ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസം മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കും -വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ്

ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസം മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കും -വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ്

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിവിദ്യകളുടെ വികാസം മനുഷ്യരുടെ ആയുസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ് പറഞ്ഞു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ നടത്തുന്ന സര്‍ഗ്ഗവസന്തം 2018 ശാസ്ത്രക്യാമ്പ് കോവളം അനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കണ്ടുപിടുത്തങ്ങളെല്ലാെം ഇനി മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. ഇരുന്നൂറോ മുന്നൂറോ ഒരുപക്ഷേ അഞ്ഞൂറോ വര്‍ഷം വരെ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ ബയോടെക്നോളജിയുടെ വികാസത്തിലൂടെ സമീപഭാവിയില്‍ത്തന്നെ സാധ്യമായേക്കും. പട്ടിണി, രോഗം, യുദ്ധം എന്നിവ മൂലമുള്ള മരണം കുറഞ്ഞത് ശാസ്ത്രസാങ്കേതിവിദ്യകളുടെ കഴിവാണ്. ചിന്തകളിലൂടെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കാലവും അകലെയല്ല. മനുഷ്യരും യന്ത്രവും കൂടിച്ചേര്‍ന്ന സൈബോര്‍ഗുകള്‍ സാധാരണമാകും. എല്ലാ ശാസ്ത്രവിഭാഗങ്ങളുടെയും സങ്കലനത്തിലൂടെയാവും വരുംകാല ശാസ്ത്രവികാസം. അതിലൂടെ മള്‍ട്ടിപ്ലാനറ്റ് സ്പീഷീസായി മനുഷ്യന്‍ മാറുന്ന കാലത്തിലേക്കാവണം നമ്മുടെ വളര്‍ച്ച. വിദ്യാര്‍ത്ഥികള്‍ ശാസ്ത്രതത്പരരായിരിക്കുന്നതിനൊപ്പം തന്നെ സാമൂഹ്യബോധവും ഉള്ളവരായിരിക്കണം. ശാസ്ത്രത്തിനു വേര്‍തിരിവുകള്‍ ഇല്ല എന്ന ബോധ്യവും കുട്ടികള്‍ക്കു വേണം. മനുഷ്യര്‍ക്ക് അപകടമുണ്ടാക്കുന്ന സാങ്കേതികവിദ്യകള്‍ വേണ്ടതില്ലഎന്നു തീരുമാനിക്കാനും കഴിയണം. അദ്ദേഹം പറഞ്ഞു.

ക്യാമ്പിലെ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. മനുഷ്യരുടെ കൃത്രിമമായി നിര്‍മ്മിച്ച അവയവങ്ങള്‍ കടകളില്‍ മേടിക്കാന്‍ കിട്ടുന്ന കാലവും അധികം അകലെയാവില്ല. ഭൂമിക്കരികിലേക്കു വരുന്ന ഉല്‍ക്കകളെ വഴിതിരിച്ചുവിട്ട് ഭൂമിയെ രക്ഷിക്കാനുള്ള സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കാനാകും. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

രാവിലെ പത്തുമണിക്ക് നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍, സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍ എ ആര്‍ രാജന്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ. വൈശാഖന്‍ തമ്പി, ഭരണസമിതി അംഗം ജി രാധാക‍ൃഷ്ണന്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാധികാദേവി ടി ആര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ നടന്ന ക്ലാസുകള്‍ക്ക് ഡോ. ആര്‍ വി ജി മേനോന്‍, ഡോ. സി പി അരവിന്ദാക്ഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ. വൈശാഖന്‍ തമ്പി, ആസ്ട്രോ കേരള ജില്ലാ സെക്രട്ടറി ശരത് പ്രഭാവ് എന്നിവര്‍ ആദ്യദിവസത്തെ ക്ലാസുകള്‍ക്കും പ്രായോഗികപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. വാനനിരീക്ഷണം, മറൈന്‍ അക്വേറിയം സന്ദര്‍ശനം, പ്ലാനറ്റോറിയം സന്ദര്‍ശനം, ശാസ്ത്രപരീക്ഷണങ്ങള്‍, ടെലിസ്കോപ്പ് നിര്‍മ്മാണം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായ് നടക്കും. കെ കെ കൃഷ്ണകുമാര്‍, ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ഡോ. അരുള്‍ ജെറാള്‍ഡ് പ്രകാശ്, ഡോ. ആര്‍ എസ് ദിനേശ് അനിരുദ്ധ് വി എല്‍ തുടങ്ങിയവര്‍ ഇന്നും നാളെയും നടക്കുന്ന ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കും. അറുപത് കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.