നമ്മുടെ തനതായ പരിസ്ഥിതിജീവിതം കുട്ടികള്‍ സ്വായത്തമാക്കണം : വനഗവേഷണകേന്ദ്രം ഡയറക്ടര്‍ - ഡോ. എസ് പ്രദീപ് കുമാര്‍

നമ്മുടെ തനതായ പരിസ്ഥിതിജീവിതം കുട്ടികള്‍ സ്വായത്തമാക്കണം : വനഗവേഷണകേന്ദ്രം ഡയറക്ടര്‍ – ഡോ. എസ് പ്രദീപ് കുമാര്‍

നമ്മുടെ തനതായ പരിസ്ഥിതിജീവിതം കുട്ടികള്‍ സ്വായത്തമാക്കണമെന്ന് വനഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ് പ്രദീപ് കുമാര്‍. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 പരിസ്ഥിതിപഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ വനഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. വനഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എ വി രഘു, പീച്ചി വൈല്‍ഡ് വാര്‍ഡന്‍ എ ഒ സണ്ണി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ മധു, സബ്എഡിറ്റര്‍ ജെ എന്‍ സെലിന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പതു കുട്ടികളാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

വനഗവേഷണകേന്ദ്രത്തിലെ വിവിധ വിഭാഗങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിച്ചു. വിവിധയിനം വിത്തുകളുടെ ശേഖരവും പരിപാലനവും കുട്ടികള്‍ പരിചയപ്പെട്ടു. ചിത്രശലഭോദ്യാനം, 95തരം പനകള്‍ നട്ടുവളര്‍ത്തിയിരിക്കുന്ന തോട്ടം എന്നിവയും കുട്ടികള്‍ സന്ദര്‍ശിക്കുകയുണ്ടായി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന പനയും വിവിധയിനം ചൂരലുകളും കുട്ടികള്‍ക്ക് കൗതുകമായി. ചിമ്മിനി വനത്തിലൂടെയുള്ള വനയാത്ര, പക്ഷിനിരീക്ഷണം, ശലഭോദ്യാനസന്ദര്‍ശനം, മുളശേഖരം സന്ദര്‍ശനം തുടങ്ങിയ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടക്കും. വനഗവേഷണകേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. പി എസ് ഈസ, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ഒ സണ്ണി, റേഞ്ച് ഓഫീസര്‍ അനീഷ് എം എ, വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ടി വി സജീവ്, ഡോ. എ വി രഘു, ഗവേഷകരായ രാജ്‍കുമാര്‍ കെ പി, സന്ദിപ്ദാസ്,ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ ഡോ. ഡി ഗിരിജ, കേരള വനവികസനകോര്‍പ്പറേഷന്‍ മുന്‍ ഡിവിഷണല്‍ മാനേജര്‍ അബ്ദുല്‍ ബഷീര്‍ സി എ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച ക്യാമ്പ് സമാപിക്കും.