വനത്തിന്റെയും വനജീവിതത്തിന്റെയും നേരറിഞ്ഞ് പരിസ്ഥിതിക്യാമ്പിന് സമാപനം.

കുട്ടികള്‍ വനത്തിലേക്കു പ്രവേശിച്ചപ്പോള്‍ത്തന്നെ മലയണ്ണാനുകള്‍ മറ്റു ജീവികള്‍ക്ക് മുന്നറിവുനല്‍കി ഓടി മറഞ്ഞു. വനത്തോട് സംവദിക്കാനായി ഏറെ ശ്രദ്ധയോടെ ഒച്ചയില്ലാതെ നടന്നുതുടങ്ങിയതോടെ മലയണ്ണാനുകള്‍ കുട്ടികള്‍ക്കു മുന്നില്‍ തിരിച്ചെത്തി. കേരള വനഗവേഷണസ്ഥാപനത്തിന്റെയും വനംവന്യജീവിവകുപ്പിന്റെയും സഹകരണത്തോടെ പീച്ചി കെഎഫ് ആര്‍ ഐയില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല പരിസ്ഥിതിപഠനക്യാമ്പിലെ കുട്ടികള്‍ വനയാത്രയ്ക്കായി ചിമ്മിനി വന്യജീവിസങ്കേതത്തില്‍ എത്തിയപ്പോഴായിരുന്നു മലയണ്ണാനുകളുടെ വികൃതി. രാവിലെ എട്ടരയ്ക്ക് തുടങ്ങിയ വനയാത്ര ഒരു മണിവരെ നീണ്ടു. വിവിധതരം സസ്യങ്ങളെയും വന്യമൃഗങ്ങളെയും പക്ഷികളെയും കുട്ടികള്‍ നേരിട്ടുകണ്ടു മനസ്സിലാക്കി. ചിമ്മിനി വന്യജീവിസങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ വനയാത്രയ്ക്ക് നേത‍ത്വം നല്‍കി. വിവിധ തരം മുളകള്‍ വളര്‍ത്തി സംരക്ഷിക്കുന്ന മുളശേഖരവും കുട്ടികള്‍ സന്ദര്‍ശിച്ചു. പക്ഷിനിരീക്ഷണത്തിനായി കുട്ടികളെത്തിയത് പീച്ചി വന്യജീവിസങ്കേതത്തിലാണ്. മുപ്പതോളം ഇനം പക്ഷികളെ കണ്ടും കേട്ടും തിരിച്ചറിയാന്‍ കുട്ടികള്‍ക്കായി വനഗവേഷണകേന്ദ്രത്തിലെ ഗവേഷകനായ രാജ് കുമാര്‍ കെ പി പക്ഷിനിരീക്ഷണയാത്രയ്ക്ക് നേതൃത്വം നല്‍കി. ഡോ. പി എസ് ഈസ, ഡോ. ടി വി സജീവ്, ഡോ. ഡി ഗിരിജ, ഡോ. ഇ വി ശ്രീകുമാര്‍, അബ്ദുല്‍ ബഷീര്‍ സി ​എ, സന്ദീപ് ദാസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സമാപനസമ്മേളനം വനഗവേഷണസ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍ വി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്‍മിനിസ്ടേറ്റീവ് ഓഫീസര്‍ ആര്‍ മധു അദ്ധ്യക്ഷനായിരുന്നു. എഡിറ്റര്‍മാരായ ജെ എന്‍ സെലിന്‍, നവനീത് കൃഷ്ണന്‍ എസ് എന്നിവര്‍ സംസാരിച്ചു.