പേരക്കുട്ടികള്‍ക്കൊപ്പം ജീവിക്കുന്ന മുതിര്‍ന്ന തലമുറയുടെ ആയുസ്സ് കൂടും – മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്

പേരക്കുട്ടികള്‍ക്കൊപ്പം ജീവിക്കുന്ന മുതിര്‍ന്ന തലമുറയുടെ ആയുസ്സ് കൂടും – മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്


തിരുവനന്തപുരം: മുത്തശ്ശിക്കഥകള്‍ കേട്ടുവളരുന്ന കുട്ടികള്‍ മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് ബുദ്ധിപരമായി ഏറെ മുന്നിലെത്തുമെന്ന് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. പേരക്കുട്ടികള്‍ക്കൊപ്പം ജീവിക്കുന്ന മുതിര്‍ന്ന തലമുറയുടെ ആയുസ്സ് കൂടും. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥകള്‍ കേട്ടുവളരുന്ന കുട്ടിക്ക് ഹീറോയിസവും ചരിത്രബോധവും കൂടും. ആത്മബോധമുള്ള കുട്ടികളായി വളരാന്‍ ആ കഥകള്‍ പ്രേരണയാകും. ഈ പാരസ്പര്യം മനസ്സിലാക്കി കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ കൂടെയുള്ള ജീവിതം ഉറപ്പാക്കുകയാണു വേണ്ടത്. അദ്ദേഹം പറഞ്ഞു. മികച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടെന്നും ആ കൃതികള്‍ ഭാവിയിലേക്കുള്ള ചുവടുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശിശുദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി സംഘടിപ്പിച്ച കഥ/കവിതാരചനാ, ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അലക്സാണ്ടര്‍ ജേക്കബ് വിതരണം ചെയ്തു. 2016ലെ ടെലിവിഷന്‍ അവാര്‍ഡ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച ബാലചലച്ചിത്രതാരം സ്വരാജ് ഗ്രാമികയെ സാംസ്കാരികവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ ഗീത ആദരിച്ചു. സര്‍ക്കാര്‍സ്കൂളില്‍ പഠിച്ചതിന്റെ മികവാണ് തന്നെ സിനിമാതാരമാക്കിയതെന്ന് സ്വരാജ് പറഞ്ഞു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ജി രാധാകൃഷ്ണന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി എസ് സലിം പ്രധാനാദ്ധ്യാപകന്‍ സുരേഷ് ബാബു ആര്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു.