തല്ലരുത്

കുഞ്ഞല്ലേ മൊട്ടല്ലേ മക്കളല്ലേ
കണ്ണിമാങ്ങാ പോല്‍ ഇളയതല്ലേ
കുഞ്ഞിളംകൈകള്‍ ചുവന്നുകൂടാ
കണ്ണുനീര്‍ തോരാതെ പെയ്തുകൂടാ
വല്ലാതെ തല്ലിക്കെടുത്താതെല്ലാം
മെല്ലവേ മെല്ലവേ നല്ലതാക്കാം
പുസ്തകം മാത്രം പ്രതിഷ്ഠയാക്കാം
വിദ്യാലയം മഹാക്ഷേത്രമാക്കാം

കുറെ മാസങ്ങള്‍ക്ക് മുമ്പ് ഈ വരികള്‍ പാടിക്കൊണ്ട് അച്ഛനമ്മമാരും കുട്ടികളുടെ സെക്രട്ടറിയേറ്റുപടിക്കലും ഗാന്ധിപാര്‍ക്കിലുമൊക്കെ വെയിലും കൊണ്ട് തപസ്സ് ചെയ്തു. പതിവുപോലെ അത് ലക്ഷ്യം കണ്ടില്ല. കുട്ടികളെ തല്ലരുത്. നിയമം വന്നിട്ടും ചില സ്കൂളുകളില്‍ തല്ലു തുടരുന്നു. കഠിനമായ ശിക്ഷകള്‍ നല്‍കുന്നു. പുസ്തകക്കെട്ടു ചുമന്നു വെയിലത്തു നിര്‍ത്തുക. ചരല്‍മണ്ണില്‍ മുട്ടിലിഴഞ്ഞു നടക്കുക തുടങ്ങി പ്രാകൃതമായ ശിക്ഷകള്‍. തല്ലിച്ചതയ്ക്കുന്നതെക്കാള്‍ ദുഃഖകരമാണ് പരസ്യമായി അപമാനിക്കല്‍. കുഞ്ഞുമനസ്സുകള്‍ അതൊരിക്കലും മറക്കുകയില്ല.അപ്പോള്‍ ഒന്നും അനുസരിക്കാത്ത, അനാവശ്യം കാട്ടുന്ന കുട്ടികളെ എന്തു ചെയ്യണം എന്നാണ് ചോദ്യം. നല്ല വാക്കും ഉപദേശവും രക്ഷിതാക്കളെ വിവരമറിയിക്കലും ചില നേരം ക്ളാസ്സില്‍ നിന്ന് മാറ്റി നിര്‍ത്തലും പരീക്ഷിക്കാം. പക്ഷേ അതിലൊന്നും വഴങ്ങാത്തവരുണ്ട്. ഓരോ സ്കൂളിലും കൌണ്‍സിലര്‍മാരെ നിയമിച്ച് കൌണ്‍സിലിങിലൂടെ കുട്ടിയുടെ ദുശ്ശീലത്തിന്റെ പിന്നിലെ ഹേതു കണ്ടുപിടിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൌണ്‍സിലറെ കിട്ടാത്ത പക്ഷം കുട്ടികളോട് ഇടപഴകാന്‍ കഴിവും താല്പര്യവും ക്ഷമയുമുള്ള അദ്ധ്യാപകരിലൊരാള്‍ ചുമതല ഏറ്റെടുക്കണം. തീരെ പ്രശ്നക്കാരായ കുട്ടികളുടെ ഗൃഹസന്ദര്‍ശനവും രക്ഷിതാക്കളെ പരിചയപ്പെടലും അത്യാവശ്യമാണ്. പി ടി എ കള്‍ക്കും ഈ ചുമതല ഏറ്റെടുക്കാം. കുഞ്ഞുങ്ങള്‍ വഴി
തെറ്റിപ്പോകാതിരിക്കാന്‍ എന്തു ചെയ്താലും അധികമാവില്ല.
കുട്ടികളുടേതായ ഒരു ‘സഹോദരസംഘം’ രൂപീകരിക്കുന്നതെക്കുറിച്ചും ആലോചിക്കണം. അവര്‍ പരസ്പരം സഹായിക്കാന്‍ പഠിക്കട്ടെ.
കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുത്. ക്ഷമയോടെ, വാത്സല്യത്തോടെ അവര്‍ക്ക് നല്ല വഴി കാണിച്ചുകൊടുക്കുക, അവര്‍ക്ക് നല്ല മാതൃകകള്‍ ആവശ്യമുണ്ട് എന്ന് ഓര്‍മ്മിക്കുക.ദേഹോപദ്രവവും പേടിപ്പിക്കലും ഒരു കുറ്റത്തിനും പരിഹാരമല്ല.

സ്നേഹത്തോടെ,
സുഗതകുമാരി