റേഡിയോ ഡോക്യുമെന്ററിയും പത്രവും ആക്ഷേപഹാസ്യചിത്രവും മൊബൈല്‍ഫോണ്‍ വാര്‍ത്താചിത്രവും ഒരുക്കി മാധ്യമക്യാമ്പ് ഇന്നു സമാപിക്കും.

ആക്ഷേപഹാസ്യചിത്രമൊരുക്കി കുട്ടിപ്പത്രപ്രവര്‍ത്തകര്‍

സമകാലികരാഷ്ട്രീയവിഷയങ്ങള്‍ പശ്ചാത്തലമാക്കി കുട്ടികള്‍ നിര്‍മ്മിക്കുന്ന മൂന്ന് ആക്ഷേപഹാസ്യചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന സംസ്ഥാനതല മാധ്യമപഠനക്യാമ്പിലെ അംഗങ്ങളാണ് സ്വന്തം തിരക്കഥയില്‍ ഇവ സംവിധാനം ചെയ്യുന്നത്. ആക്ഷേപഹാസ്യവും മാധ്യമപ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ജോര്‍ജ്ജ് പുളിക്കന്‍ നയിച്ച ക്ലാസിനെത്തുടര്‍ന്നായിരുന്നാണ് കുട്ടികള്‍ തന്നെ മുന്‍കൈയെടുത്ത് ചിത്രം നിര്‍മ്മിക്കുന്നത്. മൊബൈല്‍ ജേണലിസത്തിന്റെ സാധ്യതകള്‍ മാധ്യമപ്രവര്‍ത്തകന്‍ വരുണ്‍ രമേശ് വിശദീകരിച്ചു . മൊബൈല്‍ഫോണില്‍ കുട്ടികള്‍തന്നെ ചിത്രീകരിച്ച വാര്‍ത്താചിത്രവും ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കും. ക്യാമ്പ് അംഗങ്ങള്‍ പത്തനംതിട്ടയിലെ മലയാളമനോരമ ഓഫീസ് സന്ദര്‍ശിച്ച് പത്രനിര്‍മ്മാണപ്രവര്‍ത്തനം നേരിട്ടുകണ്ട് മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ ശ്രീജിത്ത് പെരുന്തച്ചന്റെ നേതൃത്വത്തില്‍ പത്രവും കുട്ടികള്‍ പുറത്തിറക്കും. റേഡിയോ പ്രൊഡക്ഷന്‍ എന്ന വിഷയത്തില്‍ ശ്രീകുമാര്‍ മുഖത്തല ഇന്ന് പ്രായോഗികപരിശീലനം നല്‍കും. കുട്ടികളുടെ പത്രസമ്മേളനത്തോടെ ഇന്ന് ക്യാമ്പ് സമാപിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്‍മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ മധു, ഭരണസമിതി അംഗം രാജേഷ് എസ് വള്ളിക്കോട് എന്നിവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുക്കും.