന് ഗുണനിലവാരത്തിലും വിലയിലും മാതൃകയും നിയന്ത്രണവുമായി നിലനില്ക്കുകയാണ് ഈ പുസ്തകങ്ങള്‍. മറ്റു പ്രസാധകരുടെ പുസ്തകങ്ങളും ഇതേ നിലവാരത്തിലേക്കുയരാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇത്തരം നിലപാടുകള്‍ വളരെയധികം സഹായകരമായിട്ടുണ്ട്.

ബാലസാഹിത്യ പുരസ്കാരം
മികച്ച ബാലസാഹിത്യകാരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ബാലസാഹിത്യ പുരസ്കാരങ്ങള്‍ നല്കി വരുന്നു. ആറു വിഭാഗങ്ങളിലായിരുന്നു 2009 വരെ പുരസ്കാരങ്ങള്‍ നല്കിയിരുന്നത്. 2010 മുതല്‍ 10 വിഭാഗങ്ങളിലേക്ക് ഇത് വിപുലീകരിച്ചു. 1. കഥ/നോവല്‍ (എബ്രഹാം ജോസഫ് പുരസ്കാരം) 2. നാടകം 3. കവിത 4. ശാസ്ത്രം (പി ടി ഭാസ്കരപ്പണിക്കര്‍ പുരസ്കാരം) 5. വൈജ്ഞാനികം (ശാസ്ത്രമൊഴികെ) 6. ജീവചരിത്രം/ആത്മകഥ 7. വിവര്‍ത്തനം/പുനരാഖ്യാനം 8. ചിത്രീകരണം 9. ചിത്രപുസ്തകം 10. പുസ്തക ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.ഓരോ സമ്മാനവും പ്രശസ്തി പത്രവും ശില്പവും 10,000 രൂപയും അടങ്ങിയതാണ്.
മലയാള ബാലസാഹിത്യശാഖയ്ക്ക് സമഗ്ര സംഭാവന നല്കുന്ന മികച്ച ബാലസാഹിത്യകാര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്കാരം നല്‍കി വരുന്നു. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും ചേര്‍ന്നതാണ് ഇത്. കുഞ്ഞുണ്ണി മാഷ്, സുമംഗല, പ്രൊ. എസ് ശിവദാസ്, പള്ളിയറ ശ്രീധരന്‍, കെ തായാട്ട്, സുഗതകുമാരി, സിപ്പി പള്ളിപ്പുറം എന്നിവര്‍ക്കാണ് ഇതുവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്.
2013 മുതല്‍ പാലാ കെ എം മാത്യു ബാലസാഹിത്യപുരസ്കാരവും ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതതു വര്‍ഷത്തെ ഏതെങ്കിലും ഒരു വിഭാഗത്തിലുള്ള ഏറ്റവും മികച്ച ബാലസാഹിത്യകൃതിക്കാണ് ഈ പുരസ്കാരം നല്‍കിവരുന്നത്.

തളിര്
കേരളത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ബാലമാസികയാണ് തളിര്. 1995 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ഏറ്റെടുത്ത മാസിക ഇപ്പോള്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. കേരളത്തിലെ പത്തിനും പതിനെട്ടിനും ഇടയ്ക്ക് വയസ്സുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്. വായനയുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണെങ്കിലും ഈ വിഭാഗത്തിനായി മലയാളത്തില്‍ ഒരു ബാലമാസിക ഇല്ലാത്തതിനാലാണ് തളിര് ഒരു ടീനേജ് മാസിക ആയി റീലോഞ്ച് ചെയ്തത്. മലയാളത്തിന്റെ പ്രമുഖ കവി ശ്രീമതി സുഗതകുമാരി ചീഫ് എഡിറ്ററാണ്.
ഒറ്റ പ്രതിക്ക് 25 രൂപ വിലയുള്ള തളിരിന്റെ വാര്‍ഷികവരിസംഖ്യ 250 രൂപയാണ്.

തളിര് സ്കോളർഷിപ്പ്
കേരളത്തിലെ കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കുന്നതിനായുള്ള വിപുലമായൊരു ക്യാമ്പയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്. തളിര് സ്കോളർഷിപ്പ് പദ്ധതി ഇതിന്റെ ഭാഗമാണ്. 

പതിനായിരം രൂപയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ ഒരു വര്‍ഷം വാങ്ങുന്ന ഗ്രന്ഥശാലകള്‍, സ്കൂളുകള്‍, കുടുംബശ്രീ ബാലസഭകള്‍ എന്നിവിടങ്ങളില്‍ തളിര് വായനാക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ശ്ര മം നടന്നുവരുന്നു. തളിര് സ്കോളര്‍ഷിപ്പ് ലഭിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ട് വായനക്കൂട്ടങ്ങളുള്ള പഞ്ചായത്തുകളിലും എല്ലാ ജില്ലകളിലും തളിര് വായനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുള്ള ശ്രമവും നടക്കുന്നു.

ശില്പശാലകളും സെമിനാറുകളും
കുട്ടികള്‍ക്കും എഴുത്തുകാര്‍ക്കും വേണ്ടി ബാലസാഹിത്യ ക്യാമ്പുകളും സംഘടിപ്പിക്കുക എന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പരിപാടിയാണ്. അതതു മേഖലകളിലെ പ്രശസ്തര്‍ എടുക്കുന്ന ക്ളാസും മഹത്വ്യക്തിക ളുമായുള്ള മുഖാമുഖവും കുട്ടികളുടെ ക്യാമ്പുകളെ ശ്രദ്ധേയമാക്കുന്നു. ലോകത്തും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ബാലസാഹിത്യരംഗത്ത് നടക്കുന്ന പുതുചലനങ്ങളുമായി നമ്മുടെ എഴുത്തുകാരെ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളവയാണ് എഴുത്തുകാര്‍ക്കുള്ള ക്യാമ്പുകള്‍.

മുസിരിസ് പദ്ധതി
ടൂറിസം വകുപ്പിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണു പ്രസിദ്ധീകരിച്ചത്. മുസിരിസ് ജീവചരിത്രപരമ്പരയിലൂടെ മുസിരിസ് പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളെ പുസ്തകങ്ങളിലൂടെ പരിചയപ്പെടുത്താനും ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയുന്നുണ്ട്.

പുസ്തകവിപണനം
പുസ്തക വിപണനരംഗത്ത് വളരെയേറെ മുന്നേറാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങളായി വലിയൊരു കുതിച്ചു ചാട്ടമാണ് വില്പനയില്‍ ഉണ്ടായത്. കേരളത്തിലെ സ്കൂള്‍ ലൈബ്രറികളിലേക്കും പൊതു ഗ്രന്ഥശാലകളിലേക്കുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ പ്രധാനമായും ചെന്നെത്തുന്നത്. മാത്രമല്ല പൊതു പുസ്തകക്കമ്പോളത്തിലും വന്‍തോതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ സ്വീകരിക്കപ്പെടുന്നുണ്ട്.